കോവിഡ് കാലത്തെ ജ്ഞാനോധാരണ പ്രഹസനങ്ങൾ

SHARE:

സൃഷ്ടിപരതയുടെ അടച്ചുപൂട്ടൽ

എഴുത്ത്, വായന, യൂട്യൂബ് ചാനൽ, ഗ്രൂപ്പ് വീഡിയോ കാളിംഗ്, കൃഷി നടീൽ, റിലീഫ്, ഗൈമിങ് എന്നിവയൊക്കെയാണ് ലോക്ക്ഡൗണ് കാലത്തെ മിക്കവരുടെയും നേരം പോക്കുകൾ. ആഗോളീകരണവും സാങ്കേതികവിദ്യാ പ്രവൃദ്ധിയും നിർമൂലനം ചെയ്ത ജീവസ്സുറ്റ പ്രതാപകാല സ്മരണകളെ പുനരുജ്ജീവിപ്പിക്കുകയാണ്‌ മറ്റു പലരുടെയും പ്രധാന ഹോബികൾ, പോയ കാലത്തെ ഗ്രാമീണ സംസ്‌കൃതിയുടെ വശ്യവും ചേതോഹരവുമായ അംശങ്ങൾ, യാന്ത്രികവൽകൃതമായ അഭിനവ ജീവിത പരിസരങ്ങളിലേക്ക് സ്വാംശീകരിക്കുന്നത് ജീവിതത്തെ അർത്ഥപൂർണവും അനുഭൂതിദായകവുമായി മാറ്റുന്ന അനുഭവ പാഠങ്ങളാണ്. 


കൊറോണ വൈറസ് വ്യാപന മുൻ കരുതലെന്നോണം ക്വാറെന്റൈൻ ആചരണവും ലോക്ക്ഡൗണും വരിഞ്ഞുമുറുക്കിയ സാഹചര്യം സൃഷ്ടിപരവും നിർമാണാത്മകവുമായി ഉപയോഗപ്പെടുത്തേണ്ട അമൂല്യമായ സമയങ്ങളാണ്. ദീർഘമായ ഏകാന്തവാസം മാനസിക ഘടനയെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നത് ഒരളവോളം തടയാൻ സമൂഹ മാധ്യമങ്ങൾക്കും മറ്റും സാധിക്കുമെന്ന കാര്യം അവിതർക്കിതമാണ്. ഈയർഥത്തിലാണ്, ബൗദ്ധികവും സർഗാത്മകവുമായ പ്രവർത്തനങ്ങൾ അദൃശ്യമായ 'സാമൂഹിക/ആഗോള സമ്പർക്ക'ത്തിന്റെ വിശാലമായ തുറസ്സുകൾ സമ്മാനിക്കുന്നുണ്ടെന്ന വസ്തുത ചർച്ചക്കെടുക്കേണ്ടത്. 


ലോക്ഡൗൺ കാലത്തെ ഓൺലൈൻ മത്സരങ്ങളും ബൗദ്ധികോദ്ധാരണ പ്രവൃത്തികളും മേൽപറഞ്ഞ പരിപ്രേക്ഷ്യത്തിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യാവുന്നതാണ്. സാമൂഹിക, രാഷ്ട്രീയ, മതകീയ, സാംസ്കാരിക, രംഗങ്ങളെ പ്രതിയുള്ള വിശേഷവും സങ്കരവുമായ മത്സരങ്ങൾ വൻ ജനപങ്കാളിത്തത്തോടെ തന്നെ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി സംഘടിപ്പിക്കപ്പെടുന്നുണ്ട്.  ലേഖനം, ചെറുകഥ, കവിത, ഡയറിക്കുറിപ്പുകൾ, അടിക്കുറിപ്പ്, റീഡിങ് ചാലഞ്ച്, പ്രശ്നോത്തരി/ക്വിസ് പ്രോഗ്രാമുകൾ തുടങ്ങി വിവിധ തരം സർഗാത്മകവും നിർമാണാത്മകാവുമായ പരിപാടികളാണ് വിവിധ സംഘടനകളുടെയോ കൂട്ടായ്മകളുടെയോ ആഭിമുഖ്യത്തിൽ അരങ്ങേറുന്നത്.

വൈറസ് വ്യാപന ഭീതി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ, വൈജ്ഞാനിക വ്യവഹാരങ്ങളും ക്ലാസുകളുമെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ചുവടുമാറ്റുകയും സാമൂഹിക കർതൃത്വ മേഖല വിർച്വൽ ലോകത്തേക്ക് ചേക്കേറുകയും ചെയ്തതോടെ മാർക്കറ്റ് ഡിമാൻഡ് അനുസരിച് പരിപാടികൾ 'പക്വത' കൈവരിക്കുന്നുവെന്നത് ശ്ലാഘനീയമാണ്. ഓഫ്‌ലൈൻ മത്സരങ്ങളെക്കാൾ പ്രായേണ, വിശാലമായ സമയ സൗകര്യവും അന്വേഷണ ത്വരയുടെ സാധ്യതകളും കൂടുതലുള്ള ഓൺലൈൻ മത്സരങ്ങൾ മത്സരാർത്ഥികളെ ഹഠാദാകർഷിക്കാൻ പോന്നവയാണെന്നു നിസ്സംശയം പറയാം. 

സഹജമായ മാനുഷിക വാസനയായ വൈജ്ഞാനിക തൃഷ്ണയെയും അന്വേഷണപരതയെയും തൃപ്തിപ്പെടുത്താൻ ഉത്തകുന്നതാണ് ഭൂരിഭാഗം മത്സരങ്ങളും എന്നതാണ് ഓൺലൈൻ മത്സര പരിപാടികളുടെ പോസിറ്റീവ് വശം. ജ്ഞാനപരതയെയും കേമത്വ സാധ്യതകളെയും ആഘോഷമാക്കുന്ന ഇത്തരം പരിപാടികൾ വൈജ്ഞാനികോണർവും ഉത്കർശേച്ഛയും അംഗുരിപ്പിക്കുമെന്നതിൽ സംശയമില്ല. അതേസമയം, പരിമതമോ വിശാലമോ ആയ സമയ പരിധിക്കിടയിൽ സംഘടിപ്പിക്കപ്പെടുന്ന പല മത്സര പരിപാടികളും ന്യൂനതാരഹിതവും ഫലദായകവുമാണെന്നും പറഞ്ഞുകൂടാ.


കലാപരിപാടികളും സാധ്യതകളും

ജൈവികമായ മാനുഷിക സ്വഭാവങ്ങളുടെ രാസഘടനയായ ഉദ്‌ബുദ്ധതയും ജ്ഞാന തൃഷ്ണയും, വിദഗ്ദവും വൈവിധ്യവുമായ മാർഗ രൂപേണ ശമിപ്പിക്കുന്നു എന്നിടത്താണ് ലോക്ഡൗൺ കാലത്തെ മത്സര പരിപാടികളുടെ വിജയം കുടികൊള്ളുന്നത്. ഈ യാഥാർഥ്യത്തിൽ, ആപേക്ഷികമായി കൂടുതൽ സാധ്യതകൾ ഉള്ളത് പ്രശ്നോത്തരി പ്രോഗ്രാമുകൾക്കാണെന്ന് പറയാം. സഭാകമ്പവും അന്വേഷണ സമയരാഹിത്യവും ഓൺലൈൻ മത്സരങ്ങളെ തെല്ലും ബാധിക്കില്ലെന്നതിനാലും നൈമിഷിക വ്യാപൃത്വത്വം മാത്രം അനിവാര്യമായി വരുന്നതിനാലും പ്രശ്നോത്തരി പരിപാടികൾ അഭൂതപൂർവമായ വളർച്ച നേടിയിട്ടുണ്ട്. 


രാഷ്ട്രീയ, സാമൂഹിക സംഘടനകളോ വാട്സ്ആപ് കൂട്ടായ്മകളോ മറ്റോ സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമുകൾ ഗ്രൂപ്പു ഗ്രൂപ്പാന്തരം ഷെയർ ചെയ്യപ്പെടുന്നതിനാൽ വർധിതമായ പങ്കാളിത്തത്തോടെയാണ് ഇവയെല്ലാം നടത്തപ്പെടുന്നത്. വ്യാജമായ ഡാറ്റ ഓഫർ പോസ്റ്റുകൾക്ക് ലഭിക്കുന്ന കൗതുകം, അവയിലെ അദൃശ്യമായ 'സുതാര്യത'യിൽ മാത്രം ഒതുങ്ങുന്നില്ല എന്നത് തന്നെയാണ് പ്രശ്നോത്തരികളുടെയും അവസ്‌ഥ. ക്വിസ് എന്ന പദത്തിന്റെ രൂപീകരണ കാലത്ത്  ജയിംസ് ഡാലി (ക്വിസ് എന്ന പദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന അയർലൻഡുകരൻ) ക്ക് അതിന്റെ അർത്ഥം അജ്ഞാതമായിരുന്നു എന്നതുപോലെ, പ്രസ്തുത വാക്കിന്റെ മൂർത്തിമദ്ഭാവമായ ഇക്കാലത്തെ പ്രശ്നോത്തരി പരിപാടികളിലെ മത്സരാർഥികളിൽ ഗണ്യമായ പങ്കും അന്യരിൽ നിന്ന് കേട്ടപാടെ ഫോർവേഡ് ചെയ്ത് സമ്മാനാർഹരാകുന്നവരാണ്. 


കവിത, ലേഖനം, ചെറുകഥ എന്നീ രചനാ, ഗാനാലാപന മത്സരങ്ങളിൽ സർഗാത്മക/സാഹിത്യ ചോരണത്തിനുള്ള സാധ്യതകൾ പ്രായേണ ചുരുങ്ങുമ്പോൾ  പ്രശ്നോത്തരികളിൽ അത് വളരെയേറെ കൂടുതലാണ്. മാത്രവുമല്ല, നാമ/വിലാസ പ്രഛന്നമായി വിവിധ പേരുകളിൽ മത്സരിക്കുവാനും ഒരാൾക്കുതന്നെ സാധിക്കുന്നുവെന്നതും അതിന്റെ പോരായ്മയാണ്. ഒരർത്ഥത്തിൽ, ലൈവായി നടക്കുന്ന പ്രോഗ്രാമുകളിലൊഴിച്ചു നടേ സൂചിപ്പിച്ച മാതിരിയുള്ള പരിപാടികളിലെല്ലാം ഇതെല്ലാം നടക്കുമെങ്കിലും വ്യാപക കൊട്ടിഘോഷത്തോടെ സംഘടിപ്പിക്കപ്പെടുന്നത് പ്രശ്നോത്തരി പരിപാടികളായതിനാലാണ് സവിശേഷമായി അത് സൂചിപ്പിച്ചത്. 


മത്സര രൂപങ്ങളും രീതികളും

മത്സരാർത്ഥികളെ കുഴക്കുന്നതും അങ്കലാപ്പിലാക്കുന്നതുമായ അപൂർവവും സങ്കീർണവുമായ ചോദ്യങ്ങൾ നൽകി തങ്ങളുടെ മികവ് തെളിയിക്കാൻ ഒട്ടുമിക്ക സംഘാടകരും ആവതും ശ്രമിക്കാറുണ്ട്. പരിമിതമായ ഭൂവിഭാഗം/ജനവിഭാഗം എന്നിവർക്കായി പ്രാദേശിക തലത്തിൽ പരിപാടികൾ അരങ്ങേറുന്നുണ്ടെങ്കിലും ജില്ലാ/സംസ്ഥാന തലങ്ങളിലാണ് ഭൂരിഭാഗവും അരങ്ങേറുന്നത്. വൈവിധ്യമാർന്ന മത്സര രീതികളും ആകർഷകമായ സമ്മാനങ്ങളും തികവുറ്റ സംഘടനാ സംവിധാനങ്ങളും ഒരുക്കിക്കൊണ്ടാണ് സംഘാടകർ മത്സരാർത്ഥികളെ പിടിച്ചു നിർത്തുന്നത്. 


ദിനംപ്രതിയായും ഒന്നിടവിട്ടും ഒരാഴ്ച/മാസം/രണ്ടാഴ്ച്ച/ഏകദിനം എന്നീ അടിസ്ഥാനത്തിൽ നടത്തുന്ന പരിപാടികളിൽ മൊബൈൽ റീചാർജിങ് മുതൽ ഡിന്നർ സെറ്റ് വരെ സമ്മാനം നൽകുന്നവയുണ്ട്. എന്നാൽ, നിർദിഷ്ട സമ്മാനങ്ങൾ പ്രഖ്യാപിക്കാതെ 'ആകർഷക'മായ സമ്മാനങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് ജൈവികമായ മാനുഷിക ജിജ്ഞാസയെ ചൂഷണം ചെയ്യുന്നതാണെന്നു പറയാതെ വയ്യ. ഭൗതിക, രാഷ്ട്രീയ, മത, സാമൂഹിക പശ്ചാത്തലങ്ങൾക്കനുസൃതമായി ചോദ്യങ്ങളുടെ രീതികൾ മാറുന്നവയിൽ തന്നെ സംഘാടകരുടെ 'വിശാല മനസ്കത' തൻപോരിമയോടെയും ഗർവോടെയും എടുത്തുപറയുന്നതായും കേട്ടിട്ടുണ്ട്. 


അന്തിമതീരുമാനം സംഘാടകരിൽ നിക്ഷിപ്തവും താൽക്കാലികമോ ആജീവാനന്തമോ ആയി വാട്സ്ആപ് ഗ്രൂപ്പുകൾ അഡ്മിൻ ഒണ്ലിയാക്കി അപ്പീലുകൾക്ക് ചെവികൊടുക്കാതെ സംഘടിപ്പിക്കപ്പെടുന്ന പ്രോഗ്രാമുകൾ പലതുമുണ്ട്. ഗ്രൂപ്പിലെ 'ബുദ്ധിജീവിക'ളെ തല പുകപ്പിക്കുന്നതും തീ പടർത്തുന്നതുമായ പ്രശ്നോത്തരി വിഭാഗത്തിൽ കുസൃതി ചോദ്യങ്ങളും ക്രമം തെറ്റിയവ യഥാവിധമാക്കുന്നവയുമെല്ലാം ഉണ്ട്. വൈജ്ഞാനിക വർധന എന്ന ലക്ഷ്യത്തോടെയല്ലാതെ കേവലം ടൈം പാസ് എന്ന ലേബലിൽ വിപണനം ചെയ്യപ്പെടുന്ന 'ജ്ഞാന ലീലക'ൾക്കും പഞ്ഞമില്ലാതായിരിക്കുന്നു.


ഗൂഗിൾ ഫോം വഴിയേയുള്ള രജിസ്ട്രേഷനോടൊപ്പം മത്സര പോസ്റ്റർ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതിന്റെ സ്ക്രീന്ഷോട്ട് എടുത്തു അയച്ചുകൊടുക്കേണ്ട ഗതികേടും പല പരിപാടികളിലുമുണ്ട്. വാസ്തവത്തിൽ, പതിനാറായിരം പേർക്ക് ഷെയർ ചെയ്താലും 'മൂഞ്ചി'പോകുന്ന ഡാറ്റ ഓഫറുകൾ പോലെയല്ലേ ഇത്തരം പരസ്യം പിടിക്കലുകളെന്നു കാണാതിരുന്നുകൂടാ.


പ്രഹസന നാടകങ്ങൾ

ലോക്ഡൗണ് കാലത്തെ പ്രചണ്ഡമായ സർഗാത്മക വ്യവഹാരങ്ങൾക്കിടയിലും മികവുറ്റ കലാസൃഷ്ടികൾ പിറക്കുന്നില്ലെന്നു പരിദേവനം സോഷ്യൽ മീഡിയ 'ബുജി'കൾ പലരും ഉന്നയിച്ചതായി കണ്ടിരുന്നു. പരീക്ഷകൾ എന്നതുപോലെ പ്രശ്നോത്തരികളും ജ്ഞാന വൈപുല്യം അലക്കുവാനുള്ള മാപിനിയെല്ല എന്നതാണ് വാസ്തവം, ലക്ഷങ്ങൾ മുതൽ മുടക്കി ഇൻഡോർ/ഔട്ഡോർ പ്രോഗ്രാമുകൾ നടക്കുന്ന ഇക്കാലത്ത് താരതമ്യേന ചിലവ് കുറഞ്ഞതും ഇമേജ് ബില്ഡിങ്ങിന് സഹായകവുമായതിനാൽ പലരുമിന്നു ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആശ്രയിക്കുന്നു എന്നുമാത്രം.


കുറേ പേർ ശരിയുത്തരം അയക്കുമ്പോൾ മത്സരാർത്ഥികൾക്കിടയിൽ നറുക്കെടുപ്പ് നടത്തുകയാണ് പൊതുവെ ദൃശ്യമാകുന്ന പ്രവണത. അവസാന ഘട്ടങ്ങളിൽ വിജയിയെ തീരുമാനിക്കാൻ ഓൺലൈൻ വോട്ടിംഗ് നടത്തുന്ന സമ്പ്രദായവും ഏറിയോ കുറഞ്ഞോ നിലവിലുണ്ട്. ഇൻസ്റ്റാഗ്രാം ഒറിയന്റഡായ മറ്റു ചില പരിപാടികൾ, ലഭിക്കുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ജനറൽ/എലിമിനേഷൻ റൗണ്ടുകളിൽ എന്ന പോലെയോ അതിലുപരിയോ മത്സരാർഥിയോടും കലാ സൃഷ്ടികളോടുമുള്ള അവഹേളനവും പ്രഹസനവുമായി പരിപാടികൾ പര്യവസാനിക്കുന്നു. 


ഓൺലൈൻ വോട്ടിങ്ങുകളും ലൈക്ക് പരിഗണനകളുമെല്ലാം കലാ സൃഷ്ടികളുടെ മൂല്യം കണക്കാക്കുവാൻ ഉപയോഗിക്കുന്നത് വാസ്തവത്തിൽ, അതിഥിയെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നതിന് സമാനമാണ്. അതിലുപരി, കലാസൃഷ്ടിയെ കച്ചവടമാധ്യമമാക്കി സംഘാടകരുടെയോ സംഘടനയുടെയോ പ്രചാരണങ്ങൾ ഗോപ്യമായി നടത്തുകയും ചെയ്യുന്നു. സർഗ സൃഷ്ടികൾക്കപ്പുറം നിക്ഷിപ്‌തമായ കച്ചവട താത്പര്യങ്ങളുടെ പ്രതിനിധാനമായി മത്സര പരിപാടികൾ അധഃപതിക്കുമ്പോൾ അവയുടെ നിലവാരം തകർക്കുകയാണ്.


ബാലിശവും ബുദ്ധിശൂന്യവുമായ പല ചോദ്യങ്ങളും പ്രശ്നോത്തരികളിൽ ചോദിക്കപ്പെടുന്നു എന്നതാണ് പ്രഹസനങ്ങളുടെ മറ്റൊരു വശം. പ്രഥമ ദൃഷ്ട്യാ ഉളവാക്കുന്ന കൗതുകങ്ങളുടെ പുറത്തു പ്രശ്നോത്തരികളിൽ ഏർപ്പെടുന്ന മത്സരാർത്ഥികൾ പലപ്പോഴും യാതൊരു ഉപകാരവുമില്ലാത്ത അവയിൽ സമയം വിനിയോഗിക്കുകയും ചെയ്യുന്നു.  എന്നാൽ, കുറേക്കൂടി ഫലപ്രദമാണ് യൂട്യൂബ് ചാനലുകൾ വഴിയുള്ള സർഗാത്മകവും ജ്ഞാനോധാരകവുമായ പ്രവർത്തനങ്ങളെന്നാണ് പലരുടെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാനാവുക. വ്യാജവും ദുരുപദിഷ്ടവുമായ ഉള്ളടക്കങ്ങളടങ്ങിയ വീഡിയോകൾ യൂട്യൂബിൽ നിന്ന് പിൻവലിക്കപ്പെടുമ്പോഴും വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം അത്തരം മെസേജുകൾ നിർബാധം ഒഴുകി നടക്കുകയാണ്. 


പരിമിതികൾ ഉണ്ടെങ്കിലും ഒരർത്ഥത്തിൽ കൂടുതൽ ഫലപ്രദമായ പരിഹാരം ലൈവ് പരിപാടി നടത്തുകയോ സുനിശ്ചിതമായ സമയ പരിധിക്കുള്ളിൽ മത്സരം സംഘടിപ്പിക്കുകയോ ചെയ്യലാണെന്നു തോന്നുന്നു. പ്രശ്നോത്തരികളടക്കമുള്ള എല്ലാ സർഗാത്മകവും സൃഷ്ടിപരവുമായ പരിപാടികളിലെ  മത്സരാർത്ഥികളുടെ കലാമൂല്യം അളക്കുവാനുള്ള മാർഗം അതായിരിക്കുമെന്ന് പുനരാലോചിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അഗാധമായ വൈജ്ഞാനിക ഉൾക്കാഴ്ച്ച പ്രധാനം ചെയ്യുവാനും ജ്ഞാന പ്രവൃദ്ധി കൈവരുത്തുവാനും മേൽപറഞ്ഞ പരിപാടികൾ സഹായകമാകുമെങ്കിലും പോരായ്മകളും കുറവുകളും നികത്തേണ്ടിയുമിരിക്കുന്നു...


പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും നൈസർഗിക ശേഷികളെ പുഷ്ടിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇത്തരം പരിപാടികൾ നിലനിർത്തേണ്ടത് പൂർണാർത്ഥത്തിൽ  അത്യാവിശ്യവുമാണ്. അലക്ഷ്യമായി ഒഴിവുസമയങ്ങൾ വിനിയോഗിക്കുന്നവരെക്കാൾ 'ന്യൂട്രൽ ജീവിതം' പുലർത്തുന്നവർക്കാണ് മിക്കവാറും അതെല്ലാം ആവശ്യമായി വരുന്നത്. തദ്വാരാ, 'അരക്ഷിത'മായ ജീവിത ക്രമങ്ങൾ ലക്ഷ്യപൂർണവും ഉപകാരപ്രദവുമാക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. അതേസമയം പോരായ്മകളും കുറവുകളും പരിഹരിച്ചു കുറ്റമറ്റതും ഫലപ്രദവുമായ രൂപത്തിൽ ആയിരിക്കണം അതെല്ലാം എന്നു മാത്രം.


നിഹാൽ പന്തല്ലൂർ
8589040783
nihalmoothali@gmail.com

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : കോവിഡ് കാലത്തെ ജ്ഞാനോധാരണ പ്രഹസനങ്ങൾ
കോവിഡ് കാലത്തെ ജ്ഞാനോധാരണ പ്രഹസനങ്ങൾ
https://bsmedia.business-standard.com/_media/bs/img/article/2020-04/15/full/1586897152-2436.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/06/blog-post_5.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/06/blog-post_5.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content