ഇതേ വിഷയത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഒപീനിയൻ വായിക്കാൻ
ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രിൻ്റ് അവസാനിപ്പിക്കുന്നുവോ
മാധ്യമ സ്ഥാപനങ്ങൾക്കും വാർത്താവിതരണ കേന്ദ്രങ്ങൾക്കും വിലക്കെട്ടി ചരിത്രത്തെ തങ്ങളുടേതാക്കി പൊതുജനമധ്യത്തിലെത്തിക്കുന്ന ആസുര കാലത്ത് സത്യസന്തമായി പ്രതിരോധം തീർക്കുന്ന മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. ഇതൊക്കെ തരണം ചെയ്ത് ആർക്കും ഓശാന പാടാതെ നിവർന്ന് നിൽക്കുമ്പോഴാണ് ഒരു മാധ്യമ സ്ഥാപനം പൊതു സ്വീകാര്യത ആർജ്ജിച്ച് വായനക്കാരുടെ മുൻഗണനയിൽ വരുന്നത്. മലയാളം ആഴ്ചപതിപ്പുകളുടെ കൂട്ടത്തിൽ ചന്ദ്രികക്ക് അങ്ങനെയൊരു ചരിത്രം പറയാനുണ്ട്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി അതിൻ്റെ പേര് കൊണ്ടും പ്രവർത്തന അജണ്ട കൊണ്ടും ആദ്യകാലത്ത് പൊതു സ്വീകാര്യത നേടാൻ കഴിഞ്ഞില്ലെങ്കിലും ആ രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള മാധ്യമ സ്ഥാപനമായ ചന്ദ്രിക ആഴ്ചപതിപ്പ് തടയപ്പെടാൻ കാരണങ്ങളേറെയുണ്ടായിട്ടും ചതുർത്ഥികളേതുമില്ലാതെ നിർമ്മാണാത്മകമായ വായന സമൂഹത്തിനിടയിൽ ചന്ദ്രികക്ക് സ്ഥാനമുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ നിരവധി സാഹിത്യകാരന്മാർക്ക് വിത്തിട്ട് മുളപ്പിക്കാനും വിളകൊയ്തെടുക്കാനും നിലമൊരുക്കി എന്നതും ചന്ദ്രിക ചരിത്രത്തെ സംബന്ധിച്ച അഭിമാനകരമായ മുഹൂർത്തമായിരുന്നു. സി.എച്ച് മുഹമ്മദ് കോയയായിരുന്നു ആദ്യകാല പത്രാധിപർ. അക്കാലത്താണ് എം.ടി വാസുദേവൻ നായർ, ഇടശ്ശേരി, വള്ളത്തോൾ, എൻ.എസ് മാധവൻ, മുകുന്ദൻ തുടങ്ങി മലയാള സാഹിത്യത്തിലെ മുടിചൂടാമന്നന്മാരെന്ന് വിശേഷിപ്പിക്കുന്ന ഒരു നിര തന്നെ ചന്ദ്രികയിലൂടെ എഴുതി തെളിഞ്ഞത്. ചന്ദ്രിക ആഴ്ചപതിപ്പ് പ്രിൻ്റിംഗ് നിറുത്താൻ പോകുന്നു എന്ന വാർത്തയാണ് ഇത്രയും ഓർത്തെടുക്കാൻ കാരണമായത്.
കേവലം ഒരു മാഗസിൻ എന്നതിലുപരി മുസ്ലിം ലീഗിൻ്റെ സാംസ്കാരിക മൂലധനമാണ് ചന്ദ്രിക എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായി അരികു വത്‌ക്കരിക്കപ്പെട്ട ദലിത്- മുസ്ലിം ന്യൂനപക്ഷങ്ങളുടെ ശബ്ദമായി നിലകൊണ്ടിരുന്ന ചന്ദ്രിക വലിയൊരു പ്രതീക്ഷയായിരുന്നു. കാലാന്തരങ്ങൾക്കിടയിൽ വിഷയ ക്രമീകരണങ്ങൾ കൊണ്ടും മുൻഗണനാക്രമം കൊണ്ടും ക്രിയേറ്റീവ് റീഡേഴ്സിനിടയിൽ നേടിയെടുത്ത ആ സ്പേസ് ഇല്ലാതാക്കുന്നത് മാനേജ്മെൻ്റ് ന്യൂനപക്ഷ സാഹിത്യങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും എന്നതിൽ തെല്ലും സംശയമില്ല. കൃത്യമായ അജണ്ടകളോടെ പൊതുബോധ നിർമ്മിതി നടത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തോട് മൈനോരിറ്റി കൺസേണുകളെക്കുറിച്ച് വിചാരപ്പെടുന്ന ചന്ദ്രിക വെറുമൊരു ആഴ്ചപതിപ്പല്ല, ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ കൾച്ചറൽ ക്യാപ്പിറ്റലാണ്. ദലിത്-മുസ്ലിം ന്യൂനപക്ഷങ്ങൾ ഇത്രത്തോളം ടാർഗറ്റ് ചെയ്യപ്പെടുന്ന ഒരവസ്ഥയിൽ പ്രിൻറിംഗ് നിർത്താനുള്ള മാനേജ്മെൻ്റ് തീരുമാനം ആത്മഹത്യാപരമാണ്. വെറുമൊരു മാധ്യമ സ്ഥാപനമെന്നതിലുപരി അതിനൊരു മഹത്തായ ചരിത്രവും പാരമ്പര്യമുണ്ട് എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവർ വിചാരപ്പെടേണ്ടിയിരിക്കുന്നു.
ആൾക്കൂട്ട/ ഇലക്ഷൻ ഓറിയൻ്റഡ് രാഷ്ട്രീയ പ്രവർത്തനം എന്നതിനേക്കാൾ ഇത്തരം സാംസ്കാരിക ഉൽപ്പന്നങ്ങളെ കുറിച്ച് അണികളെ കൃത്യമായി ബോധവൽക്കരിച്ച് ബൗദ്ധിക നിലവാരമുള്ള ഒരു സംഘത്തെ വാർത്തെടുക്കേണ്ടതും ഇത്തരം മാധ്യമ സ്ഥാപനങ്ങളെ നേരിടുന്ന വെല്ലുവിളികളെ അതിജയിച്ച് നില നിറുത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ഭാരിച്ച ഉത്തരവാദിത്തം പാതിവഴിയിലുപേക്ഷിച്ച് പോയാൽ ആരാണ് നമ്മേക്കാൾ ഉദ്ധേശ്യശുദ്ധിയോടെ നമ്മുക്ക് വേണ്ടി ശബ്ദിക്കാൻ തയ്യാറാവുക എന്ന് നാം വിചാരപ്പെടേണ്ടതില്ലേ....?
1950കളിൽ തുടങ്ങിയ ആഴ്ചപ്പതിപ്പിന് എഴുപത് വർഷത്തെ പാരമ്പര്യമുണ്ട്. ഇക്കാലമത്രയും വായനക്കാർക്കിടയിൽ നടത്തിയ ഉൽപാദനപരമായ ചർച്ചകളും സംവാദങ്ങളും വിലമതിക്കാനാവാത്തതാണ്. അകാലത്തിൽ ഊർദ്ധശ്വാസം വലിക്കേണ്ടി വരുന്ന ഈ ആഴ്ച്ചപതിപ്പിന് സാമൂഹിഹിക-സാംസ്കാരിക-സാഹിത്യ രംഗത്ത് ക്രിയാത്മകമായി ഇടപെടലുകൾ നടത്തുന്ന ഫാക്കൽറ്റികളുടെ ദാരിദ്രമാണോ, സാമ്പത്തികമാണോ പ്രശ്നം എന്ന് ചന്ദ്രിക പ്രേമികൾക്ക് ഇനിയും വ്യക്തമല്ല. കാരണങ്ങൾ ഇവ രണ്ടു തന്നെയാണെങ്കിലും മുസ്ലിം ലീഗിനെ പോലോത്ത രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച് ഇത് അസാധ്യമായൊരു സംഗതിയല്ല എന്നാണ് എൻ്റെ നിരീക്ഷണം. ഇനി ഇതു രണ്ടുമല്ലാത്ത മൂന്നാമതൊരു ഫാക്ടറാണ് ഇതിനു കാരണമെങ്കിൽ ആഴ്ച പതിപ്പിൻ്റെ വിഷയത്തിനെ മാനേജ്മെൻ്റിൻ്റെ മുൻഗണന എന്താണ് എന്നതിൽ ആശങ്കയുണ്ട്. 1950ൽ തുടങ്ങിയ മാധ്യമ സ്ഥാപനം കേന്ദ്ര സർവ്വകലാശാലകളിൽ സ്വത്വരാഷ്ട്രീയം ചർച്ച ചെയ്യുന്ന വിദ്യാർത്ഥികൾ വർദ്ധിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അതിൻ്റെ വിപുലീകരണത്തെ കുറിച്ച് ചിന്തിക്കുന്നതിനു പകരം കിടപ്പാടം വിൽക്കുന്നത് പോലെ അപകടകരമായ ഈ നീക്കം ഏറെ സങ്കടപ്പെടുത്തുന്നതാണ്. അവസരം കിട്ടുമ്പോഴെല്ലാം സി.എച്ചിനെ ഉദ്ധരിക്കുന്ന നമുക്ക് ചന്ദ്രികയെ കുറിച്ച് സി.എച്ച് പറഞ്ഞത് ഈ സന്ദർഭത്തിലെങ്കിലും മറക്കാതിരിക്കാം.
READ RELATED ARTICLE : വാരിയംകുന്നൻ ഇഫക്ടിൽ ഒരു ചരിത്ര വായന
'ചന്ദ്രികയുടെ വിലയെക്കുറിച്ച് നിങ്ങൾക്കറിയില്ല. കണ്ണുള്ളപ്പോൾ കണ്ണുകളുടെ പ്രയോജനമറിയില്ല. ചന്ദ്രികക്ക് കുറ്റങ്ങളും കുറവുകളുമുണ്ട് സമ്മതിക്കുന്നു. അച്ചടി പിശകുണ്ട്. വാർത്ത കൊടുക്കുന്നതിൽ തെറ്റുകൾ വരുന്നുണ്ട്. ഫോട്ടോകൾക്ക് തിരുത്തലുകളുമുണ്ട്. പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ട്. എങ്കിലും ചന്ദ്രിക ചന്ദ്രികയാണ്. അത് നിങ്ങളുടെ കണ്ണാണ്. ആ കണ്ണുകൊണ്ട് പ്രയോജനമുണ്ട്. അയൽവാസിക്ക് മാളികയുള്ളതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഓലപ്പുര പൊളിച്ചു കളയുമോ? അല്ല, പൊളിച്ചുകളഞ്ഞാൽ അയൽക്കാരൻ നിങ്ങളെ ആ വീട്ടിൽ താമസിപ്പിക്കുമോ?'
റബീഹ് എം.ടി


COMMENTS