വ്യാജനിർമിതിയുടെ കൃത്രിമ സംസ്കൃതി ശക്തിപ്പെട്ടു വരുന്നുണ്ടിന്ന് . മീഡിയകളിൽ വാർപ്പുമാതൃകകൾ ഫ്രെയിം ചെയ്യാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾക്കിടയിലാണ് പറയേണ്ടത് പറയേണ്ട പോലെ പച്ചക്ക് പറഞ്ഞതിന് മലയാളത്തിലെ രണ്ട് ചാനലുകൾ വിലക്ക് നേരിട്ടത്. മുട്ടിലിഴയുന്ന മാധ്യമങ്ങളുടെ ട്രംപ് സർക്കസ് നടന്നുകൊണ്ടിരിക്കെ ആ വഴിക്കൊന്നും പോവാതെ ഡൽഹിയിലെ കത്തുന്ന തെരുവുകളിൽ ക്യാമറയുമായി നടന്ന് ലൈവ് കവറേജുകൾ കൊടുത്തതിനാണ് കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് ഡമോക്രസിയുടെ നാലാം തൂണിനെ ഭരണകൂടം പ്രഹരിച്ചത്. channels seem to be critial towards delhi police and rss എന്ന് പരസ്യമായി എഴുതാൻ കാണിച്ച ആ ധാർഷ്ട്യം തന്നെയാണ് കഴിഞ്ഞ 5 വർഷം ഇന്ത്യൻ മീഡിയകൾ മോഡിയ ആയതിന് പിന്നിലെ ഹേതുവും .
' ആരിയോപാജിറ്റിക്ക . 2007 ൽ സാഹിത്യ നോബേൽ നേടിയ ഹരോൾഡ് പിന്റർ നോബേൽ സ്വീകരിച്ച് നടത്തിയ പ്രസംഗം യു.എസ് അധിനിവേശ നയങ്ങളെ വിമർശിക്കുന്നതായതിനാൽ ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബി.ബി.സി ക്ക് പോലും അത് സംപ്രേക്ഷണം ചെയ്യാൻ കിട്ടിയില്ല.
1968 മാർച്ച് 16 നായിരുന്നു വിയറ്റ്നാമിലെ കുപ്രസിദ്ധമായ മീലയ് (MyLai) കൂട്ടക്കൊല . ഗ്രാമത്തിലെ 700 പേരെ പീഡിപ്പിച്ച് വധിച്ചത് അമേരിക്കൻ സൈന്യമായിരുന്നു. അന്ന് വിയറ്റ്നാമിൽ 649 പാശ്ചാത്യ റിപ്പോട്ടർമാരുണ്ടായിരുന്നു. പക്ഷെ ഒരു മീഡിയക്ക് പോലും വാർത്ത റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല . പിൽക്കാലത്ത് സീമുർ ഹെർഷിന്റെ അന്വേഷണാത്മക റിപ്പോർട്ട് ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചപ്പോഴാണ് ലോകം വിവരമറിഞ്ഞത് . രണ്ടാം ലോക യുദ്ധത്തിനൊടുവിൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടപ്പോൾ അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരാതിരിക്കാൻ മീഡിയകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നുവെന്ന് പിന്നീടാണ് ലോകമറിഞ്ഞത് .
മാധ്യമങ്ങളെ ചൊൽപ്പടിക്ക് നിർത്തിയാൽ ഭരണചക്രം തിരിക്കാൻ എളുപ്പമാണെന്ന നയമാണ് സാമ്രാജിത്വം ലോകത്ത് പയറ്റിയത്.
ജേർണലിസ്റ്റിക് എതിക്സുള്ള മീഡിയകളൊഴികെ ബഹുഭൂരിഭാഗം മീഡിയകളും ആ ചാക്കിൽ വീഴുകയും ചെയ്യും.
വിവരവിനിമയം കച്ചവടമായ കെട്ട കാലത്ത് നിശ്പക്ഷതയുടെ കുപ്പായമണിഞ്ഞ മാധ്യമങ്ങൾ സാമ്രാജ്യത്വ ഭരണങ്ങളുടെ മൂടുതാങ്ങികളായത് ലോകം കണ്ടതാണ്. ബ്രിട്ടന്റെ അധിനിവേശ - സാമ്രാജ്യത്വ താൽപര്യങ്ങളെ വിജയിപ്പിക്കുന്നതിൽ റോയിട്ടർ വഹിച്ച പങ്ക് അതിന്റെ മേധാവികൾ തന്നെ സമ്മതിച്ച കാര്യമാണ്. 1930 കൾക്ക് ശേഷവും റോയിട്ടർ പ്രത്യക്ഷവും പരോക്ഷവുമായി ബ്രിട്ടന്റെ നയപ്രചാരകരായിരുന്നു.
അടിയന്തരാവസ്ഥയുടെ നാളുകളിൽ ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങൾ പുലർത്തിയ കുറ്റകരമായ നിസ്സംഗതയുടെ ആധികാരിക രേഖയാണ് ദേബശിഷ് ചക്രവർത്തിയുടെ why the dog does not bark ( എന്ത് കൊണ്ട് നായ കുരക്കുന്നില്ല ) എന്ന പുസ്തകം .സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാധ്യമ ലോകം നേരിട്ട കൊടിയ പരീക്ഷണ ഘട്ടത്തിലും ഭരണകൂടം നൽകുന്ന ദാക്ഷിണ്യങ്ങളിൽ അഭിരമിക്കാനായിരുന്നു മെയിൻസ്ട്രീമിലെ ഇംഗ്ലീഷ് മീഡിയകൾക്ക് താൽപ്പര്യം . 1975 ലെ അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തിയതാണ് ആദ്യം ചെയ്തത്.ആ രണ്ട് വർഷങ്ങൾ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്തെങ്ങും ഇരുട്ടറ സൃഷ്ടിക്കാനായിരുന്നു ഭരണകൂടം തുനിഞ്ഞത്.ടെലിവിഷൻ നിലവിൽ വന്നിട്ടില്ലാത്ത അക്കാലത്ത് ആകെയുണ്ടായിരുന്ന ആകാശവാണിയാണ് കേന്ദ്രം നിയന്ത്രണ വിധേയമാക്കിയത് . പക്ഷെ അന്നും സർക്കാറിനെ പൂജിക്കാൻ തയ്യാറാവാത്ത പ്രായപൂർത്തിയുള്ള മാധ്യമങ്ങളും നിലപാടുള്ള ജേർണലിസ്റ്റുകളും ഈ നാട്ടിലുണ്ടായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെ കുൽദീപ് നയ്യാരും ഹിന്ദുസ്ഥാൻ ടൈംസിലെ ബി ജി വർഗീസും മെയിൻ സ്ട്രീമിലെ നിഖിൽ ചക്രവർത്തിയും ഒക്കെ അങ്ങനെ ചെറുത്ത് നിന്നവരാണ്. അടിയന്തിരാവസ്ഥക്കാലത്തെ പേക്കൂത്തുകൾക്ക് രാജിയാവാതെ ഗവൺമെന്റിനെ പച്ചക്ക് വിമർശിച്ച രാമനാഥ് ഗോയങ്കയുടെ ഇന്ത്യൻ എക്സ്പ്രസും സി ആർ ഇറാനിയുടെ സ്റ്റേറ്റ്സ്മാനും ദ ഹിന്ദുവുമെല്ലാം ഇതേ തന്റേടം കാണിച്ചവരാണ്.
മാധ്യമങ്ങൾക്കെതിരേ പരാതി നൽകാനും അത് പരിശോധിച്ച് നടപടി സ്വീകരിക്കാനുമുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട് .പത്രങ്ങളുടെ കാര്യത്തിൽ പ്രസ് കൗൺസിലും ദൃശ്യമാധ്യമങ്ങൾക്ക് ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് സമിതിയും ഇന്നും സുതാര്യമായി തന്നെ പ്രവർത്തിക്കുന്നുണ്ട് . എന്നാൽ ഈ പ്രോട്ടോകോൾ മറികടന്ന് ഏകപക്ഷീയമായിട്ടാണ് സർക്കാറിന്റെ ഐ ആന്റ് ബി മന്ത്രാലയം മലയാളത്തിലെ രണ്ട് ചാനലുകൾക്കെതിരെ ചാടിപ്പുറപ്പെട്ടത് . ഡൽഹി പോലീസിനെയും RSS നെയും വിമർശനാത്മകമായി സമീപിച്ചുവെന്നതാണ് കാരണം. ഇങ്ങ് കേരളക്കരയിലെ തെക്കേ മൂലയിലെ രണ്ട് ചാനലുകളുടെ റിപ്പോർട്ടിങ് രാജ്യ തലസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കിയെന്ന കണ്ടത്തലിനാണ് ആദ്യം കയ്യടി കൊടുക്കേണ്ടത്. ഡൽഹിലിരുന്ന് നിരന്തരം വർഗീയ പ്രഭാഷണം നടത്തുന്ന റിപ്പബ്ലിക് ടി.വിയുടെ അർണാബ് ഗോസ്വാമിക്ക് ഒരു വക്കിൽ നോട്ടീസ് പോലും അയക്കാൻ കഴിയാത്ത സർക്കാറാണ് ഇത് ചെയ്തത്. രണ്ട് ദിവസം ചാനൽ പൂട്ടിയിടാൻ ഉത്തരവിട്ട് നേരം വെളുക്കുമ്പോഴേക്കും അത് പിൻവലിക്കേണ്ടി വന്നു സർക്കാറിന് . ജന രോഷം കരണക്കുറ്റിക്ക് പ്രഹരിച്ചപ്പോൾ 48 മണിക്കൂർ വിലക്ക് 12 മണിക്കൂർ പോലും തികഞ്ഞില്ല. പോരാത്തതിന് മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് ഇരു ചാനലുകൾക്കും എക്സ്ട്രാ റീച്ചും കിട്ടി.
മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റും നിലപാടിലെ സുതാര്യത കൊണ്ട് സ്വീകാര്യത നേടിയ മീഡിയാ വണ്ണും മലയാള മെയിൻ സ്ട്രീമിെന്റെ തലപ്പത്താണ് . മതനിരപേക്ഷ നിലപാടിലാണ് ഏഷ്യാനെറ്റ് മലയാളത്തിൽ ജനപ്രിയമായത്. എടുത്തു ചാട്ടക്കാരും ചരിത്രാവിവേകികളും ചാനൽ രംഗത്ത് ഭൂരിപക്ഷം തീർത്തപ്പോഴും ഏഷ്യാനെറ്റ് വസ്തുതകളുടെ കൂടെയായിരുന്നു. എന്നാൽ രണ്ടായിരത്തിന്റെ അവസാന പാദത്തിൽ ഏഷ്യാനെറ്റിന്റെ ഉടമസ്ഥത തൃശൂർ സ്വദേശി രാജീവ് ചന്ദ്രശേഖർ സ്വന്തമാക്കി. ബിജെപി എംപിയും നിതിൻ ഗഡ്കരിയുടെ മാതുല തുല്യനുമാണ് ഇയാൾ . നിതിൻ ഗഡ്കരി ബിജെപി അധ്യക്ഷ പദവിയിലിരിക്കുമ്പോൾ 2020 വരെ ബിജെപി നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയാറാക്കാനുള്ള ചുമതല രാജീവ് ചന്ദ്രശേഖറിനായിരുന്നു. മോഡി സർക്കാറിൽ വാർത്താവിനിമയ മന്ത്രി പദവി പ്രതീക്ഷിച്ചിരുന്ന രാജീവിന് തൽക്കാലം ലഭിച്ചില്ലെന്ന് മാത്രം. 2010 ൽ RSS തലവൻ പങ്കെടുത്ത കൊല്ലത്തെ ' പഥ സഞ്ചലനം ' ഏഷ്യാനെറ്റ് ലൈവായി കാണിച്ചപ്പോൾ ഒരു ഇന്ത്യൻ ചാനലിൽ RSS പഥസഞ്ചലനം ആദ്യമായി ലൈവ് ചെയ്ത ചാനലായി ഏഷ്യാനെറ്റ് മാറി. പക്ഷെ ഇതൊന്നും മോദി യുഗത്തിൽ ഏഷ്യാനെറ്റിനെ തുണച്ചിട്ടില്ല. മുഖം നോക്കാതെ കാര്യം പറയുന്ന റിപ്പോർട്ടർമാർ ഉള്ളത് കൊണ്ടു തന്നെയാവണം ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ചാനലായിട്ടും പറയേണ്ടത് പറഞ്ഞതിന് വിലക്ക് നേരിട്ടത്. കോഴിക്കോട്ടെ അറബിക്കല്യാണവും യതീംഖാന കുട്ടിക്കടത്ത് വിവാദവും കേരള മുസ്ലിം ഗ്രൂപ്പിസവുമെല്ലാം ഫ്ലാഷ് ന്യൂസ് നൽകി ആഘോഷിച്ച ചാനലിന്റെ സ്ഥിതി ഇതാണെങ്കിൽ മുസ്ലിം പ്ലാറ്റ്ഫോമിലുള്ള മീഡിയ വണ്ണിന്റെ കാര്യം പറയേണ്ടതില്ലല്ലോ. സംപ്രേക്ഷണ വിലക്കിന്റെ നോട്ടീസ് ലഭിച്ചപ്പോൾ തന്നെ നിയമപരമായി നേരിടാൻ തയ്യാറാണെന്ന് നിലപാടെടുത്ത മീഡിയ വൺ ആഭിമാനമാണ് .
അവര് നൽകിയ സന്ദേശവും ചെറുതല്ല , ബിജെപിക്ക് കൊല്ലാനേ അറിയൂ തോൽപ്പിക്കാൻ അവർ പഠിച്ചിട്ടില്ല.
പി കെ സഈദ് പൂനൂര്‍
COMMENTS