നവ മഖാസിദി സമീപനങ്ങൾ; മൂലഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതെന്തിന്?

SHARE:

ഇലാഹീ പൊരുളുകൾ ഹൃദയത്തിൽ രൂഢമൂലമാക്കി ആരാധനാകർമ്മങ്ങളിൽ നിരതമാകുന്നത് ജീവിത വിശുദ്ധിക്കും ആത്മസംസ്കരണത്തിനുമുള്ള പരമപ്രധാനമായ ഹേതുകമാണ്. നിരന്തരമായ അന്വേഷണങ്ങളും ആലോചനകളുമാണ് മനുഷ്യനെ ഇലാഹി ചിന്താ വലയത്തിൽ പരിക്രമണം ചെയ്യാൻ സഹായിക്കുന്നത്. അന്വേഷണങ്ങളുടെ നൈരന്തര്യം ആത്മാവിനെ ദൈവസാന്നിധ്യത്തിന്റെ നീർവാണം കൈവരിക്കാനും പ്രാപ്തനാക്കുമെന്നത് അനുഭവിച്ചറിഞ്ഞ സത്യമാണ് മതസംഹിതകളിൽ അടങ്ങിയിട്ടുള്ള ഉത്തരവുകളെ അവയുടെ പിന്നാമ്പുറങ്ങൾ തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കുമ്പോൾ നാമറിയാതെ മതത്തിന്റെ ചിട്ടകളും നിയമങ്ങളും നമ്മിലൂടെ പ്രകടമാകും ആരാധനാ കർമ്മങ്ങളിലെ ഇലാഹി  താൽപര്യങ്ങൾ വ്യക്തിജീവിതത്തിൽ ബഹിർസ്ഫുരിക്കാനുള്ള ഉദാത്തമായ കാരണമായി അത്  മാറുകയും ചെയ്യും.
വിവിധങ്ങളായ ആരാധനാകർമ്മങ്ങളിൽ അന്തർലീനമായിരിക്കുന്ന ശരീഅത്തിന്റെ താൽപര്യങ്ങളും ഉദ്ദേശങ്ങളും ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിയെടുക്കാനാണ് സ്വഹാബത്തും ശേഷമുള്ള പണ്ഡിത വൃന്ദവുമെല്ലാം ശ്രമിച്ചിരുന്നത് .ഒരുപാട് കാലത്തെ പഠന ജീവിതത്തിനും അധ്യാപനവൃത്തിക്കും ശേഷം ഇമാം അബൂ ഹാമിദിൽ  ഗസ്സാലി (റ) ഇലാഹി രഹസ്യങ്ങൾ അന്വേഷിച്ചു നിരന്തരമായ യാത്രകളിലും ആരാധനാ സപര്യയിലുമായി ജീവിതം ചെലവഴിച്ചിരുന്നു. ഇലാഹി താൽപ്പര്യങ്ങൾ കൂടുതൽ മനസ്സിലാക്കിയവരായിരുന്നു പ്രവാചകരുടെ ജീവിതം ആസ്വദിച്ച സഹാബികൾ. മതനിയമങ്ങൾ വഹ് യ്‌ മുഖാന്തരം അവതീർണ്ണമാകുമ്പോൾ നബി(സ്വ)യുടെ അനുവാചകരുടെ ജിജ്ഞാസ അവയുടെ പൊരുളുകൾ ചോദിച്ചു മനസ്സിലാക്കുന്നതിലെക്ക് നയിച്ചിട്ടുണ്ട്. ജൂതനായ ഒരു വ്യക്തിയുടെ ജനാസ  പ്രവാചകരുടെ മുൻപിലൂടെ കടന്നുപോയപ്പോൾ പ്രവാചകർ എഴുന്നേറ്റുനിന്ന് നിൽക്കുന്നത് കണ്ട സഹാബത്ത് ചോദിക്കുന്നുണ്ട് “നബിയെ അത് ജൂതനായ മനുഷ്യന്റെ മയ്യത്ത് അല്ലേ ” ആ ജനാസക്ക് വേണ്ടി എഴുന്നേറ്റുനിന്നതിന്റെ രഹസ്യമറിയാൻ വേണ്ടിയായിരുന്നു അവർ  ഇങ്ങനെ ചോദിച്ചത്” ജൂതൻ ആണെങ്കിലും മനുഷ്യനല്ലെ” എന്നതായിരുന്നു പ്രവാചകരുടെ മറുപടി

ജ്ഞാന  സമ്പൂർണമായ പ്രവാചകസദസുകളിൽ ഇലാഹീ താൽപര്യങ്ങളും വിഷയീഭവിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. മാത്രമല്ല സ്വതന്ത്ര ഗവേഷണത്തിന് യോഗ്യരായ ഒരുപാട് സ്വഹാബികൾ പ്രവാചകരുടെ കാലത്തും പിന്നീടും ഇലാഹീ താൽപര്യങ്ങൾ തിരിച്ചറിയുകയും പഠനവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് വ്യക്തമായ തെളിവാണ് ഖന്തക്ക് യുദ്ധാനന്തരം നടന്ന സംഭവങ്ങൾ

പ്രവാചകരുമായി യുദ്ധ നിരോധിത സന്ധ്യയിൽ ഏർപ്പെട്ടവർ ആയിരുന്നു മദീനയിലെ യഹൂദ ഗോത്രക്കാരായ ബനൂഖുറൈള പക്ഷേ അവർ ഈ കരാറിനെ വിലക്ക് എടുത്തിരുന്നില്ല.  സാധ്യമായപ്പോയല്ലാം  അവർ മുസ്‌ലിംകളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.  മക്കയിലെ മുശ്രിക്കുകളെ അതിനുവേണ്ടി സഹായിക്കുകയും ചെയ്തു. ഖന്തക്ക് യുദ്ധത്തിൽ നിന്നും വിരമിച്ച ഉടനെ ബനൂഖുറൈളയിലേക്ക് പോകാനായിരുന്നു ദൈവിക കൽപന.
വാഗ്ദത്ത ലംഘനം നടത്തിയ യഹൂദർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യസ്ഥാനത്തേക്ക് വേഗം എത്തിച്ചേരാനായി പ്രവാചകൻ പറഞ്ഞത് ഇപ്രകാരമാണ് “നിങ്ങൾ ബനൂഖുറൈള എത്തിയതിനു ശേഷമേ അസ്വർ നിസ്കരിക്കാവൂ” പ്രവാചകരുടെ വാക്കിനെ അക്ഷരാർത്ഥത്തിൽ ഉൾകൊണ്ട ഒരു വിഭാഗം സഹാബികൾ ബനൂ ഖുറൈളയിൽ എത്തിയതിനുശേഷം അസ്വർ ഖളാ ആയിട്ടാണ് നിസ്കരിക്കുന്നത്. സാധ്യമാകുന്ന അത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തണമെന്നാണ് പ്രവാചകരുടെ താല്പര്യം എന്ന് മനസ്സിലാക്കിയ ഒരു വിഭാഗം സഹാബികൾ യാത്രക്കിടയിൽ തന്നെ അസ്വർ സമയത്ത് നിസ്കരിക്കുകയും ചെയ്തു.
ശരീഅത്തിന്റെ താല്പര്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരേയും ശരീഅത്തിന്റെ കല്പനയെ അക്ഷരംപ്രതി അനുസരിച്ച വരെയും പ്രവാചകർ ഇവിടെ ശരിവെക്കുന്നുണ്ട് .  കാരണം മതശാസനകളുടെ താൽപര്യം തിരിച്ചറിയാനുള്ള കഴിവും യോഗ്യതയും ഉള്ളവരായിരുന്നു അവർ.
സ്വഹാബത്തിനൊരുമിച്ച് ജീവിച്ച പ്രഥമ നൂറ്റാണ്ടിലെ പണ്ഡിതരും മതത്തിന്റെ താൽപര്യങ്ങളെക്കുറിച്ച് ഉത്തമബോധ്യം ഉള്ളവരായിരുന്നു. ഉത്തമ നൂറ്റാണ്ടുകളായി ഗണിക്കപ്പെടുന്ന  ആദ്യ മൂന്ന് നൂറ്റാണ്ടിലെ പണ്ഡിത ലോകത്തിന്റെ കളങ്കമില്ലാത്ത ജീവിതത്തിന്റെ  ചേതോവികാരം ഖുർആനിലെയും ഹദീസിലെയും പൊരുളുകൾ ജീവിതത്തിൽ പ്രായോഗികമാക്കിയതാണെന്ന് മനസ്സിലാക്കാം. . എന്റെ സമുദായത്തിൽ ഏറ്റവും ഉത്തമർ ഞാൻ ജീവിച്ച നൂറ്റാണ്ടിൽ ( ഖർന്) ജീവിച്ചവരാണ് പിന്നെ ഏറ്റവും ഉത്തമർ അവർക്ക് ശേഷമുള്ള വരും പിന്നീട് അവർക്ക് ശേഷമുള്ളവരുമാണ്  ഉത്തമർ . ആദ്യ നൂറ്റാണ്ടുകളുടെ മഹത്വമാണ് ഈ ഹദീസിലെ പരാമർശം. സ്വഹീഹുൽ ബുഖാരിയിൽ അൽ ഇമാം മുഹമ്മദ്ബ്നു ഇസ്മാഈൽ അൽ ബുഖാരി യും സ്വഹീഹ് മുസ്ലിമിൽ അൽ ഇമാം മുസ്ലിമ് ബ്ൻ അൽ ഹജ്ജാജ് അൽ നൈസാപൂരിയും ഉദ്ധരിച്ച ഹദീസാണിത്. നാല് പ്രധാന മദ്ഹബുകളുടെ ഇമാമുമാരായ മുഹമ്മദ് ബ്ൻ ഇദ് രീസ്  അഷാഫഈ , അനസുബ്നു മാലിക് ,അബൂ ഹനീഫതുൽ കൂഫി, അഹ്മദ് ബിൻ ഹമ്പൽ തുടങ്ങിയ പ്രമുഖ പണ്ഡിതരുടെ ജീവിതത്തിന് സാക്ഷ്യംവഹിച്ച നൂറ്റാണ്ടുകളാണിത്. പ്രമുഖ ചരിത്ര പണ്ഡിതനായ അബുൽ ഖാസിം ഇബ്നു അസാകിർ അദമശ്കീ  തന്റെ തബ് യീനു കിള്ബിൽ മുഫ്തരീ എന്ന ഗ്രന്ഥത്തിൽ ഒരു കർണിനെ നൂറു  വർഷമായാണ് കണക്കാക്കിയിട്ടുള്ളത്

മുൻകാല പണ്ഡിതരായ ഇമാമുൽ ഹറമൈനി, ഖാളി നാസിറുദ്ദീനുൽ ബൈ ളാവിയും അൽ ഇമാം ഫഖ്റുദ്ദീൻ റാസിയുമടക്കമുള്ളവർ ശറഇന്റെ  താൽപര്യങ്ങളോട് പുലർത്തിയ സമീപനത്തിൽ നിന്നും തീർത്തും വിരുദ്ധമായ സമീപനമാണ് ആധുനിക  മഖാസിദീ പഠനങ്ങളിൽ അങ്കുരിക്കുന്നത് . മഖാസി ദീ രീതി ശാസത്രത്തിന്റെ പ്രയോക്താക്കൾ ആണെന്ന് മുദ്രകുത്തപ്പെടുന്ന ഹുജ്ജത്തുൽ ഇസ്‌ലാം അബൂ ഹാമിദുൽ ഗസ്സാലി , സുൽത്താനുൽ ഉലമ ഇസ്സ് ബ്നു അബ്ദുസ്സലാം അബൂ മുഹമ്മദ് അൽ ജുവൈനി ഇമാം ഖഫാൽ അശാഷീ തുടങ്ങിയ  പൂർവസൂരികളല്ലാം   വ്യക്തിജീവിതത്തിൽ വിശുദ്ധിയുടെ പാരമ്യത കൈവരിച്ചവരായിരുന്നു. 
മതനിയമങ്ങൾ നിർധരിച്ചെടുക്കാനുള്ള ഒരു മാധ്യമമായി മഖാസി ദിനെ ദുരുപയോഗം ചെയ്യുന്നത് തങ്ങളുടെ അഭീഷ്ടങ്ങൾക്ക് വിഘ്നം നിലനിൽക്കുന്ന ശരീഅത്ത് നിയമങ്ങൾ ഭേദഗതി ചെയ്യുക എന്ന ചിന്തയുടെ സൃഷ്ടിയാണ്
ലാ തുസാഫിറിൽ മർഅത്തു ഇല്ലാ മഅ മഹ്റം (മഹ്റ മിനോട് കൂടെ മാത്രമേ സ്ത്രീ യാത്ര ചെയ്യാവൂ) എന്ന ഹദീസ് സ്ത്രീ ഒറ്റക്ക് സഞ്ചരിക്കരുത് എന്നതിൽ നസ്സ്(സ്പഷ്ടം) ആണ്. മഖ്സദിനെ മൗലിക പ്രമാണമായി പറയുന്നവർ വാദിക്കുന്നത് സ്ത്രീ സുരക്ഷയാണ് ഹദീസിന്റെ താൽപര്യം എന്നാണ് .ഇന്ന് ഗവൺമെന്റ് സ്ത്രീ ശാക്തീകരണവും സംവരണവും സുരക്ഷയും നടപ്പാക്കുന്നതിനാൽ മഹറമിന്റെ ആവിശ്യമില്ല എന്ന നിഗമനത്തിലേക്കാണ് അവർ എത്തിയിട്ടുള്ളത്.
കാലികമായ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മഖാസിദിനെ ആശ്രയിക്കേണ്ടത് നിയമങ്ങളിലെ പരസ്പരവൈരുദ്ധ്യത്തിന്  കാരണമാകും. കാരണം ഒരേ വിഷയത്തിൽ തന്നെയുള്ള വ്യത്യസ്ത മഖ്സദുകൾ പരസ്പരം ഏറ്റുമുട്ടാവുന്നതാണ്.  അവയിൽ ഏതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഇജിതിഹാദിന് യോഗ്യരായ പണ്ഡിതന്മാർക്ക് മാത്രം സാധ്യമാക്കുന്ന സങ്കീർണമായ കാര്യമാണ്. ഹിജാമ ചെയ്തവനും അതിന് വിധേയമായവനും നോമ്പ് നഷ്ടപ്പെടുന്നതാണ് എന്ന് ഹദീസ് പ്രവാചകർ നോമ്പുകാരനായിക്കേ ഹിജാമ ചെയ്തൂ എന്ന ഹദീസിനോട് പ്രത്യക്ഷത്തിൽ എതിരാവുന്നുണ്ട്. ഇമാം ശാഫിഇൗ  അടക്കമുള്ള പണ്ഡിതർ അതിന് ഉത്തരവും നൽകിയിട്ടുണ്ട്. ക്ഷീണം കാരണം നോമ്പ് മുറിക്കുന്നതിലേക്ക് എത്തിചേരും എന്നതാണ് ഒരു മറുപടി. ഇത്തരത്തിൽ സമഗ്ര ജ്ഞാനമുണ്ടെങ്കിലെ മഖ്സദുകളുടെ ഏറ്റുമുട്ടലിനും പരിഹാരം കണ്ടത്താനാവൂ. ഇന്ന് ജീവിക്കുന്ന സമൂഹത്തിലുണ്ടാകുന്ന പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നടത്തുന്ന ‘ബഹ്സ്’ മുഖേനയാണ്. ഇജ്തിഹാദിനെ അനിവാര്യമാക്കുന്ന മറ്റൊരു ഘടകമാണ് തെളിവുകളില്‍ കാണുന്ന വൈരുദ്ധ്യം. ചില വിഷയങ്ങളില്‍ തെളിവുകള്‍ പരസ്പരം എതിരായ രൂപത്തില്‍ കാണാവുന്നതാണ്. ഇവിടെ രണ്ട് തെളിവുകളും ശരിയാണെങ്കിലും രണ്ടിലൊന്ന് യഥേഷ്ടം തിരഞ്ഞെടുക്കാന്‍ പാടില്ല. ഈ തിരഞ്ഞെടുപ്പാണ് ഇജ്തിഹാദ്. ഇതിനു കുറെ യോഗ്യതകള്‍ ഉണ്ടാ യിരിക്കണം ഖുർആനിലെയും ഹദീസ് ഗ്രന്ഥങ്ങളിലെയും മുഴുവൻ ടെക്സ്റ്റ്കളെക്കുറിച്ചും അവഗാഹം ഉണ്ടായിരിക്കണം. ഖുർആനിലെ വ്യത്യസ്ത പദപ്രയോഗങ്ങൾ ആം ,ഖാസ്, മുജ്മൽ, മുഫസ്സൽ 'നസ്സ് , ളാഹിർ ,നാസിഖ് ,മൻസൂഖ് തുടങ്ങിയവയെ ക്കുറിച്ച് പരിജ്ഞാനം ഉണ്ടായിരിക്കണം. ഇത് പോലെ ഹദീസിലെ പ്രയോഗങ്ങളും അറിഞരിക്കണം' അവയിൽ ഒരോന്നിനും നൽകേണ്ട മുൻ ഗണനാക്രമവും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ഖുർആനിലെയും ഹദീസിലെയും അതിർവരമ്പുകളെ ദേതിക്കുക എന്ന ലക്ഷ്യവുമായാണ് ആധുനിക മഖാസിദീ വാദം രംഗപ്രവേശം നടത്തുന്നത് എന്നതിന് വെക്തമായ തെളിവാണ് ഇത് . മഖാസിദീ വാദത്തിന്റെ  ഉൽപന്നമായ ന്യൂനപക്ഷ കർമ്മശാസ്ത്രത്തിൽ അമുസ്ലിമിന്റെ ഭാര്യയായി മുസ്ലിം വനിതകക്ക് കഴിയാം. “അമുസ്ലിം വനിതകൾ മുസ് ലികൾക്ക് അനുവദീയമല്ല അമുസ്ലിംകൾ മുസ് ലിംവനിതകൾക്കും അനുവദനീയമല്ല “ (സൂറതുൽ മുംതഹിന: 10) എന്ന ഖുർആനിക പാഠങ്ങൾക്ക് ഇത്  കടകവിരുദ്ധമാണ് . ഇവിടെ ഖുർആനിലെ സ്പഷ്ടമായ (നസസ്) കാര്യങ്ങൾക്കെതിരെ വരെ പറയുന്നിടത്ത് മക്കാ സിദികൾ എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം

 കർമ്മങ്ങളിൽ ആത്മാർത്ഥത കൈവരിക്കുന്നതിന് അവയുടെ താൽപര്യങ്ങൾ മനസ്സിലാക്കുന്നത് സഹായകമാണ്. മനുഷ്യ മനസ്സിനെ കൂടുതൽ ഇണക്കാനും ഹൃദയ ശാന്തത കൈവരിക്കാനും അനുപേക്ഷണീയമാണന്നത് കൊണ്ട്  വിധികളുടെ പൊരുളും ഉദ്ദേശങ്ങളും വിശദീകരിക്കാറുണ്ട്. കർമ്മത്തിൽ നിരതനാവുന്ന വ്യക്തിയുടെ സംതൃപ്തിക്ക് വേണ്ടിയാണവർ അത് പറയുന്നത്. ഇമാം സഅദുദ്ദീൻ അൽ  തഫ്താസാനി(റ) തൗളീഹിന് എഴുതിയ   ശറഹിലും ഇമാം അലിയ്യു ബ്ൻ മുഹമ്മദ് അൽ ആ മുദീ(റ) തന്റെ അൽ ഇഹ്ക്കാം ഫീ ഉസൂലുൽ അഹ്ക്കാം എന്ന ഗ്രന്ഥത്തിലും ഈ വിഷയം വ്യക്തമായി പറയുന്നുണ്ട്.  ഹുക്കുമുളുടെ കാരണം വിശദീകരിക്കുന്നതിന് നാലോളം ഫലങ്ങൾ ഇമാം ആമുദീ പറയുന്നുണ്ട്  ആമുദിയുടെ വാക്കുകളെ ഇങ്ങനെ വായിക്കാം “ഹുക്കു മുകളുടെ അന്തസത്ത തിരിച്ചറിയുന്നതിലൂടെ കർമ്മങ്ങൾ ചെയ്യുന്നതിന് പ്രേരകമാകും. കർമ്മങ്ങളുടെ പൊരുൾ അറിയുമ്പോൾ അവയോട് മനുഷ്യമനസ്സ് കൂടുതൽ വിധേയമാവും. ആ കർമ്മം കൂടുതൽ സ്വീകാര്യമാകുകയും ചെയ്യും” (അൽ ഇഹ്ക്കാം273/3) .ഈ രൂപത്തിലാണ് ഇമാം ആമുദി വിധികളുടെ രഹസ്യങ്ങൾ അറിയുന്നതിന്റെ പ്രയോജനങ്ങളെ രേഖപ്പെടുത്തുന്നത്.

 ഇമാമുൽ ഹറമൈനിയും ഇമാം ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസാലിയും ഇബുനു അബ്ദു സലാമും അടക്കമുള്ള പണ്ഡിതർ ഇസ് ലാമിന്റെ സമുന്നത ലക്ഷ്യങ്ങൾ  പറഞ്ഞത് ഉപരി സൂചിത അർത്ഥത്തിലാണന്ന് മനസ്സിലാക്കണം .ഇസ്സ് ബ്ൻ അബ്ദുസലാം ഖവാഇദുൽ അഹ്ക്കാം ഫീ മസ്വാലിഹിൽ അനാം എന്ന ഗ്രന്ഥത്തിലും ഇമാമുൽ ഹറമൈനി അൽഗിയാസി യിലും മഖാസിദിനെ പരാമർശിക്കുന്നുണ്ട്. ഹുകു മുകൾക്ക് കൂടെ അവയുടെ ലക്ഷ്യങ്ങളും താത്പര്യങ്ങളും മുൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞു  എന്നത് ശരിയാണ്. ഇമാമുൽ ഹറമൈനിതന്റെ വിഖ്യാത ഗ്രന്ഥങ്ങളായ അൽ ഗിയാസിയിലും മുഈസുൽ ഖൽഖിലും വിവിധങ്ങളായ ഇബാദത്ത് കളുടെ കൂടെ മഖ്സ ദുകളും അവയിലൂടെ കൈവരിക്കുന്ന ആത്മീയ അനുഭൂതിയും അടയാളപ്പെടുത്തുന്നുണ്ട്. അൽ ഗിയാസിയിൽ നിസ്കാരത്തെ കുറിച്ച് പറയുന്നിടത്ത് ഇസ്ലാമിന്റെ ഉദാത്തമായ അടയാളമാണ് നിസ്കാരം എന്നാണ്. സമൂഹത്തിലെ വ്യത്യസ്ഥ തുറകളിലുള്ളവരല്ലാം അനുവർത്തിച്ച് വരുന്ന കർമ്മമാണിത്.    അൽ ബുർഹാനിൽ ഇമാമുൽ ഹറമൈനി പറയുന്നു നിസ്കാരം പോലുള്ള ശാരീരികമായ ആരാധനാ കർമ്മങ്ങളിൽ അള്ളാഹുവിന് ചില തഅബ്ബുദിയ്യായ ലക്ഷ്യങ്ങൾ ഉണ്ടന്നത് അനിഷേധ്യമാണ് . നിസ്കാരം പാപങ്ങളിൽ നിന്നും അരുതായ്മകളിൽ നിന്നും മനുഷ്യരെ അകറ്റി നിർത്തുമെന്ന് ഖുർആന് പറയുന്നണ്ട് (സൂറത്തുൽ അൻകബൂത്ത് /45) ജീവിതത്തിൽ ഭയഭക്തിയും ഇലാഹീ ചിന്തയും രൂപപ്പെടാൻ നിസ്കാരം കാരണമാകും എന്ന് ഇമാമുൽ ഹറമൈനി  മുഈസുൽ ഖൽഖിൽ (46) പറയുന്നുണ്ട്. പക്ഷേ ദലീലുകളുടെ വെളിച്ചത്തിൽ സ്ഥിരപ്പെട്ട വിധികൾക്കാണ് അവർ മഖ്സ ദുകൾ പറഞ്ഞിട്ടുള്ളത് . കാരണം, അഞ്ച് വക്തിൽ നിസ്കരിക്കൽ നിർമ്പന്ധമാണന്ന് ഹദീസിലൂടെ സ്ഥിരപ്പെട്ടതാണ്. പരാമർശിക്കപെട്ട മഖ്സദുകൾ നേടിയെടുക്കാനാണ് നിസ്കാരം നിർബന്ധമാക്കിയത് എന്ന് പറയാവതല്ല. അവയെ കർമ്മങ്ങളുടെ സമറത്ത് (ഫലം) എന്നാണ് അഹ്ലുസ്സുന്നയുടെ പണ്ഡിത വീക്ഷണം എന്ന് സഈദ് റമളാൻ അൽ ബൂത്വി ഇഷ്കാലിയത്തു തജ്ദീദി ഉസ്വൂലിൽ ഫിഖ്ഹ് എന്ന ഗ്രന്ഥത്തിൽ അബൂ യഅരബൽ മർസൂക്കിയുടെ വാദങ്ങൾക്കുള്ള മറുപടിയിൽ പറയുന്നുണ്ട്. ' കാലാനുസൃതം ഉസ്വൂലിൽ ഫിഖ്ഹിൽ മാറ്റം വേണമെന്നാണ് മർസൂഖി പറയുന്നത് '

ഇബ്നു അബ്ദുസ്സലാമിന്റെ മഖാസിദുൽ ഇബാദത്ത് എന്ന ഗ്രന്ഥം വായിക്കുന്നതോടെ ഇലാഹീ താൽപര്യങ്ങൾ തിരിച്ചറിയുന്നത് വ്യക്തിജീവിതത്തിലെ കർമ്മ ശുദ്ധിക്കും ഹൃദയ വിശുദ്ധിക്കും എങ്ങനെ ഹേതുകമാവും എന്ന് മനസ്സിലാക്കാൻ സഹായിക്കും. മഖാസിദ് എന്ന പദത്തെ ഇബാദത്ത്  എന്ന പദത്തിനോട് കൂടെ ഇബ്ൻ അബ്ദുസലാം പ്രയോഗിച്ചതിൽ നിന്ന് തന്നെ ആധുനിക മഖാസിദീ വാദികൾ കൽപിച്ചുകൊടുത്ത അർത്ഥത്തിലല്ല മുൻഗാമികൾ മഖാസിദിനെ പ്രയോഗിച്ചത് എന്ന് മനസ്സിലാക്കാം. കാരണം ഇബാദത്തുകൾക്ക് പിന്നിലെ കാരണങ്ങൾ നമുക്ക് പറയാൻ സാധിക്കില്ല. കാരണങ്ങൾ അറിയാതെ അംഗീകരിക്കുക(ത അബ്ലുദ്) എന്ന അല്ലാഹുവിന്റെ പൊതുതാൽപര്യത്തിൽ ഉൾപ്പെടുന്നവയാണ് ഇബാദത്തുകൾ. 
കേവലം ശറഇന്റെ  താൽപര്യങ്ങളിൽ ഊന്നിയുള്ള കർമ്മശാസ്ത്ര പുനക്രമീകരണം അസ്ഥാനത്താണ് . ഇസ്‌ലാമിലെ കർമ്മങ്ങളുടെ താൽപര്യങ്ങൾ  അറിയുന്നതിലൂടെ മതനിയമങ്ങളെ അനുസരിക്കുന്നതിനുള്ള അഭിവാജ്ഞ ഉണ്ടാക്കി എടുക്കുക എന്നതാണ്  ഇലാഹി താൽപ്പര്യങ്ങൾ വിശദീകരിക്കുന്നതിന്റെ ഉദ്ദേശം എന്നാണ് മഖാസി ദുൽ ഇബാദാത്ത്  പോലുള്ള ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
 മകാസിദുൽ ഇബാദാത്ത് എന്ന ഗ്രന്ഥത്തിൽ നിസ്കാരം നോമ്പ് ഹജ്ജ് എന്നീ പ്രധാന കർമ്മങ്ങളുടെ പൊരുളും അവ വ്യക്തികൾക്ക് നൽകുന്ന നവ്യ അനുഭവങ്ങളും അവയുടെ ആത്മീയ ചോദനകളുമാണ് വരച്ചിടുന്നത്. നിസ്കാരത്തിന്റെ താൽപര്യങ്ങളെ അനാവരണം ചെയ്യുന്നതിന്റെ ആമുഖത്തിൽ ഇബാദത്തുകളുടെ പൊതുവേയുള്ള ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ഇലാഹിലേക്കുള്ള ദൂരം കുറക്കുക എന്നതാണ് അവയുടെ പരമപ്രധാനമായ ഉദ്ദേശം.  ഇലാഹി കടാക്ഷത്തിനും ഔദാര്യത്തിനും കാരണമായിത്തീരുന്നത് വ്യക്തിയെ പ്രാപ്തനാക്കുക എന്നതാണ് ഇബാദത്തുകളുടെ ആത്യന്തിക താല്പര്യം. നിസ്കാരത്തെ ഉത്തമ കർമ്മമായി ഗണിക്കാനുള്ള കാരണങ്ങളെക്കുറിച്ചുള്ള ഇഴ കീറിയുള്ള ചർച്ചകളും ശേഷം നിസ്കാരത്തിലെ ഓരോ കർമ്മങ്ങളിലും ഉൾക്കൊള്ളുന്ന പൊരുളുകളും  വെളിപ്പെടുത്തിക്കൊണ്ടാണ് കൃതിയുടെ പ്രയാണം. കർമ്മങ്ങളിൽ മേളിചിരിക്കുന്ന ഗുണഫലങ്ങൾ അടുത്തറിയുന്നതിലൂടെ അവ വ്യക്തിയുടെ ജീവിതത്തിൽ അവിഭാജ്യഘടകമായി മാറും എന്ന് ഉത്തമബോധ്യം ആയിരിക്കാം ഇത്തരം കൃതികളുടെ പിറവിയുടെ മൂലകാരണം.
ഇമ്മാം നവവി അൽ മഖാസിദ് എന്ന വിഖ്യാത  ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന വിഷയം ഇസ്ലാമിലെ വിശ്വാസ ശാസ്ത്രവും വിധികളുടെ അടിസ്ഥാനവും മൗലികമായ കർമ്മങ്ങളുമാണ്. വിശ്വാസത്തിൽ ഓർത്തിരിക്കേണ്ട അടിസ്ഥാന തത്വങ്ങളും കർമ്മങ്ങളുടെ പൂർത്തീകരണത്തിന് ആവശ്യമായ കാര്യങ്ങളും ഏഴു മഖ്സദുകളിലൂടെ വിശദീകരിക്കുന്ന ഹ്രസ്വമായ ഗ്രന്ഥമാണിത്. ഏഴാം നൂറ്റാണ്ടിൽ ജീവിച്ച പണ്ഡിതരായ ഇമാം നവവിയും ഇസ്സ് ബൻ അബ്ദുസ്സലാമും പ്രയോഗിച്ചത് ജീവിതവിശുദ്ധിക്ക് അവ എങ്ങനെ ഹേതുകമാവുന്നു എന്ന രീതിയിലാണ്. വിധി നിർധാരണത്തിന് നിദാനമായി മഖാസിദിനെ ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് ഇതിലൂടെ ഇല്ലാതാകുന്നത്. വ്യക്തിതാൽപര്യങ്ങൾക്ക് മതനിയമങ്ങളെ വ്യവസ്ഥാപിതമായി ചൂഷണം ചെയ്യുന്നതിനായി മഖാസിദ് എന്ന പദത്തിന് പുതിയ അർത്ഥകല്പന നൽകാനാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത്. ഉസൂലുൽ  ഫിഖ്ഹിന്റെ പുനഃസ്ഥാപനം എന്ന ചിരകാല സ്വപ്ന സാക്ഷാത്കാരമാണ് നവ മഖാസിദി വാദികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്
 മദ്ഹബുകളുടെ ആവിർഭാവം മുതൽ ഇജ്തിഹാദിന്  യോഗ്യരായ പണ്ഡിതർ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിർധരിച്ചെടുത്ത വിധികളുടെ കാരണങ്ങളും (ഇല്ലത്ത് ) ഉദ്ദേശങ്ങളും താൽപര്യങ്ങളും ഖുർആനിൽനിന്നും ഹദീസിൽനിന്നും പണ്ഡിതരുടെ ഏകോപനത്തിൽ നിന്നും മനസിലാക്കി എടുത്തവയാണ്. ഉദാഹരണത്തിന് ഇടപാടുകളിൽ വഞ്ചന പാടില്ല എന്നത് തിരുവചനത്തിന്റെ താൽപര്യമാണ്. അവ ഹദീസിൽനിന്നും മുജ്തഹിദുകൾ മനസ്സിലാക്കിയെടുത്തതാണ്. വിൽപ്പനച്ചരക്ക് കാണാതെ വിൽക്കരുതെന്ന് ഇമാമുമാർ പറയുന്നതിന് കാരണം അതിൽ വഞ്ചനക്ക് സാധ്യതയുണ്ട് എന്നതാണ്. വഞ്ചന വരാതിരിക്കുക എന്നത് ശറഇന്റെ താൽപര്യമാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതൊരു പൊതു നന്മയാണ്. പൊതുനന്മകളിൽ നിന്നും ഖുർആനി നോടും ഹദീസിനോടും  യോജിക്കുന്നത് സ്വീകാര്യമായ മസ്‌ലഹത്താണ്. യഥാർത്ഥത്തിൽ വഞ്ചനയുള്ള ഇടപാടുകളെ  നിഷിദ്ധമാക്കുന്നത് ഹദീസുകൾ ആണ് .ഹദീസിലെ ആശയ പരിധിയിൽ ഉൾപ്പെടുന്നു എന്നതുകൊണ്ടാണ് പ്രസ്തുത ഇടപാടുകളെ  ശരീഅത്ത് നിരുത്സാഹപ്പെടുത്തിയത് 
. ഖുർആൻ സുന്നത്ത് ഇജ്മാഅ്  എന്നിവയുടെ  പൊതു താൽപര്യങ്ങളോട് മസ് ലഹത്തുകൾ  പൊരുത്തപ്പെടുന്നുണ്ടങ്കിൽ അവ സ്വീകാര്യയോഗ്യമാണ്. യഥാർത്ഥത്തിൽ മസ് ലഹത്തിനെ   നിദാന ശാസ്ത്രത്തിലെ ഒരു സ്വതന്ത്ര പ്രമാണമായി ഗണിക്കൽ  അക്ഷന്തവ്യമാണന്ന് നിഗമിക്കാം. ഉപരി സൂചിത  വിഷയത്തിൽ ജമാലുദ്ദീൻ സർകശി (റ)പറഞ്ഞ കാര്യങ്ങൾ ഏറെ പ്രസക്തമാണ്. സ്വഹാബികൾ നിയമനിർമാണത്തിൽ മസ്വാലിഹിനെ പരിഗണിച്ചിട്ടുണ്ട്. പക്ഷേ ശരീഅത്ത് പരിഗണന നൽകിയ ഗണത്തിൽപെട്ട മസാലിഹുകളെ  മാത്രമാണ് അവർ പരിഗണിച്ചിരുന്നത്. കാരണം നിയമ നിർമ്മാതാവായ അള്ളാഹു എല്ലാ മസാലിഹിനെയും ഉപാധികളൊന്നുമില്ലാതെ പരിഗണിച്ചിട്ടില്ല. നമ്മുടെ കേവലബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒട്ടനവധി നിബന്ധനകളിൽ അധിഷ്ഠിതമാണ് മസ്‌ലഹത്തുകൾ . മസ്വലഹത്തുള്ള  കാര്യങ്ങൾ അനുപേക്ഷണീയമാണെന്ന് മാത്രമേ ബുദ്ധികൊണ്ട് മനസ്സിലാക്കാനാവൂ. മസ്വ് ലഹത്തിനെ അറിയണമെങ്കിൽ ശറഇന്റ വ്യക്തമായ നിർദ്ദേശങ്ങളും വെളിപ്പെടുത്തലുകളും ആവശ്യമാണ് .ദലീലുകളെ കൊണ്ടാണ് അവ തിരിച്ചറിയാനാവുന്നത്. മസ്‌ലഹത്തിനെ അറിയാൻ സഹായിക്കുന്ന വ്യക്തമായ തെളിവുകൾ അനിവാര്യമാണ്. അതിലൂടെയാണ് ഇസ്ലാമികമായ ലക്ഷ്യങ്ങളെ തിരിച്ചറിയാനാവു. നിയമനിർമ്മാണത്തിൽ കേവലം മസ്വലഹത്ത് കൊണ്ട് ഒന്നും ചെയ്യാനാവില്ല. നിർണ്ണിതമായതോ പൊതുവായതോ ആയ  മസ്വലഹത്തിനെ പ്രോത്സാഹിപ്പിക്കുന്ന ദലീലുകൾ അത്യന്താപേക്ഷിതമാണ്. ദലീലുകളുടെ സഹായമില്ലാതെ കേവല ബുദ്ധിക്ക് മസ്‌ലഹത്തിനെ വ്യവഛേദിച്ച് അറിയാനും അത്തരം മസ്അലകൾ അനുപേക്ഷണീയമാണെന്ന് പറയാനും കഴിയില്ലെന്നത് നിദാനശാസ്ത്ര പണ്ഡിതർക്കിടയിൽ സർവാംഗീകൃതമായ സത്യമാണ്.
ഇമാം ഗസാലി (റ)അടക്കമുള്ള നിദാന ശാസ്ത്ര പണ്ഡിതർ ശറഇന്റെ പൊതുവായ താൽപര്യങ്ങളെയാണ് വിശദീകരിച്ചിട്ടുള്ളത്. മാത്രമല്ല വിധി നിർധാരണമല്ലായിരുന്നു അതിന്റെ ലക്ഷ്യം. ശാഖാപരമായ വിഷയങ്ങളിൽ മഖ്‌സദുകൾ പറയുന്ന രീതി മുൻകാല പണ്ഡിതർക്കിടയിൽ ഇല്ലായിരുന്നു. നിർധരിച്ചെടുത്ത വിധികളുടെ കാരണങ്ങളെ ഇമാമുമാർ അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് കാരണങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം ഉണ്ടാക്കിയെടുക്കുന്നതിലുള്ള അപര്യാപ്തതയാണ് പിന്നീട് പുതിയ നിദാന ശാസ്ത്രത്തിൽ അധിഷ്ഠിതമായ മദ്ഹബുകൾ രൂപീകൃതമാവുന്നതിന്  തടസ്സമായത്. അഞ്ചു ലക്ഷത്തിൽപരം ഹദീസുകൾ മനപാഠമാക്കിയ പ്രമുഖ ഹദീസ് പണ്ഡിതരെല്ലാം മറ്റു മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നവരാണല്ലോ!. “രോഗത്തിന് ആവശ്യമായ മരുന്ന് നിർദ്ദേശിക്കുന്നവർക്ക് നിങ്ങൾ ആ മരുന്നുകൾ എടുത്തുകൊടുക്കുക എന്നത് മാത്രമേ ഞങ്ങൾക്ക് അറിയൂ” എന്ന് പറഞ്ഞ ഹദീസ് പണ്ഡിതന്റെ വാക്കുകൾ ഏറെ പ്രസക്തമാണ് .അദ്ദേഹംതന്നെ ഉദ്ധരിച്ച ഹദീസിൽ നിന്ന് തന്നെയാണ് താൻ ഉദ്ദേശിക്കുന്ന വിഷയത്തിന് കർമശാസ്ത്ര പണ്ഡിതർ തീർപ്പു കല്പിച്ചിട്ടുള്ളത്.

 ഹദീസ് വിജ്ഞാനത്തിലെ അവഗാഹം കൊണ്ട് മാത്രം വിധി നിർദ്ധാരണം സാധ്യമാകില്ല എന്നത് വളരെ വ്യക്തമാണ്
. സ്ഥിരപ്പെട്ട വിധികളിലെ താൽപര്യങ്ങൾ പറഞ്ഞ മുൻകാല പണ്ഡിതരുടെ വാചകങ്ങൾ ദുരുപയോഗം ചെയ്തു കൊണ്ട് പുതിയ ഹുകു മുകൾ കണ്ടെത്തുന്നതിന്റെ വൈരുധ്യം സുവ്യക്തമാണ് .ഒരു ഹുക്കുമിന് തന്നെ ഒരുപാട് താൽപര്യങ്ങൾ ഉണ്ടാകാം. നമുക്ക് അറിയാവുന്നതും അറിയാത്തതുമായ പലതുമുണ്ടാകാം. പറഞ്ഞുവച്ച ഹിക്മത്തിൽ ഹുക്മിനെ പരിമിതപ്പെടുത്താനാവില്ല. ഹുക്മുകൾക്ക് മാറ്റമില്ലെങ്കിലും അവയുടെ ഹിക്മത്തുകൾ കാലാനുസൃതമായി മാറ്റങ്ങൾക്ക് വിധേയമായേക്കാം. അല്ലെങ്കിൽ പുതിയ ഹിക്മത്തുകൾ അനാവരണം ചെയ്യപ്പെട്ടേക്കാം കർമശാസ്ത്ര പണ്ഡിതർ പറഞ്ഞുവച്ച ഹിക്മത്ത് നിലവിലെ സാഹചര്യത്തിൽ സംഗതമല്ല എന്നതുകൊണ്ട് ഹുക്മുകൾക്ക് ഭേദഗതി വരുത്തേണ്ടതില്ല എന്നതാണ് ഇതിന്റെ സംക്ഷിപ്തം. ഭർത്താവിന്റെ മരണാനന്തരവും വിവാഹമോചനത്തിന് ശേഷവും ഭാര്യ നിർവഹിക്കേണ്ട കർമ്മമായ ഇദ്ദക്ക് കർമശാസ്ത്ര പണ്ഡിതർ പറഞ്ഞ ഹിക്മത്തുകളിൽ ഒന്നുമാത്രമാണ് ഗർഭമുണ്ടോ എന്ന് അറിയുക എന്നത്. ആധുനിക സാഹചര്യത്തിൽ മറ്റുമാർഗ്ഗങ്ങൾ കൊണ്ട് ഗർഭം അറിയാമെന്നത് ഇദ്ദയെ നിരാകരിക്കാൻ കാരണമാവില്ല. കാരണം നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ പല രഹസ്യങ്ങളും അതിനു പിന്നിലുണ്ടാകാം. അങ്ങനെയാകുമ്പോൾ അവർ പറഞ്ഞ ഹിക്മത്തുകളെ ശറഇന്റ ആത്യന്തിക താല്പര്യമെന്ന ലേബലിൽ അവയെ നിദാനമാക്കി പുതിയ കർമ്മശാസ്ത്രം രൂപീകരിക്കുന്നതിന്റെ അർത്ഥശൂന്യത വ്യക്തമാണല്ലോ. 
ചുരുക്കത്തിൽ ,സന്തുലിതവും സുഗമവുമായ ജീവിതത്തിനായി ഖുർആനിലും ഹദീസിലും വിഭാവനം ചെയ്യപ്പെട്ട നിയമങ്ങളിലെല്ലാം മസ്വ്‌ലഹത്ത് ഉണ്ടാവും. അവയെ അടുത്തറിയാൻ ശ്രമിക്കുന്നത് പ്രോത്സാഹനീയവുമാണ്. പക്ഷേ ഹുകുമുകളുടെ  നിർധാരണത്തിനുള്ള സ്വതന്ത്ര പ്രമാണമായി ഇലാഹീ താൽപര്യങ്ങളെ സമീപിക്കുന്നത് ശരീഅത്തിന്റെ വൈവിധ്യത്തിനും വിശാലതക്കും പരിധി നിശ്ചയിക്കലാകുമെന്നത് സുനിശ്ചിതമാണ്.

ശഹീദ് അൻവർ അരീതോട്

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : നവ മഖാസിദി സമീപനങ്ങൾ; മൂലഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതെന്തിന്?
നവ മഖാസിദി സമീപനങ്ങൾ; മൂലഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതെന്തിന്?
https://i1.wp.com/satujam.com/data/2016/05/Ijtihad.jpg?fit=498%2C316&ssl=1
Al Ihsan Online Magazine
https://www.alihsanonweb.in/2020/06/blog-post_25.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/06/blog-post_25.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content