
നജീബ് അഹ്മദ് എന്ന പേര് നമുക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത വലിയ ചോദ്യചിഹ്നമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും 2016 ഒക്ടോബര്‍ 15നാണ് എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതാവുന്നത്. എ.ബി.വി.പിയുടെ സംഘടിത അക്രമത്തെ തുടര്‍ന്നായിരുന്നു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ നജീബ് അപ്രത്യക്ഷമാവുന്നത്!. എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന് ശേഷം നജീബ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഇതിന് ചികിത്സ തേടിപോയതാണെന്നുമായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്.
തന്റെ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 2016 ല്‍ തന്നെ മാതാവ് ഫാത്തിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തെങ്കിലും വര്‍ഷങ്ങള്‍ നാല് കഴിഞ്ഞിട്ടും ഇപ്പോഴും നജീബ് ചോദ്യചിഹ്നമായിത്തന്നെ തുടരുകയാണ്. സി.ബി.ഐ അടക്കമുള്ള ഉന്നത കുറ്റാന്വേഷണ ഏജന്‍സികള്‍ വരെ ഈ തിരോധാനത്തിന് മുന്നില്‍ നിഷ്‌ക്രിയമായി തുടരുമ്പോള്‍, തിരോധാനത്തിന് പിന്നിലുള്ള യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതോടൊപ്പം രാജ്യത്തെ നീതിന്യായ സംവിധാനത്തോടും അന്വേഷണ ഏജന്‍സികളോടുമുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നാള്‍ക്കുനാള്‍ തകര്‍ന്നടിയുകയാണ്.
ജെ.എന്‍.യു.വിലെ ഹോസ്റ്റല്‍ ഇലക്ഷന്‍ സമയത്ത് രാത്രി നജീബിന്റെ മുറിയിലെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബുമായി വാക്കുതര്‍ക്കമുണ്ടാവുകയും ശേഷം സംഘടിച്ചെത്തി അവനെ ബാത്‌റൂമില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും നജീബിനെ കുറ്റക്കാരനാക്കി ഒരു ലെറ്റല്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു എ.ബി.വി.പിക്കാര്‍ മടങ്ങിയത്. നജീബിനെ ഉടനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കണമെന്നുള്ളതായിരുന്നു ആ ലെറ്ററിലെ ഉള്ളടക്കം. ഹോസ്റ്റല്‍ മുറിയില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള പ്രശ്‌നത്തിന്റെ പിറ്റേ ദിവസം മുതലാണ് നജീബിനെ കാണാതായത്. '' എന്റെ മകനെ തല്ലിയവരെ അറസ്റ്റ് ചെയ്യൂ, അവരെ ചോദ്യം ചെയ്താല്‍ മനസ്സിലാവും എന്റെ മകന്‍ എവിടെയാണെന്ന് '' എന്ന് മാതാവ് ഫാത്തിമ നഫീസ് നിരന്തരം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പക്ഷെ, അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുനിവേഴ്‌സിറ്റി അധികൃതരോ പോലീസോ തയ്യാറായിരുന്നില്ല. തന്റെ മകന് എന്താണ് സംഭവിച്ചതെന്നറിയാനുള്ള ഒരു മാതാവിന്റെ അവകാശത്തെയാണ് ഇവിടെയുള്ള ഭരണകൂടം ധ്വംസിച്ചുകൊണ്ടിരിക്കുന്നത്. ''എന്റെ മകനെ കണ്ടെത്തിയാല്‍ അവനെ അക്രമിച്ച എല്ലാവര്‍ക്കും ഞാന്‍ പൊറുത്തുകൊടുക്കും '' എന്ന് നിയമപോരാട്ടത്തില്‍ സജീവമായി നിലകൊള്ളുന്ന ഫാത്തിമ നഫീസ് പറയുന്നു. ജെ.എന്‍.യു അധികൃതരില്‍ നിന്നുള്ള പ്രതികരണങ്ങളും അങ്ങേയറ്റം നിരാശാജനകമാണെന്നും ജെ.എന്‍.യുവിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും ഫാത്തിമ പറഞ്ഞുവെക്കുന്നു. നിങ്ങളുടെ മകനോ മകളോ ആണ് ഒരു ദിവസത്തേക്ക് കാണാതാക്കപ്പെട്ടതെങ്കില്‍ താങ്കള്‍ എത്രത്തോളം അസ്വസ്ഥനാവും എന്നാണ് തനിക്ക് വി.സിയോട് ചോദിക്കാനുള്ളതെന്ന് നഫീസ കണ്ണിരോടെ ചോദിക്കുന്നു.
ഇപ്പോഴും ആ ഉമ്മ പ്രതീക്ഷയില്‍ തന്നെയാണ്. പ്രതീക്ഷകള്‍ ഇല്ലാതെ എന്ത് ജീവിതം എന്നാണ് ഫാത്തിമ ചോദിക്കുന്നത്. നജീബിനെ കണ്ടെത്തുംവരെ നിരന്തരാന്വേഷണത്തിലേക്ക് ആ ഉമ്മയെ നയിക്കുന്നത് ആ പ്രതീക്ഷ തന്നെയാണ്. നീതി യാചിച്ച് പ്ലക്കാര്‍ഡുകളുമായി അവര്‍ ഒരുപാട് കാലം തെരുവുകളിലിരുന്നു, മാര്‍ച്ചുകളില്‍ പങ്കെടുത്തു. അന്വേഷണ സംഘത്തിനും കേന്ദ്രസര്‍ക്കാറിനും നിരവധി നിവേദനങ്ങള്‍ നല്‍കി. നിരവധി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി.
നജീബിന്റെ തിരോധനം രാജ്യത്ത് നടക്കുന്ന മറ്റു തിരോധാനങ്ങളെപ്പോലെ സ്വാഭാവികമല്ല, തികച്ചും ആസൂത്രിതമായ നിര്‍ബന്ധിത തിരോധാനം തന്നെയാണിത്. കേസിന്റെ അന്വേഷണങ്ങള്‍ എവിടെയുമെത്താത്തതും അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതും യാദൃശ്ചികമായിക്കാണാന്‍ കഴിയില്ല. മറിച്ച്, രാജ്യത്ത് തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയുടേയും പാര്‍ശ്വവ്തകരണത്തിന്റെയും ഭാഗമായുള്ള ആസൂത്രിതമായ നീക്കം തന്നെയാണിത്. ഒരു സമുദായം നിരന്തരം അപരവത്കരിക്കപ്പെടുന്നതിന്റെ ഒരുപാട് പ്രതീകങ്ങളില്‍ ഒന്നാണ് നജീബ്. ഓരോ സംഭവത്തിന് ശേഷവും നീതി ആവശ്യപ്പെട്ടുകൊണ്ട് വ്യത്യസ്തങ്ങളായ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെടുകയും പുതിയത് വരുന്നതിനനുസരിച്ച് ഓരോന്നും മറവിയുടെ കയത്തിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നജീബിനെ നാം മറവിയുടെ കയത്തിലേക്ക് എറിഞ്ഞുകൊടുക്കരുത്!
അബ്ദുല്ലത്തീഫ് പാലത്തുങ്കര


COMMENTS