ഇസ്ലാം ദിനം തോറും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഇസ്‌ലാമിന്റെ വളർച്ചയോടൊപ്പം ഇസ്ലാം വിമർശനവും വലിയ തോതിൽ അധികറിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. നബി (സ ) തങ്ങളുടെ കാലം മുതൽക്ക് തന്നെ കേരളത്തിൽ ഇസ്‌ലാം എത്തിയിട്ടുണ്ട് എന്നാണ് ചരിത്ര പക്ഷം. പതിനെട്ടാം നൂറ്റാണ്ടിൽ ബാ അലവി കുടുംബം കേരളത്തിൽ കുടിയേറി പാർത്തതോടെയാണ് കേരളത്തിൽ വിശിഷ്യാ മലബാറിൽ ഇസ്‌ലാം കൂടുതൽ വ്യാപിച്ചത്. മലബാറിൽ ബാ അലവി കുടുംബത്തിന്റെ താമസം ബ്രിട്ടീഷ് ഭരണ കാലത്തെ കൊളോണിയൽ വിരുദ്ധ പ്രതിരോധ സമരങ്ങൾക്കും വലിയ തോതിൽ കേരള ജനതയ്ക്ക് താങ്ങായിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ യമനിലെ ഹദർമൗതിലെ നൂറ്റി അറുപതോളം വരുന്ന ഗോത്രത്തിൽ ഏറ്റവും ബഹുമാനവും ആദരവും കൂടിയ ഗോത്രമാണ് ബാ അലവി. അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ഗോത്രങ്ങളുടെയും വംശാവലി ചെന്നെത്തുന്നത് നബി തങ്ങളുടെ (സ്വ) മകൾ ഫാത്തിമ ബീവി (റ) യിലേക്കും മരുമകൻ അലി (റ) വിലേക്കുമാണ്. ലോകത്ത് ഇസ്‌ലാമിന്റെ വളർച്ചയിലും പ്രചാരണത്തിലും ഹള്റമി വംശത്തിന് വലിയ സ്വാധീനമുണ്ട്. ഇസ്‌ലാമിന്റെ പ്രചരണത്തിനായും വാണിജ്യാവിശ്യത്തിനായും തരീമിൽ നിന്ന് പാശ്ചാത്യ- പൗരസ്ത്യ ദേശങ്ങളിലേക്ക് അവർ വ്യാപിച്ചു. അങ്ങനെ ഹിജ്റ 616 / 1220 കളിൽ അവർ ഇന്ത്യയിലും എത്തി. ബിജാപുർ, സൂറത്, അഹ്മദാബാദ്, ബ്രോച്ച്, ഹൈദരാബാദ്, ഡൽഹി, ബറോഡ, മലബാർ പോലോത്ത രാഷ്ട്രീയ സാംസ്കാരിക വാണിജ്യ മേഖലകളിൽ അവർ താമസം ഉറപ്പിച്ചു.
ഇവരിൽ പ്രമുഖനായ സയ്യിദ് ശൈഖ് ജിഫ്‌രി അവർകളാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ ആദ്യമായി ബാ അലവി സിൽസിലയിൽ നിന്ന് കാലിക്കറ്റിൽ സ്ഥിര താമസമാക്കിയത്. ഇവരിലൂടെയാണ് പിന്നീട് കേരളത്തിൽ ഇസ്‌ലാം വ്യാപകമായി വളർന്നത്.
സയ്യിദ് അലവി തങ്ങളും മമ്പുറവും
പ്രവാചകൻ (സ്വ) യുടെ പ്രത്യേക പ്രാര്‍ത്ഥനക്ക് ഭാഗ്യം സിദ്ധിച്ച് യമനില്‍ നിന്ന് അനേകം പ്രവാചക പൗത്രന്‍മാര്‍ കേരളത്തിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ട സ്ഥാനം കൈവരിച്ച വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ. കേരളത്തിലേക്കു വന്ന തന്‍റെ മാതുലന്‍ ഹസന്‍ ജിഫ്രി(റ) നെ പറ്റി വളര്‍ത്തുമ്മയില്‍ നിന്നറിയുകയും ശേഷം മലബാറിലേക്ക് വരാനും മാതുലനെ കാണാനും തങ്ങളുടെ ഹൃദയം വെമ്പല്‍ കൊള്ളുകയും ചെയ്തു. ആഗ്രഹ സഫലീകരണത്തിന് മാതൃസഹോദരിയുടെ അനുമതി ലഭിച്ചതോടെയാണ് തന്‍റെ പതിനേഴാം വയസ്സില്‍ ശഹര്‍ മുഖല്ല തുറമുഖത്തുനിന്ന് യാത്ര തിരിച്ച് തങ്ങള്‍ ഹിജ്റ 1183 ന് റമദാന്‍ 19ന് കോഴിക്കോട് കപ്പലിറങ്ങുന്നതും പിന്നെ മമ്പുറം എത്തുന്നതും.
ചെറു പ്രായത്തിൽ തന്നെ ഖുർആൻ മനപ്പാഠമാക്കിയ സയ്യിദ് അവർകൾ വ്യത്യസ്ത ഫന്നുകളിൽ തന്റെ കഴിവ് തെളിയിച്ചു.
മമ്പുറം തങ്ങളും കൊണ്ടോട്ടി തങ്ങൾമാരും ആശയപരമായും പ്രവർത്തിപരമായും പരസ്പര വൈര്യുദ്ധ്യത ഉള്ളതിനാൽ തന്നെ അവർ തമ്മിൽ കലഹത്തിലായിരുന്നു. ഷിയാ ആശയങ്ങളോട് പൊരുത്തമുള്ള കൊണ്ടോട്ടി തങ്ങൾമാർ നിസ്കാരത്തെയും ഹജ്ജിനെയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും നഗ്നനായി നടന്നാൽ അല്ലാഹുവിലേക്ക് എളുപ്പത്തിൽ എത്താം എന്നും പഠിപ്പിച്ചിരുന്നു എന്നതാണ് ഇവർക്കിടയിൽ നിലനിന്നിരുന്ന വലിയ പ്രശ്നം. ഇത്തരത്തിൽ ജീവിതം അനീതിക്കെതിരെയും ഇസ്‌ലാമിക സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന എന്തിനെയും എതിർത്ത് കൊണ്ട് മമ്പുറം തങ്ങൾ കഴിച്ച് കൂട്ടി. ഹിജ്റ 1260 (1845) മുഹറം ഏഴിന് ഞായറാഴ്ച രാത്രി തന്‍റെ തൊണ്ണൂറ്റിനാലാം വയസ്സില്‍ ആ പുണ്യാത്മാവ് ലോകത്തോട് വിട പറഞ്ഞു. ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായി ജ്വലിച്ച് നിന്ന സൂര്യതേജസ്സ് അസ്ഥമിക്കുകയായിരുന്നു. ലോകത്ത് നിന്ന് മാഞ്ഞിട്ടും മറയാതെ ഇന്നും ജനങ്ങള്‍ക്ക് ആത്മീയ നേതൃത്വം നല്‍കി ആ പുണ്യാത്മാവ് ജന മനസ്സുകളില്‍ ജീവിക്കുകയാണ്.
പ്രശസ്ത ചരിത്രകാരൻ കെ കെ അബ്ദുൽ കരീം സാഹിബിന്റെ മകൻ കെ.കെ മുഹമ്മദ് സത്താർ രചിച്ച ഈ പുസ്തകം പ്രധാനമായും മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങളുടെ രാഷ്ട്രീയ ചുറ്റുപാടുകളെ കുറിച്ച് മാത്രം പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുള്ള ഒരു രചന ആയതിനാൽ തന്നെ ഫസൽ തങ്ങളുടെ സാധാരണ ജീവിതം കൂടുതൽ പറയുന്നതിൽ നിന്ന് മാറി രാഷ്ട്രീയ ജീവിതമാണ് ഊന്നി പറയുന്നത്. രാഷ്ട്രീയ രംഗത്ത് പ്രോജ്ജ്വലിച്ച് നിന്ന സയ്യിദ് അലവി തങ്ങളുടെ മകൻ ആയിരിക്കുമ്പോൾ തീർച്ചയായും ഫസൽ തങ്ങളും അത്തരം മേഖലയായി ഇടയപഴകിയിട്ടുണ്ടാകും എന്ന ധാരണ എത്രത്തോളം ശരി അല്ലെങ്കിൽ തെറ്റ് ആണ് എന്ന് അന്നേഷിക്കുകയാണ് ഈ കൃതി.
സയ്യിദ് ഫസൽ തങ്ങൾ
1834 ൽ ഫാത്തിമക്കും അലവി തങ്ങൾക്കും പിറന്ന ഫസൽ തങ്ങൾ ചെറുപ്പത്തിൽ തന്നെ പഠന രംഗത്ത് വലിയ മികവ് കാണിച്ചതിനാൽ തന്നെ പിന്നീട് ഇരുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായി വായ്തപ്പെടുന്നുണ്ട്.
രാഷ്ട്രീയ രംഗത്ത്
മഞ്ചേരി കലാപ്പം (1849), കൊളത്തൂർ ലഹള (1851), മട്ടന്നൂർ കാലാപ്പം (1852) എന്നീ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെ എല്ലാം വിശദമായി വിവരിച്ച് കൊണ്ടാണ് പുസ്തകം മുന്നോട്ട് പോകുന്നത്.
പുസ്തകത്തിന്റെ കാതൽ സയ്യിദ് ഫസൽ തങ്ങളുടെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന് നാം നേരത്തെ സൂചിപ്പിച്ചല്ലോ. മാപ്പിളമാരുടെ ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ സയ്യിദ് ഫസൽ തങ്ങൾക്ക് നേരിട്ടുള്ള ബന്ധം ഒന്നും തന്നെ ഇല്ല. മാപ്പിള മുസ്‌ലിംകൾ സയ്യിദ് അലവി തങ്ങൾക്ക് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ നേരിട്ടും അല്ലാതെയും ബന്ധമുണ്ട് എന്ന് ഉറപ്പിച്ച് വിശ്വസിക്കുന്നുണ്ടങ്കിലും സയ്യിദ് ഫസൽ തങ്ങളുടെ നേരിട്ടുള്ള ഇടപെടലിന് യാതൊരു സ്റ്റാബിൾ ആയിട്ടുള്ള തെളിവും ഇല്ല എന്ന് തന്നെ പറയാം. ഉറച്ച തെളിവുകൾ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അതോറിറ്റി തയ്യാറാക്കുന്ന പല റിപ്പോർട്ടുകളും തന്നെ പരസ്പര വൈരുദ്ധ്യമാണ്.
ഫസൽ തങ്ങൾക്ക് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ബന്ധമുണ്ട് എന്ന് തെളിയിക്കാൻ ആകെ ബ്രിട്ടീഷ്കാർ ഏറ്റുപിടിക്കുന്ന തെളിവ് ഒരിക്കൽ വെള്ളിയാഴ്ച ഖുത്ബക്ക് തങ്ങൾ അവർകൾ "ഒരു ജെന്മിയെ കൊല്ലുന്നത് തെറ്റല്ല മറിച്ച് അതൊരു നേട്ടമായി എടുക്കണം" എന്ന് പറഞ്ഞ വാക്കുകൾ മാത്രമാണ്.
ഇനിയും അലവി തങ്ങളുടെ മകനിലൂടെ സമരങ്ങൾ നടക്കുമോ എന്ന് പേടിച്ച് കൊണ്ട് ബ്രിട്ടീഷ്കാരുടെ കടുത്ത നിർബന്ധ പ്രകാരം ഫസൽ തങ്ങൾ അറേബ്യൻ രാജ്യങ്ങളിലേക്ക് 1852 മാർച്ച് 19 -ന് 57 അനുയായികളോട് ഒപ്പം നാട് കടത്തപ്പെടുകയാണ്. സയ്യിദ് ഫസൽ തങ്ങളുടെ ഈ യാത്ര ബ്രിട്ടീഷ് സംഘത്തിലെ കോണോലി കാരണമാണ് എന്ന് പറഞ്ഞ് മാപ്പിള മുസ്‌ലിംകൾ കോണോലിയെ 1855 സെപ്റ്റംബർ 11 -ന് വെട്ടി കൊല്ലുകയായിരുന്നു.
സയ്യിദ് ഫസൽ തങ്ങളുടെ നാടുകടത്തപ്പെട്ട ജീവിതമാണ് പിന്നീട് പുസ്തകത്തിൽ വിവരിക്കുന്നത്. അവിടന്ന് ത്വാഇഫിലേക്കും മക്കയിലേക്കും യാത്ര ചെയ്ത തങ്ങൾ 1875-1879 വരെ സുഫറിൽ ഭരണം നടത്തുകയും പിന്നീട് സുൽത്താൻ അബ്ദു റഹ്മാൻ രണ്ടാമന്റെ ക്ഷണ പ്രകാരം ഓട്ടോമൻ മന്ത്രിയായും ചുമതല ഏൽക്കുന്നുണ്ട്. പുസ്തകത്തിന്റെ അവസാന ഭാഗം മമ്പുറം റീസ്റ്റോറേഷൻ കമ്മിറ്റി എന്ന കമ്മിറ്റി മുഖേനെ സയ്യിദ് ഫസൽ തങ്ങളുടെ കുടുംബത്തെ വീണ്ടും മലബാറിലേക്ക് കൊണ്ട് വരാനുള്ള മുഹമ്മദ് അബ്ദു റഹ്മാൻ അവർകളുടെ കടുത്ത ശ്രമമാണ് വിവരിക്കുന്നത്. ഇതിന്റെ പേരിൽ താൻ അനുഭവിക്കുന്ന മാനസികവും സാമൂഹികപരവുമായ പ്രശ്നങ്ങൾ വ്യക്തമായി വിവരിക്കുന്നുണ്ട്.
മാപ്പിള സമരത്തെ കുറിച്ച് കൂടുതലും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷണ പ്രബന്ധങ്ങൾ ആയിരിക്കെ ഒരു കേരളീയ മുസ്ലിം ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് സത്താർ സാറിലൂടെ Political Biography of Syed fazl Thangal എന്ന ഈ ഇംഗ്ലീഷ് പുസ്തകം പുറത്ത് കൊണ്ട് വരാൻ കോഴിക്കോട് അദർ ബുക്സ് തയ്യാറായത് അഭിനന്ദനാർഹം.
ജുറൈസ് പൂതനാരി

COMMENTS