മതനിരാസത്തിന്റെ പ്ലാറ്റ്ഫോം വിസ്തൃതമാണ്. നാസ്തികത, സ്വതന്ത്രചിന്ത, റാഷണലിസം, അജ്ഞേയവാദം, സർവ്വമത സത്യവാദം തുടങ്ങിയ ചിന്താ രീതികളുടെ അതിപ്രസരവും അവ മതത്തിനകത്തും പുറത്തും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ആധിക്യവും ഇവയെ ക്ലാസിക്കൽ സോഴ്സുകൾ മുൻനിർത്തി നേരിടാനുള്ള ടെന്റൻസിയുടെ അപര്യാപ്തതയുമാണ് സമകാലികമായി ഇസ്ലാമിക തിയോളജി നേരിടുന്ന സമസ്യകളിലൊന്ന്. പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഇല്ലായിരുന്നുവെങ്കിൽ എന്ന് ഹൈപോതിസിസ് മുൻനിർത്തിയാണ് ഇത്തരം ചിന്താരീതികളുടെ ഗവേഷണങ്ങൾ തുടങ്ങുന്നതു തന്നെ.
ദൈവികതയും പ്രവാചകത്വവും ഇസ്ലാമിന്റെ കോസ്മോളജിക്കൽ, മെറ്റാഫിസിക്കൽ ആർഗ്യുമെന്റുകളും ദൈവശാസ്ത്ര വിഷയങ്ങൾ പ്രതിപാദിക്കുന്ന ട്രഡീഷണൽ ഗ്രന്ഥങ്ങളും സ്വൽപം സങ്കീർണവും ലളിത യുക്തിക്ക് വഴങ്ങാത്തതുമാണ്. പ്രായോഗിക മതജീവിതത്തിന് ഇത്തരം ജ്ഞാനവ്യവഹാരങ്ങൾ അനിവാര്യമല്ലാത്തതിനാലും സാധാരണ നിരീക്ഷണ-പഠനങ്ങളിൽ വഴങ്ങാത്തതിനാലും ഗഹനവും ഒപ്പം ലളിതവുമായ പഠനങ്ങൾ ഈ മേഖലയിൽ തുലോം വിരളമാണ്.
തിയോളജി നേരിടുന്ന കാലിക സമസ്യകൾക്ക് പക്ഷേ ഇതിൽ പൂരണമുണ്ട് താനും.
മുസ്ലിം ലോകത്ത് നിലനിൽക്കുന്ന മത-ഭൗതിക-ബൗദ്ധിക സംവാദങ്ങളിൽ കൃത്യവും സുതാര്യവുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായി, ഇസ്‌ലാമിക ശരീഅത്തും ഫിഖ്ഹും സർവ്വകാലികമല്ലെന്ന് അസ്ഥാനത്തുദ്ധരിച്ചവർക്കും മദ്ഹബ് നിരാകരണത്തിന് ചൂട്ടുപിടിച്ച സലഫി ധാരകൾക്കും പ്രമാണബദ്ധമായി മറുപടി നൽകി അക്കാദമിക ലോകത്ത് ശ്രദ്ധേയനായ സിറിയൻ പണ്ഡിതനും ശാഫിഈ മദ്ഹബുകാരനുമായ ഡോ സഈദ് റമദാൻ അൽ ബൂത്വിയുടെ അൽ കുബ്റൽ യഖീനിയ്യാത്ത് അൽ ഖൗനിയ എന്ന ബൃഹത്ത് ഗ്രന്ഥം ഈ മേഖലയിൽ പ്രസിദ്ധമാണ്.
ഹിംസാത്മകമായ മത വിമർശനങ്ങൾക്ക് നേതൃത്വം നൽകി റെഡിമെയ്ഡ് ഉത്തരങ്ങളും പ്രീപ്ലാൻഡ് ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ച് കലഹിച്ച്, ഇസ്‌ലാമിക ശരീഅത്തിനും അഖീദക്കും യുക്തിരാഹിത്യം ചാർത്തി ശാസ്ത്രത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന നവനാസ്തികർക്ക് അക്കമിട്ട് മറുപടി പറയുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ച വേളയിൽ തന്നെ അക്കാദമിക് സംവാദ വേദികളിൽ വൻസ്വീകാര്യത നേടിയിരുന്നു
കേരളത്തിലും സ്വതന്ത്രചിന്തയും നാസ്തികതയും കുപ്രചാരണങ്ങൾ കൊണ്ട് മൈലേജുണ്ടാക്കിയ ഈ കാലത്ത് ഇസ്ലാമിക വിശ്വാസത്തിന്റെ ആധികാരികത യുക്തിഭദ്രമായി സമർത്ഥിക്കുന്ന പ്രസ്തുത ഗ്രന്ഥം
'സാർവലൗകിക സത്യങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് ഭാഷാന്തരം നിർവഹിച്ചത് വലിയ മുതൽക്കൂട്ടാണ്.
പശ്ചിമേഷ്യയിലെ ആഭ്യന്തര യുദ്ധങ്ങൾക്കിടയിലും ഭരണകൂടത്തോടൊപ്പം നിന്ന് ഭരണാധികാരി പരസ്യമായി മതനിഷേധത്തിന് മുതിരുകയോ നിസ്കാരം വിലക്കുകയോ ചെയ്യാത്തിടത്തോളം കാലം വിമത വിപ്ലവം വിനകൾ ക്ഷണിച്ചു വരുത്തുമെന്ന ബൂത്വിയുടെ കർമശാസ്ത്ര നിലപാടാണ് ലോക മുസ്ലിം പണ്ഡിതർക്കിടയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചത്. കണിശതയുടെ നിലപാടുതറയിൽ യൂസുഫുൽ ഖറദാവി അടക്കമുള്ള സലഫി - ഇഖ്വാനി പണ്ഢിതരോടും നിരന്തരം കലഹിക്കേണ്ടി വന്ന ബൂത്വിയുടെ വീക്ഷണങ്ങളുടെ മൂർച്ച ഈ ഗ്രന്ഥത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. കേവല നിരീക്ഷണങ്ങളോ ഊഹാപോഹങ്ങളുടെ ബാക്കിപത്രമായ നിഗമനങ്ങളോ അല്ല, ദൃഢവും സുവ്യക്തവുമായ ജ്ഞാനവ്യവസ്ഥകളിലൂടെയും യുക്തിവിചാരങ്ങളിലൂടെയും ഞാൻ എത്തിച്ചേർന്ന പരമമായ ബോധ്യവും യാഥാർത്ഥ്യവുമാണ് എന്റെ വിശ്വാസം എന്ന ബൂത്വിയുടെ തുറന്നു പറച്ചിലിൽ തന്നെയുണ്ട് ചില സൂചനകൾ.
ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന വിഷയങ്ങൾ ഗഹനമായി അവതരിപ്പിക്കുന്നത് ട്രഡീഷണൽ മുസ്ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളിലാണ്. പക്ഷേ ഇസ്ലാമിന്റെ അത്തരം ക്ലാസിക് ഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഒരു പരിധി വരെ പണ്ഡിതർക്ക് മാത്രമേ സാധിക്കൂ. ഉപരിപ്ലവമായി കാര്യങ്ങൾ ഉൾക്കൊള്ളുന്നവർക്ക് ക്ലാസിക്കൽ രചനകളുടെ ഉള്ളറകൾ ഗ്രഹിക്കാൻ ആവില്ലെന്ന സമസ്യയാണ് ബൂത്വി ഇവിടെ
സമർത്ഥമായി കൈകാര്യം ചെയ്ത് ലളിതമായി അവതരിപ്പിച്ച് പരിഹാരമുണ്ടാക്കിയത് .
![]() |
| Ramadan Boothi |
അഞ്ചു ഭാഗങ്ങളായി തിരിച്ചിട്ടുള്ള കുബ്റൽ യഖീനിയ്യാത്ത് പ്രപഞ്ചോൽപ്പത്തി, ദൈവാസ്തിക്യം, പ്രവാചകത്വം, പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ, അദൃശ്യകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ എത്തിച്ചേരുന്നത് തൗഹീദിന്റെ ഏകതയിലാണ്. അല്ലാഹുവിന്റെ അസ്ഥിത്വം അംഗീകരിക്കലാണ് ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാനശില എന്ന നിരീക്ഷണത്തിൽ നിന്നാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഈ വിശ്വാസങ്ങൾ പറഞ്ഞു ഉറപ്പിക്കുകയും പ്രാപഞ്ചിക യാഥാർഥ്യങ്ങളെ സർവ്വം സാധിക്കുന്ന അപാര ശക്തിയായ അല്ലാഹുവിൽ സമർപ്പിക്കുകയും ചെയ്തു കൊണ്ടാണ് അത് അവസാനിക്കുന്നത്. യാത്രയിൽ ദൈവത്തിന്റെ ഏകതയും അവൻ സ്ഥാപിച്ച നിയമങ്ങളെയും അവന്റെ ദൃഷ്ടാന്തങ്ങളെയും സാധൂകരിക്കുന്ന വിശകലനങ്ങളിലൂടെ വായനക്കാരെ ഗ്രന്ഥകാരൻ കൊണ്ടുപോകുന്നു. അതായത് ഇസ്ലാമിന്റെ നിലപാടു തറകളിൽ ഫലപ്രദമായി ബലപ്പെടുത്തുകയും അതിന്റെ ദൈവശാസ്ത്ര സമീപനങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു രചന മലയാളത്തിന് സാധ്യമാക്കുകയാണ് വിവർത്തകൻ സഈദ് അലി വാഫി ചെയ്യുന്നതെന്ന് സംശയലേശമന്യേ പറയാം.
ഇസ്‌ലാമിക ദൈവിക ശാസ്ത്രത്തിന്റെ യുക്തിവിചാരത്തോടൊപ്പം ദൈവാസ്തിത്വം, പ്രവാചകത്വം, സ്വര്‍ഗം, നരകം, ജിന്ന്, പരലോകം, ശിക്ഷ തുടങ്ങിയ ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാന ഘടകങ്ങള്‍ക്ക് കൃത്യവും ശാസ്ത്രീയവുമായ ന്യായങ്ങള്‍ നിരത്തി പരമ്പരാഗത രീതിയില്‍ നിന്നും ഭിന്നമായി ആധുനിക സംവാദ ശൈലിയിലും ശാസ്ത്രീയ വിശകലനരീതിയിലും മറുപടി പറയുന്ന കൃതി തദ്വിഷയപരമായി നല്ലൊരു റഫറല്‍ ഗ്രന്ഥം കൂടിയാണ്.
![]() |
| Saeed Ali wafy |
അറബി ദാർശനികരുടെ ഗവേഷണ സാധ്യതകളെ മാതൃകകളെ ഈ യജ്ഞത്തിൽ ബൂത്വി കൃത്യമായി തുടരുന്നുണ്ട്. അല്ലാഹുവിന്റെ അസ്ഥിത്വ സംബന്ധമായ വിശദ വിശകലനങ്ങൾക്ക് ശേഷം പ്രവാചകത്വത്തെ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ. നബി (സ ) യുടെ വ്യക്തിജീവിതത്തിനു നേരെ ഉയർന്നു കേട്ട വിമർശനങ്ങളെ സമർത്ഥമായി പ്രതിരോധിക്കുന്നതോടൊപ്പം നുബുവ്വത്തിന്റേയും രിസാലത്തിന്റേയും അർത്ഥവും നിർവചനവും ആലോചനകൾക്ക് വിധേയമാക്കുന്നുണ്ട്. മലക്കുകൾ ജിന്നുകൾ സ്വർഗ്ഗനരകങ്ങൾ ഖബർ ജീവിതം അന്ത്യനാൾ തുടങ്ങിയ അദൃശ്യകാര്യങ്ങൾ തത്വചിന്താപരമായ അപഗ്രഥിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ നിലപാടുകളുമായി ബന്ധിപ്പിക്കുന്നത്. ഇസ്ലാമിന്റെ ചരിത്രവും നാഗരികതയും ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ വിശകലനം ചെയ്യുകയും ഇസ്ലാമിന്റെ ശരീഅയെ അസന്നിഗ്ദ്ധമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നുണ്ട് .
പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള യൂറോ കേന്ദ്രീകൃത ധാരണകളെയും വാർപ്പുരീതികളെയും കൃതിയിൽ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇവല്യൂഷൻ തിയറിയും ഡാർവിനിസവും ലാമാർക്കിയൻ സിദ്ധാന്തവുമൊക്കെ മുടിനാരിഴകീറി പരിശോധിച്ച് നിയോഡാർവിനിസത്തിന്റെ വ്യാഖ്യാനങ്ങളിലെ അബദ്ധ ജഡിലതകൾ പോലും ഖണ്ഡിതമായി തുറന്നുകാട്ടി, ഇസ്ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് മതവിരുദ്ധത വിളവെടുക്കാനുള്ള പരിണാമവാദികളുടെ തന്ത്രങ്ങളെ മുളയിലേ നുള്ളികളയുന്നുണ്ട്. ഒറിജിൻ ഓഫ് ലൈഫും കോസ്മോളജിയും സം ലയിപ്പിച്ച് റിച്ചാർഡ് ഡോക്കിൻസും സാം ഹാരി സുമൊക്കെ നിർമ്മിച്ചു വെച്ച ചില വാർപ്പ് രീതികൾക്ക് യുക്തിഭദ്രമായി തന്നെ ഖണ്ഡനങ്ങൾ നൽകുന്നുണ്ട്. പരിണാമസിദ്ധാന്തം ശരിവെക്കുന്ന മുസ്ലിം പണ്ഡിതർ ഡാർവിന് മുമ്പ് തന്നെ തങ്ങൾ പ്രസ്തുത കാഴ്ചപ്പാട് പുലർത്തിയെന്ന് അതിനെ ന്യായീകരിക്കുമ്പോൾ, ഡാർവിനു മുമ്പു തന്നെ ഡാർവിന് ഇപ്പോൾ പറ്റിയ അബദ്ധം അവർക്കും സംഭവിച്ചു എന്ന് യാതൊരു സന്ദേഹവും ഇല്ലാതെ ബൂത്വി ഉറപ്പിച്ചു പറയുന്നുണ്ട്. മതത്തേയും ശാസ്ത്രത്തേയും പരസ്പര വിരുദ്ധ ദ്വന്ദങ്ങളായി പ്രതിഷ്ഠിച്ച അല്പജ്ഞാനികൾകും ഇത്തരം വായടപ്പൻ മറുപടിയുണ്ട് കൃതിയിൽ.
ചുരുക്കത്തിൽ അശ്അരീ ത്വരീഖത്തുകാരനായ ബൂത്വിയുടെ ഗ്രന്ഥം മലയാളത്തിലെ ദൈവശാസ്ത്ര വായനകളിൽ നവ്യാനുഭവമാണ്. വേ ബുക്സ് പ്രസിദ്ധീകരിച്ച ഗ്രന്ഥം പരിഭാഷപ്പെടുത്തിയത് ഹാഫിസ് സഈദലി വാഫിയാണ്. മൂല ഗ്രന്ഥത്തിലെ ആശയഭദ്രത ചോരാതെ സരളമായ ഭാഷയും വിഷയ ക്രമീകരണങ്ങളിലെ കൃത്യതയും വായനക്കാരന് വിഷയങ്ങൾ ബോധ്യപ്പെടാൻ സഹായിക്കുന്നതോടൊപ്പം തദ്വിഷയകമായി കൂടുതൽ വായനകളിലേക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നുണ്ട്. ഇത്തരം കൃതികൾ മുന്നോട്ടുവെക്കുന്ന ദൈവശാസ്ത്ര സംജ്ഞകളും വ്യാഖ്യാനങ്ങളും മലയാളി വായനക്കാരുടെ മതബോധത്തെ കൂടുതൽ സുതാര്യമാക്കാനാണ് സാധ്യത.
സഈദ് പി.കെ പൂനൂർ



COMMENTS