അബ്ദുല്ല ഖില്ലം: വിക്ടോറിയൻ പിരീഡിലെ ഇസ്‌ലാമിക പ്രബോധകൻ

SHARE:

"നിങ്ങളെ മറന്നേക്കുക, നിങ്ങളെ അറിയുക- ഇവ രണ്ടുമാണ് സന്തോഷത്തിന്റെയും വിജയത്തിന്റെയും രഹസ്യം."
-അബ്ദുല്ല ഖില്ലം

ബ്രിട്ടനിലെ വിക്ടോറിയൻ പിരീഡിൽ ഇസ്‌ലാമിന്റെ വളർച്ചക്ക് ചുക്കാൻ പിടിച്ച നേതാവായിരുന്നു വില്യം ഹെൻറി ഖില്ലം എന്ന അബ്ദുല്ല ഖില്ലം. പത്തൊമ്പതാം നൂറ്റാണ്ടിൽ ആദ്യമായി ഇസ്‌ലാമിലേക്ക് കടന്നു വന്നവരിൽ പ്രമുഖനുമാണ്‌ ഇദ്ദേഹം.  1856 ഏപ്രിൽ 10 ന്‌ ലിവർപൂളിലാണ് ജനനം. ഐൽ ഓഫ്‌ മാൻ (Isle of Man) എന്ന ദ്വീപിലായിരുന്നു കുട്ടിക്കാലം. മതപഠനത്തിന് സൺഡേ സ്കൂളിലും ഫെയർഫീൽഡ് വെസ്‌ലിയൻ പ്രാർത്ഥനാ മന്ദിരത്തിലും (Fairfield Wesleyan Chapel) പോയിരുന്നു.  വെസ്‌ലിയൻ മെതടിസ്റ്റ്  ചർച്ചിനെ (Wesleyan Methodist Church) പിന്തുടരുന്നവരായിരുന്നു മാതാപിതാക്കൾ.  സമ്പന്ന കുടുംബം തന്നെയായിരുന്നു അവരുടേത്.  ലിവർപൂൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കി. ജീവിതത്തിന്റെ നല്ലൊരു ശതമാനവും ചിലവഴിച്ചത് ലിവർപൂളിൽ തന്നെയായിരുന്നു. 

ഒരു ക്രിമിനൽ ന്യായാധിപൻ എന്ന നിലക്കായിരുന്നു ഔദ്യോഗിക ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ഇൗ മേഖലയിലെ മിടുക്കും പ്രാവീണ്യവും കാരണം ലിവർപൂൾ വീക്ക്‌ലി കൊരിയർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ലിവർപൂളിന്റെ അനൗദ്യോഗിക അറ്റോണി ജനറൽ' (unofficial Attorney- General of Liverpool) എന്നാണ്. ചർച്ചിന് വേണ്ടിയും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ജന്തുശാസ്ത്രത്തിൽ തൽപരനായിരുന്നു.  നല്ലൊരു പ്രഭാഷകൻ, മനുഷ്യ സ്നേഹി, വിവിധ ജേണലുകളുടെ എഡിറ്റർ എന്നീ നിലകളിൽ വിശ്രുതനാണ്. ആൽക്കഹോൾ ഉപയോഗത്തിന് എതിരെ ഒരു സാമൂഹിക പ്രസ്ഥാനത്തിനും അദ്ദേഹം മേൽ നോട്ടം വഹിച്ചിരുന്നു. ജനന കാലത്ത് ലിവർപൂളിലെ ജനസംഖ്യ 3,76,000 ആയിരുന്നു. മത പരമായ വേർതിരിവ്‌ ജനങ്ങളെ രണ്ട് വിഭാങ്ങളാക്കി മാറ്റി- കാത്തോലിക് കമ്മ്യൂണിറ്റിയും പ്രൊട്ടസ്റ്റന്റ് കമ്മ്യുണിറ്റിയും. തെരുവുകൾ തോറും വിവിധ സംഘർഷങ്ങളും അവിടെയുണ്ടായിരുന്നു. വിക്ടോറിയൻ സമൂഹത്തിലെ ഇൗ വേർതിരിവിലും പ്രശ്ന കലുഷിത സാഹചര്യത്തിലും തീർത്തും അസന്തുഷ്ടവാനായിരുന്നു ഖില്ലം. 

ജിബ്രാൾട്ടറിലേക്കുള്ള യാത്രയാണ് ഖില്ലത്തിന്റെ ജീവിതത്തിലെ വൻ വഴിത്തിരിവാകുന്നത്. ആരോഗ്യം പുഷ്ടിപ്പെടുത്താൻ അദ്ദേഹത്തിന്റെ ഡോക്ടർ നിർദേശിച്ചതായിരുന്നു ഈ യാത്ര. അവിടെ നിന്ന് മൊറോക്കോ പ്രദേശങ്ങൾ കാണാനായി ടാൻജീറിലേക്ക്‌ കപ്പൽ കയറി. വടക്കൻ മൊറോക്കോയിലെ ഒരു തുറമുഖനഗരവും പ്രവിശ്യയുമാണ് ടാൻജീർ (Tangier). ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറേയറ്റത്തുള്ള ഈ തുറമുഖ നഗരം ജിബ്രാൾട്ടർ കടലിടുക്കിന്റെ (Strait of Gibraltar) നേരെയാണ് സ്ഥിതി ചെയ്യുന്നത്. യാത്രക്കിടയിൽ ചില മൊറോക്കൻ ഹാജിമാർ കടലിൽ നിന്ന് വെള്ളമെടുക്കുന്നതും വളരെ ശ്രദ്ധയോടെ കഴുകുന്നതും അദ്ദേഹം അത്ഭുതത്തോടെ വീക്ഷിച്ചു. കപ്പൽ നങ്കൂരമിട്ടപ്പോൾ അവർ വരി വരിയായി നിന്ന് പ്രാർത്ഥന തുടങ്ങി. തികഞ്ഞ ആത്മാർഥതയോടെയും ഭക്തി സാന്ദ്രമായുമുള്ള അവരുടെ പ്രാർത്ഥന ഖില്ലത്തിന്റെ മനസ്സിലിടം പിടിച്ചു. അവരെക്കുറിച്ചും അവരുടെ മതത്തെ കുറിച്ചുമറിയാൻ ഉള്ളിൽ ജിജ്ഞാസ ജനിച്ചു. ടാൻജീറിൽ വെച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു മുസ്‌ലിമുമായി സംവദിക്കാനിടയായി.  പിന്നീട് അദ്ദേഹത്തിൽ നിന്നാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് മനസ്സിലാക്കുന്നത്. ഇസ്‌ലാം മതം തന്റെ മതത്തിനോട് ചേർന്നു നിൽക്കുന്നുവെന്നത് കൂടുതൽ കൗതുകമുണർത്തി. ആൽക്കഹോൾ ഉപയോഗം നിഷിദ്ധമാക്കിയ മതം എന്നത് ഇദ്ദേഹത്തെ ഇസ്‌ലാമിലേക്ക് കൂടുതൽ അടുപ്പിച്ചു.  ഇൗ മതത്തെ പറ്റി പഠിക്കണമെന്ന്‌ അദ്ദേഹം മനസ്സിലുറപ്പിച്ചു. അങ്ങനെയാണ് ഖുർആൻ പരിഭാഷയും കാർലിൽ എഴുതിയ 'ദ ബുക്ക് ഓഫ് ഹീറോസു'മൊക്കെ വായിക്കുന്നത്. ടാൻജീറിൽ നിന്ന് മടങ്ങുമ്പോഴേക്കും അദ്ദേഹം സത്യമതം പുൽകിയിരുന്നു. 1887 ലായിരുന്നു അത്.  (മുപ്പത്തി ഒന്നാം വയസ്സിൽ,  ഇവ്വിഷയം മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയും ചെയ്തു). തിരിച്ച് ഇംഗ്ലണ്ടിലേക്ക്‌ മടങ്ങുമ്പോൾ എങ്ങനെ പ്രബോധനം നടത്തണം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. അവിടമാകെ വ്യാപിച്ച ഇസ്‌ലാം വിരുദ്ധത തന്റെ മുന്നിൽ വലിയൊരു പ്രതിസന്ധിയാണെന്ന് തിരിച്ചറിഞ്ഞു. അവിടത്തുകാരോട് ഇസ്‌ലാമിനെ പറ്റി പറയുകയാണെങ്കിൽ അവർ വിചാരിക്കുക, ഒരു അപരിഷ്കൃത മതത്തെ പറ്റിയാണ് ഇദ്ദേഹം സംസാരിക്കുന്നതെന്നാണ്. പത്രങ്ങളും മറ്റ് ആനുകാലികങ്ങളും ഇസ്‌ലാമിനെതിരെ നിലപാട് കടുപ്പിച്ച് തന്നെയാണുള്ളത്. കുറേ കാലങ്ങൾക്ക് ശേഷം 1928 ൽ കൈറോവിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളെ പരാമർശിക്കുന്നുണ്ട്. 


താൻ പറയുന്നത് സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ അദ്ദേഹം ഇവയൊന്നും വക വെച്ചില്ല. നൈരന്തര്യ പ്രവർത്തനത്തിലൂടെ നല്ലൊരു ഇസ്‌ലാമിക ചുറ്റുപാട് അദ്ദേഹം സ്ഥാപിച്ചെടുത്തു. 'ഇസ്‌ലാമിക വിശ്വാസം' (Faith of Islam) എന്ന പേരിൽ 1889 ൽ ഒരു ലഘു പുസ്തകം എഴുതി. രണ്ട് എഡിഷനുകളിലായി അയ്യായിരം കോപികളാണത് ചിലവായത്. പതിമൂന്നോളം ഭാഷകളിലേക്ക് ഇൗ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വിക്ടോറിയൻ രാജ്ഞിയും ഈജിപ്ത്യൻ ഭരണാധികാരിയും ഇത് വായിച്ചിട്ടുണ്ട്.  'ദ ക്രസന്റ്' എന്ന് നാമകരണം ചെയ്ത ഒരു വാരിക നിലവിൽ വരുത്തി. 1893- 1908 കാലഘട്ടത്തിലെ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ഇത്. ലോകത്താകമാനം പ്രചാരത്തിലുള്ള 'ദ ഇസ്‌ലാമിക് വേൾഡ്' എന്ന ഒരു മാസികയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. തന്റെ രചനകളിലുടനീളം അടിമത്തത്തെയും യൂറോപ്യൻ കോളനിസത്തിനെതിരെയും വാചാലനായി.  ലിവർപൂൾ മുസ്‌ലിം ഇൻസ്റ്റിറ്റ്യൂട്ട്, മസ്ജിദ്, അനാഥാലയം, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ ബോർഡിംഗ് സ്കൂളുകൾ എന്നിവ സ്ഥാപിച്ചു.   അനാഥാലയത്തിൽ അമുസ്‌ലിം ദമ്പതികൾ ഉപേക്ഷിക്കുന്ന കുട്ടികളെയായിരുന്നു സംരക്ഷിച്ചിരുന്നത്. അവരെ ഇസ്‌ലാമിക മൂല്യങ്ങൾ പഠിപ്പിച്ച് ഉത്തമ പൗരന്മാരാക്കുകയായിരുന്നു. 'മദീനാ വസതി' (Medina House) എന്നായിരുന്നു അതിന് പേരിട്ടിരുന്നത്. ഇംഗ്ലണ്ടിലെ ആദ്യത്തെ പള്ളിയായാണ്‌ ഇദ്ദേഹം സ്ഥാപിച്ച പള്ളി കരുതപ്പെടുന്നത്. അറനൂറിലേറെ ആളുകൾ ഇസ്‌ലാമിലേക്ക് കടന്നു വന്നത് ഇദ്ദേഹത്തിന്റെ പ്രബോധന വിശാലതയെ വ്യക്തമാക്കുന്നതാണ്. 
എന്നാൽ മതം മാറിയവരിൽ ഒട്ടു മിക്ക പേരും ആ വിവരം മറച്ചു വെക്കുകയാണ് ചെയ്തത്. ഇസ്‌ലാമിലേക്ക് മാറിയവരെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നത് തന്നെയാണ് കാരണം. 

മൂന്ന് വിവാഹങ്ങളിലായി നാല് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. 1879 ൽ ഹന്ന ഹോപ് ജോൺസ്റ്റോണെയാണ് വിവാഹം ചെയ്തത്. തന്റെ സുഹൃത്തായ ഹെൻറി ഡെ ലിയോണിന്റെ മരണാനന്തരം അവരുടെ ഭാര്യയായ എഡിത് മിരിയമിനെയായിരുന്നു പിന്നീട് വിവാഹം ചെയ്തത്, 1909 ലായിരുന്നു അത്. 1910 ൽ മാരി ലയോണിനെയും വിവാഹം ചെയ്തു. വർഷം 1891 ൽ ഖില്ലമും തന്റെ മൂത്ത മകൻ റോബർട്ട് അഹ്മദും ഓട്ടോമൻ സുൽത്താനായ അബ്ദുൽ ഹാമിദ് രണ്ടാമന്റെ അതിഥികളായി ക്ഷണിക്കപ്പെട്ടു. ആ സന്ദർശനത്തിലായിരുന്നു ഖില്ലത്തിന് 'ബ്രിട്ടീഷ് പ്രവിശ്യയിലെ ശൈഖുൽ ഇസ്‌ലാം' എന്ന സ്ഥാനപ്പേര് ലഭിച്ചത്. അഫ്ഗാനിസ്ഥാൻ അമീർ 'ബ്രിട്ടനിലെ മുസ്‌ലിംകളുടെ ഷെയ്ഖ്' എന്ന് വിളിക്കുകയും ലിവർപൂളിലെ പേർഷ്യൻ വൈസ് കൗൺസിൽ ആയി അവരോധിക്കുകയും ചെയ്തിട്ടുണ്ട്. 

അവസാന കാലത്ത് ഇംഗ്ലണ്ടിൽ വ്യാപിച്ച ഇസ്‌ലാം ഭീതിയുടെ (Islamophobia) പരിണിത ഫലമെന്നോണം നാടു വിടേണ്ടി വന്നു. വൈകാതെ ഹാറൂൺ മുസ്തഫ ലിയോൺ എന്ന പേര് സ്വീകരിച്ച് യു. കെയിലേക്ക് തിരികെ വന്നു. സത്യ പാന്ഥാവിലേക്ക് കടന്നു വരാൻ ഒട്ടേറെ പേർക്ക് വെളിച്ചമായ ഇദ്ദേഹം 1932 ഏപ്രിൽ 23 ന് മരണപ്പെട്ടു. വിശ്രുധരായ രണ്ട് ആംഗ്ലോ മുസ്‌ലിംസിന്റെ കൂടെയാണ് മറമാടിയിട്ടുള്ളത്- അബ്ദുല്ല യൂസഫ് അലി, മുഹമ്മദ് മർമഡുക് പിക്ഹാൾ. ഇവർ രണ്ടുപേരും ചേർന്ന് വിശുദ്ധ ഖുർആൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.  ഖില്ലം സ്ഥാപിച്ച മസ്ജിദിപ്പോൾ പുനരുദ്ധാരണ പ്രവർത്തത്തിലാണ്.  ഇസ്‌ലാമിന് വേണ്ടി ഒത്തിരി നല്ല കവിതകളെഴുതിയിരുന്ന ഇദ്ദേഹം കേംബ്രിഡ്ജ് മുസ്‌ലിം കോളേജിന്റെ സ്ഥാപകനായ അബ്ദുൽ ഹകീം മുറാദിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട്  പുസ്കതങ്ങളാണ് ഇദ്ദേഹത്തെ പറ്റി എഴുതപ്പെട്ടിട്ടുള്ളത്. റോൺ ഗീവ്സ്‌  എഴുതിയ Islam in Victorian Britain: The Life and Times of Abdullah Quilliam യും Victorian Muslim: Abdullah Quilliam and Islam in the West  യും ആണ് അവ. 

അധിക വായനക്ക്:

1. Islam in Victorian Britain: The Life and Times of Abdullah Quilliam, Ron Geaves, Kube Publishing Ltd. (2010)


2. Victorian Muslim: Abdullah Quilliam and Islam in the West, edited by Jamie Gilham and Ron Geaves, C Hurst & Co Publishers Ltd. (2017)

3. Timeline of Abdullah Quilliam

http://www.abdullahquilliam.org/abdullah-quilliam-timeline/

4. Cairo Speech 1928

http://www.abdullahquilliam.org/cairo-speech-1928/

5. Poetry

http://www.abdullahquilliam.org/poetry/

6. Passing Thoughts

http://www.abdullahquilliam.org/passing-thoughts/

7. The Crescent weekly

http://www.abdullahquilliam.org/the-crescent/

8. The Faith of Islam

http://www.abdullahquilliam.org/the-faith-of-islam/

9. Forgotten Champion of Islam: One Man and His Mosque, The Independent on Sunday, 23 Sep 2007

നിസാം തങ്ങൾ മുതുതല

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : അബ്ദുല്ല ഖില്ലം: വിക്ടോറിയൻ പിരീഡിലെ ഇസ്‌ലാമിക പ്രബോധകൻ
അബ്ദുല്ല ഖില്ലം: വിക്ടോറിയൻ പിരീഡിലെ ഇസ്‌ലാമിക പ്രബോധകൻ
https://static.yabiladi.com/files/articles/77948d437323f211e8e8af76b4dca51420190520180647.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/07/blog-post_14.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/07/blog-post_14.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content