വടക്കേ അമേരിക്കയിലെ വിശ്രുതനായ ആധുനിക മുസ്ലിം പണ്ഡിതനായും ഇസ്ലാമിക പ്രബോധന വീഥിയിലെ കർമ്മോത്സുകനായ പ്രവർത്തകനായും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ശൈഖ് യഹ്‌യ റോഡസ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സംസ്‌കാര- രാഹിത്യം നിഴലിക്കുന്ന പാശ്ചാത്യൻ മണ്ഡലങ്ങളിൽ പാരമ്പര്യ ഇസ്ലാമിനെ അതിന്റെ തനിമയോട് കൂടെ വിഭാവനം ചെയ്യുന്നവരിൽ പ്രധാനിയാണിദ്ധേഹം. വടക്കേ അമേരിക്കയിലെ മുസ്ലിം സാമൂഹിക ജീവിതത്തെ അറിവിലും
ആത്മീയതയിലും വേരൂന്നിയ മഹത്തായൊരു സാമൂഹിക ക്രമത്തിലേക്ക് പരിവർത്തിപ്പിച്ചെടുക്കുക എന്ന ലക്ഷ്യപ്രാപ്തിക്കു വേണ്ടി അമേരിക്ക കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അൽ മഖാസിദ് എന്ന വൈജ്ഞാനിക സംസ്കൃതിയുടെ സ്ഥാപകനുമാണ് ശൈഖ് യഹ്‌യ റോഡസ്.
ഇസ്ലാമിലേക്ക്
അമേരിക്കൻ സംസ്ഥാനമായ മിസ്സൗരിയിലെ കൻസാസ് സിറ്റിയിൽ ജനിച്ച മഹാനുഭാവൻ, 19ാമത്തെ വയസ്സിൽ കാലിഫോർണിയയിലെ സാന്റാ ക്ലാരയിൽ വെച്ചാണ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. ശൈഖ് യഹ്‌യ റോഡസിന്റെ ജീവിതം പ്രതിപാദിക്കുന്ന യാതൊരു വിവര സ്രോതസ്സുകളും അദ്ദേഹത്തിന്റെ ജനനത്തേയോ ഇസ്ലാമാശ്ലേഷണത്തേയോ സംബന്ധിയായ വിശദ വിവരങ്ങൾ നൽകുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
വൈജ്ഞാനിക ജീവിതം
ഇസ്ലാമിലേക്ക് കടന്നു വന്നതിനു ശേഷം, രണ്ട് പതിറ്റാണ്ടുകളോളം ഉന്നതമായ ഇസ്‌ലാമികാദ്ധ്യാപനങ്ങൾ ലോകോത്തര നിലവാരമുള്ള ഇസ്ലാമിക സ്ഥാപനങ്ങളിൽ നിന്നുമദ്ധേഹം കരസ്ഥമാക്കി. അതിന്റെ ആരംഭമന്നോണം ശൈഖ് ഖത്ത്‌രി ബ്നു ബയ്‌ബ, ശൈഖ് അബ്ദുല്ലാഹി ബ്നു അഹമ്മദ് തുടങ്ങിയ പ്രാദേശിക പണ്ഡിതന്മാരിൽ നിന്നും ഇസ്ലാമിക ജ്ഞാന ശാഖകളിലെ ബാല പാഠങ്ങൾ സ്വായത്തമാക്കി. അതിനെ തുടർന്നാണ് ഇസ്ലാമിക ശാസ്ത്രങ്ങളിൽ അവഗാഹം നേടുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി വടക്കേ ആഫ്രിക്കയിലെ മൗറിത്താനിയയിലേക്ക് യാത്രയാവുന്നത്. മൗറിത്താനിയയിലെ പ്രഗൽഭ പണ്ഡിതനും വടക്കൻ ആഫ്രിക്കയിലെ സമകാലിക മുസ്ലിം ജീവിത ചുറ്റുപാടുകളിൽ നിഷ്കളങ്കതയിലും മതനിഷ്ഠയിലുമൂന്നിയ പ്രവർത്തനങ്ങളാൽ നിസ്സീമമായ ആത്മീയ സ്വാധീനം സൃഷ്ടിച്ചെടുത്ത് ശൈഖ് മുറാബിത്ത് അൽ ഹജ്ജ് എന്നവരുടെ സന്നിധിയിലാണ് അദ്ദേഹം തന്റെ യാത്രക്ക് വിരാമമിടുന്നതും സുദീർഘമായൊരു പഠന സപര്യക്ക് തുടക്കം കുറിക്കുന്നതും. ശൈഖ് ഹംസ യൂസുഫ് അടങ്ങുന്ന ഒരു വലിയ ആഗോള പണ്ഡിത നിരയെ വാർത്തെടുത്ത ശൈഖ് മറ്റൊരു ലോക പണ്ഡിതന്റെ ആവിർഭാവത്തിനു കൂടി നിദാനമായിത്തീർന്നു.
പിന്നീട് ദമസ്കസിലും സിറിയയിലുമായ് നടത്തിയ ഹൃസ്വകാല പഠനത്തിന് ശേഷം ലോകോത്തര ഇസ്ലാമിക മതപാഠശാലയായ തരീമിലെ ദാറുൽ മുസ്തഫായിൽ ചേർന്നു.വിശ്വപ്രസിദ്ധരായ ശൈഖ് ഹബീബ് ഉമർ ഹഫീസിന്റെയും ശൈഖ് ഹബീബ് അലി ജിഫ്രിയുടെയുമെല്ലാം ശിക്ഷണത്തിൽ ഏഴ് വർഷങ്ങളോളം അവിടെ വിദ്യ അഭ്യസിച്ചു.
Read Related Article : ശൈഖ് ഹംസ യൂസുഫ്: പാരമ്പര്യം മുറുകെ പിടിച്ച അമേരിക്കൻ പണ്ഡിതൻ
തന്റെ ഗവേഷണകാലത്തു തന്നെ അദ്ധ്യാപകരുടെ പ്രിയ ശിഷ്യനായയി മാറാൻ അദ്ധേഹത്തിന് സാധിച്ചു. ഒപ്പം ശൈഖ് ഹബീബ് ഉമറിന്റെയും ശൈഖ് ഹബീബ് അലിയുടെയുമെല്ലാം ഔദ്യോഗിക വിവർത്തകനാകാനും തന്റെ ഗവേഷണകാലത്തിനിടക്ക് തന്നെ വിവിധ രാജ്യങ്ങളിലേക്ക് വിവർത്തകനായി യാത്രചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു.
ജ്ഞാന പടുക്കളായ ഗുരുവര്യരോടെന്ന പോലെ തികച്ചും രൂഢമൂലമായ ഒരു ആത്മ ബന്ധമായിരുന്നു ഇസ്ലാമിലേക്ക് കടന്നു വന്നതു മുതൽ ശൈഖ് യഹ് യ റോഡസിന് ശൈഖ് ഹംസ യൂസുഫിനോടുണ്ടായിരുന്നത്.
![]() |
| ഹംസ യൂസുഫ് |
പഠനകാലയളവിൽ തന്നെ ഇസ്ലാമിക മൂല്യങ്ങളിലധിഷ്ഠിതമായി പാശ്ചാത്യൻ സംസ്‌കൃതിയെ ത്വരിതപ്പെടുത്തുന്നതിൽ അദ്ധേഹം പരിശ്രമിച്ചിരുന്നു. ഇവ്വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് അദ്ധേഹത്തിന്റെ പഠനങ്ങൾ മിക്കതും നടന്നിട്ടുള്ളത്. ബെർക്ക്ലി യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, തിയോളജിക്കൽ യൂണിയനിൽ നിന്നും ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പിന്നീട് ശൈഖ് അബ്ദുൽ ഹകീം മുറാദിനൊപ്പം ചേർന്ന് ദൈവശാസ്ത്രത്തിലും മതപഠനങ്ങളിലുമായി ഇംഗ്ലണ്ടിലെ കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിൽ PhD പൂർത്തിയാക്കുകയും ചെയ്തു .
സേവനം
വൈജ്ഞാനിക നൈരന്തര്യം നിഴലിക്കുന്ന ജീവിതമാണ് ഇസ്ലാമിന്റെ ശാദ്വല തീരത്തേക്ക് കടന്നു വന്നതു മുതൽ ശൈഖ് യഹ്‌യ റോഡസ് കാഴ്ചവെച്ചത്. രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന വിജ്ഞാന സമ്പാദനത്തിന് ശേഷം അവയെ പകർന്നുകൊടുക്കാനുതകുന്ന രീതിയിൽ സേവനാത്മകമായ ജീവിത രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. പഠനാനന്തരം തന്റെ സേവനം ആദ്യമായി അദ്ദേഹം കാഴ്ചവച്ചത് അമേരിക്കയിലെ സൈത്തൂന യൂണിവേഴ്സിറ്റിയിലായിരുന്നു. തുടർന്ന് അമേരിക്കയിലെ തന്നെ അൽമദീന ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിക്കുകയും കുറച്ചു കാലങ്ങൾക്കു ശേഷം അൽ മഖാസിദ് എന്ന വൈജ്ഞാനിക സംസ്കൃതിക്ക് ബീജാപാവം നൽകുകയും ചെയ്തു.
![]() |
| സൈതൂന കോളേജ് |
പാരമ്പര്യ ഇസ്ലാമിന്റെ ധാർമിക മൂല്യങ്ങളിലുള്ള ഗഹനമായ ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ശൈഖ് യഹ്‌യ റോഡസ് നിർമ്മിച്ച അൽ മഖാസിദ്, നിലവിൽ അതിന്റെ കേന്ദ്രം അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.
ആത്മീയതയിലും അറിവിലും വേരൂന്നിയ ഒരു മഹത്തരമായ സാമൂഹികാന്തരീക്ഷത്തെയാണ് അൽ മഖാസിദ് വിഭാവനം ചെയ്യുന്നത്.
പാരമ്പര്യ ഇസ്ലാമിനെ മൂല്യച്യുതിയൊട്ടുമില്ലാതെ തീർത്തും വിഭിന്നമായ പാശ്ചാത്യൻ സംസ്കൃതിയിൽ വേരുറപ്പിക്കുന്നിടത്താണ് അൽ മഖാസിദിന്റെ ആർജ്ജവമുള്ളത്. അതിനുതകുന്ന രീതിയിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുക. മുഖ്യമായും ഇവയുടെ ക്രമീകരണം അൽ മഖാസിദ് അസ്സലാഥ (المقاصد الثلاث) എന്ന ശീർഷകത്തിലാണ്. അതായത് അറിവ്, ആത്മീയത, പ്രബോധനം എന്നതിലൂടെയാണ്.
ഔദ്യോഗികമായി തന്നെ ഇസ്‌ലാമികാദ്ധ്യാപനങ്ങളെ ഗ്രഹിക്കാനും അവയിലെ മൂല്യങ്ങളെ അനുവർത്തിക്കുവാനുമുള്ള അവസരമാണ് അൽ മഖാസിദ് ഒരുക്കുന്നത്.
ധാരാളം ആത്മീയ വൈജ്ഞാനിക സദസ്സുകൾ ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഴ്ചതോറും നടന്നുവരുന്ന ചില മതപരമായ സദസ്സുകൾക്കാണ് പ്രാധാന്യം.
അതിൽ ഒന്നാണ് "പ്രവാചകാനുരാഗം" (Loving the beloved) കാവ്യരൂപങ്ങളിലായ് പ്രവാചക ചര്യകളും തിരുസുന്നത്തുകളും ജീവചരിത്രവുമെല്ലാം സങ്കീർത്തനങ്ങളായി ആലപിച്ച് സർവ്വവും പ്രവാചകനിൽ അർപ്പിക്കുന്ന ഒരു മജ്ലിസാണിത്. അതുപോലെ "ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് "(Heart to heart) എന്ന ശീർഷകത്തിൽ സൂഫീ ചിന്താധാരകളെക്കുറിച്ചും ആത്മീയപരമായ സംജ്ഞകളെക്കുറിച്ചും ചർച്ച ചെയ്യുന്നതാണ് ഇതിൽ പ്രധാനമായും. ഉമർ ഹാഫീസിന്റെ "Kingdom of Heart and Limbs” എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഇത്തരം സൂഫിസ്റ്റിക് പ്രോഗ്രാമുകൾ നടത്തപ്പെടുന്നത്.
അതിലുപരി ബുർദ (Burdha) എന്ന ശീർഷഘത്തിൽ, ഇമാം ബൂസ്വൂരിയുടെ ഖസീദത്തുൽ ബുർദ മനോഹരമായ ഈരടികളിൽ ആലപിക്കുകയും അവയിൽ ആത്മനിർവൃതി കണ്ടെത്തുകയും ചെയ്യുന്ന ഒന്നാണിത്. കൂടാതെ ഇസ്‌ലാമികാദ്ധ്യാപനങ്ങൾ സ്വായത്തമാക്കുന്നതിനും, ചർച്ചകൾക്കും, സംശയദൂരീകരണത്തിനുമെല്ലാമായി "Sisters' halqa”എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായും ഒരു പരിപാടിയുണ്ട്. ഇവയെല്ലാമാണ് ആഴ്ച്ചതോറും നടത്താറുള്ള പരിപാടികൾ. സ്ഥിരമായി ഒരു ഇസ്ലാമിക ചുറ്റുപാടിൽ നടത്താൻ തന്നെ അസാധ്യമായ സ്വപ്ന പദ്ധതികളാണ് ശൈഖ് യഹ്‌യ റോഡസ് അൽ മഖാസിദിലൂടെ ഒരു പാശ്ചാത്യൻ സംസ്‌കൃതിയിൽ അന്വർത്ഥമാക്കിയത്.
യൂറോപ്പിലെ സംസ്കാരാന്തത ബാധിച്ച ഒരു ചുറ്റുപാടിൽ ഇസ്‌ലാമിന്റെ മഹത്തരമായ സംസ്‌കൃതി പ്രതിഫലേഛയില്ലാതെ നിരന്തരമായി പകർന്നുകൊടുക്കുന്ന അൽ മഖാസിദ് എന്ന സ്ഥാപനം ശൈഖ് യഹ്‌യ റോഡസിന്റെ കർമ്മോത്സുകതയുടെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
മുർശിദ് കൂടല്ലൂർ



COMMENTS