" ആപ് പ്രൈസ് ഫൈസലാ കീജിയേ "

SHARE:

ധാരാളം അനുഭവങ്ങളും അതിലേറെ തിരിച്ചറിവുകളും നൽകിയാണ്  സഫർ 2020 പരിസമാപ്തി കുറിച്ചത്.ഫെബ്രുവരി അവസാന വാരത്തിൽ നടക്കേണ്ടിയിരുന്ന  യാത്ര ഉസ്താദുമാരുടെ ചില തീരുമാനങ്ങൾ കാരണം ആദ്യ ആഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.തുടക്കത്തിൽ അതൃപ്‌തി  പ്രകടിപ്പിച്ചെങ്കിലും ആ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന കലാപവും അക്രമാസക്തമായ സാഹചര്യങ്ങളും ഉസ്താദുമാരുടെ തീരുമാനത്തെ ശരി വെക്കുന്നതായിരുന്നു. അള്ളാഹു നൽകുന്ന ഏതൊരു തടസ്സവും അതിനേക്കാൾ  വലിയ മറ്റൊരു തടസ്സത്തെ തടുക്കാനാണെന്ന് യഥാർത്ഥത്തിൽ ബോധ്യമായത് ഇപ്പോഴാണ്.ഒരു ഭാഗത്ത്‌ എൻ ആർ സി,സി എ എ പ്രശ്നങ്ങളും മറുഭാഗത്ത്‌ കൊറോണ ഭീതിയും നിറഞ്ഞ അപകടകരമായ സാഹചര്യത്തിലായിരുന്നു ഞങ്ങളുടെ  യാത്രയെങ്കിലും ഉസ്താദിൻ്റെ തവക്കുലും ദുആയുമായി ഞങ്ങൾ പതിനഞ്ചു പേർ കോഴിക്കോട് നിന്നും യാത്ര ആരംഭിച്ചു.ട്രെയിനിൽ കയറിയ ഉടനെ ഉസ്താദിൻ്റെ കുറച്ച് നിർദ്ദേശങ്ങൾ''ഫോൺ സൂക്ഷിക്കണം,പടിയിൽ ഇരിക്കരുത്,എൻ ആർ സി, സി എ എ വിഷയങ്ങൾ സംസാരിക്കരുത്''ഇങ്ങനെ പലതും.കണ്ണൂരും കാസർഗോഡും കടന്ന് ട്രെയിൻ പത്തരയോടെ  മംഗലാപുരത്തെത്തിയപ്പോൾ സുഹൃത്ത്‌ തസ്ലീമും അവൻ്റെ ജേഷ്‌ഠനും ഞങ്ങൾക്കുവേണ്ടി തയ്യാറാക്കിയ മംഗലാപുരം ബീഫ് ബിരിയാണിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.യാത്ര ചെലവ് തന്നെ ഏറെയുണ്ടെങ്കിലും മുതഅല്ലിമുകളെ സഹായിച്ചു പുണ്യം നേടുക എന്ന ഇവരുടെ നല്ല മനോഭാവം എന്നെ വല്ലാതെ സ്വാധീനിച്ചു.ഭക്ഷണത്തിന് ശേഷം തമാശയിലും നാട്ടുവർത്തമാനത്തിലുമായി ഞങ്ങൾ മയങ്ങി.
                                       
                                                                               ----------1----------

               ''കാപ്പി ...കാപ്പി..വടാ…വടാ....'' കാപ്പിക്കാരൻ്റെ തസ്ബീഹ് കേട്ട്  ഞെട്ടിയുണർന്നപ്പോഴുണ്ട് ഉസ്താദിൻ്റെ ഒരു വാട്ട്സപ്പ് മെസ്സേജ്''അടുത്ത സ്റ്റേഷനിലാണ് സുബ്ഹി നിസ്കാരം,എല്ലാവരും തയ്യാറാവുക''.പെട്ടെന്ന് തന്നെ വുളൂ എടുത്ത് സ്റ്റോപ്പിലിറങ്ങിയ ഞങ്ങൾ മൊബൈൽ  ആപ്പിൻ്റെ സഹായത്തോടെ ഖിബ്‌ല കണ്ടെത്തി നിസ്കാരം നിർവ്വഹിച്ചു.കൗതുകകരമെന്ന് പറയട്ടെ,വാഹനം എന്നതിന് പുറമേ ട്രെയിൻ ഒരു ബിസിനസ് കേന്ദ്രം കൂടിയാണ്.പച്ചക്കറികൾ,പഴവർഗങ്ങൾ,പലഹാരങ്ങൾ,വസ്ത്രങ്ങൾ,ചെരുപ്പുകൾ,ഫാൻസികൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്.സപ്ലൈ കൂടുതലായത്  കൊണ്ട് തന്നെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.സപ്ലൈ കൂടുമ്പോൾ വില കുറയുമെന്നാണല്ലോ നിയമം.പാവ വടാ ,വടാ പാവ് ,സീറ തുടങ്ങിയ ധാരാളം മറുനാടൻ വിഭവങ്ങൾ ഞങ്ങളെ തേടി വന്നെങ്കിലും ട്രെയിൻ ഫുഡ് വാങ്ങരുതെന്ന എളാപ്പയുടെ താക്കീതുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കളായ മിഹാദും ഹബീബും കൊണ്ട് വന്ന ചപ്പാത്തിയും ഹലുവയും  കൂട്ടി ഒരു ''ചപ്പാത്തി-ഹൽവ സാൻഡ് വിച്ചാ''യിരുന്നു ഞങ്ങളുടെ നാസ്ത.

        നാസ്തക്ക്  ശേഷമാണ് തൊട്ടടുത്ത സീറ്റിലുള്ള രണ്ടു  പേരെ പരിചയപ്പെടുന്നത്.വിദ്യാർത്ഥികളായ ഞങ്ങളെ അമ്പരപ്പിക്കും വിധം ഭൗതിക ചർച്ചയിലും വായനയിലും മുഴുകുകയായിരുന്നു അ വർ.പരിചയപ്പെട്ടപ്പോൾ കേരളക്കാരാണെന്നും കച്ചവടാവശ്യാർത്ഥം  ഡൽഹിയിലേക്ക് പോവുകയാണെന്നും പറഞ്ഞു. അവരുടെ നിസ്കാരമാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്.കൊടും തണുപ്പിലും മുതഅല്ലിമീങ്ങളായ ഞങ്ങൾ എഴുന്നേൽക്കുന്നതിനു മുമ്പേ എഴുന്നേറ്റ് നിസ്‌കാരം നിർവ്വഹിക്കുന്നുണ്ടെങ്കിലും സീറ്റിൽ ഇരുന്നിട്ടായിരുന്നു  അവർ അത് ചെയ്തിരുന്നത് .ഒരാൾ ട്രെയിൻ സഞ്ചരിക്കുന്ന ദിശയിലേക്കും,മറ്റേ ആൾ എതിർ ദിശയിലേക്കും!!!അക്ഷരാർത്ഥത്തിൽ സ്വീകാര്യ യോഗ്യമല്ലാത്ത ഈ നിസ്കാരത്തെ കുറിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ''യാത്രക്കാർക്ക് നിസ്കാരത്തിൽ വിടുതി ഉണ്ടെന്നത് ഹദീസിലില്ലെ''എന്നായിരുന്നു.വഹാബികൾ ഹദീസിനെയും ഖുർആനിനെയും തെരുവിലിറക്കി ആർക്കും  വിനിയോഗിക്കാനുതകുന്ന രീതിയിലുള്ള ചരക്കാക്കിയതിൻ്റെ വിപ ത്താണിത്.ഒരോരുത്തരും ഖുർആനും ഹദീസും ഡിക്ഷണറി നോക്കി അർഥം വെക്കുന്നതിൻ്റെ പ്രശ്നമെന്താണെന്നും എന്ത് കൊണ്ടാണ് നമ്മുടെ ഉലമാക്കൾ അതിനെ പ്രോത്സാഹിപ്പിക്കാത്തതെന്നും വ്യക്തമായി.ഇങ്ങനെ എത്ര എത്ര ആത്മാർത്ഥതയുള്ള നല്ലവരായ ജനങ്ങളുടെ ആരാധനകളാണ് സ്വീകാര്യയോഗ്യമല്ലാതാകുന്ന ത്??എത്ര പേരാണ്  വഞ്ചിതരാവുന്നത് ??സാധുക്കൾ.....ആത്മാർത്ഥമായ ഇവരുടെ പ്രവർത്തനങ്ങൾ,സൽകർമങ്ങൾ യദാർത്ഥപാതയിലെ ചില ബാരിക്കേഡുകൾ കാരണം പാഴായി പോവുന്നു!!! അല്ലാഹ്......അവരെ നീ സന്മാർഗ്ഗത്തിലാക്കണേ .....

                                                                                        ----------2----------

           ട്രെയിൻ കുതിച്ചു പാഞ്ഞു.ളുഹ്‌റും അസറും കഴിഞ്ഞു  മഗ്‌രിബിനോടടുത്തപ്പോൾ അടുത്ത സ്റ്റേഷനിൽ ഞങ്ങൾ നിസ്കരിക്കാൻ വേണ്ടി ഇറങ്ങി.ജംഉം കസ്റും യാത്രക്കാർക്ക് അനുവദനീയമായതിനാൽ തന്നെ (മൂന്നു  മർഹലയാണേൽ അതാണ് ഏറ്റവും ഉത്തമവും) നാല് റക്അത് കൊണ്ട് ളുഹ്‌റും അസറും ലഭിക്കും.യാത്രക്കാർക്ക് ഇസ്ലാം നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ  ഇസ്ലാമിക നിയമങ്ങളിലെ ഹിക്മത്തും യുക്തി ഭദ്രമായ തീരുമാനങ്ങളും വ്യക്തമാവും.കഴിഞ്ഞ വർഷത്തെ ഹൈദരാബാദ് യാത്രയിലെ മൻസൂരിയൻ ഓർമ്മകൾ ഞങ്ങളെ അലട്ടുന്നത് കൊണ്ട് തന്നെ ഒരു കണ്ണ് മാത്രമായിരുന്നു സുജൂദിൻ്റെ മഹല്ലിൽ!!! ളുഹ്ർ നിസ്കാരം കഴിഞ്ഞ് അസറിന് വേണ്ടി ഇഖാമത് കൊടുക്കുമ്പോഴാണ് ട്രെയിൻ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.നിസ്കരിക്കാൻ വേണ്ടി ഇറങ്ങിയപ്പോഴായിരുന്നു മൻസൂറിനും ട്രെയിൻ നഷ്ടപ്പെട്ടത്. ചാടിക്കയറിയ ഞങ്ങൾ ശാഫി മദ്ഹബിലെ രണ്ടഭിപ്രായങ്ങളിൽ ഒന്നായ ട്രെയിൻ നിസ്കാരം കപ്പൽ നിസ്കാരം പോലെയാണെന്നും അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ  ചലനം നമ്മുടെ ചലനമായി പരിഗണിക്കാത്തത് കാരണം നിസ്കാരം സ്വീകാര്യമാകുമെന്നുള്ള അഭിപ്രായം പിടിച്ച് കൊണ്ട് ട്രെയിനിൽ നിന്ന് തന്നെ അസർ നിസ്കരിച്ചു.ഇസ്ലാമിലെന്തിനാണ് നാല് മദ്ഹബുകൾ,എന്തിനിത്ര വൈരുധ്യങ്ങളായഭിപ്രായങ്ങൾ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടി ഈ നിസ്കാരത്തിൽ നിന്ന് തന്നെ ബോധ്യപ്പെട്ടു.നിയ്യത്തിൽ ബന്ധിപ്പിക്കൽ (തഅലീക്)ഉണ്ടായാൽ നിസ്കാരം ബാത്തിലാവുമെന്ന നിയമം ഉണ്ടെങ്കിലും ട്രെയിൻ മിസ്സായാൽ എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോൾ ഇൻഫിആലൻ (സ്വമേത) അത് കടന്ന് വരും.എന്നാലും തിടുക്കം പിടിച്ച ഈ സമയത്തും ശക്തമായ തണുപ്പിലും വുളൂ എടുത്ത് ആരാധനയിലേർപ്പെടുന്ന ഞങ്ങളെ കണ്ട് അവിശ്വാസികളടക്കം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.ചിലർ നിസ്കരിച്ചു മറ്റു ചിലർ സ്ഥലവും പഠന കേന്ദ്രവും ഇതിലേക്ക് പ്രേരിപ്പിക്കുന്ന ഞങ്ങളുടെ  ദൃഢമായ വിശ്വാസത്തെ കുറിച്ചും ആശ്ചര്യത്തോടെ ചോദിച്ചറിഞ്ഞു. അവിടെയും ചില കഴുകൻ ഫാസിസ്റ്റു കണ്ണുകൾ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

                  നിസ്കാരം കഴിഞ്ഞ് വീണ്ടും ട്രെയിനിലേക്ക് കയറിയ ഞങ്ങൾ 25 മിനുറ്റ് കൊണ്ട് അടുത്ത സ്റ്റേഷനിലെത്തി.രാത്രിയിലെ അവസാന സ്റ്റേഷനായത് കൊണ്ട് തന്നെ ഇവിടെ നിന്ന് ഫുഡ് കഴിക്കാൻ ഉസ്താദ് നിർദേശിച്ചു.കോഫിയുടെ വില കൂടിയിരിക്കുന്നു,ഗ്ലാസിൻ്റെ വലിപ്പം കുറയുകയും!!.വിശപ്പ് സഹിക്കാനാവാത്തത്  കാരണം കിട്ടിയത് തിന്നാൻ ഞങ്ങൾ നിർബന്ധിതരായി. ഞങ്ങളുടെ ഡിമാൻഡ് ഫോർകാസ്റ്റ് ചെയ്‌ത്‌ പ്രൈസ് കൂട്ടിയതാണോ എന്ന് തോന്നി.ഡിമാൻഡ് കൂടുമ്പോൽ പ്രൈസ് കൂടുമല്ലോ. നമ്മുടെ നാടൻ ചോറും കറിയുമൊന്നുമില്ലാത്തത് കൊണ്ട് തന്നെ നാസ്തക്കും ലഞ്ചിനും ഡിന്നറിനുമൊക്കെ ലേയ്സും ബിസ്ക്കറ്റും തന്നെയായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

                  ഭക്ഷണത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ ഏകനായി ഞാൻ പടിയിലിരുന്നു പുറം വീക്ഷിക്കാനൊരുങ്ങി.കേരളത്തിൽ നിന്ന് വ്യത്യസ്‌തമായി ലോറികളും വാനുകളും  ടാക്സികളും കൂടുതലാണിവിടെ.ലക്ഷ്വറി കാറുകൾ വളരെ അപൂർവമാണ്.ഒഴിഞ്ഞു കിടക്കുന്ന ധാരാളം തരിശ് ഭൂമികൾ,വിശാലമായ നെൽപ്പാടങ്ങൾ,കൂരകൾ,ഓലമേഞ്ഞ കുടിലുകൾ,പണി പൂർത്തിയാകാത്ത ധാരാളം വീടുകൾ യഥാർത്ഥത്തിൽ  ഒരു 10-20 വർഷം മുമ്പുള്ള അവികസിത കേരള പരിസരമാണിവിടെ ഇപ്പോഴും.പെട്ടെന്നൊരാൾ വന്ന് എൻ്റെ അടുത്തിരുന്നു.ഭീകരനാണോ ബിജെപിയാണോ എന്ന ചിന്ത എൻ്റെ ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും ഞാൻ ചോദിച്ചു ;ആപ് കിദർ ഹേ?.ചിരിച്ചുകൊണ്ടായാൽ മറുപടി പറഞ്ഞു''ഞാൻ കേരള വാലഹേ''!!എന്താണെന്നറിയില്ല,കേരളക്കാരെ കണ്ടാൽ നമുക്ക് പെട്ടെന്ന് മനസ്സിലാവും.യാത്രക്കിടെ ആലുവ കോളേജ് വിദ്യാർത്ഥികളെയും ഡി.യുവിൽ പഠിക്കുന്ന എറണാകുളം സ്വദേശിയെയും തുടങ്ങി  ധാരാളം മലയാളികളെ പരിചയപ്പെട്ടു.മലയാളികളെ കാണുമ്പോൾ എവിടെ നിന്നോ വരുന്നൊരു വികാരം, സ്നേഹം നമ്മിൽ അലിഞ്ഞു ചേരും!! 

                                                                                     ----------3----------
                       
                    പുലരിയോടെ ഞങ്ങൾ തലസ്ഥാന നഗരിയിലേക്ക് പ്രവേശിച്ചു.സ്റ്റേഷനിൽ നിന്ന് പത്തു മിനിറ്റ് ദൂരമുള്ള ദരിയാഗഞ്ചിലായിരുന്നു ഹോട്ടൽ. അവിടെയെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം ഉസ്താദിൻ്റെ  പ്രാർത്ഥനയോടെ സിയാറത്ത് ആരംഭിച്ചു.ഇന്ത്യ ഗേറ്റ് ആയിരുന്നു ആദ്യ ഡെസ്റ്റിനേഷൻ.സ്വാതന്ത്ര്യ സമരത്തിൽ ധീര രക്തസാക്ഷികളായവരുടെ സ്മരണക്കായി പണിതതാണീ കെട്ടിടം.പോരാളികളുടെ നാമവും കുറച്ച്  അറബി എഴുത്തുകളും ഇതിൽ കുറിച്ചു വെച്ചിട്ടുണ്ട്.അണയാത്ത അഗ്നിയും നമുക്കിവിടെ കാണാം.
.
              പിന്നെ പാർലമെൻ്റിലേക്കൊരു കാൽനടയാത്ര.ഹൈ സ്കൂളിൽ നിന്നും ഹയർ സെക്കണ്ടറിയിൽ നിന്നും കേട്ടറിഞ്ഞ പാർലമെൻറ്,ലോക് സഭ,രാജ്യ സഭ,സെൻട്രൽ ഹാൾ,വ്യത്യസ്‌ത ബെഞ്ചുകൾ തുടങ്ങിയ പലതും കണ്ടറിയാനും മനസ്സിലാക്കാനും സാധിച്ചു.സെൻട്രൽ ഹാളിലേക്ക് പോകുന്ന വഴിയിൽ ഞങ്ങളെ  സ്വാഗതം ചെയ്യാനായി ഭരണഘടന നിർമാതാവ് അംബേദ്കറും അബുൽകലാം ആസാദും കാത്തുനിൽക്കുന്നുണ്ടായിരുന്നു.കണ്ടപ്പോൾ ചിലതൊക്കെ പറയണമെന്ന് തോന്നി.

                  അത് കഴിഞ്ഞ്  ഞങ്ങൾ ഖുതബ് മിനാറിലേക്ക് ടിക്കറ്റ് എടുത്തു.50  രൂപക്ക് ടിക്കറ്റെടുത്താൽ പിന്നെ അൺലിമിറ്റഡ് യാത്രയാണ് .സ്ത്രീകൾക്കിവിടെ പ്രത്യേക പരിഗണനയുള്ളത് കൊണ്ട് തന്നെ ലോ ഫ്ലോർ ബസിലെ മുൻസീറ്റുകൾ മുഴുവനും ടിക്കറ്റില്ലാതെ തന്നെ ഇവർക്ക് റിസേർവ്ഡാണ്. നിയമലംഘകകരെ ശിക്ഷിക്കാൻ പോലീസും  ബസ്സിലുള്ളത് ഏറെ കൗതുകം തന്നെ. ലിംഗ സമത്വത്തിന് വേണ്ടി നടന്ന് വരുന്ന സമരങ്ങൾ സ്ത്രീ അവകാശം സംരക്ഷിക്കാനും വേതനം വർധിപ്പിക്കാനുമാണെങ്കിൽ ഇവിടെ സമരം തുടങ്ങേണ്ടത് പുരുഷാവകാശം കാത്തു സൂക്ഷിക്കാൻ വേണ്ടിയാണ്!!!.ഖുതുബുദീൻ ഐബക് പണിതുടങ്ങിയതും ഇൽതുമിശി ലൂടെ പൂർത്തീകരിക്കപ്പെട്ടതുമായ ഖുതബ് മിനാറിൽ ഇന്ത്യ ഗേറ്റിലുള്ളത് പോലെ തന്നെ അറബി എഴുത്തുകളും ആയത്തുകളും കൊത്തിവച്ചിട്ടുണ്ട്.

   
അങ്ങനെ ഞങ്ങൾ റെഡ് ഫോർട്ടിലേക്ക് നീങ്ങി. അതും അക്ബറിൻ്റെ  സംഭാവനയാണ്.ഇങ്ങനെ തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തുള്ളതായ ചരിത്രപ്രാധാന്യമുള്ള ഏതു സമുച്ചയങ്ങളെടുത്താലും അതിലെ മുസ്ലിം സ്വാധീനം വിലമതിക്കാനാവാത്തതാണെന്ന് മനസ്സിലാവും.റെഡ് ഫോർട്ട്,ഖുതബ് മിനാർ,ഇന്ത്യ ഗേറ്റ്,ജമാ മസ്ജിദ് ഇവയൊക്കെ മറന്ന് കൊണ്ട് ഏത് ഇന്ത്യയെ നിർമിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്??എൻ ആർ സി, സി എ എ ബില്ലുകളിലൂടെ മുസ്ലിംകളെ ഇന്ത്യയിൽ നിന്ന് വേരോടെ  പിഴുതെറിയാനും ഹിന്ദുമത സ്വേച്ഛാധിപത്യം രാജ്യത്ത് സ്ഥാപിക്കാനും ശ്രമിക്കുന്നവർ അവർക്ക് അന്നം കിട്ടുന്ന വരുമാന മാർഗങ്ങൾ ഓർക്കുന്നത് നല്ലതായിരിക്കും!!.റെഡ് ഫോർട്ടിൽ നിന്ന്,ഒരു ഫ്രഞ്ച് പാക്കേജിനോട് സംസാരിക്കുന്ന സമയത്ത്
അവർ പറഞ്ഞത്''നാം ഇന്ത്യയിലെ ഇത്തരം ചരിത്രപശ്ചാത്തലങ്ങളുള്ള ഹെറിറ്റേജുകൾ കാണാൻ വന്നതാണ്'' എന്നാണ്.ഇങ്ങനെ എത്ര ടൂറിസ്റ്റുകൾ?? അതിലൂടെ എത്ര വരുമാനങ്ങൾ!! പാർലമെന്റിൻ്റെ ഒരു ഭാഗത്ത്‌   അംബേദ്കറും മറുഭാഗത്ത്‌ അബുൽകലാം ആസാദും നിൽക്കുന്ന, ,ബ്രിട്ടീഷുകാരുടെ കരാളഹസ്തങ്ങളിൽ നിന്ന് പിടിച്ചെടുത്ത മതസൗഹാർദ്ദം നിറഞ്ഞ ആ ഇന്ത്യ,യെ കുറിച്ചോർക്കുമ്പോൾ കണ്ണുനീരൊഴുകുകയാണ്.ജാഫറാബാദിലെ പള്ളിമിനാരം കാവിക്കൊടി കൊണ്ട് മൂടുകയും മുസ്ഹഫുകളും  കിതാബുകളും കത്തിക്കുകയും മുസ്ലിം വീടുകൾ,കടകൾ വാഹനങ്ങൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിൻബലത്തോടെ പൊളിച്ചടക്കുകയും ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ ജനാധിപത്യം തിരഞ്ഞെടുക്കുന്ന സമയത്ത് അംബേദ്‌കർ പറഞ്ഞ വാക്കുകളാണ് ഓർമ വരുന്നത് "ഇത് ശാശ്വതമല്ല,മതഭൂരിപക്ഷം രാഷ്ട്രീയ ഭൂരിപക്ഷത്തെ കടന്നാക്രമിക്കാത്ത കാലത്തോളം മാത്രം''!
   
                                                                                          ----------4----------

                 രാത്രി നിസ്കാരം കഴിഞ്ഞ് ഞങ്ങൾ തെരുവിലേക്കിറങ്ങി.കേരളത്തിലെ കച്ചവടങ്ങൾ കടകളിൽ അഭയം പ്രാപിച്ചെങ്കിലും ഇവിടെ തെരുവുകളിൽ തന്നെയാണിപ്പോഴും.വൈകുന്നേരമായാൽ ജന നിബിഢമായിരിക്കുമിവിടം.ഭക്ഷണ ഇനങ്ങളുടെ ഒരു കലവറ തന്നെയാണ് ഡൽഹി സ്ട്രീറ്റ്.മുറാദാബാദ് ബിരിയാണി തേടിയാണ് ഞങ്ങൾ ആദ്യമിറങ്ങിയത്.സുഹൃത്തും ജാമിയ മില്ലിയ വിദ്യാർത്ഥിയുമായ എൻ എസ്  അബ്ദുൽ ഹമീദിൻ്റെ എൻ ആർ സി പ്രതിരോധ പ്രസംഗങ്ങളിൽ കേട്ടതാണീ വിഭവം.ഡൽഹിയിലെ പ്രധിഷേധക്കാർക്കായി വീട്ടമ്മമാർ മുറാദാബാദ് ബിരിയാണിയുമായി വരുമത്രെ.മഞ്ഞൾ പൊടിയും മസായും പലതരം ക്രീമുകളും കൂടുതലാണിവിടെ.മധുരമുള്ള നാരങ്ങപോലും പൊടിയും മസാലയുമില്ലാതെ ഇവർ കഴിക്കില്ല.മുറാദാബാദ് ബിരിയാണിയും ഖുറൈശി കബാബും ഉരുളക്കിഴങ്ങിട്ട ആലു പൊറാട്ടയും ശാഹിതുകയും മാസ്റ്റി ചിക്കനുമെല്ലാം കഴിച്ച് ഞങ്ങൾ റൂമിലേക്ക് മടങ്ങി.

                                                                               ----------5 ----------

                             അടുത്ത ദിവസമാണ് പുസ്തക താളുകളിൽ  മാത്രം പരിചയമുള്ള ലോട്ടസ് ടെംബിളിലേക് പോയത്.പേര് പോലെ തന്നെ താമരാകൃതിയിലാണിതിൻ്റെ നിർമിതിയും. അമ്പലം ഹിന്ദു മത ആരാധനാലയമാണെന്ന് വിചാരിച്ചെങ്കിലും ഇതൊരു അപരിചിതമായ "ബഹാഇസം"എന്ന മതത്തിൻ്റെതായിരുന്നു .ടെംബിളിനുള്ളിൽ വിശാലമായൊരു ഹാൾ...അതിൽ പ്രാർത്ഥിക്കാനും ,മെഡിറ്റേഷൻ ചെയ്യാനും ,ആരാധനയിലേർപ്പെടാനുമെല്ലാം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .പുറത്തൊരു ലഘുലേഖ വിതരണം ചെയ്യുന്നുണ്ടായിരുന്നു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ മലയാളത്തിലുള്ള ലഘുലേഖ കിട്ടി.ആദ്യമായിട്ടാണ് ഇവിടെ നിന്നും ഒരു മലയാള ലിപി കാണുന്നത്. എത്തിപ്പിടിക്കാൻ സാധ്യതയുള്ള ജനവിഭാഗങ്ങളുടെ ഭാഷയിലൊക്കെ ഫ്രഞ്ച്,ഉറുദു സ്പാനിഷ്,ഇംഗ്ലീഷ്,ഹിന്ദി,ചൈനീസ്,മലയാളം ഈ ലഘുലേഖ ലഭ്യമാണ്.മതപ്രചാരണത്തിൻ്റെ ഓരോ വഴികളേ...അത് വായിച്ചപ്പോഴാണ് ഇസ്ലാമിൻ്റെ  കെട്ടുറപ്പും ബഹാഇസത്തിൻ്റെ പൊള്ളത്തരങ്ങളും മനസ്സിലായത്.''ബഹാ ഉള്ള ''യാണിതിൻ്റെ സ്ഥാപകൻ. ചില തത്വങ്ങളുമായി പേർഷ്യയിൽ പ്രത്യക്ഷപ്പെട്ടൊരാൾ എൻ്റെ ശേഷം ഒരു പ്രവാചകൻ വരുമെന്ന് മുന്നറിയിപ്പ് നൽകുകയും കാത്തുനിന്ന പ്രവാചകൻ വരാതായ സമയത്ത് ആ പ്രവാചകൻ ഞാൻ തന്നെയാണെന്ന് തോന്നുകയും പിന്നീട് പ്രവാചകത്വം വാദിക്കുകയുമായിരുന്നു ഇയാൾ. ഇങ്ങനെയുള്ള സ്വാർത്ഥമായ ചില തോന്നലുകളിൽ നിന്നാണീ മതം രൂപപ്പെട്ടതെന്ന് കേൾക്കുമ്പോൾ തന്നെ ഇതിൻ്റെ ബാലിശികത വ്യക്തമാവും.ഇസ്ലാമിൽ നിന്ന് ബഹാഇസത്തിലേക്ക് ചേക്കേറിയ അവിടുത്തെ ജീവനക്കാരനോട് ഇസ്ലാമിൽ ഖുർആനുള്ളത് പോലെ ബഹാഇസത്തിൻ്റെ തെളിവ ന്വേഷിച്ചപ്പോൾ അദേഹം പറഞ്ഞത് ''ഈ ടെംബിളാണ് ബഹാഇസത്തിൻ്റെ തെളിവ്'' എന്നാണ്.ഇങ്ങനെയുള്ള ചില വ്യക്തികളുടെ തോന്നലുകളും നിർമിതികളുമാണ് ഈ മതത്തിൻ്റെ  അടിസ്ഥാനമെന്ന് കേട്ടപ്പോൾ തന്നെ പ്രതികരിക്കാതെ ഞങ്ങൾ സരോജിനി മാർകറ്റിലേക്ക് മടങ്ങി. 

                        കൂടെയുള്ള ഡൽഹി വിദ്യാർത്ഥി മുബാറക് മൂസയാണ് ഈ മാർക്കറ്റിനെ കുറിച്ച് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നത്.തൻ്റെ ജീൻസ്  പാന്റ് കാട്ടി നൂറു രൂപക്ക് അവിടെ നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞപ്പോൾ തന്നെ എന്ത് കൊണ്ടാണ് സരോജിനി ഇത്ര ശ്രദ്ധയാകർഷിക്കപ്പെടുന്നത് എന്നെനിക്ക് ബോധ്യപ്പെട്ടു.പ്രൈസ് കുറയുമ്പോൾ ഡിമാൻഡ് കൂടുമെന്നാണല്ലോ ലോ ഓഫ് ഡിമാൻഡ് പറയുന്നത്.ജനനിബിഡമായ ഈ മാർക്കറ്റിലേക്ക് അണ്ടർ  ഗ്രൗണ്ട് മെട്രോയുമുണ്ട്.വിശാലമായ മാർക്കറ്റ് .പലതരം സാധനങ്ങൾ,ലതർ ഉല്പന്നങ്ങളൊക്കെ തുച്ഛമായ വിലക്ക്.മാർക്കറ്റിൻ്റെ വിശാലത കാരണം മൂന്ന് മണിക്കൂർ ചിലവഴിച്ചിട്ടും മുഴുവനും കാണാൻ കഴിയാതെ ഞങ്ങൾ ജമാ മസ്ജിദിലേക്ക് മടങ്ങി.

            ആളുകൾ ''ജമാ മസ്ജിദെന്ന് '' തെറ്റായി പറയുകയാണെന്നും ''ജുമാ മസ്ജിദാണ് ശരിയെന്ന്  വിചാരിച്ചെങ്കിലും കയറുമ്പോൾ തന്നെ ''jama masjid'' എന്നെഴുതിവെച്ചത് കണ്ടപ്പോൾ വിചാരം തെറ്റിയതാണെന്ന് മനസ്സിലായി.മസ്ജിദിൻ്റെ ആർക്കിടെക്ചറിനെക്കാളും മിനാരങ്ങളെക്കാളും എന്നെ ആകർഷിച്ചത് അവിടുത്തെ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധമായിരുന്നു.പത്രണ്ട് മണിക്ക് തുടങ്ങുന്ന ഈ സമരം രാത്രി ഒൻപത് മണിവരെ നീളും.പ്രസംഗിച്ചും മുദ്രാവാക്ക്യം വിളിച്ചും ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടി കുടി വിട്ടിറങ്ങിയവരാണവർ.ഹിജാബും പർദ്ദയും ധരിച്ച മുസ്ലിം സ്ത്രീയുടെ പ്രസംഗം ഞങ്ങളെ ആവേശഭരിതരാക്കുകയും തുടർന്നുള്ള ആസാദി മുഴക്കത്തിൽ പങ്കാളികളാവാൻ പ്രേരിപ്പിക്കുകയും ചെയ്തു.സമയം വൈകിയതിനാൽ പെട്ടെന്ന് തന്നെ റൂമിലെത്തണമെന്നുള്ള ഉസ്താദിൻ്റെ  നിർദ്ദേശ പ്രകാരം ഞങ്ങൾ റൂമിലേക്ക് മടങ്ങി
                                                                                ----------6----------

                    പ്രധാനമായും രണ്ടു തരം  ജനവിഭാഗത്തെ നമുക്കിവിടെ കാണാൻ കഴിയും.സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ,ഉദ്യോഗസ്ഥ മേഖലയിൽ ജോലിചെയ്യുന്ന അപ്പർ ക്ലാസും തരം താഴ്ന്ന തെരുവോര ജീവിതം നയിക്കുന്ന ലോവർ ക്ലാസും (ഇവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണ്).''  താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾ എന്ത് കൊണ്ടെപ്പോഴും താഴ്ന്ന് കൊണ്ടിരിക്കുന്നു'' എന്ന ചർച്ചയിൽ സ്‌നേഹിതൻ മിസ്അബ് ഉന്നയിച്ച ആശയം വാസ്തവമാണെന്ന് തോന്നുന്നു..''തെരുവുകളും മഖാമുകളും കേന്ദ്രീകരിച്ചുള്ള കച്ചവടമാണ് ഇവരുടെ പ്രധാന വരുമാന മാർഗം.മഖാമിൽ ബറകത്തിനായി വെക്കുന്ന പൂ വിൽക്കാനായി മാത്രം എട്ട് പത്തോളം കടകളുണ്ടാവും.സപ്ലൈ കൂടിയത് കാരണം ഡിമാൻഡിനെയും സപ്ലൈയേയും തുല്യമാക്കാൻ വേണ്ടി പ്രൈസ് കുറക്കുകയും തൽഫലമായി കുറഞ്ഞ വരുമാനം മാത്രം ലഭിക്കുകയും ചെയ്യുന്നു  എന്നതാണിതിൻ്റെ കാരണം''.

                       ഈ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും സംസ്കാരവും നൽകി സമൂഹത്തിൻ്റെ  ഉന്നത തലങ്ങളിലേക്ക് കൈ പിടിച്ചുയർത്താൻ വേണ്ടി നാടും വീടും വിട്ട് ദഅവാ പ്രവർത്തനത്തിൽ വ്യാപൃതരായ ധാരാളം ആത്മാർത്ഥമായ വ്യക്തിത്വങ്ങളെ ദരിയാഗഞ്ജിലെ ഓഫീസിൽ നിന്നാണ് കാണുന്നത് . ഈ ഓഫീസ് നിർമിതിയുടെ ചരിത്രമറിഞ്ഞാൽ തന്നെ ഇവരുടെ ത്യാഗം എത്രത്തോളം വലുതാണെന്ന് നമുക്ക് ബോധ്യമാവും. ബിൽഡിംഗ് നിർമാണത്തിന് പകൽ വിലക്കുള്ളത് കാരണം പണിയായുധങ്ങളെടുത്ത്‌ രാത്രി കാലങ്ങളിലാണ് ഇവർ ഇത് നിർമിച്ചത് !!!ദഅവാ അനുഭവങ്ങൾ പങ്കുവെക്കാനും ഞങ്ങൾക്കൊരു പ്രചോദനം ലഭിക്കാനും വേണ്ടി ഇവരുമായി സംവദിക്കാൻ തീരുമാനിക്കുകയും പെട്ടെന്ന് തന്നെ ഓഫീസ് ഹാളിൽ വെച്ചു കൊണ്ട്  പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.ഡൽഹി കേന്ദ്രീകരിച്ച് ദഅവാ പ്രവർത്തനത്തിൽ വ്യാപൃതരായ നൗഫൽ ഖുദ്റൻ, ഖാദർ,ശരീഫ് ,മുബാറക് അബ്ദുറഹ്മാൻ എന്നിവരുമായിട്ടായിരുന്നു ഞങ്ങളുടെ സംസാരം. .അപരിചിതമായ സ്ഥലത്ത് പോവുമ്പോൾ എങ്ങനെ ഇടപെടണം,എന്തൊക്കെ നിലപാട് സ്വീകരിക്കണം,ദഅവാ എങ്ങനെ തുടങ്ങണം,ദഅവാ സാധ്യതകൾ എങ്ങനെ കണ്ടുപിടിക്കണം തുടങ്ങിയ ധാരാളം കാര്യങ്ങൾ നമ്മെ ഉണർത്തി. ''ഇഗ്നൈറ്റ് ഇന്ത്യ മിഷൻ''എന്ന പേരിൽ ഡൽഹിയിൽ നടന്നുവരുന്ന വിശാലമായ ദഅവാ പ്രവർത്തനങ്ങളുടെ പ്രേരകം അബ്ദുറഹ്മാൻ വിവരിച്ചപ്പോൾ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി ഇവരൊക്കെ ത്യജിക്കുന്നത് എത്രത്തോളമാണെന്ന് മനസ്സിലായി.പതിവുപോലെ തെരുവിലിറങ്ങി നടക്കുന്ന സമയത്ത് മിഠായി വിൽകുന്നൊരു പയ്യനെ കാണുകയും അവനിൽ നിന്ന് മിഠായി വാങ്ങിയ  ശേഷം അവൻ്റെ പഠനത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചും ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടിയായിരുന്നത്രെ ഈ ദൗത്യത്തിലേക്ക് നയിച്ചത്.''പഠനമൊന്നുമില്ല,ഒന്ന് രണ്ട് വർഷം പഠിക്കാൻ പോവും പിന്നെ മടങ്ങും,എന്നെ പോലെ നൂറോളം കുട്ടികൾ ഈ പരിധിയിലുണ്ട്'' കുട്ടിയുടെ സ്ഥലവും വീട്ടുപേരും ചോദിച്ചറിഞ്ഞ ശേഷം നിശ്ചിത സമയത്ത് വരാമെന്നും അപ്പോൾ നീ അവിടെ ഉണ്ടാവണമെന്നും പറഞ്ഞു പിരിഞ്ഞു.പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയപ്പോൾ ഇവരെ കണ്ട കുട്ടി ഓടി മറഞ്ഞു!!! അപരിചിതമായ സ്ഥലമായത് കൊണ്ട് തന്നെ ഒന്നും ചെയ്യാനില്ല.ദുഃഖിതരായി മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് തക്ബീർ വിളി ഉയർന്നത്.നിസ്കരിച്ചു പോവാമെന്ന് കരുതിയ ഇവർ പള്ളിയിലേക്ക് കടക്കുകയും, പൈസ കളയേണ്ട എന്ന് വിചാരിച്ചു പള്ളിയിൽ വന്ന വിശ്വാസികളുമായി വന്നതിൻ്റെ  താൽപര്യവും ലക്ഷ്യവും വിവരിച്ചു കൊടുത്തു.ഞങ്ങളുടെ നാടിൻ്റെ അഭിവൃതിക്ക് വേണ്ടി ഞങ്ങൾ ചെയ്യാത്ത കാര്യങ്ങൾ അപരിചിതർ ചെയ്യാൻ വേണ്ടി ശ്രമിക്കുന്നു എന്ന് മനസ്സിലാക്കിയ അവർ സന്തോഷിക്കുകയും പൂർണ്ണ പിന്തുണ നൽകുകയും കുട്ടികളെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.തൽഫലമായി നൂറോളം കുരുന്നുകൾ ഇവിടെ ബാലപാഠം നുകർന്നുകൊണ്ടിരിക്കുകയാണ്.ഇങ്ങനെ ധാരാളം സ്വാന്തന പ്രവർത്തനങ്ങൾ, പള്ളികൾ,മദ്രസകൾ,കിണറുകൾ തുടങ്ങി നാടിൻ്റെ അഭിവൃദിക്കു വേണ്ട എല്ലാ കാര്യവും ഇവരിവിടെ ചെയ്തുവരുന്നു. അവസാന നിമിഷം മുബാറക് റബ്ബാനി പറഞ്ഞ വാക്കുകളാണ് ഞങ്ങളെ ചിന്തിപ്പിച്ചത്.''ശമ്പളമില്ലാതെ പുറം നാടുകളിലുള്ള അധ്വാനങ്ങൾ പൊട്ടത്തരമല്ലേ എന്ന് ചിലർ കരുതും. പക്ഷെ നാം കുഴിച്ച കിണറിൽ നിന്നവർ വെള്ളം കുടിക്കുമ്പോൾ,നാം നിർമിച്ച പള്ളിയിൽ  നിന്നവർ സുജൂദ് ചെയ്യുമ്പോൾ,നാം പണിത മദ്രസയിൽ നിന്നവർ ഖുർആൻ പഠിക്കുമ്പോൾ നമുക്ക് കിട്ടുന്നൊരു സന്തോഷമുണ്ട് ഒരനുഭൂതിയുണ്ട് അതാണ് ജീവിതം!!!ശമ്പളമില്ലാതെ എന്തിനാണിവർ കിലോമീറ്ററുകൾ താണ്ടുന്നത്,എന്തിനിങ്ങനെ കഷ്‌ടപ്പെടണം,വല്ല ഗൾഫ് ടിക്കറ്റുമെടുത്താൽ പോരെ, തുടങ്ങിയ ചോദ്യങ്ങൾക്കുത്തരം ഈ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു

                                                                                ----------7 ----------
          അവരുമായുള്ള ഇടപെടലുകൾക്ക് ശേഷം, ഡൽഹിയിലെ അവസാന ലക്ഷ്യസ്ഥാനമായ മഹ്ബൂബെ ഇലാഹ് നിസാമുദ്ധീൻ ഔലിയയുടെ ചാരത്തേക്ക് നീങ്ങി.കേരളത്തിൽ നിന്ന് വ്യതിരിക്തമാണ് ഇവിടെയുള്ള മക്ബറകൾ.പ്രദേശവാസികളുടെ ഭൗതികവും ആത്മീയവുമായ കേന്ദ്രങ്ങളാണിത്.ഒരു ഭാഗത്ത്‌ പ്രാർത്ഥനയിലും ഖിറാഅത്തിലുമായി ആത്മരസം കൊള്ളുന്ന ജനതയും മറു ഭാഗത്ത്‌ പലതരം ബിസിനെസ്സുകളിലും ഏർപ്പെട്ട്  ജീവിതം ഭദ്രമാക്കാൻ പരിശ്രമിക്കുന്നവരും.മഖ്‌ബറയിൽ വെക്കാനുള്ള പൂവ്,മിഠായി ,വിരിപ്പ്,നൂൽ,തുടങ്ങി ഒരു കച്ചവട ശൃഖല തന്നെ നമുക്കവിടെ കാണാം.

               ''ചെരുപ്പ് വെക്കൽ'' കച്ചവടമാണ് കൗതുകമായി തോന്നിയത്.എല്ലാ മഖ്‌ബറകളിലും കണ്ടുവരുന്ന ഈ കച്ചവടം സിയാറത്തിനായി വരുന്നവരുടെ ചെരുപ്പ് സൂക്ഷിക്കാൻ വേണ്ടിയാണ്.അഞ്ചു രൂപയാണ് വില.മക്ബറയുടെ കവാടത്തിൽ ചെരുപ്പ് വെക്കൽ സുരക്ഷിതമല്ലാത്തത് കൊണ്ട് തന്നെ അഞ്ചു രൂപ കൊടുക്കാൻ എല്ലാവരും നിർബന്ധിതരാകും.ഇനീഷ്യൽ കോസ്റ്റ്  മാത്രമുള്ള ബിസിനസ്സിൻ്റെ പ്രകടമായൊരുദാഹരണമാണീ കച്ചവടം.അഞ്ചു രൂപ ലാഭിക്കാമെന്ന ലക്ഷ്യത്തോടെ കവാടത്തിൽ ചെരുപ്പ് വെച്ച സുഹൃത്തിൻ്റെ ചെരുപ്പ് കാണാതായതും യാത്രയിലെ ഒരനുഭവമാണ്. അഞ്ചു രൂപക്ക് പകരം അഞ്ഞൂറ് രൂപ കളഞ്ഞ ഈ ദുരനുഭവം യാത്രയുടെ ഭംഗി കൂട്ടുന്നു.    

           മറ്റൊരു കച്ചവടമാണ് ''നാണയ കച്ചവടം''. നൂറ്  രൂപ കൊടുത്താൽ തൊണ്ണൂറ് രൂപ നാണയം തരുന്ന ഈ കച്ചവടം മക്ബറാ വഴിയിൽ നിറഞ്ഞിരിക്കുന്ന ഭിക്ഷക്കാർക്ക് സ്വദഖ ചെയ്യുന്നവരെ കേന്ദ്രീകരിച്ചുകൊണ്ടാണ്. നഖ്‌ദുകളുടെ ബിസിനസ്സിൽ മുമാസലത് (തുല്യത) ശർത്തായത് കൊണ്ട് തന്നെ ഹറാമായ ഈ കച്ചവടത്തിൽ ഇടപെടാത്തത്  കാരണം നോട്ടുകൾ തന്നെ കൊടുക്കേണ്ടി വന്നു.മതവിധിയറിയാത്തത് കാരണമായി ചില്ലറ വാങ്ങി സ്വദഖ ചെയ്യുന്ന വിശ്വാസികളെയും നമുക്കിവിടെ കാണാം.ഇത്തരത്തിൽ, ഫിഖ്‌ഹില്ലാതെ ഇബാദത്തിൽ മുഴുകുന്ന ഒരു കൂട്ടം ജനതയെ മഖ്‌ബറക്ക് ചുറ്റുമായി കാണാൻ സാധിക്കും.വാദ്യോപകരണങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ഖവാലികൾ,ഇടകലർന്ന സ്ത്രീ പുരുഷ പ്രാർത്ഥനകൾ,ബഹുമാനത്തോടെയുള്ള മഖ്‌ബറക്ക് മുമ്പിലെ സുജൂദുകൾ,ഇങ്ങനെ പലതും.ഭിക്ഷക്കാർ,ബിസിനസ്സുകാർ,പ്രയാസമനുഭവിക്കുന്നവർ തുടങ്ങിയ ധാരാളം ജനവിഭാഗങ്ങൾക്ക്  മരണശേഷവും ആശ്വാസ കേന്ദ്രമായ നിസാമുദ്ധീൻ ഔലിയ ജീവിതകാലത്തും സേവനപാതയിൽ തന്നെയായിരുന്നു എന്നാണ് അടുത്ത ടെസ്റ്റിനേഷനിലേക്കുള്ള ട്രെയിനിൻ്റെ നാമം നമ്മോട് വിളിച്ചു പറയുന്നത്.''നിസാമുദ്ധീൻ എക്‌സ്പ്രസ് ''.

                                                                           ----------8----------


            ധാരാളം തിരിച്ചറിവുകളാണ് ഡൽഹി ഞങ്ങൾക്ക് നൽകിയിട്ടുള്ളത് . ഭാഷാജ്ഞാനമാണതിൽ പ്രാധാനം .അറബിക്, ഉറുദു, ഇംഗ്ലീഷ്, മലയാളം എന്നീ നാല് ഭാഷകൾ പഠിപ്പിക്കാത്ത ദഅവാ കോളേജുകൾ അപൂർവമാണിപ്പോൾ. ഖേദകരമെന്ന് പറയട്ടെ ,അവിടെ നിന്ന് നാം പ്രകടിപ്പിക്കുന്ന ഭാഷകൾക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുമെന്നും എത്രത്തോളം വിലയുണ്ടെന്നും മനസ്സിലാവുക ഇവിടെ വന്നാലാണ്.വ്യക്തിപരമായി പറയുകയാണെങ്കിൽ, ഇംഗ്ലീഷ് അറബി ഉറുദു ഭാഷകൾ സമാജത്തിൽ പ്രസംഗിച്ച് പരിചയമുള്ളത് കൊണ്ട് തന്നെ അവരുമായി സംസാരിക്കാൻ  കഴിയുമെന്നാണ് ഞാൻ ധരിച്ചത്.പ്രത്യേകിച്ച് ഉറുദു ഭാഷയിൽ സ്റ്റേറ്റ് സഹിത്യോത്സവിൽ ആദ്യസ്ഥാനം ലഭിച്ചതിന്റെ ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. പക്ഷെ, നമ്മുടെയൊക്കെ ഭാഷാപരിജ്ഞാനം എത്രയുണ്ട് ഇനിയുമെത്ര വളരണം എന്നൊക്കെ മനസ്സിലായത് ഈ യാത്രയിലൂടെയാണ്.സംസാരിക്കുന്നതിനിടക്ക്''ആപ് കാ സബാൻ മേം നഹീ മാലൂം''എന്ന് പറഞ്ഞ് ഞങ്ങളെ അവഗണിച്ചു തള്ളിയ ധാരാളം മുഖങ്ങളെ ഇപ്പോഴും ഓർക്കുന്നു.കഷ്‌ടിച്ചു കിട്ടുന്ന അറബി,ഇംഗ്ലീഷ് വാക്കുകളോട് കൂടെ ''കർണാ'' ചേർത്തുള നമ്മുടെ ഉർദുവത്കരണം കേരളത്തിൽ മാത്രമേ വിലപേശുകയുള്ളു.ബോർഡർ കടക്കാൻ അതിനും കഴിയില്ല.ഭാഷയറിയാത്തതിൻ്റെ വിപത്ത്‌  യമുനാ ഗട്ടിൽ നിന്നാണ് അനുഭവിച്ചത്. അഞ്ഞൂറ് രൂപക്ക് യമുനാ ഗട്ട് കറങ്ങണമെന്ന് ജീവനക്കാരനോട് ആവശ്യപ്പെട്ടപ്പോൾ അവൻ പറഞ്ഞ മറുപടി ''നഹീ,സാത് സൗ''
എന്നാണ്.അറുനൂറ് രൂപയല്ലേ ...നൂറ്  രൂപയല്ലേ കൂടുതലുള്ളു... എന്ന് മനസ്സിലാക്കിയ യാത്ര അമീർ, കറങ്ങി വന്ന ശേഷം അറുനൂറ് രൂപ കൊടുത്തപ്പോൾ അവർ ദേഷ്യപ്പെട്ടു.അറുനൂറ് രൂപയാണെന്നു പറഞ്ഞു ഞങ്ങളും കയർത്തു.തർക്കത്തിനിടെ ഗൂഗിൾ ചെയ്തപ്പോഴാണ് ''സാത് സൗ'' എഴുനൂറ് രൂപയാണെന്ന് മനസിലായത്.നമ്മുടെയൊക്കെ ഉറുദു പ്രാവീണ്യം എത്രത്തോളമുണ്ടെന്ന് ഈ ഒരനുഭവത്തിൽ നിന്ന് വ്യക്തം.ഇത് പോലോത്ത ധാരാളം അനുഭവങ്ങൾ ഇനിയുമുണ്ട്.

             പിന്നെ കേരളീയരെക്കുറിച്ചുള്ള പൊതുബോധമാണ്.ഇന്ത്യയിലെ ഡെവെലെപ്‌ഡ് സ്റ്റേറ്റാണെന്നും,ഗൾഫ് ഭദ്രതയുള്ളത് കൊണ്ട് തന്നെ സമ്പന്ന കുടുംബം താമസിക്കുന്നിടമാണെന്നും,ഫീസില്ലാത്ത നൂറോളം സ്ഥാപനങ്ങളുണ്ടെന്നും വിചാരിച്ച്  ആത്മാഭിമാനം കൊള്ളുന്ന നാം അന്യസംസ്ഥാനത്തേക്ക് പോയാൽ മനസ്സിലാകും നമ്മെ കുറിച്ചുള്ള അവരുടെ വിചാരമെന്താണെന്ന്.വിലപേശാൻ തുടങ്ങിയാൽ ചോദിക്കും കേരളക്കാരാണോ എന്ന്. കാരണം ബാർഗൈനിൻ്റെ ഊക്ക് കണ്ടവർ നമ്മെ വിലയിരുത്തും.സരോജിനി മാർക്കറ്റിൽ നിന്ന് 1500 ൻ്റെ  ലതർ ബാഗ് 150 ൽ എത്തിച്ച ശേഷം വീണ്ടും വില കുറക്കാൻ ശ്രമിച്ച സുഹൃത്തിനോട് ''ആപ് പ്രൈസ് ഫൈസലാ കീജിയേ''എന്ന മറുപടിയും ബാർഗൈനിൻ്റെ തീവ്രത മനസ്സിലാക്കി തരുന്നു. ''consumer is a king,a king does not bargain'' എന്ന ഡൽഹി തെരുവോരങ്ങളിൽ കടകൾക്ക് മുന്നിലുള്ള നോട്ടീസ് ബാർഗൈൻ  എത്രത്തോളമാണ് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.
                           
              പണത്തിന്റെ മൂല്യമാണ് പിന്നെ പറയാനുള്ളത്.നമ്മുടെ ഈ ചുറ്റുവട്ടത്ത്‌ ഒരു രൂപ,രണ്ടു  രൂപ,എന്നല്ല പത്തു രൂപക്ക് തന്നെ യഥാർത്ഥത്തിൽ വലിയ മൂല്യമൊന്നുമില്ല. കടയിൽ ഒരു രൂപ ബാക്കി വന്നാൽ അല്ലെങ്കിൽ നിലത്തു വീണാൽ നാമത് പരിഗണിക്കാറേ  ഇല്ല.എന്നാൽ ''ഏക് ഓർ ദോ രൂപ ദീജിയെ''എന്ന് പറഞ്ഞ് വരുന്ന ധാരാളം പച്ച ജീവിതങ്ങളെ നമുക്ക് കാണാൻ കഴിയും. ജീവിതത്തിൻ്റെ രണ്ടറ്റം ബന്ധിപ്പിക്കാൻ പാടുപെടുന്ന മനുഷ്യർ. പൈതലുകൾ മുതൽ പ്രായം ചെന്നവർ വരെ ഇവിടെ ഭിക്ഷയിലാണ്. ചിലരുടെ ജോലി തന്നെ ഭിക്ഷയാണ്.തെരുവിൻ്റെ  ഇരുവശങ്ങളിലും നിറഞ്ഞിരിക്കും ഇവർ.കൈകാലുകളില്ലാത്തവർ,അന്ധന്മാർ,മൂകൻമാർ,ബധിരന്മാർ,തുടങ്ങി എലാ വിധ അംഗവൈകല്യങ്ങളുള്ളവരെയും നമുക്കിവിടെ കാണാം.കേരളത്തിൽ ബസ് സ്റ്റാൻഡിലും ടൗണിലും രോഗികൾക്ക് വേണ്ടി പണം സ്വരൂപിക്കുന്നത് അവരുടെ ഫോട്ടോ വെച്ചാണെങ്കിൽ ഇവിടെ ഉന്തുവണ്ടികളിൽ മലർത്തി കിടത്തിയാണ്.!!!അന്ധനായ തൻ്റെ  വാപ്പയുടെ കൈപിടിച്ചു കൊണ്ട് പണത്തിനായി തെരുവിലിറങ്ങിയ ആ പൈതലിൻ്റെ മുഖം,ഡൽഹി തെരുവിൽ നിന്ന് സന്തോഷത്തോടെ മുറാദാബാദ് ബിരിയാണി തിന്നുമ്പോൾ മുമ്പിൽ വന്നു കൈ നീട്ടിയ ആ കൊച്ചു പയ്യൻ്റെ ജീവിതം,തണുപ്പ് കാരണം ജാക്കറ്റ് ധരിച്ചു കൊണ്ട് സ്ട്രീറ്റിലൂടെ നടന്നു 'പോകുമ്പോൾ വിരിപ്പൊന്നുമില്ലാതെ നനഞ്ഞു കൊണ്ട് തെരുവിൽ ചുരുണ്ടുകിടക്കുന്ന ആ മനുഷ്യ ശരീരം,ഓർക്കുമ്പോൾ നാം സ്വർഗത്തിലല്ല  ജന്നത്തുൽ ഫിർദൗസിലാണെന്ന് ബോധ്യമാവും.എത്ര എത്ര അനുഗ്രഹങ്ങളാണ് അള്ളാഹു നമുക്ക് നൽകിയിട്ടുള്ളത്??ലഭിച്ചതിന് നന്ദി ചെയ്യുന്നതിന് മുമ്പേ ആർഭാട മനസ്സ് നമ്മെ വീണ്ടും വീണ്ടും സമ്പാദിക്കാൻ പ്രേരിപ്പിക്കുന്നു. എത്ര നീചരാണ് നാം?? ദുനിയാവിലെ സുഖലോലുപതയിൽ അഭിരമിച്ചു പരലോകത്തെ മറന്നു പോകുന്ന നമ്മുടെ ജീവിതം എവിടെയാണ് ചെന്നവസാനിക്കുക?? നാഥാ...നീ പൊറുക്കണേ ......

മുഹമ്മദ്‌ കുറുവന്തേരി       

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : " ആപ് പ്രൈസ് ഫൈസലാ കീജിയേ "
" ആപ് പ്രൈസ് ഫൈസലാ കീജിയേ "
https://www.itl.cat/pngfile/big/58-584712_india-gate-delhi-night-hd-photos-for-desktop.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCGk26UJ73L6quJvnlmyjaSgEkgblzsn62gEurN2RxQYWShWVVvaQmM-jCC7iX0PYZMGGPL1xiOi36rWwFuAWS7_5YPgqpQki_KwGoXlIzzZIyv68Y4ykvyFOL5Ky-Usil07A_iJ9WJmS-/s72-c/43699bff-fe0a-4218-a2c1-e2999724fbb0.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post_25.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post_25.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content