ബലിപെരുന്നാൾ അടുക്കും തോറും മുസ്ലീങ്ങളിൽ ഭയം വർധിക്കുന്നതിന്റെ കാരണമെന്താണ്? ഈദ് എന്നാൽ ആട്, മാട്, ഒട്ടകങ്ങളുടെ ബലിയർപ്പണത്തെ അടിസ്ഥാനമാക്കിയുള്ള ആഘോഷമാണ്. 'അള്ഹാ' എന്ന പദം ‘ബലിയുടെ ഉത്സവം’ എന്നാണ് അർത്ഥമാക്കുന്നത്. ഈ ഈദ് ഇബ്രാഹിം നബിയുടെ ത്യാഗത്തെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. തന്റെ പ്രിയപുത്രനെ ബലിയർപ്പിക്കാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ, ഒരു പരീക്ഷണമായിരുന്നുവെന്ന് തിരിച്ചറിയാതെ ദൈവകൽപനയുമായി മുന്നോട്ട് പോകാൻ അദ്ദേഹം തീരുമാനിച്ചു, എന്നാൽ, ദൈവകൽപനപ്രകാരം തന്റെ മകന് പകരം ആടുകളെയാണ് ഇബ്രാഹിം നബി ബലിയർപ്പിച്ചത്. അതിനുശേഷം, ഈ പാരമ്പര്യം നൂറ്റാണ്ടുകളായി നിർവിഘ്നം തുടർന്ന് പോന്നു.
മുസ്‌ലിംകൾക്കെതിരായ വർഗീയ വിഷപ്രചാരണം തീവ്രമാകുന്നത് വരെ നമ്മുടെ രാജ്യത്തും ഈ പാരമ്പര്യം നിലനിന്നിരുന്നു. മുസ്‌ലിംകൾ ദൈനംദിനം മാംസക്കഷ്ണങ്ങളും കബാബുകളും കഴിക്കുന്നവരാണെന്ന ധാരണ പ്രചരിപ്പിച്ചാണ് വലതുപക്ഷം ഇതിന് ആരംഭം കുറിച്ചത്. മാംസാദി ഭക്ഷണ വിഭവങ്ങൾ മാത്രം കഴിക്കുന്നവരാക്കി പ്രചാരണം ത്വരിതപ്പെടുത്തുന്നതിലൂടെ ആധുനിക കാലത്തെ നരഭോജികൾ (അദാംഖോർസ്) ആയി മുസ്ലിംകളെ ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്!
മുസ്ലീംകളെ വേട്ടയാടാനും കൊലപ്പെടുത്താനും തലപൊക്കിയ ഗോമാംസ അലിബി(ആക്രമണ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല എന്ന വാദം) ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, രാജ്യത്തെ മുസ്ലീം പുരുഷന്മാരെയും ചെറുപ്പക്കാരായ ആൺകുട്ടികളെയും ലിഞ്ച് ബ്രിഗേഡുകൾ എങ്ങനെ ലക്ഷ്യമിടുകയും കൊല്ലുകയും മരങ്ങളിൽ കെട്ടി തൂക്കിക്കൊല്ലുകയും ചെയ്തു എന്നതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ‘ബീഫ്-ഭയം’ സാമൂഹിക-സാംസ്കാരിക വ്യവസ്ഥകളെയും സ്വാധീനിച്ചിട്ടുണ്ട്. തന്റെ മകന്റെ വിവാഹ ആഘോഷങ്ങളിൽ എന്തുകൊണ്ടാണ് ഇറച്ചി വിഭവം വിളമ്പാത്തതെന്ന് ഒരു മധ്യവർഗ മുസ്ലീം കുടുംബത്തോട് ഞാൻ ചോദിച്ചപ്പോൾ അവരെന്നോട് പറഞ്ഞത് “ഹിന്ദുത്വ ബ്രിഗേഡുകൾക്ക് മുമ്പിൽ ഗോമാംസമല്ല മട്ടനും ചിക്കനും ആണിതെന്ന് എങ്ങനെയാണ് തെളിയിക്കുക! ഈ ഗുണ്ടകൾ വിവാഹാഘോഷം തടസ്സപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതിനാൽ, വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പിയതൊള്ളു! അല്ലാതെ ഞങ്ങൾ എന്തുചെയ്യാനാണ്. രാജ്യത്തെ പുതിയ പ്രതിസന്ധികളിൽ ഇങ്ങനെയൊക്കെ ജീവിക്കാനല്ലേ ഞങ്ങൾക്ക് കഴിയൂ! ” എന്നായിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കശ്മീരി മുസ്ലീം വിദ്യാർത്ഥികളെ ആക്രമിക്കാനും ഈ ബീഫ് അലിബി ഉപയോഗിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി സംഭവിക്കുന്നത് ഭീതിജനകമാണ്. രാജസ്ഥാനിലെ മേവാർ / ചിറ്റോർഗഡ് മേഖലയിൽ പഠിക്കുന്ന നാല് കശ്മീർ വിദ്യാർത്ഥികളുടെ ദുരവസ്ഥയുടെ ചിത്രങ്ങൾ നാമെല്ലാവരും കണ്ടതാണ്. ഗുരുതരമായ കുറ്റം ചെയ്തതുപോലെയായിരുന്നു അവരോട് ഹിന്ദുത്വർ പെരുമാറിയത്. പ്രാദേശിക മാർക്കറ്റിൽ നിന്ന് 300 ഗ്രാം മട്ടൺ വാങ്ങുക മാത്രം ചെയ്തതിന്റെ പേരിലാണ് അവർക്ക് ഹിന്ദുത്വ തടങ്കലിൽ കഴിയേണ്ടിവന്നത്.
ബീഫ് അലിബി ഉപയോഗപ്പെടുത്തി ഇപ്പോൾ ഭരണാധികാരികൾ ശ്രമിക്കുന്നത് ശാശ്വതമായി സീല്‍വെച്ചില്ലെങ്കിൽ കൂടി, അറവുശാലകളും ഇറച്ചി കടകളും അടച്ചുപൂട്ടാൻ തന്നെയാണ്. അതോടെ നിരവധി പേർ തൊഴിൽരഹിതരാവുകയും ഒട്ടനവധി കുടുംബങ്ങൾ പട്ടിണിയിലാവുകയും ചെയ്യും.
ഇത്തരം സങ്കീർണ്ണതകൾ നിലനിൽക്കെ മൗലികമായ ചില തെറ്റിദ്ധാരണകളും കെട്ടുകഥകളും ദൂരീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യൻ മുസ്‌ലിംകൾ ഏറ്റവും കൂടുതൽ മാംസം വാങ്ങുന്നവരും ഉപയോഗിക്കുന്നവരും അല്ല എന്നതാണ് വസ്തുത. അമുസ്‌ലിംകളിൽ വലിയൊരു ശതമാനം പേരും ഇറച്ചി ഉപഭോക്താക്കളാണ്. രാജ്യത്തെ ഇറച്ചി വ്യവസായം നിയന്ത്രിക്കുന്നത് അമുസ്ലിം വ്യാപാരികളാണെന്ന വസ്തുതയും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇറച്ചി കയറ്റുമതി ചെയ്യുന്ന ആറ് തലവന്മാരിൽ നാലുപേരും അമുസ്ലിംകളാണ്. വിശദാംശങ്ങൾ താഴെ ചേർക്കുന്നു- അൽ കബീർ എക്‌സ്‌പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (ഉടമകൾ സതീഷ്, അതുൽ സഭവാൾ, മുംബൈ), അറേബ്യൻ എക്‌സ്‌പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (ഉടമ സുനിൽ കപൂർ, മുംബൈ), എംകെആർ ഫ്രോസൺ ഫുഡ് എക്‌സ്‌പോർട്ട്സ് (ഉടമ മദൻ അബോട്ട്, ന്യൂഡൽഹി), പിഎംഎൽ ഇൻഡസ്ട്രീസ് (ഉടമ എ.എസ്. ബിന്ദ്ര. ചണ്ഡിഗഡ്). ആനുഷംഗികമായി പറയട്ടെ, എയ്‌സ് ഷൂട്ടർ അഭിനവ് ബിന്ദ്രയുടെ പിതാവാണ് എ.എസ്. ബിന്ദ്ര.
മുസ്‌ലിംകളും അമുസ്‌ലിംകളുമായ ആയിരക്കണക്കിന് ദരിദ്രർക്ക് തൊഴിലവസരങ്ങൾ നൽകുന്ന പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയിലെ ഇറച്ചി വ്യവസായം. വാസ്തവത്തിൽ, ഇറച്ചി വ്യവസായത്തിലെ തൊഴിലാളികളിൽ ഗണ്യമായ ശതമാനവും അമുസ്‌ലിംകളാണെന്ന്, എപി.ഇഡി.എ (ഓൾ ഇന്ത്യ മീറ്റ് ആൻഡ് ലൈവ്‌സ്റ്റോക്ക് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ തലവനായ ഫൗസാൻ അലവി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നോൺ-വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് മുസ്ലീംകള്‍ കഴിക്കുന്നതെന്ന കുപ്രചാരണങ്ങൾ നടത്തുന്നവരോട് എനിക്ക് പറയാനുള്ളത് പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രാധാന്യം ഖുർആനിലും ഹദീസിലും എടുത്തുപറയുന്നുണ്ട് എന്നതാണ്.
ലഖ്‌നൗ ആസ്ഥാനമായുള്ള സസ്യശാസ്ത്രജ്ഞനായ ഡോ. എം.ഐ.എച്ച് ഫാറൂഖി എഴുതിയ രണ്ട് പുസ്തകങ്ങൾ എന്റെ മുമ്പിലുണ്ട്. ഈ രണ്ട് പുസ്തകങ്ങളുടെയും ശീർഷകങ്ങളിൽ - ‘ഖുർആനിലെ സസ്യങ്ങൾ’, ‘മുഹമ്മദ് നബിയുടെ പാരമ്പര്യങ്ങളിലെ ഔഷധ സസ്യങ്ങൾ’ (സിദ്രാ പബ്ളിഷേഴ്സ്)- നിന്നു തന്നെ നമ്മുടെ ദൈനംദിന ഉപഭോഗത്തിലെ സസ്യങ്ങൾ, ഔഷധങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ പ്രാധാന്യം ബോധ്യപ്പെടും. അദ്ധേഹം ഖുർആനിൽ നിന്നും ഹദീസുകളിൽ (മുഹമ്മദ് നബിയുടെ വാക്കുകൾ) നിന്നും ധാരാളം ഉദ്ധരിക്കുന്നുണ്ട്. “ഖുർആനിലെ സസ്യങ്ങൾ” എന്ന ഗ്രന്ഥത്തിൽ ബോട്ടനിക്കൽ ഐഡന്റിഫിക്കേഷൻ, വൈദ്യഗുണങ്ങളും അവയുടെ പോഷകങ്ങളുടെയും പശ്ചാത്തലത്തിൽ ഖുർആനിൽ പറഞ്ഞ സസ്യങ്ങളെക്കുറിച്ചും സസ്യവിഭവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ‘മുഹമ്മദ് നബിയുടെ പാരമ്പര്യങ്ങളിലെ ഔഷധ സസ്യങ്ങൾ’ എന്ന ഗ്രന്ഥം ബുഖാരി, മുസ്ലിം, നസാഇ, ഇബ്നു മാജ എന്നീ അവലംബനീയമായ ഹദീസ് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര പഠനമാണ്.
എന്നെപ്പോലുള്ള പല മുസ്‌ലിംകളും വെജിറ്റേറിയൻ അല്ലെങ്കിൽ സെമി വെജിറ്റേറിയൻമാരാണന്ന വസ്തുത അവഗണിക്കാവതല്ല. ഒരു ഈദ് സായാഹ്നത്തിൽ ഞാൻ പണ്ഡിതനായ മൗലാന വഹീദുദ്ദീൻ ഖാന്റെ വീട് സന്ദർശിച്ചപ്പോൾ ഭക്ഷണ വിഭവങ്ങളിൽ ഇറച്ചി ഇല്ലായിരുന്നു. ജിജ്ഞാസയോടെ ഞാൻ അദ്ദേഹത്തോട് അതിന്റെ കാരണം ആരാഞ്ഞു.
അദ്ദേഹം പറഞ്ഞു: "ഞാൻ ഒരു സസ്യാഹാരിയാണ്, എന്റെ കുടുംബം ഇറച്ചി കഴിക്കാറുണ്ടെങ്കിലും ഞാൻ കഴിക്കാറില്ല ... ഞാൻ നൂറു ശതമാനം വെജിറ്റേറിയനാണ്."
മാംസം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ചാണ്. ഭരണാധികാരികൾക്ക് അതിൽ നിയന്ത്രണമേർപ്പെടുത്താനോ ഇടപെടാനോ അധികാരമില്ല. ചെറുപ്പക്കാരായ മുസ്ലീം ആൺകുട്ടികളെപ്പോലും ലക്ഷ്യമിട്ട് കൊല്ലുന്ന തരത്തിൽ വിഷലിപ്തമായ പ്രചരണം നടത്താൻ അവർക്ക് യാതൊരു അവകാശവുമില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാംസം കഴിച്ചതിന്റെ പേരിൽ പതിനാറ് വയസ്സുകാരൻ മുഹമ്മദ് ജുനൈദിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം എല്ലാവർക്കും അറിയാവുന്നതാണ്.
കശാപ്പുകാരുമായും ഇറച്ചി വിതരണക്കാരുമായും സംസാരിക്കുകയാണെങ്കിൽ അവർ പറഞ്ഞുതരും, മുസ്‌ലിംകളേക്കാൾ അമുസ്‌ലിംകളാണ് മാംസം വാങ്ങുകയും അതിന്റെ ഉൽപന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതെന്ന്… കശാപ്പുകാർ കാലപ്പഴക്കമുള്ള ഈ സിദ്ധാന്തം ഉരുവിടുന്നത് കാണാം: ഒരു വ്യക്തിക്ക് ഭക്ഷണം നിഷേധിക്കപ്പെട്ടാൽ, അവൻ ഒന്നുകിൽ മരിക്കുകയോ അല്ലെങ്കിൽ പ്രതികരിക്കുകയോ ചെയ്യും! നൂറുകണക്കിന് ആളുകൾ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന ഇന്ത്യയിൽ പോശകാഹാരക്കുറവ് മൂലവും പട്ടിണി മൂലവും മരണങ്ങള്‍ വർധിക്കാന്‍ സാധ്യതയുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിക്കുന്നതോടൊപ്പം കൂടുതൽ ജനങ്ങളെയും സാമൂഹിക ക്രമക്കേടുകള്‍ ബാധിച്ചേക്കാനും ഇടയുണ്ട്.
കശ്മീരി കവിയായ മഹ്മൂദ് ഗാമിയുടെ വരികളോടെ അവസാനിപ്പിക്കാം.
ആ കശാപ്പുകാരനോട് ഞാൻ പ്രണയകലയെക്കുറിച്ച് ചോദിച്ചു അവൻ പറഞ്ഞു: ഹൃദയത്തെ പ്രണയത്തിന്റെ മുള്ളിൽ കോർക്കുക
ഇൗ വറുത്ത മാംസം എരിഞ്ഞു കത്തുമ്പോൾ കൂടുതൽ സ്വാദിഷ്ടമാണ്
ഹുംറ ഖുറൈശി
വിവ: അഫ്'ലഹ് കെ.കെ



COMMENTS