പൗരാണിക കാലം മുതൽ തന്നെ ജീവോൽപത്തിയും മനുഷ്യോൽപത്തിയും വിശാലമായ ആലോചനാ വിഷയങ്ങളാണ് .
ഒരു വിജ്ഞാനശാഖക്കപ്പുറം പഠന-ഗവേഷണങ്ങൾ നിരന്തരം പുരോഗമിക്കുന്ന തലങ്ങളാണ് ഇതിന്റെ അതുല്യത .
പ്രസിദ്ധ ഭിഷഗ്വരനും ഫ്രഞ്ച് സൊസൈറ്റി ഓഫ് ഈജിപ്റ്റോളജി അംഗവും ഗ്രന്ഥകാരനുമായ ഡോ. മോറിസ് ബുക്കായി 1976 ൽ രചിച്ച BIBLE- QUR'AN- SCIENCE എന്ന ഗ്രന്ഥമാണ് ആധുനിക കാലത്തെ ഖുർആൻ - ശാസ്ത്ര പഠനങ്ങൾക്ക് വിപുലമായ തുടക്കമിട്ടത്.
ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല. മനുഷ്യ ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യങ്ങളിലേക്ക് മാർഗ്ഗദർശനം നൽകലാണ് ഖുർആനിന്റെ അവതരണോദ്ദേശ്യം. എന്നാൽ പ്രപഞ്ചസത്യങ്ങളും ജീവോൽപ്പത്തിയും അടക്കമുള്ളവ ഖുർആനിൽ വിഷയീഭവിച്ചത് അതിന്റെ ദൈവികതക്കുള്ള തെളിവുകൂടിയാണ്.
വിശുദ്ധ ഖുർആനിലും ഹദീസിലും നിസ്സാരവൽക്കരിക്കപ്പെട്ട വിജ്ഞാനശാഖയല്ല ഭ്രൂണശാസ്ത്രം .
മനുഷ്യരുടെ ചിന്തയും ധിഷണയും സൃഷ്ടാവായ അല്ലാഹുവിലേക്ക് ഉണർത്താൻ ഭ്രൂണ വിജ്ഞാനീയങ്ങളുടെ ആധികാരികവും ആഴമേറിയതുമായ കാഴ്ചപ്പാടുകൾ ഖുർആനിലും ഹദീസിലും നിരവധി സ്ഥലങ്ങളിലായി പല തവണ പ്രയോഗിക്കപ്പെട്ടിട്ടുണ്ട് .
ഖുർആനിൽ ജന്മ വർഗ്ഗങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ വിശദീകരണങ്ങൾ തന്നെ പലയിടങ്ങളിലായി പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല, ഖുർആനിന്റെ ഭ്രൂണശാസ്ത്ര സംബന്ധമായ പ്രതിപാദനങ്ങൾ സ്വരൂപിച്ചാൽ ഭ്രൂണ വിജ്ഞാനീയങ്ങളുടെ ഖുർആനിക കാഴ്ചപ്പാടുകളിലെ വിശാലമായ ഗവേഷണ സാധ്യത കണ്ടെത്താനാകും.
ഖുർആൻ പരാമർശിച്ച ശാസ്ത്ര സംബന്ധമായ ആയത്തുകളുടെ വിശാലാർത്ഥങ്ങളും തഫ്സീറുകളും മുൻനിർത്തി മുസ്ലിം കർമശാസ്ത്ര പണ്ഡിതർ അവരുടെ കാലഘട്ടങ്ങളിൽ ലഭ്യമായ പരമാവധി സ്രോതസ്സുകൾ ഉപയോഗിച്ച് ആഴത്തിലുള്ള പഠനഗവേഷണങ്ങൾ നടത്തിയിരുന്നു. ഇമാം റാസി , ഇബ്നു സീന , സഹ്റാവി , ഇബ്നുൽ ജൗസി തുടങ്ങിയ മുസ്‌ലിം ലോകത്തെ പ്രഗൽഭരായ വൈദ്യശാസ്ത്ര പണ്ഡിതരും ഇത്തരം ആയത്തുകൾ ഗവേഷണ വിധേയമാക്കിയതായി കാണാം. എന്നാൽ ഏഴാം നൂറ്റാണ്ടിൽ അവതരിച്ച ഖുർആനിക സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്ന ഭ്രൂണവിജ്ഞാനീയങ്ങളുടെ വിശാലമായ അർത്ഥതലങ്ങളുടെ പൂർണ്ണതയിലേക്ക് ഇതുവരെയുള്ള പഠനങ്ങൾക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവുകളാണ് ഇന്നും വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ ഉദ്ധൃത വിഷയാധിഷ്ഠിതമായി നടക്കുന്ന ഗവേഷണപഠനങ്ങൾ .
കാനഡയിലെ torrento സർവകലാശാല അനാട്ടമി വിഭാഗം മേധാവിയും പ്രസിദ്ധ ഭ്രൂണ ശാസ്ത്രജ്ഞനുമായ കീത്ത് എൽ മൂറിന്റെ മെഡിക്കൽ വിദ്യാർഥികൾക്കായി രചിച്ച The Developing Human എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിൽ ഖുർആനിലെ ഭ്രൂണ വളർച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം കൃത്യവും അബദ്ധരഹിതവുമാണെന്ന് സമർപ്പിച്ചതോട് കൂടിയാണ് വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ ഇത്തരം പഠനങ്ങൾക്കുള്ള അവസരങ്ങൾ വൻതോതിൽ വർധിച്ചത്.
1983 പുറത്തിറങ്ങിയ തന്റെ ഗ്രന്ഥത്തിൽ പണ്ഡിതനായ അബ്ദുൽ മജീദ് അസ്സിൻദാനിയുമായി ചേർന്ന് ഓരോ അധ്യായങ്ങൾക്കുമൊപ്പം അവയുടെ ഇസ്ലാമിക് അഡീഷൻസും ചേർത്തു പ്രസ്തുത അധ്യായത്തിൽ പറഞ്ഞ ഭ്രൂണശാസ്ത്ര വസ്തുതകളെ കുറിച്ച് ഖുർആൻ പരാമർശങ്ങളെ പഠന വിധേയമാക്കുകയാണ് കീത്ത് മൂർ ചെയ്തത് . ഭ്രൂണപരിണാമത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് ആധുനികശാസ്ത്രം എത്തിച്ചേർന്ന നിഗമനങ്ങൾ ഖുർആനിലെ ഭ്രൂണവളർച്ചയെ കുറിച്ചുള്ള പരാമർശങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നു എന്ന് തികച്ചും അക്കാദമികമായ രീതിയിൽ തയ്യാറാക്കിയ പ്രസ്തുത ഗ്രന്ഥം വായിച്ചാൽ ബോധ്യപ്പെടും. കീത്ത് മൂറിനെ പോലെയുള്ള ലോകപ്രശസ്തനായ ഒരു ഭ്രൂണശാസ്ത്രജ്ഞൻ ഖുർആൻ പരാമർശങ്ങളുടെ കൃത്യതയ്ക്ക് നൽകിയ അംഗീകാരം ആധുനിക ശാസ്ത്രലോകം ഏറെ ചർച്ച ചെയ്യുകയും ചെയ്തു. ഡോ കീത്ത് മൂർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ് : "മനുഷ്യപ്രത്യുൽപാദനത്തെയും ഭ്രൂണവളർച്ചയെയും സംബന്ധിച്ച് വിവരിക്കുന്ന ഖുർആനിലെയും സുന്നത്തിലെയും വചനങ്ങളെ വ്യാഖ്യാനിക്കുവാനായി മൂന്നു വർഷം സൗദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ഭ്രൂണശാസ്ത്ര സമിതിയെ സഹായിക്കുവാനും അവരോടൊപ്പം പ്രവർത്തിക്കുവാനും എനിക്ക് സാധിച്ചു . ഭ്രൂണശാസ്ത്രം തന്നെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിൽ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ കൃത്യത കണ്ട് ആദ്യം തന്നെ അത്ഭുതപ്പെട്ടു. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിൽ ജീവിച്ച മുസ്ലിം ശാസ്ത്രജ്ഞൻമാരുടെ മഹത്തായ ചരിത്രത്തെക്കുറിച്ചും രോഗ ശുശ്രൂഷ രംഗത്തെ അവരുടെ സംഭാവനകളെ കുറിച്ചും എനിക്കറിയാമായിരുന്നു. എങ്കിലും ഖുർആനിലും സുന്നത്തിലും അടങ്ങിയിരിക്കുന്ന മതപരമായ കാര്യങ്ങളെപ്പറ്റി എനിക്ക് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല" ( L. Keith Moore and Abdul Majeed Al Zindani: The Developing Human with Islamic Additions, Third edition , philadelphia, 1982 )
" മനുഷ്യ വളർച്ചയെക്കുറിച്ചുള്ള ഖുർആൻ പരാമർശങ്ങളെ വ്യക്തമാക്കുവാൻ സഹായിക്കാൻ ആവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ് .ഖുർആനിൽ പറഞ്ഞ ഈ വിജ്ഞാനങ്ങളിൽ ഭൂരിഭാഗവും അതിന്റെ അവതരണത്തിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് മാത്രം കണ്ടുപിടിക്കപ്പെട്ടവയാണ് എന്നതുകൊണ്ടുതന്നെ അവ മുഹമ്മദ്(സ)യുടെ ദൈവത്തിൽ നിന്ന് അഥവാ അല്ലാഹുവിൽ നിന്നു ലഭിച്ചതായിരിക്കുവാനേ നിർവാഹമുള്ളൂ".(Abdul Majeed Al Zindani :This is the truth - video tape )
ശാസ്ത്രീയ തെളിവുകളോടെ തന്നെ ആധികാരികമായി മനുഷ്യഭ്രൂണത്തിന്റെ പരിണാമഘട്ടങ്ങളെ കൃത്യമായി പ്രതിപാദിച്ച പ്രഥമ ഗ്രന്ഥം വിശുദ്ധ ഖുർആനും ഹദീസും ആണെന്ന് സമകാലികരായ വൈദ്യശാസ്ത്രജ്ഞരും പണ്ഡിതരും പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളും അവയുടെ സാരവും പ്രവിശാലമാണ് .
1 - എന്തുപറ്റിപ്പോയി നിങ്ങള്‍ക്ക്? അല്ലാഹുവിന്റെ മഹോന്നത പദവി നിങ്ങള്‍ ഭയപ്പെടുന്നില്ലേ? വ്യത്യസ്ത ഘട്ടങ്ങളായാണല്ലോ നിങ്ങളെയവന്‍ സൃഷ്ടിച്ചിരിക്കുന്നത്.
( സൂറത്ത് നൂഹ് 13, 14 )
2 - മൂന്ന് അന്ധകാരങ്ങള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിങ്ങളെയവന്‍ സൃഷ്ടിക്കുകയാണ്.
(സുറത്ത് സുമർ 6 )
3 - മനുഷ്യരേ, പുനരുത്ഥാനത്തെക്കുറിച്ച് സംശയഗ്രസ്തരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക.(3) മണ്ണില്‍ നിന്നും പിന്നീട് ഇന്ദ്രിയ കണത്തില്‍ നിന്നും അനന്തരം രക്തപിണ്ഡത്തില്‍ നിന്നും അതിനുശേഷം, രൂപം നല്‍കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും നാം തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്- വസ്തുതകള്‍ നിങ്ങള്‍ക്ക് സ്പഷ്ടമാകാനാണിത് പറയുന്നത്- നാം ഉദ്ദേശിക്കുന്നവയെ ഉമ്മമാരുടെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിതാവധി വരെ സൂക്ഷിക്കുകയും തദനന്തരം ശിശുക്കളായി പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് നിങ്ങള്‍ പൂര്‍ണ യൗവനം പ്രാപിക്കും.
( സൂറത്ത് ഹജ്ജ് 5 )
4 - നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്നു നാം സൃഷ്ടിക്കുകയും പിന്നീട് ശുക്ലമാക്കി ഒരു ഭദ്ര സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ രക്ത പിണ്ഡമായും അതിനെ മാംസ പിണ്ഡമായും തുടര്‍ന്ന് അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരമത് മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവന് അസ്തിത്വമേകി. അപ്പോള്‍ ഏറ്റം ഉദാത്തമായി സൃഷ്ടി കര്‍മം നടത്തുന്ന അല്ലാഹു അനുഗ്രഹ പൂര്‍ണനത്രേ.
( സൂറത്ത് മുഅമിനൂൻ 12 - 14 )
5 - ഭുവന- വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റേതാകുന്നു-തിന്മ ചെയ്തവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്കനുസരിച്ചും നന്മയനുവര്‍ത്തിച്ചവര്‍ക്ക് അവരുടെ സല്‍പ്രവൃത്തികളനുസരിച്ചും പ്രതിഫലം നല്‍കാന്‍ വേണ്ടി- വന്‍പാതകങ്ങളിലും നിസ്സാരവീഴ്ചയല്ലാത്ത നീചകൃത്യങ്ങളിലും നിന്ന് അകന്നു കഴിയുന്നവരാണവര്‍. നിശ്ചയം, താങ്കളുടെ നാഥന്‍ വിശാലമായി പാപം പൊറുക്കുന്നവനത്രേ. ഭൂമിയില്‍ നിന്ന് നിങ്ങളെ പടച്ചുണ്ടാക്കിയപ്പോഴും മാതാക്കളുടെ ഉദരങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരുന്നപ്പോഴും അവനാണ് നിങ്ങളെക്കുറിച്ച അത്യഭിജ്ഞന്‍. അതുകൊണ്ട് നിങ്ങള്‍ സ്വന്തത്തെ പ്രശംസിക്കുന്നവരാകേണ്ട, സൂക്ഷ്മ ജീവിതം നയിക്കുന്നതാരാണെന്ന് അവന്നു നന്നായറിയാം
(സൂറത്ത് നജ്മ് 32)
6 - ഗര്‍ഭാശയത്തില്‍ സ്രവിപ്പിക്കപ്പെടുന്ന ബീജത്തില്‍ നിന്ന് ആണും പെണ്ണുമായ ജോടികളെ അവനാണ് സൃഷ്ടിച്ചത്
(സൂറത്ത് നജ്മ് 45 - 47)
7 - നിങ്ങളില്‍ നിന്ന് സ്ഖലിക്കുന്ന ഇന്ദ്രിയത്തെ സംബന്ധിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍? അതിനെ ഒരു സൃഷ്ടിയായി സംവിധാനിച്ചുണ്ടാക്കുന്നത് നിങ്ങളോ നാമോ?
( സൂറത്ത് വാഖിഅ 59)
8 - ഒരു ഇന്ദ്രിയ കണത്തില്‍ നിന്നാണവന്‍ മനുഷ്യനെ പടച്ചത്; എന്നിട്ട് അവന്‍ സ്പഷ്ടമായ താര്‍ക്കികനാവുകയാണ്!
(സൂറത്ത് നഹ് ല് 4 )
9 - താന്‍ വൃഥാവിലങ്ങ് ഉപേക്ഷിക്കപ്പെടുമെന്ന് മനുഷ്യന്‍ ധരിക്കുന്നുണ്ടോ? സ്രവിക്കപ്പെട്ട ഇന്ദ്രിയത്തിന്റെ ഒരു കണിക ആയിരുന്നില്ലേ അവന്‍? എന്നിട്ട് അതൊരു രക്തപിണ്ഡമാവുകയും പിന്നെ അല്ലാഹു സൃഷ്ടിച്ച് സംവിധാനിക്കുകയും അതില്‍ നിന്ന് പുരുഷനും സ്ത്രീയുമാകുന്ന രണ്ട് ഇണകളെ ഉണ്ടാക്കുകയും ചെയ്തു. ആ സ്രഷ്ടാവ് മരിച്ചവരെ പുനര്‍ജനിപ്പിക്കാന്‍ കഴിവുള്ളവനല്ലേ?
(സൂറത്ത് ഖിയാമ 36-40)
10 - ഒട്ടുമേ പ്രസ്താവ്യമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യനില്‍ സംജാതമായിക്കഴിഞ്ഞിട്ടില്ലേ? വ്യത്യസ്ത ഘടകങ്ങള്‍ സംഗമിച്ച ഒരു ശുക്ലബിന്ദുവില്‍ നിന്നാണ്-പരീക്ഷിക്കാനായി-അവനെ നാം സൃഷ്ടിച്ചത് എന്നിട്ട് അവനെ നാം കേള്‍വിയും കാഴ്ചയുമുള്ളവനാക്കുകയും വഴി കാണിച്ചു കൊടുക്കുകയും ചെയ്തു
( സൂറത്ത് ഖിയാമ 1 -6 )
11 - ഒരേയൊരു ശരീരത്തില്‍ നിന്ന് നിങ്ങളെ അവന്‍ സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു. കാലികളില്‍ നിന്നു എട്ടു ജോടികളും അവനവതരിപ്പിച്ചു. മൂന്ന് അന്ധകാരങ്ങള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിങ്ങളെയവന്‍ സൃഷ്ടിക്കുകയാണ്. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു; സര്‍വാധിപത്യവും അവന്നാകുന്നു. അവനല്ലാതെ വേറെ യാതൊരു ദൈവവും ഇല്ല. വസ്തുത ഇതൊക്കെയായിട്ട് നിങ്ങളെങ്ങനെയാണ് സത്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കപ്പെടുന്നത്!
( സൂറത്ത് സുമർ -6 )
12 - അതുകൊണ്ട്, താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ. മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് തെറിച്ചുപുറത്തുവരുന്ന ഒരു ദ്രവത്തില്‍ നിന്നാണ് അവന്‍ പടച്ചുണ്ടാക്കപ്പെട്ടിട്ടുള്ളത്
(സൂറത്ത് ത്വാരിഖ് 5-7)
13 - ഒരു നിസ്സാര വെള്ളത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിക്കുകയും എന്നിട്ടത് സുജ്ഞാതമായൊരവധി വരെ ഒരു സുഭദ്രസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു.
(സൂറത്ത് മുർസലാത്ത് - 20-21)
14 - മാനവന്റെ സൃഷ്ടിപ്പ് അവന്‍ കളിമണ്ണില്‍ നിന്ന് ആരംഭിക്കുകയും പിന്നീട് അവന്റെ സന്തതിയെ ഒരു നിസ്സാര ദ്രവത്തിന്റെ സത്തയില്‍ നിന്ന് പടക്കുകയും പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ ആത്മാവ് അവനില്‍ നിക്ഷേപിക്കുകയുമുണ്ടായി. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നു. വളരെ തുച്ഛമായേ നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുള്ളൂ.
(സൂറത്ത് സജദ 7-9)
15 - സൃഷ്ടി കര്‍മം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക. രക്തപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
(സൂറത്ത് അലഖ 1)
16 - മണ്ണിലും പിന്നെ രേതസ്‌കണത്തിലും പിന്നെ ഭ്രൂണത്തിലും നിന്ന് നിങ്ങളെ പടച്ചത് അവനാണ്; പിന്നീട് ഒരു കുഞ്ഞായി നിങ്ങളെയവന്‍ പുറത്തുകൊണ്ടുവന്നു; ശേഷം പൂര്‍ണയൗവനത്തിലെത്താനും പിന്നെ വൃദ്ധരായിത്തീരാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ നേരത്തെ നിര്യാതരാകും. നിശ്ചയിക്കപ്പെട്ട ഒരവധി നിങ്ങള്‍ പ്രാപിക്കാനും ചിന്തിക്കാനും വേണ്ടിയത്രേ ഇതൊക്കെയും.
( സൂറത്ത് ഗാഫിർ - 67 )
ഉദ്ധൃത ഖുർആനിക സൂക്തങ്ങൾ ഭ്രൂണത്തിന്റെ വളർച്ച ഘട്ടങ്ങളുടെ വിശദമായ കാഴ്ചപ്പാടുകൾ നൽകുന്നുണ്ട്. പരിണാമ വികാസങ്ങളെ സംബന്ധിച്ച് ആധികാരികമായ ജ്ഞാന തലങ്ങൾ കൈമാറിയ പ്രഥമ ഗ്രന്ഥമാണ് ഖുർആൻ. പ്രവാചകൻ (സ) യുടെ ഹദീസുകളിലും ഭ്രൂണ സംബന്ധമായി ആഴത്തിലുള്ള ആശയങ്ങൾ കാണാം. കാരണം ഖുർആനും ഹദീസും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ് ഹദീസുകൾ പ്രവാചകൻ (സ) യുടെ വാക്കുകൾ ആണെങ്കിലും അവയുടെ ഉത്ഭവം അല്ലാഹുവിൽ നിന്ന് തന്നെയാണ്. ദിവ്യസന്ദേശമായി അല്ലാഹുവിൽ നിന്നുള്ള വഹ് യ് മാത്രമാണ് പ്രവാചകന്റെ (സ) സംസാരങ്ങൾ എന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .
സഈദ് പി കെ പൂനൂർ



COMMENTS