സര്‍വ്വ മതങ്ങളെയും ആദരിച്ചിരുന്ന മാതാവ് 'ഇവിടെയാണ് നീ ജനിച്ചതെന്നതു കൊണ്ടുതന്നെ നീയൊരു ക്രിസ്ത്യാനിയാണ്. വേറെ എവിടെയെങ്കിലുമാണ് നീ ജനിച്ചതെങ്കില്‍ ഒരു ഹിന്ദുവോ മറ്റോ ആകുമായിരുന്നു. ഏതാണ് സത്യമെന്നറിയാന്‍ നാം തേടിയിറങ്ങണം. ഏത് മതമാണ് ദൈവത്തിന്റേതെന്ന് നാം അന്വേഷിച്ച് കണ്ടെത്തണം.' എന്നീ വാക്കുകൾ മാതാവ് ചെറുപ്പത്തിലേ ഹംസ യൂസുഫിന്റെ മനസ്സില്‍ കൊത്തിവെച്ചിരുന്നു. അതിനെ കുറിച്ച് പലപ്പോഴും ചിന്തിക്കുകയും ചെയ്തിരുന്നു.
1977 ലെ ഒരു കാറപകടമാണ് ജീവിതത്തിലൊരു വഴിത്തിരിവായി തീരുന്നത്. പത്തൊമ്പത് വയസ്സായിരുന്നു അന്ന് പ്രായം. മരണത്തില്‍ നിന്ന് തലനാഴികക്ക് രക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് മരണത്തെ പറ്റി ഗൗരവമായി ചിന്തിച്ചു തുടങ്ങി. എന്തിനാണ് മരണം, മരണാനന്തരം എന്ത് എന്നുമെല്ലാം ആഴത്തിലാലോചിച്ചു. വ്യത്യസ്ത മതദര്‍ശനങ്ങളിലെ മരണ സങ്കല്‍പത്തെയും ആ മതങ്ങളെ തന്നെയും താരതമ്യം ചെയ്തു. തൗറാത്ത്, ഇഞ്ചീല്‍, ഹിന്ദു വേദങ്ങള്‍, തുടങ്ങി എല്ലാം പരതി വായിച്ചു. ഹൂസ്റ്റണ്‍ സ്മിത്തിന്റെ (Huston Smith) മനുഷ്യ മതങ്ങളും (The World's Religions) അബൂബക്കര്‍ സിറാജുദ്ദീന്റെ കിതാബുല്‍ യഖീനും വായിച്ചത് ഇസ്‌ലാമിനെ പറ്റി കൃത്യമായ കാഴ്ചപ്പാടുണ്ടാക്കാന്‍ സഹായിച്ചിരുന്നു. പിന്നീട് ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വായിച്ചു. സുഹൃത്തായ ഹറൂണ്‍ സുകജാണ് ഹംസ യൂസുഫിനെ നിസ്‌കാരം പഠിപ്പിച്ചത്. ആദ്യമായി നാഥന് സുജൂദ് ചെയ്തപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം മനസ്സിനുണ്ടായത്രേ. ഒരു ക്രിസ്ത്യാനിയെന്ന നിലക്ക് അദ്ദേഹത്തിന് അതിന്റെ ത്രിയേകത്വം, ഈസാ(അ)ന്റെ ദൈവികത്വം, തുടങ്ങി പലതിലും അന്നേ സംശയങ്ങളുണ്ടായിരുന്നു. ഇസ്‌ലാം പുണര്‍ന്നതോടെ സംശയങ്ങളെല്ലാം അലിഞ്ഞില്ലാതായി. 1977 ഒക്ടോബറിലാണ് ശഹാദ ചൊല്ലി ഇസ്‌ലാം ആശ്ലേഷിക്കുന്നത്. തന്റെ സഹോദരിയും ഉമ്മയും വൈകാതെ ഇസ്‌ലാമിലേക്ക് കടന്നു വന്നു. മുസ്‌ലിമായില്ലെങ്കിലും ഉപ്പ ഗസ്സാലി ഇമാമിനെ (റ) നല്ലോണം വായിച്ചിരുന്നു. ഉപ്പയുടെ ജീവിതത്തെ ഇമാം സ്വാധീനിക്കുകയും ചെയ്തിരുന്നു. ഒരു ദിവസവും ഒഴിയാതെ ഖുര്‍ആന്‍ തര്‍ജമ വായിക്കുമായിരുന്നത്രേ അദ്ദേഹം.
മുസ്‌ലിമായതില്‍ പിന്നെ ജ്ഞാന സമ്പാദനത്തിന് ഉള്ള അലച്ചിലുകളായിരുന്നു നിരന്തരം. നാലു വര്‍ഷം യു.എ.യിലെ അല്‍ അയ്‌നില്‍ ചിലവഴിച്ചു. പിന്നീട് മദീന, മൗരീത്താനിയ്യ, അള്‍ജീരിയ, മൊറോക്കൊ എന്നിടങ്ങളിലെല്ലാം ഈ ജ്ഞാന കുതുകി എത്തി. മുറാബിത് അല്‍ ഹാജ് (മൗരീത്താനിയ്യ), ബയ്യ ബിന്‍ സാലിക് (യു.എ.ഇ), മുഹമ്മദ് ശൈബാനി (അബൂദാബി), ഹമദ് അല്‍ വാലി (യു.എ.ഇ), മുഹമ്മദ് അല്‍ ഫത്‌റതി (ഈജിപ്ത്) എന്നിവര്‍ ലോകം ആദരിക്കുന്ന ഇദ്ദേഹത്തിന്റെ ഗുരുക്കളില്‍ പ്രമുഖരാണ്. ഏഴ് രാജ്യങ്ങളിലായി പത്ത് വര്‍ഷത്തോളം നീണ്ട ആ പഠന കാലം ഹംസ യൂസഫിനെ അറബി ഭാഷ, ഖുര്‍ആന്‍, ഹദീസ് നിദാന ശാസ്ത്രം, ദൈവശാസ്ത്രം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം, ഫിഖ്ഹ് (മാലികീ മദ്ഹബ്), ഉസൂലുല്‍ ഫിഖ്ഹ്, തസ്വവ്വുഫ് എന്നിവയിലെല്ലാം മികവുറ്റ പണ്ഡിതനാക്കി. പഠന സപര്യക്ക് ശേഷം തിരിച്ച് അമേരിക്കയിലെത്തിയ ഇദ്ദേഹം ഇംപീരിയല്‍ വാലി കോളേജ് (Imperial Valley College), സാന്‍ ജോസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി (San Jose State University) എന്നിടങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ നേടി.
പിന്നീട് കാലിഫോര്‍ണിയയിലെ സാന്റ ക്ലാറ (Santa Clara) ദേശത്ത് അധ്യാപനമാരംഭിച്ചു. സാന്റ ക്ലാറ പള്ളി ഒരു സാംസ്‌കാരിക കേന്ദ്രമായി മാറി. 1996ല്‍ ഡോ. ഹിഷാമിന്റെ (Dr. Hesham Alalusi) പങ്കാളിത്തത്തോടെ സൈത്തൂന കോളേജിന് (Zaytuna College) തുടക്കമിട്ടു. പത്ത് വര്‍ഷം പിന്നേയും കഴിഞ്ഞാണ് (2008) സ്റ്റാന്‍ഫോഡിനടുത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. ഇന്ന് സൈത്തൂന കോളേജ് ലോകതലത്തില്‍ ഏറെ വിശ്രുതമാണ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന നിലക്ക് വടക്കന്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിത്യ സന്ദര്‍ശകനും ലെക്ച്വറുമാണ് ഹംസ യൂസഫ്. മാത്രമല്ല, സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസിലെ നിര്‍ദേശകനും 'ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഗൈഡന്‍സ് ആന്റ് റിന്യൂവലിന്റെ' വൈസ് പ്രസിഡന്റും ആണ്. ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംകളില്‍ (The Muslim 500: The world's 500 most influentisl muslims) നിരന്തരം പരാമര്‍ശിക്കപ്പെടുന്ന ഒരാളുമാണ് ഇദ്ദേഹം. സെപ്തംബര്‍ പതിനൊന്നിനുണ്ടായ (9/11) വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ച് നടത്തിയ പ്രസ്താവനകള്‍ കാരണം ഒരേ സമയം മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ഇരയാകേണ്ടി വന്നു ഈ പണ്ഡിതന്.
ഒട്ടേറെ പഠനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദ ബുര്‍ദ (2003), പ്യൂരിഫിക്കേഷന്‍ ഓഫ് ദ ഹാര്‍ട്ട് (2004), ദ കണ്ടന്റ് ഓഫ് ക്യാരക്ടര്‍ (2004), ദ ക്രീഡ് ഓഫ് ഇമാം അത്ത്വഹാവി (2007), അജണ്ട ടു ചെയ്ഞ്ച് അവര്‍ കണ്ടീഷന്‍ (2007), വാക്ക് ഓണ്‍ വാട്ടര്‍ (2010), ദ പ്രയര്‍ ഓഫ് ദ ഒപ്രസ്ഡ് (2010) എന്നിവയാണ് കൃതികള്‍. കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലിയില്‍ സ്ഥാപിച്ച സൈത്തൂന കോളേജില്‍ ഇപ്പോള്‍ സേവനമനുഠിക്കുന്നു. ആധുനികതയുടെ (modernity) വിരസത അനുഭവിച്ചറിഞ്ഞ് പാരമ്പര്യത്തിന്റെ അടിത്തറയില്‍ കാലൂന്നി അക്കാദമിക ലോകത്തോട് സദാ സംവദിക്കുന്ന ഈ പണ്ഡിതന്‍ കൗതുകമാണ് ഏവര്‍ക്കും എല്ലാ കാലത്തും.
നിസാം തങ്ങള്‍ മുതുതല
അധിക വായനക്ക്:
1. https://sandala.org/hamza-yusuf/
2. shaykhhamza.com/biography/
3. The Muslim 500: The world's 500 most influentisl muslims
4. സൗദി ജേണലിസ്റ്റ് 'തുര്‍ക്കി അദ്ദഖീലു'മായി നടത്തിയ സംഭാഷണം (https://youtu.be/whv791uy0o)


COMMENTS