യു.എസിലെ തെരെഞ്ഞെടുപ്പ് ദിനമായ 2020 നവംബര്‍ 3ന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രസിഡന്റ് ട്രംപും ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ബിഡനും പൊതുജനങ്ങളെ സ്വാധീനിക്കുന്നതിനായി ഓവര്‍ടൈം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് കഴിഞ്ഞ വാരാന്ത്യത്തില്‍ നെവാഡയിലെ നിരവധി റാലികളില്‍ പങ്കെടുത്തപ്പോള്‍ ജോ ബിഡന്‍ ഒരുപാട് സ്വകാര്യ ധനസമാഹരണ പരിപാടികളില്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ ഉദ്ധരിച്ച് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയയിലും പത്രസമ്മേളനങ്ങളിലും താന്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് പരസ്യമായി പ്രസ്താവന നടത്തിയിരിക്കുകയാണ്.
ഉത്തരകൊറിയയുമായി ബന്ധപ്പെട്ട സമാധാനകരാറിന് ട്രംപ് മുന്‍കൈയെടുത്തു എന്ന് വാദിച്ചുകൊണ്ട് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേല്‍ നല്‍കണമെന്ന് പറഞ്ഞ് കൊണ്ട് 2018 ല്‍ പതിനെട്ട് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സുകാര്‍ നോബേല്‍ കമ്മിറ്റിക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ വര്‍ഷം മറ്റ് രണ്ട് രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുള്ള സര്‍പ്രൈസ് പ്രസ്താവനകള്‍ കൂടി വന്നതോടെ ട്രംപ് അതീവ സന്തുഷ്ടനാണ്.
കൊസോവോ-സെര്‍ബിയ കരാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപിനെ സമാധാന നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നതായി സ്വീഡനിലെ റിക്‌സ്ഡാഗ് അംഗം മാഗ്നസ് ജേക്കബ്‌സണ്‍ പ്രസ്താവിച്ചു. അതേസമയം, ഇസ്രായേല്‍-യു.എ.ഇ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപിനെ നോബേലിനായി നാമനിര്‍ദ്ദേശം ചെയ്യുന്നതായി നോര്‍വേ പാര്‍ലമെന്റ് അംഗമായ ടൈബ്രിംഗ് പ്രസ്താവിച്ചു. രണ്ടുപേര്‍ക്കും സമൂല വലത് പശ്ചാത്തലമുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 2018ല്‍ സമാധാന നോബേലിനായി ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്ത രണ്ട് സ്വീഡിഷ് ഡെപ്യൂട്ടിമാരില്‍ ഒരാള്‍ കൂടിയാണ് ടൈബ്രിംഗ്.
1901 മുതല്‍ തന്നെ സമാധാനത്തിനുള്ള നോബേല്‍ നല്‍കിവരുന്നുണ്ട്. ലോകയുദ്ധങ്ങളും മറ്റ് രാഷ്ട്രീയ വിഷയങ്ങളും കാരണം ചില വര്‍ഷങ്ങളില്‍ നോബേല്‍ നല്‍കിയിരുന്നില്ല. ആല്‍ഫ്രെഡ് നോബലിന്റെ ആഗ്രഹമനുസരിച്ച്, ഓരോ വര്‍ഷവും രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിനും നിരായുധീകരണത്തിനും അതിര്‍ത്തികളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനും സമാധാന സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതിനും വേണ്ടി ഏറ്റവും കൂടതല്‍ ശ്രമിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമൊക്കെയാണ് സമാധാന നോബേല്‍ നല്‍കപ്പെടുന്നത്.
ഓസ്‌ലോയിലെ നോര്‍വേജിയന്‍ നോബേല്‍ കമ്മിറ്റിയാണ് സമാധാനത്തിനുള്ള നോബേല്‍ നല്‍കുന്നത്. നോബേല്‍ കമ്മിറ്റി അംഗങ്ങളെ നോര്‍വേജിയന്‍ പാര്‍ലമെന്റ് ആണ് തെരെഞ്ഞെടുക്കുന്നത്. ഈ വര്‍ഷം 318 പേര്‍ സമാധാന നോബേലിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. നോമിനി നമ്പറുകളെ സംബന്ധിച്ചെടുത്തോളം, ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ നോമിനികളാണ് ഈ വര്‍ഷം നിര്‍ദ്ദേശിക്കപ്പെട്ടത്. നോമിനികളെ നോര്‍വേയില്‍ നിന്നാണ് മൂല്യനിര്‍ണ്ണയം ചെയ്യപ്പെടുന്നത്. മറ്റെല്ലാ നോബേല്‍ സമ്മാനങ്ങളും സ്വീഡനില്‍ വെച്ചാണ് നല്‍കപ്പെടുന്നതെങ്കില്‍ സമാധാനനോബേല്‍ നോര്‍വെയില്‍ വെച്ചാണ് നല്‍കപ്പെടുന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ 2009ല്‍ തന്റെ ആദ്യ പ്രസിഡന്റ് കാലാവധിയുടെ തുടക്കത്തില്‍ തന്നെ നോബേല്‍ സമ്മാനം നേടിയിരുന്നു. ഒബാമയുടെ അവാര്‍ഡ് അനവസരത്തിലായിരുന്നുവെന്ന് പലരും വിശേഷിപ്പിച്ചിരുന്നു. എന്നിരുന്നാലും, ആണവായുധങ്ങളില്ലാത്ത ഒരു ലോകത്ത് സമാധാനത്തിനും സുരക്ഷക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നേതൃപരമായ പങ്കിന് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റ് ഒബാമയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് തെരെഞ്ഞെടുക്കുന്നുവെനന്നായിരുന്നു അന്നത്തെ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.
അത്യധികം അഭിമാനകരമായ ഈ ബഹുമതിക്കായി അവസാനമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തീയ്യതി ഫെബ്രുവരി 1 ആണ്. അതായത്, ട്രംപ് നേരത്തെതന്നെ 2021 സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നുവെന്നര്‍ഥം. അടുത്തവര്‍ഷം സമാധാനനോബേലിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ മിഷേല്‍ ഒബാമ, ബില്‍ ഗേറ്റ്‌സ്, ജോ ബിഡന്‍, ഗ്രെറ്റ തന്‍ബെര്‍ഗ് എന്നിവരൊക്കെ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റി നോമിനികളെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്നില്ല. അതിന്റെ നിയമങ്ങള്‍ അനുസരിച്ച് 50 വര്‍ഷത്തേക്ക് അതിന്റെ ഡാറ്റകള്‍ രഹസ്യമായിരിക്കേണ്ടതുണ്ട്.
പ്രസിഡന്റ് ട്രംപിന് നോബേല്‍ ലഭിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. നോബേല്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ കൂടുതലും ലിബറലുകള്‍ ആയതിനാലും അവരുടെ ആശയങ്ങള്‍ ട്രംപിന്റെ പ്രത്യയശാസ്ത്രത്തിന് എതിരായതിനാലും ട്രംപിനെപോലെ ഒരാള്‍ക്ക് വോട്ട് ചെയ്യാനുളള സാധ്യത വളരെ വിദൂരത്താണ്. നോബേല്‍ കമ്മിറ്റി ന്യായമായി സമ്മാനം നല്‍കുകയാണെങ്കില്‍ പല കാരണങ്ങളാല്‍ അതിന് ഏറ്റവും അര്‍ഹന്‍ താനാണെന്ന് ട്രംപ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്തൊക്കെയാലും പ്രസിഡന്റ് ട്രംപ് സമാധാന നോബേല്‍ സമ്മാനം നേടിയാലും ഇല്ലെങ്കിലും, അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം അത് തന്നെയായിരിക്കും.
അലി സിനാര്‍
വിവ: റാസില്‍ പാലോട്ടുപള്ളി


COMMENTS