മുസ്ലിം സാമൂഹ്യ ജീവിതം കൃത്യമായി ആവിഷ്ക്കരിക്കുന്ന രചനയാണ് മുഹമ്മദ് റാഫി എൻ. വിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു' എന്ന നോവൽ.
കഥാകൃത്ത്, കുഞ്ഞിറായി, സമീറ തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു തലമുറയുടെ ബാല്യ കൗമാരങ്ങളിലെ കൗതുക കാഴ്ച്ചകളും
സാമൂഹിക ഇടപെടലുകളും ചിത്രീകരിക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സാംസ്കാരിക തലങ്ങളെ അനാവരണം ചെയ്യുകയാണ് നോവലിസ്റ്റ്.
പി. എ. മുഹമ്മദ് കോയ, എൻ.പി മുഹമ്മദ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, യു. എ. ഖാദർ തുടങ്ങിയ ചില സാഹിത്യകാരന്മാരുടെ സംഭാവനകളെ മാറ്റിനിർത്തിയാൽ മുസ്ലിം സാമൂഹ്യ ജീവിതം മലയാള സാഹിത്യത്തിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ മുഹമ്മദ് റാഫി ഒരു ദേശത്തെ വരച്ചുകാട്ടുമ്പോൾ അതിൽ സുന്നത്ത് കല്യാണം,വഅള്, നബി ദിനം, കയ്യെഴുത്ത്, മാലപ്പാട്ട്, കുത്ത് റാത്തീബ്, ആണ്ട് നേർച്ച തുടങ്ങിയ മുസ്ലിം സാംസ്കാരിക ചലനങ്ങളെല്ലാം കടന്നുവരുന്നുണ്ട്. കൊല്ലങ്കണ്ടി ഉമ്മാമാൻ്റെ ആണ്ടുകൂടാൻ പോയപ്പോൾ ജിന്നിൻ്റെ കഥപറഞ്ഞ് കഥാകൃത്തിനെ ഉറക്കിയ തറവാട്ടിലെ കുഞ്ഞാമിനത്താത്ത കഥകളും പാട്ടുകളും വാമൊഴിയായി പ്രചരിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്.
ഒ.വി. വിജയൻ വികസിപ്പിച്ചെടുത്ത അള്ളാപ്പിച്ച മൊല്ലാക്കയും പുനത്തിലിൻ്റെ ഏറമുള്ളാനുമാണ് മലയാള സാഹിത്യത്തിൽ നിലനിൽക്കുന്ന മുസ്ലിയാർ സങ്കൽപ്പം. അവിടെയാണ് ദുബായ്ക്കാരൻ യൂസുഫ് കൊടുത്ത ടോർച്ച് തന്റെ സേവകനായ കുഞ്ഞമ്മദിന് കൊടുത്ത് പഴയ ബേറ്ററി ടോർച്ച് ഉപയോഗിക്കുന്ന വല്യസ്താദ് കടന്നുവരുന്നത്. വല്യസ്താദിനെയോ മറ്റ് ഉസ്താദുമാരെയോ ചിത്രീകരിക്കുന്ന ഘട്ടത്തിൽ രൂക്ഷമായി വിമർശിക്കുകയും അപരിഷ്കൃത മുദ്രചാർത്തുകയും ചെയ്യുന്ന പരമ്പരാഗത ശൈലിയിൽ നിന്ന് നോവലിസ്റ്റ് മാറിനടക്കുന്നുവെന്നത് ശ്രദ്ധേയമാണ്. റംസാൻ ഉറുദിപ്പിരിവിന് പണം കൊടുക്കാൻ പള്ളിയിൽ വരുന്ന നായർക്ക് തരിക്കഞ്ഞി പകർന്നുകൊടുക്കുന്ന വല്യസ്താദിനെ ചിത്രീകരിക്കുന്നതിലൂടെ മലബാറിൽ നിലനിൽക്കുന്ന സാംസ്കാരിക കൊടുക്കൽ വാങ്ങലുകളിലേക്കും സാമുദായിക സൗഹാർദ്ധത്തിലേക്കും വിരൽചൂണ്ടുകയാണ് നോവലിസ്റ്റ്.
ഒരുദേശം ഓനെ വരയ്ക്കുമ്പോളെല്ലാം ഓൻ്റെ കൂടെ സമീറയെന്ന ഓളെയും വരച്ചുകാട്ടുന്നുണ്ട്. ബാല്യ കൗമാരങ്ങൾ പിന്നിട്ട് യൗവന തീക്ഷ്ണതയിലെത്തിയപ്പോഴും ഓനും ഓളും തമ്മിലുള്ള തീവ്രമായ ഹൃദയബന്ധത്തിന് വിള്ളലേൽക്കുന്നില്ല. ബാല്യകാല കച്ചവടത്തിലും പുസ്തകവായനയിലും സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതിലും പള്ളിയിലെ വഅള് അനുകരിച്ച് പറയുന്നതിലുമെല്ലാം ഓൻ്റെകൂടെ ഓളും പങ്കുചേരുന്നുണ്ട്. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ആ സൗഹൃദക്കൂട്ടായ്മ ഒരു ദേശത്തിൻ്റെ ജീവിത ചിത്രങ്ങളെ സൂക്ഷമമായി വിലയിരുത്തുന്നത് നോവലിലുടനീളം കാണാം.
നോവൽ പരിചയപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം മലബാറിൻ്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന പണപ്പയറ്റിനെ സംബന്ധിച്ചാണ്. സാമ്പത്തിക ആവശ്യങ്ങൾ നേരിടേണ്ടിവരുമ്പോൾ പൊതുവെ ആളുകൾ അവലംബിക്കുന്ന ഒരു സംവിധാനമാണ് പണപ്പറ്റ്. ജനങ്ങളിൽ നിന്ന് പണം സമാഹരിച്ച്
ആവശ്യങ്ങൾ നിറവേറ്റുകയും തുടർന്ന് അടിയന്തര ഘട്ടങ്ങളിൽ പണം തിരിച്ചു നൽകുകയും ചെയ്യുന്ന പയറ്റ് സമ്പ്രദായം സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രശംസനീയമായ മാർഗം തന്നെയാണ്.
ഇങ്ങനെ മലബാറിലെ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക തലങ്ങളെ സമഗ്രമായി സ്പർശിക്കുന്ന നോവൽ വർത്തമാന കാല മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ അടയാളപ്പെടുത്തൽ തന്നെയാണ്.
റുമൈസ് ഗസ്സാലി

COMMENTS