1930 ഹിജ്‌റ 1349 ജനുവരി 1 ന് ഹലബിലെ (ഇന്നത്തെ അലപ്പോ ) പണ്ഡിത കുടുംബത്തില്‍ ജനിച്ച മഹാനവര്‍കളുടെ പ്രാഥമിക പഠനം അലപ്പോയിലെ പ്രശസ്ത പണ്ഡിതനായ ശൈഖ് ജമീല്‍ സ്വാബൂനിയില്‍ നിന്ന് തന്നെ ആയിരുന്നു , അറബി ഭാഷയും ശരീഅ ത്തും പിതാവും നിന്ന് തന്നെ നേടി. ചെറുപ്പം മുതല്‍ തന്നെ പഠനത്തില്‍ വലിയ ഔത്സുക്യമായിരുന്നു വിശേഷിച്ച് ഖുര്‍ആന്‍ സംബന്ധിയായ വിഷയങ്ങളില്‍, അതിനാല്‍ പിതാവിന്റെ കൂടെയിരുന്ന് പഠനത്തില്‍ മുഴുകുന്നതായിരുന്നു ചെറുപ്പം മുതലുണ്ടായിരുന്ന ശീലം, പിതാവും തഥൈവ മകനെ താത്പര്യം മനസ്സിലാക്കി എപ്പോഴും പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറായിരുന്നു. പിതാവ് മാത്രമായിരുന്നില്ല ബന്ധുക്കളില്‍ പലരും പണ്ഡിത കുലപതികള്‍ തന്നെ ആയിരുന്നു , കവി കൂടിയായിരുന്ന വലിയ സഹോദരന്‍ ളിയാഉദ്ദീന്‍ സ്വാബൂനി, മാതാവ് അസ്മ അടങ്ങുന്ന പല പ്രമുഖരുമുള്ള പ്രഗത്ഭ കുടുംബം തന്നെയായിരുന്നു ശൈഖിന്റേത്. ഭൗതിക വിഷയങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഉന്നതി നേടിയിരുന്നെങ്കിലും താല്പര്യം ദൈവീക ആത്മീയ മേഖലകളില്‍ ആയതിനാല്‍ അത് ഉപേക്ഷിച്ചു പൂര്‍ണ്ണമായും മതകീയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നുകയായിരുന്നു. എങ്കിലും ശാസ്ത്രീയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹമുണ്ടായിരുന്നു തന്റെ സെക്കന്‍ഡറി പഠനസമയത്ത് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി , അലപ്പോയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനം നടത്തി തന്റെ പിതാവില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 'ഖസ് റവിയ്യ ' എന്ന സ്ഥാപനത്തില്‍ നിന്ന് തഫ്‌സീര്‍ ഹദീസ് തുടങ്ങിയ വിഷയങ്ങളില്‍ കൂടി അവഗാഹം നേടി 1949 ല്‍പഠിച്ചിറങ്ങിയ ശേഷം ഔഖാഫ് സ്‌കോളര്‍ഷിപ്പോടെ ലോകപ്രശസ്തമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു അവിടെ നിന്ന് കുല്ലിയ്യത്തു ശരീഅയില്‍ ബിരുദവും ഇസ്ലാമിക് ജുഡീഷ്യറിയില്‍ ബിരുദാനന്തരബിരുദവും നേടി, അല്‍അസ്ഹര്‍ പഠനം ജീവിതത്തില്‍ വലിയ നേട്ടമായിരുന്നു , ഭാവിയിലേക്ക് വേണ്ട പാഥേയം അവിടെനിന്ന് തന്നെ നേടിയിരുന്നു അതിനാല്‍ അസ്ഹര്‍ പഠനശേഷം വൈജ്ഞാനിക പ്രസരണത്തില്‍ സജീവമായി. മതകീയ വിഷയങ്ങള്‍ക്കു പുറമേ രസതന്ത്രം, ഫിസിക്‌സ്, ആള്‍ജിബ്ര, ഹിസ്റ്ററി, ജോഗ്രഫി , ഇംഗ്ലീഷ് ഭാഷ തുടങ്ങിയ മേഖലകളിലുള്ള അവഗാഹവും ജ്ഞാനാര്‍ജ്ജവും കൂടുതല്‍ സഹായകമായി. ജന്മനാട്ടില്‍ സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ ഇസ്ലാമിക വിഷയങ്ങളില്‍ അധ്യാപകനായും തുടര്‍ന്ന് 1963 ല്‍പ്രശസ്ത ഇസ്ലാമിക യൂണിവേഴ്‌സിറ്റി ആയ ഉമ്മുല്‍ഖുറാ യില്‍ കുല്ലിയ്യത്തു ശരീഅയില്‍ പ്രൊഫസറായും നിയോഗിതനായെന്നു മാത്രമല്ല, മൂന്ന് പതിറ്റാണ്ടുകാലം അവിടെത്തന്നെ സേവനമനുഷ്ഠിച്ചു അതേസമയം തന്നെ പ്രസ്തുത സ്ഥാപനത്തില്‍ മര്‍കസു ബഹ്‌സില്‍ ഇസ്ലാം വ ഇഹ്യാഉ തുറാസില്‍ ഇസ്ലാമിയ്യ എന്ന ഗവേഷണ കേന്ദ്രത്തില്‍ സയന്റിഫിക് റിസര്‍ച്ചറായും നിയോഗിതനായി മാത്രമല്ല നീണ്ട വര്‍ഷക്കാലം മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ തുല്‍ ആലമില്‍ ഇസ്ലാമിയ്യ) ല്‍ഉപദേഷ്ടാവായി നിലകൊള്ളുകയും ചെയ്തു. മസ്ജിദുല്‍ ഹറമില്‍ പ്രത്യേക ക്ലാസുകളും ജിദ്ദയില്‍ നീണ്ട എട്ടു വര്‍ഷക്കാലം തഫ്‌സീര്‍ ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
തീര്‍ത്തും കര്‍മ്മ നിരതമായിരുന്നു ആ മഹത്വ ജീവിതം. 21 ാം നൂറ്റിയാണ്ടിലും ഒരു പുരുഷായുസ്സ് ഇത്രമേല്‍ ദീനിനും ഗ്രന്ഥരചനക്കുമായി ഉഴിഞ്ഞു വച്ച തുച്ചം ചില ജീവിതങ്ങളില്‍പ്പെട്ട പ്രമുഖരായിരുന്നു ശൈഖ് സ്വാബൂനി. ആ വൈജ്ഞാനിക ജീവിതത്തെ സ്വാധീനിച്ച ഒരുപാട് ഗുരുവര്യന്‍മാരുണ്ടായിട്ടുണ്ട്്. ശൈഖ് മുഹമ്മദ് നജീബ് സ്വിറാജ് , അഹമ്മദ് ശമ്മാഅ് , സഈദ് ഇദ്‌ലിബ് , റാഇബു തബ്ബാഖ് , ശൈഖുല്‍ കുറാഅ് മുഹമ്മദ് ഹയ്യാത്ത്്, തുടങ്ങി നിരവധി പ്രമുഖ പണ്ഡിതര്‍ അവരില്‍ പെട്ടവരാണ്. ഉസ്താദുമാരെ പോലെ തന്നെ നിരവധി പ്രമുഖ ശിഷ്യരുമുണ്ട് . സഊദി ശൂറാ മജ്‌ലിസ് നേതാവ് ഡോ. സ്വാലിഹ് ബ്്‌നു ഹമീദ് ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അഹ്്മദ് ഹുമൈദ് മാനേജര്‍ റാഷിദ് റാജിഹ് ഹറം ഇമാം ഉസാമ ഹയ്യാത്ത്് പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് അലവി മാലിക്കി തുടങ്ങി അനവധി പ്രമുഖരടങ്ങുന്ന വലിയൊരു ശിഷ്യ സമൂഹം തന്നെയുണ്ട്. ഇന്തോനേഷ്യയില്‍ മാത്രം ആയിരത്തോളം ശിഷ്യ ഗണങ്ങളുണ്ട്. ഒരുപാട് നാടുകള്‍ ചുറ്റിനടന്ന് അധ്യാപനം നടത്തിയത് ഒട്ടനവധി ശിഷ്യരെ വാര്‍ത്തെടുക്കാന്‍ സഹായകമാവുകയായിരുന്നു.
.ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിലെ ആസാമാന്യ ഗഹനതയാണ് ശൈഖ് സ്വാബൂനിയെ ആഗോള മുസ്ലിംങ്ങള്‍ക്കിടയില്‍ നിന്ന് വ്യതിരിക്തനാക്കുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ രചനകള്‍ മിക്കതും ഉദ്ധൃത ജ്ഞാന വ്യവഹാരങ്ങളിലൂന്നിയതായിരുന്നു. പല പ്രശസ്ത തഫ്‌സീറുകളുടെയും സംക്ഷിപ്തം അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ വിഖ്യാതമാണ് സഫ്‌വത്തു തഫാസീര്‍ , പല ഗ്രന്ഥങ്ങളും ഇംഗ്ലീഷ് ,ഫ്രഞ്ച്, തുര്‍ക്കിഷ് തുടങ്ങി ഒട്ടനവധി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഗ്രന്ഥങ്ങള്‍ അധ്യാപന കാലത്ത് തന്നെയായിരുന്നു രചിച്ചത്. മറ്റു ചിലത് അധ്യാപന ശേഷം ഒഴിഞ്ഞിരുന്ന് രചനയില്‍ ശ്രദ്ധയൂന്നിയ സമയത്തും സഫ് വത്തു തഫാസീര്‍ , റവാഇഉല്‍ ബയാന്‍ ഫീ തഫ്‌സീറി ആയത്തില്‍ അഹ്കാം , മിന്‍ കുനൂസി സുന്ന, മവാരീസ് ഫീ ശരീഅത്തില്‍ ഇസ്്‌ലാമിയ്യ, ഇഅ്ജാസുല്‍ ബയാന്‍ , അത്വിബ് യാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ തുടങ്ങിയ നാല്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം ഉമ്മത്തിന് സമര്‍പ്പിച്ചു. പ്രത്യേകിച്ച് ഖുര്‍ആനിലും അതല്ലാതെ അനന്തരാവകാശം, അഖീദ ,ഭൂമി ശാസ്ത്രം ഹദീസ് സംബന്ധിയായത് തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്നു പ്രസ്തുത ഗ്രന്ഥങ്ങള്‍. തഫ്‌സീറു ത്വബ് രി , ഇബ്‌നു കസീര്‍ പോലോത്ത പ്രശസ്ത തഫ്‌സീര്‍ ഗ്രന്ഥങ്ങളുടെ സംക്ഷിപ്തങ്ങളും ഗ്രന്ഥരചനയില്‍ പെട്ടു എന്നത് അദ്ദേഹത്തെ വ്യതിരക്തനാക്കുന്നു.
വിശാലമായ ജ്ഞാനസമ്പാദനത്തിലൂടെയും അധ്യാപനത്തിലൂടെയും നേടിയെടുത്ത തഫ്‌സീര്‍ വിജ്ഞാനത്തില്‍ നിന്ന് സമുദായത്തിന് ലഭിച്ച അമൂല്യ നിധിയാണ് ശൈഖിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ സഫ് വത്തു തഫാസീര്‍. 1978- ല്‍ തയ്യാറാക്കിയതാണ് പ്രസ്തുത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്ക് കുറവുണ്ടായിട്ടല്ല അദ്ദേഹം ഇത്തരമൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നത്. മറിച്ച് അവകളില്‍ ഉള്ള ദുര്‍ഗ്രാഹ്യത നീക്കി കൂടുതല്‍ മനസ്സിലാവും വിധം സ്പഷ്ടമായും വ്യക്തമായും അവതരിപ്പിക്കുക എന്ന വലിയ ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ആദ്യം സൂറത്തിന്റെ രീതിയും ചര്‍ച്ച വിഷയങ്ങളും ചുരുങ്ങിയ രീതിയില്‍ അവതരിപ്പിച്ച ശേഷം പ്രമുഖമായ അഭിപ്രായങ്ങള്‍ കൊടുത്ത് ഏറ്റവും പ്രബലമായവ ഉദ്ധരിച്ച് വിശദീകരിച്ച ശേഷം സൂറത്തിലെ ഭാഷാ വൈവിധ്യങ്ങളും സാഹിത്യ ശൈലിയും പ്രത്യേകം ചര്‍ച്ച ചെയ്യുന്ന വ്യത്യസ്തമായ ശൈലിയാണ് ശൈഖ് സ്വീകരിച്ചത്. ഏറ്റവും ആധുനികമായ കിത്താബായിട്ടും നിഷ്പക്ഷമായി പ്രമാദരായ പണ്ഡിതരുടെ പ്രത്യേക അഭിനന്ദനങ്ങളും ആശീര്‍വ്വാദങ്ങളും ഏറ്റുവാങ്ങാനുതകുന്ന പ്രബലാഭിപ്രായങ്ങള്‍ മാത്രം ഉദ്ധരിക്കുന്ന ഒരു അമൂല്യ രത്‌നം തന്നെയാണ് ചുരുക്കത്തില്‍ ശൈഖിന്റെ ഗ്രന്ഥം. അശ്അരി , സുന്നി സരണി പൂര്‍ണ്ണമായി അനുധാവനം ചെയ്യുന്ന ശൈഖിന്റെ സുന്നി ആശയ ധാരയിലുള്ള വിശദീകരണങ്ങള്‍ ഉമ്മത്തില്‍ പ്രശ്‌നങ്ങളുടെയും ചിദ്രതയുടെയും വിത്ത് പാകിയ മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിന്റെ ആദര്‍ശം പിന്തുടരുന്ന വഹാബി ചിന്തയുള്ള ചില പണ്ഡിതര്‍ ഈ ഗ്രന്ഥത്തിന് നേരെ ആക്ഷേപ വര്‍ഷം നടത്തിയിരുന്നു. കാരണം സുന്നി ആശയം പിന്തുടര്‍ന്നത് അവരെ ചൊടിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ വഹാബി ആശയം അംഗീരിക്കുന്ന നാടുകളിലെ പണ്ഡിതര്‍ നിഷിതമായി വിമര്‍ശനങ്ങള്‍ നടത്തിയെന്ന് മാത്രമല്ല അവിടങ്ങളില്‍ നിശ്ചിത ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ അനുവദിക്കൂ എന്ന് പറഞ്ഞ് നിരോധനം നടത്തുക വരെ ചെയ്തു. ഇതൊക്കെയും ആശയത്തിലുള്ള വിയോജിപ്പ് കാരണമുള്ള പക പോക്കല്‍ മാത്രമായേ കാണാന്‍ കഴിയൂ.
ഈ മഹത് ജീവിതത്തെ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അകത്തൂട്ടുകയും പുറത്തൂട്ടുകയും ചെയ്ത വിശിഷ്ട വ്യക്തിയായാണ് ശൈഖ് സ്വാബൂനിയെ അടുത്തറിഞ്ഞവരൊക്കെ രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വിശാലമായ ജ്ഞാന സമ്പാദനവും പ്രവിശാലമായ ഗ്രന്ഥ രചനയും മനസ്സിലാക്കിയ ആരും ഇത് തന്നെയാണ് പറയുക. ഈ മഹത് ജ്ഞാന ജീവിതത്തിന് ഇസ്്‌ലാമിലെ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന ദുബായ് ഖുര്‍ആന്‍ പ്രൈസ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. സംഭവ ബഹുലമായ ജീവിതം 91-ാം വയസ്സില്‍ 2021 മാര്‍ച്ച് 19 1442 ശഅ്ബാന്‍ 6 വെള്ളിയാഴ്ച്ച ജുമുഅയോട് അടുത്ത സമയം തുര്‍ക്കിയിലെ യാലൂവയില്‍ വെച്ച് നാഥനിലേക്ക് മടങ്ങി. വന്‍ ജനാവലിയായിരുന്നു ശൈഖിന്റെ ജനാസക്ക് പങ്കെടുത്തത്. ആ ദിവസം ലോകത്തിന് വലിയൊരു അമൂല്യ ഖജനാവ് കൂടി നഷ്ടപ്പെട്ടു.

COMMENTS