പ്രവാചകനിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ധ്രുവീകരണവും പാര്‍ശ്വവത്കരണവും സൃഷ്ടിക്കുന്ന തരത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം പുറത്ത് വരുന്നത്. പ്രവാചകനിന്ദ ആരോപിക്കപ്പെട്ട് സാമുവല്‍ പാറ്റി എന്ന അധ്യാപകനെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പോലീസ് വെടിവെച്ചു കൊന്നിരുന്നു. അധ്യാപകന്റെ ജീവനെടുത്ത സംഭവം ഇസ്‌ലാമിക ഭീകരവാദമാണെന്നു പ്രഖ്യാപിച്ച ഇമ്മാനുവല്‍ മാക്രോണ്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും സാമുവല്‍ പാറ്റിക്ക് പരമോന്നത ബഹുമതിയായ ഫ്രഞ്ച് ലിജ്യന്‍ ഡി ഓണര്‍ നല്‍കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ വ്യാപകമായി ബഹിഷ്‌കരിക്കുന്ന തരത്തില്‍ കാമ്പയിനുകളും ഹാഷ്ടാഗുകളും ഉയര്‍ന്ന് വരാന്‍ കാരണമായത്.
മാക്രോണിന്റെ പരാമര്‍ശം പ്രവാചകനിന്ദയെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. അധ്യാപകന് മരണാനന്തര ബഹുമതി നല്‍കിയ തീരുമാനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട് മാക്രോണ്‍ നടത്തിയ കടുത്ത ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും മുസ്‌ലിം ലോകം ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇസ്‌ലാം മതത്തിനും മുസ്‌ലിംകള്‍ക്കും നേരെയുള്ള ശക്തമായ അവഹേളനമാണെന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പ്രസ്താവന നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പ്രതികരണം. മറ്റൊരു വിശ്വാസ സമൂഹത്തിലെ മില്യണ്‍ കണക്കിന് വരുന്ന അംഗങ്ങളെ ഇങ്ങനെ കാണുന്ന ഒരു രാഷ്ട്രത്തലവനെ എന്ത് വിളിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹത്തിന്റെ മനോനില പരിശോധിക്കുകയാണ് ആദ്യം വേണ്ടതെന്നും ഉര്‍ദുഗാന്‍ നടത്തിയ പബ്ലിക്ക് പ്രസംഗത്തില്‍ അഭിപ്രായപ്പെടുന്നു.
പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും മുസ്‌ലിംകളെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്ത മാക്രോണിന്റെ പ്രസ്താവനയില്‍ അറബ്, മുസ്‌ലിം ലോകത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. അധ്യാപകനെ വധിച്ച സംഭവത്തെ മുസ്‌ലിം ലോകം അതിശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്നതിനിടെയാണ് മാക്രോണ്‍ ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുന്നത്. ഇത് രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്താനും വിദ്വേഷ പ്രചാരണത്തിനും അവസരം നല്‍കുന്നതാണ്. ഒരു മതത്തെയും പിന്തുണക്കുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുകയില്ലെന്ന രാജ്യത്തിന്റെ അടിസ്ഥാനപരമായ മതേതരമൂല്യത്തിന്റെ വ്യക്തമായ തകര്‍ച്ചയാണിത്.
![]() |
| A sign is placed on partially empty shelves at a market, boycotting French goods in Kuwait City, Kuwait on October 24 |
നിലവില്‍ സിറിയ, ലിബിയ, ഗാസ, ഈജിപ്ത് എന്നിവിടങ്ങളിലൊക്കെ ഫ്രാന്‍സിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. തുര്‍ക്കി, ജോര്‍ദ്ദാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫ്രാന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. നിലവില്‍, ഖത്തറിലും കുവൈറ്റിലും ചില കമ്പനികള്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വാണിജ്യ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാക്രോണിന്റെ പരാമര്‍ശം വിദ്വേഷ സംസ്‌ക്കാരം വളര്‍ത്തുന്നതാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ.നായിഫ് അല്‍ഹജ്‌റഫ് ട്വീറ്റ് ചെയ്തിരുന്നു. മാക്രോണിന്റെ വിവാദ പരാമര്‍ശത്തെ അപലപിച്ച് മുന്‍ നോബേല്‍ സമ്മാന ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഫ്രാന്‍സ് പോലുള്ള ഒരു രാഷ്ട്രത്തിന്റെ തലവന് ഇത് ലജ്ജാകരമാണെന്നായിരുന്നു കര്‍മാന്‍ ട്വീറ്റില്‍ കുറിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറബ് ലോകത്ത് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. #boycottfrance #boycottfrenchproducts എന്നീ ഹാഷ്ടാഗുകളോടെയാണ് സമൂഹമാധ്യമങ്ങളില്‍ ക്യാംപയിനുകള്‍ നടക്കുന്നത്. #nevertheprophet എന്ന അറബിക് ഹാഷ്ടാഗും കുവൈറ്റ്, ഖത്തര്‍, പലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. കുവൈറ്റിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഖത്തറില്‍ വാജ്ബ ഡയറി കമ്പനി ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ കാണുമെന്നും അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചിരുന്നു. ഖത്തറി ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ഞങ്ങളുടെ അലമാരയില്‍ നിന്ന് ഉടന്‍ പിന്‍വലിച്ചതായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. അറബ് ലോകത്തിന്റെ ഈ ബഹിഷ്‌കരണം ഫ്രാന്‍സിന് കനത്ത തിരിച്ചടിയാണ് നല്‍കുക എന്നതില്‍ സംശയമില്ല. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുളള ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
അബ്ദുല്ലത്തീഫ് പാലത്തുങ്കര


COMMENTS