ഗള്‍ഫ് ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങള്‍ എന്തൊക്കെയാണ് ? അട്ടിയിട്ട ബെഡുകളുള്ള റൂമുകളില്‍ ഖുബ്ബൂസും തൈരും കഴിച്ച് വീട്ടുകാരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി ഉരുകി തീരുന്ന പ്രവാസി. ഏതോ വലിയ കെട്ടിടത്തിന് മുകളില്‍ മരുഭൂമിയിലെ വെയിലേറ്റ് ഉരുകിയൊലിക്കുന്ന പ്രവാസി. അതുമല്ലെങ്കില്‍ കമ്പനിയുടെ പ്രത്യേക യൂണിഫോമിട്ട് ഏതോ റോഡരികില്‍ കിടന്ന് ക്ഷീണം തീര്‍ക്കുന്ന പ്രവാസി. അതുമല്ലെങ്കില്‍ ആടുജീവിതത്തിലെ പോലെ മുടിവെട്ടാതെ താടി വടിക്കാതെ ഒരു പ്രാന്തനെ പോലെ ജീവിക്കുന്ന പ്രവാസി. ഇതൊക്കെയാണോ അതോ സ്യൂട്ട് കെയ്‌സും പിടിച്ച് കൂളിംഗ് ഗ്ലാസ്സും വെച്ച് ഫ്‌ളൈറ്റിറങ്ങി വരുന്ന പ്രവാസിയാണോ അതുമല്ലെങ്കില്‍ ദുബൈയുടെ അംബരചുമ്പിയായ കെട്ടിടങ്ങള്‍ക്കിടയിലൂടെ വിശാലമായ റോഡിലൂടെ ആഡംബര കാറുകളില്‍ പറപറക്കുന്ന ഒരു പ്രവാസിയുടെ ചിത്രമാണോ നിങ്ങളുടെ മനസ്സില്‍ തെളിയുന്നത്. ഇത്രയുമൊക്കെയാണല്ലോ നമ്മുടെ സിനിമകളും സാഹിത്യങ്ങളും നമുക്ക് മുമ്പില്‍ വരച്ച് കാണിച്ച പ്രവാസിയുടെ ചിത്രങ്ങള്‍.
എന്നാല്‍ ഇതൊന്നുമല്ലാത്ത ചില മുഖങ്ങള്‍ കൂടിയുണ്ട് പ്രവാസിക്ക്. അത് സര്‍ഗാത്മകതയുടെയും സേവന പ്രവര്‍ത്തനങ്ങളുടേതുമാണ്. സദാ ചലിച്ചും വളര്‍ന്നും വളര്‍ത്തിയും കൊണ്ടിരിക്കുന്ന ക്രിയാത്മകതളുടേതുമാണ്. നിങ്ങളെല്ലാം കരുതിയിരിക്കുന്നത് പോലെ ജോലിക്കും റൂമിനുമിടയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മെഷീനൊന്നുമല്ല പുതിയ പ്രവാസി. അവര്‍ക്കിടയില്‍ ഇപ്പോള്‍ നാട്ടിലേക്കാളും സജീവമായ സംഘടനാ പ്രവര്‍ത്തനങ്ങളുണ്ട്. സാഹിത്യ ചര്‍ച്ചകളും മത്സരങ്ങളും നടക്കുന്നുണ്ട്. മതപരമായ ഉദ്‌ബോധനങ്ങളും ആത്മീയ സദസ്സുകളും നടക്കുന്നുണ്ട്. കൂട്ടായ്മകളും ചര്‍ച്ചകളും സംഘടനകളുമുണ്ട്. ഈ ലോകത്തെ കൂടുതല്‍ സുന്ദരമാക്കുന്ന സേവന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കെ.എം.സി.സി എന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ ബഹുജന സംഘടന ഈ രൂപത്തിലൊക്കെ വായിക്കാനാണെനിക്കിഷ്ടം. കാരണം ഞാന്‍ പ്രവാസ ലോകത്ത് എത്തിയ ശേഷം കണ്ട കെ.എം.സി.സി അങ്ങനെയൊക്കെയായിരുന്നു.
ഒരു പക്ഷെ നാട്ടലെ മുസ്ലീം ലീഗിനേക്കാളും സജീവമായ സംഘടനാ പ്രവര്‍ത്തനവും കേഡര്‍ സംവിധാനവുമുള്ള ഒരു കൂട്ടായ്മയാണ് ഗള്‍ഫിലെ കെ.എം.സി.സി. നാഷണല്‍, സെന്‍ട്രല്‍ തലം മുതല്‍ ജില്ല, മണ്ഡലം, പഞ്ചായത്ത് തലം വരെയുള്ള ശക്തമായ കമ്മിറ്റികളും കെട്ടുറപ്പുമുണ്ടതിന്. ഓരോരുത്തരും കൃത്യമായ ഇടവേളകളില്‍ അവരുടെ പ്രവര്‍ത്തകരുടെ മാനസിക ഉല്ലാസത്തിനും ബൗദ്ധിക വളര്ച്ചക്കും ആവശ്യമായ പ്രവര്‍ത്തനങ്ങളും പരിപാടികളും നടത്തുന്നു. അവര്‍ക്കെല്ലാം വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കുന്നു. പൊളിറ്റിക്കല്‍ സ്‌കൂള്‍ മുതല്‍ ആനവാല്‍ വരക്കല്‍ മത്സരങ്ങള്‍ വരെ അവര്‍ക്കിടയില്‍ നടന്ന് വരുന്നു. ചികിത്സാ സഹായം മുതല്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പദ്ധതി വരെ വ്യവസ്ഥാപിതമായി നടപ്പാക്കുന്നു. പ്രവാസ ലോകത്തിന്റെ വിരസതയില്‍ ഓരോ പ്രവര്‍ത്തകനെയും അവര്‍ സദാ കര്‍മ്മോത്സുകരാക്കി കൊണ്ടിരിക്കുന്നു. കെ.എം.സി.സി യെ കുറിച്ച് പറയുമ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്ന സംഗതിയും അതാണ്. പ്രവാസ ലോകത്ത് കെ.എം.സി.സി യെ പോലെ തന്നെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകളുണ്ട്. ഓരോ നാടിന്റെ പേരിലും പ്രത്യേകം പ്രത്യേകം സംഘടനകളുണ്ട്. എന്നാല്‍ ഇവയില്‍ പലതും കുറച്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും സ്വല്‍പം പ്രാഞ്ചിയേട്ടന്‍മാരുടെയും ഇടയില്‍ കിടന്ന് കറങ്ങുന്നതാണ്. ഇവരില്‍ പലരും വലിയ വലിയ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ അതെല്ലാം അവരുടെ ഇട്ടാവട്ടത്ത് മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളും അവരുടെ സേവന തത്പരതയും അതിന്റെ അവസാനത്തെ അംഗത്തിന്റെ കയ്യിലും ഉണ്ടാവും എന്നതാണ് അതിന്റെ പ്രത്യേകത. പലപ്പോഴും അത് ജാതിയും മതവും രാഷ്ട്ടീയവുമെല്ലാം ഭേദിച്ച് പടര്‍ന്ന് പന്തലിച്ച് കൊണ്ടേയിരിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അത് തന്നെയാവണം ഈ പ്രസ്ഥാനത്തെ ഇത്രമേല്‍ ജനകീയമാക്കുന്നതും.
പ്രവാസ ലോകത്തിന് മറ്റു ചില ചിത്രങ്ങള്‍ കൂടിയുണ്ട്. അത് ഏതെങ്കിലും ഫ്രീ വിസയിലോ വിസിറ്റ് വിസയിലോ ഇവിടെയെത്തി ജോലിയില്ലാതെ അലഞ്ഞ് നടക്കുന്നവരുടേതാണ്. മാരക രോഗങ്ങല്‍ വന്ന് ചികിത്സക്ക് പോലും വഴിയില്ലാത്തവരുടേതാണ്. ജോലി നഷ്ടപ്പെട്ട് താമസിക്കാനൊരിടം പോലുമില്ലാതെ തെണ്ടി നടക്കുന്നവരേടാതാണ്. ബിസിനസ്സുകള്‍ പൊട്ടി കടക്കെണിയില്‍ വീണ് ഇരുട്ടില്‍ കഴിയുന്നവരുടേതാണ്. അങ്ങനെ അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയില്‍ കയറ് പൊട്ടി നിലയില്ലാതെ ഈ മരുഭൂമിയില്‍ അലഞ്ഞ് തിരിയുന്നവരുടേതാണ്. അവരൊക്കെ എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ... ഉറ്റവരോ ഉടയവരോ ഇല്ലാതെ ആരാണവര്‍ക്ക് തുണയായെത്തുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ... ഖല്‍ബില്‍ സഹാനുഭൂതിയുടെ നനയും അലിവുമുള്ള പ്രവാസികളാണ് അവരുടെ തുണക്കെത്തുന്നത്. അതില്‍ ആദ്യത്തെ പേരും കെ.എം.സി.സിയുടേതായിരിക്കും. അത്രമേല്‍ മഹത്തരവും സ്വീകാര്യവുമാണ് അവര്‍ ഇവിടെ ചെയ്ത് തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ ഈ പ്രൊഫൈല്‍ പിക് ക്യമ്പയിന്‍ വന്നപ്പോള്‍ എന്ത് കൊണ്ട് അവര്‍ക്കിത്ര സ്വീകാര്യത കിട്ടി എന്നാലോചിച്ചിട്ടുണ്ടോ.. അവര്‍ ഇത്ര കാലവും ചെയ്ത് തീര്‍ത്ത നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് തന്നെയാണ് എന്റെ വിശ്വാസവും ബോധ്യവും. കാരണം അതെന്റെ ജീവിതാനുഭവങ്ങള്‍ കൂടിയാണ്. പലപ്പോഴും പ്രവാസ ലോകത്തിന്റെ നിയമപരിധികള്‍ക്കുള്ളില്‍ നിന്ന് ഒരു സമാന്തര സര്‍ക്കാറിനെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കൂടിയാണ് കെ.എം.സി.സി. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഏജന്‍സിയേക്കാള്‍ ജനങ്ങള്‍ക്ക് വിശ്വാസവും കെ.എം.സി.സിയെ തന്നെയാണ്. ഈ കൊറോണ കാലത്ത് അവര്‍ ചെയ്ത് തീര്‍ത്ത പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അത് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി മനസ്സിലാവും.
പ്രവാസ ലോകത്തേക്ക് കൊറോണ പ്രതിസന്ധി കടന്ന് വന്നപ്പോള്‍ തരിച്ചിരിക്കാതെ ആദ്യം പ്രവര്‍ത്തന ഗോദയിലേക്ക് ഇറങ്ങിയ പ്രസ്ഥാനവും കെ.എം.സി.സി തന്നെയാവും. ദുബൈയിലെ ഏറ്റവും വലിയ പ്രവാസി പോപ്പുലേറ്റഡ് ഏരിയകളായ ദേരയിലെയും നായിഫിലെയും വാര്‍ത്തകള്‍ നിങ്ങളെല്ലാം പലതവണ വായിച്ചിട്ടുണ്ടാകും. ദുബൈ ഗവണ്‍മെന്റ് പോലും ഒരു വേള എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്ന സമയം. കെ.എം.സി.സി പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്ത് വരുന്നു. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കുന്നു. വലിയ വലിയ ബില്‍ഡിംഗുകള്‍ വാടകക്കെടുത്ത് രോഗികളെ ക്വാറന്റൈന്‍ ചെയ്യിപ്പിക്കുന്നു. പ്രവാസികള്‍ക്കാവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നു. ഒടുവില്‍ അവിടുത്തെ സര്‍ക്കാര്‍ പോലും അവര്‍ക്ക് അംഗീകാരവുമായെത്തുന്നു.
യു.എ.ഇയില്‍ മാത്രമല്ല മറ്റിതര രാജ്യങ്ങളിലും കെ.എം.സി.സി സജീവമായി രംഗത്തുണ്ട്. സൗദിയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ കെ.എം.സി.സി സജീവമായി രംഗത്തുണ്ട്. ഒരു സമാന്തര സര്‍ക്കാര്‍ സംവിധാനം പോലെ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ ആദ്യ മരണം നടന്നപ്പോള്‍ മുതല്‍ അവരുടെ കോണ്ടാക്ട്‌സ് ട്രാക്ക് ചെയ്യാനും അവരെ ഹോസ്പിറ്റലുകളിലെത്തിച്ച് ടെസ്റ്റ് ചെയ്യിപ്പിക്കാനും തുടങ്ങി പ്രവാസികളുടെ മാനിസക ആരോഗ്യം സംരക്ഷിക്കാനും അവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗികള്‍ക്ക് മരുന്നുകളിലെത്തിക്കാനും പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനും മരണപ്പെട്ടവരെ ഖബറടക്കാനും രോഗികളെ ആശുപത്രികളിലെത്തിക്കാനുമൊക്കെ അവര്‍ മുന്നില്‍ തന്നെയുണ്ട്. അതിനെല്ലാം കൃത്യമായ സംവിധാനങ്ങളും പ്രവര്‍ത്തന രീതികളുമുണ്ട്. കര്‍ഫ്യൂ സമയങ്ങളില്‍ പോലും നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് അവര്‍ ചെയ്ത സേവനങ്ങള്‍ അംഗീകരിച്ചേ പറ്റൂ. ആ അംഗീകാരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ട്രെന്റായി കൊണ്ടിരിക്കുന്ന പ്രൊഫൈല്‍ പിക് ക്യാമ്പയിനിലും നടന്ന് കൊണ്ടിരിക്കുന്നത്. അതൊരു അംഗീകാരമാണ്. ആദരവാണ്. ചെയ്ത് തീര്‍ത്ത് വലിയ പ്രവര്‍ത്തനങ്ങല്‍ക്കുള്ള ആദരവമാണ്. കെ.എം.സി.സി യുടെ നാട്യങ്ങളില്ലാത്ത കരുതല്‍ നാട്ടിലും മറുനാട്ടിലും അനുസ്യൂതം തുടര്‍ന്ന് കൊണ്ടേയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ശറഫുദ്ധീൻ സഹ്റ

COMMENTS