''നീതിന്യായ ജീവിതത്തിന്റ്റെ അപരാഹ്നങ്ങളും സായാഹ്നങ്ങളും അതിലോലമാണ്. ന്യായാധിപന്മാര്‍ ഔദ്യോഗിക വിരാമത്തിനു ശേഷമുള്ള ജീവിതത്തെ പറ്റി ഉത്കണ്ഠകുലരാകുന്നു. ഭരണനിര്‍വഹണ വിഭാഗം ഈ ദൗര്‍ബല്യത്തെ ഉപയോഗപ്പെടുത്തി, വയോധികരായ ന്യായാധിപ സഹോദരങ്ങളുടെ സത്യസന്ധതയെ വളച്ചെടുക്കുകയോ അവരുടെ പക്ഷപാതിത്വം വിലക്കുവാങ്ങുകയോ ചെയ്യുന്നു'- ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൂണ്ടിക്കാട്ടിയ മഹാദുരന്തം, നമ്മുടെ ഇരുള്‍മൂടിയ കാലത്ത് കൂടുതല്‍ കൂടുതല്‍ അനാവൃതമാകുകയാണ്. ഈ ദുരന്തത്തിന്റ്‌റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത നടപടി.
''നീതി നടപ്പിലാക്കിയാല്‍ മാത്രം പോരാ, നീതി നടപ്പിലാക്കി എന്ന് തോന്നിപ്പിക്കുകയും വേണം''-എന്ന ലോര്‍ഡ് ഹേവാര്‍ടിന്റ്റെ പ്രസക്തമായ ഉപദേശം, ഇവിടെ ലംഘിക്കപ്പെടുന്നു. റാഫേല്‍, ബാബറി മസ്ജിദ് കേസുകളില്‍ സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിക്കും അനുകൂലമായ വിധി നല്‍കിയ മുഖ്യന്യായാധിപന്‍ വിരമിച്ച് കേവലം നാലു മാസത്തിനകം ഇതേ ഭരണകൂടത്തിന്റ്‌റെ അനൂകൂല്യം പറ്റി രാജ്യസഭയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുളില്‍ ആണ്ടു പോവുന്നത് നീതി പീഠത്തിന്റ്റെ വിശ്വാസ്യതയും നിക്ഷ്പക്ഷതയുമാണ്.
1983 -ല്‍ ബിഹാറിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ ഒരു അഴിമതി കേസില്‍ കുറ്റവിമുക്തനാക്കി മാസങ്ങള്‍ക്കുള്ളില്‍ വിധി പറഞ്ഞ സുപ്രീം കോടതി ന്യായാധിപന്‍ ജസ്റ്റിസ് ബഹ്റുല്‍ ഇസ്ലാം കോണ്‍ഗ്രസ് ടിക്കറ്റില്‍ ടിക്കറ്റില്‍ രാജ്യസഭാംഗമായതാണ് സമാനമായ മറ്റൊരു ചരിത്രം. മറ്റൊരു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര 1998 മുതല്‍ 2004 വരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യ സഭയില്‍ അംഗമായിരുന്നു. എന്നാല്‍ ഒരു ന്യായാധിപന്‍ സര്‍ക്കാരിന്റ്‌റെ കാരുണ്യത്തില്‍ രാജ്യസഭയില്‍ പ്രവേശിക്കുന്നതാദ്യമായാണ്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു മാസങ്ങള്‍ക്കുള്ളില്‍ കേരളാ ഗവര്‍ണാറായി നിയമിതനായ പി. സദാശിവമാണ് മറ്റൊരാള്‍.
ന്യായപീഠത്തിന്റ്റെ നിക്ഷപക്ഷതയും വിശ്വാസ്യതയുമാണ് പൗരാവകാശങ്ങളുടേയും ജനാധിപത്യത്തിന്റ്‌റേയും ഗ്യാരണ്ടി. ഇത് വെറും മൃതാക്ഷരങ്ങള്‍ ആയി മാറുമ്പോള്‍ നമ്മുടെ സ്ഥാപകപിതാക്കള്‍ വിഭാവനം ചെയ്ത സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായാ നീതി എന്ന ലക്ഷ്യത്തിലേക്കുള്ള ഭരണഘടനാ തീര്‍ത്ഥാടനത്തിനു മാര്‍ഗ്ഗ ഭ്രംശം സംഭവിക്കുന്നു. രാഷ്ട്രം ഛിന്നഭിന്നമാകാന്‍ ഇതുമതി.
ഭരണഘടനയുടെ അനുഛേദം 80(3) ആണ് രാഷ്ട്രപതിയെ രാജ്യസഭയിലേക്ക് പന്ത്രണ്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ അധികാരപ്പെടുത്തുന്നത്. സാഹിത്യം, ശാസ്ത്രം, കല ,സാമൂഹ്യ സേവനം എന്നീ നാലുമേഖലകളില്‍ നിന്നാണ് നാമനിര്‍ദ്ദേശം നടത്തേണ്ടത് എന്ന് വ്യക്തമായി ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിരമിച്ച ന്യായാധിപന്മാരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം രാഷ്ട്രപതിക്ക് അധികാരമില്ല എന്ന് തന്നെ പറയാം. ആയതിനാല്‍ ഇതിനെതിരെ ഒരു ക്വാ വാറണ്ടോ റിട്ടിന് പോലും സാധ്യതയുണ്ട്. കേന്ദ്ര ഭരണകൂടം അധികാര ദുര്‍വിനിയോഗവും ഭരണഘടനാ ലംഘനവുമാണ് നടത്തിയിരിക്കുന്നത്.
രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം നടത്തുന്നത് സംബന്ധിച്ച് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കൂലംകുഷമായ സംവാദം നടന്നിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒരു വരേണ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ ഭരണഘടനാ പിതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല. ഭരണഘടനാ നിര്‍മ്മാണ സഭയുടെ യൂണിയന്‍ കോണ്‍സ്റ്റിറ്റിട്യൂഷന്‍ കമ്മിറ്റി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റ്‌റെ അദ്ധ്യക്ഷതയില്‍ രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശത്തെ പറ്റി വിശദമായി പഠിക്കുകയും ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു: ''ഉപരി സഭയില്‍ ശാസ്തജ്ഞന്മാരുടേയും സര്‍വ്വകലാശാല അധ്യാപകരുടേയും പ്രാതിനിധ്യം ഉണ്ടാവേണ്ടതാണ്. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി പത്തോളം അംഗങ്ങളെ ശാസ്ത്ര സ്ഥാപനങ്ങളുമായും സര്‍വ്വകലാശാലകളുമായും പര്യാലോചന നടത്തി നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് നല്‍കാവുന്നതാണ്.''
രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ശാസ്ത്രജ്ഞരുടേയും പണ്ഡിതന്മാരുടേയും പങ്കാളിത്തം ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഇതിന്റ്റെ ലക്ഷ്യം എന്ന് വ്യക്തം. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് വിദ്യാഭ്യാസ വിചക്ഷണനായ ഡോ.സാകിര്‍ ഹുസൈന്‍, സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ജെ.എം.കുമരപ്പ, സാഹിത്യകാരനായ മൈഥിലി ശരണ്‍ ഗുപ്ത എന്നിവരായിരുന്നുവെന്നും പ്രസ്താവ്യമാണ്. സര്‍ക്കാരിന്റ്‌റെ ഇഷ്ടക്കാരെ നിയമിക്കാനുള്ള ഒരു അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ വകുപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ബ്രിട്ടീഷ് പ്രഭു സഭയിലെ പോലെ ''നിയമ പ്രഭുക്കന്മാര്‍'' (ലോ ലോര്‍ഡ്സ്) പോലുള്ള ഒരു നിയമ വിദഗ്ധരെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ ഭരണഘടനാ പിതാക്കള്‍ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ തന്നെ ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനു ന്യായികരാണമൊന്നുമില്ല. എന്ന് മാത്രമല്ല അത് സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠം എന്ന ഭരണഘടനാ സങ്കല്പത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഭരണഘടനയെ തകര്‍ക്കുക എന്ന സംഘ് അജണ്ടയുടെ പൂര്‍ത്തീകരണത്തിന് ഇത് സഹായകമാവും. ഭരണഘടനയുടെ കാവലായി വിഭാവനം ചെയ്ത സുപ്രീം കോടതിയുടെ ഒരു മുന്‍ മുഖ്യ ന്യായമൂര്‍ത്തിയെ തന്നെ ഇതിനു കരുവാക്കിയെന്നത് സംഘിന്റ്‌റെ സൃഗാല ബുദ്ധിയാണ്.
പ്രഗത്ഭ നിയമജ്ഞരായിരുന്ന എം.സി.സെറ്റല്‍വാദും (ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറല്‍) എം.സി.ഛഗ്ലയും അംഗമായ ഒന്നാം ലോ കമ്മീഷന്‍, ന്യായാധിപന്മാര്‍ റിട്ടയര്‍മെന്റിനു ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിക്കുകയും ഈ ഏര്‍പ്പാട് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു . എന്നാല്‍ എം.സി.ഛഗ്ല തന്നെ ഈ നിര്‍ദ്ദേശം ലംഘിച്ചു. ബോംബെ ഹൈ കോടതിയില്‍ നിന്ന് രാജിവെച്ച് അദ്ദേഹം, അമേരിക്കയിലെ അംബാസിഡര്‍, ബ്രിട്ടനിലെ ഹൈ കമ്മിഷണര്‍, കേന്ദ്രത്തില്‍ വിദ്യാഭ്യാസ, വിദേശകാര്യ വകുപ്പുകളുടെ മന്ത്രി എന്നീ പദവികള്‍ സ്വീകരിച്ചു.
ഇതിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് എം.സി.സെറ്റല്‍വാദ് തന്റ്‌റെ ആത്മകഥയായ 'മൈ ലൈഫ് :ലോ ആന്‍ഡ് അദര്‍ തിങ്സി'ല്‍ ഇങ്ങനെ എഴുതി: ''ലോ കമ്മീഷന്‍ ഗഹനമായ പഠനത്തിന് ശേഷമാണ് ന്യായാധിപന്മാര്‍ റിട്ടയര്‍മെന്റിന് ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നത് അനഭിലഷണീയമാണ് എന്ന നിലപാട് ഐക്യകണ്ഠമായി എടുത്തത്. അത്തരം നടപടി നീതിപീഠത്തിന്റ്‌റെ സ്വാതന്ത്രത്തെ ബാധിക്കും. ...എന്നാല്‍ അദ്ദേഹം (ഛഗ്ല) രാഷ്ട്രീയത്തില്‍ അതീവ തല്പരനായതിനാല്‍ അദ്ദേഹം തന്നെ ഒപ്പിട്ട റിപ്പോര്‍ട്ടില്‍ മഷിയുണങ്ങും മുന്‍പേ രാജിവെച്ച് അമേരിക്കയിലെ അംബാസിഡറായി. നമ്മുടെ പല പ്രമുഖ വ്യക്തികളുടേയും സ്വാര്‍ത്ഥ നിലപാടുകളെയാണ് ഇത് സൂചിപ്പിക്കുന്നത്.'' എം.സി .സെറ്റല്‍വാദിന്റ്റേയും ഒന്നാം ലോ കമ്മീഷന്റ്‌റെയും നിലപാടുകള്‍ ഇന്നും പ്രസക്തമാണ്.പക്ഷെ നിര്‍ഭാഗ്യവശാല്‍ ഛഗ്ലമാരുടെ എണ്ണം പെരുകുകയും സെറ്റല്‍വാദുമാര്‍ കുറ്റിയറ്റുപോകുകുകയുമാണ്.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ തേജ് ബഹാദൂര്‍ സപ്രു, അല്ലാടി കൃഷ്ണ സ്വാമി അയ്യര്‍ , കെ.ടി.ഷാ, എച്ച്.വി.കമ്മത്ത്, കെ. സന്താനം തുടങ്ങിയ പ്രഗത്ഭരായ അംഗങ്ങള്‍, ന്യായാധിപന്മാര്‍ സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നതിന് എതിരായി അഭിപ്രയം രേഖപ്പെടുത്തിയിരുന്നു. ലോ കമ്മീഷന്‍ അതിന്റ്‌റെ പതിനാലാം റിപ്പോര്‍ട്ടില്‍ ജഡ്ജിമാര്‍ സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നത് നീതിപീഠത്തിന്റ്‌റെ സ്വാതന്ത്ര്യത്തെ മാത്രമല്ല ന്യായാധിപ സമൂഹത്തിന്റ്റെ മഹത്വത്തിനും കളങ്കം ചാര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രശസ്ത ഭരണഘടനാ വിദഗ്ദനായ എച്ച്എം. സീര്‍വായ് ന്യായാധിപന്മാര്‍ റിട്ടയര്‍മെന്റിനു ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും തടയണം എന്നാണ് അഭിപ്രായപ്പെട്ടത്. ട്രിബുണലുകളിലും കമ്മീഷനുകളിലും ന്യായാധിപ സാന്നിധ്യം ഉറപ്പാകുന്നതിനേക്കാള്‍ പ്രധനമാണ് നീതിപീഠത്തിന്റ്‌റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഉയര്‍ത്തി പിടിക്കുക എന്നത് എന്നാണ് സീര്‍വായ് അഭിപ്രയപെട്ടത്.
കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതിനു പൂര്‍ണ്ണ നിരോധനമുണ്ട്. അതേപോലെ സുപ്രീം കോടതി, ഹൈ കോടതി ന്യായാധിപന്മാരെയും സര്‍ക്കാര്‍ പദവികളില്‍ നിന്ന് വിരമനത്തിനു ശേഷം സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഭരണഘടന, പൗരസഞ്ചയവും രാഷ്ട്രവും തമ്മിലുള്ള ഒരു സാമൂഹ്യ കരാറാണ്. ഈ കരാര്‍ പ്രകാരം പൗരന്മാര്‍ രാഷ്ട്രത്തെ അനുസരിക്കുന്നത് അവര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് പകരമായാണ്. ഈ കരാറിന്മേല്‍ പൗരന്മാരും രാഷ്ട്രവും തമ്മില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങളില്‍ സ്വതന്ത്രമായും നിഷ്പക്ഷമായും തീര്‍പ്പ് കല്‍പ്പിക്കാനുള്ള ഉത്തരവാദിത്തം നീതി പീഠത്തിനാണ്. എന്നാല്‍ ഇതേ ന്യായാധിപന്മാര്‍ ഭരണത്തിലിരിക്കുന്നവരുടെ അനൂകൂല്യം പറ്റാന്‍ മത്സരിക്കുമ്പോള്‍ ഭരണഘടന തന്നെ വെറും വിണ്‍വാക്കുകളുടെ നിരര്‍ത്ഥ സമാഹാരമായി മാറും. പൗരാവകാശങ്ങള്‍ അപകടത്തിലാകും. ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ട്രോങിന്റ്റെ പ്രസ്താവനയെ അനുകരിച്ചു പറഞ്ഞാല്‍, രഞ്ജന്‍ ഗൊഗോയ്ക്ക് ലഭിച്ചത് ഒരു രാജ്യസഭാ സീറ്റ് മാത്രം; എന്നാല്‍ ജുഡീഷ്യറിക്ക് നഷ്ടപെടുന്നതോ അമൂല്യമായ അതിന്റ്റെ വിശ്വാസ്യതയും!
സി.കെ ഫൈസല്‍ പൂത്തനാഴി

COMMENTS