അബൂ ഹുറൈറ (റ) വിനെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഒരു ഖുദ്‌സിയ്യായ ഹദീസില്‍ കാണാം. അള്ളാഹു പറഞ്ഞതായി പ്രവാചകന്‍ പഠിപ്പിക്കുന്നു: '' നോമ്പൊഴിച്ച് ആദം സന്തതികളുടെ എല്ലാ കര്‍മങ്ങളും അവനു തന്നെയുള്ളതാണ്. നോമ്പ് അതെനിക്കുള്ളതാണ്, നാമാണ് അതിന് പ്രതിഫലം നല്‍കുക. നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന്‍ നോമ്പ്കാരനായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കുകയോ അട്ടഹസിക്കുകയോ ചെയ്യാതിരിക്കട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്‌തെങ്കില്‍ അവന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞുകൊള്ളട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം, നോമ്പുകാരന്റെ വായയുടെ മണം ഖിയാമത്ത് നാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. (1)നോമ്പ് മുറിക്കുമ്പോള്‍ (2) നോമ്പുമായി അവന്റെ രക്ഷിതാവിനെ കണ്ടുമട്ടുമ്പോള്‍ ''. (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസത്തിലൂടെയാണ് നാം കടന്നുപോയി കൊണ്ടിരിക്കുന്നത്. ഇസ്ലാമിക ശരീഅത്തില്‍ വിശുദ്ധമായ നോമ്പിന് വളരെയധികം മഹത്വം കല്‍പ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമേറിയ പ്രവര്‍ത്തനമാണ് നോമ്പ്. യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ എല്ലാ കര്‍മ്മങ്ങളും അവന്റെ തൃപ്തിക്കുവേണ്ടി അല്ലേ ചെയ്യുന്നത്.? അള്ളാഹു അല്ലേ മനുഷ്യന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നത്..? എന്നിരിക്കെ എന്ത് കൊണ്ടാണ് നോമ്പിനെ മാത്രം ഈ ഹദീസില്‍ അല്ലാഹു പ്രത്യേകമായി എടുത്തു ഉദ്ധരിച്ചത്..? 'നോമ്പ് എനിക്കുള്ളതാണ് നാമാണ് അതിന് പ്രതിഫലം നല്‍കുക' എന്ന അല്ലാഹുവിന്റെ പ്രയോഗത്തിന്റെ താത്പര്യമായി ഹദീസ് പണ്ഡിതന്മാര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിതായി അല്‍ ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തങ്ങള്‍ വിശദീകരിക്കുന്നു.
അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമേറിയ കര്‍മ്മമാണ് വ്രതം. നോമ്പൊഴിച്ച് ഇസ്ലാമിലെ മറ്റു എല്ലാ കര്‍മ്മങ്ങളിലും കാപട്യം സംഭവിക്കല്‍ സാധ്യമാണ്. അബൂ ഉബൈദ് പറയുന്നു: 'എല്ലാ കര്‍മ്മങ്ങളും അല്ലാഹുവിനുള്ളതാണ്, അവനാണ് എല്ലാ കര്‍മ്മങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നതും. എന്നാല്‍ നോമ്പ് ഒരു വിശ്വാസിയുടെ ആത്മാര്‍ത്ഥതയുടെ പ്രതീകമാണ്. വ്രതം അവനും അവന്റെ രക്ഷിതാവും മാത്രം അറിയുന്ന രഹസ്യദൗത്യമാണ്. ഇമാം ഖുര്‍തുബി പറയുന്നു: 'ഒരു വിശ്വാസിയുടെ വ്രതം അവന്റെ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹു മാത്രം ദര്‍ശിക്കുന്നത് കൊണ്ടാണ് നോമ്പിനെ അവന്‍ അവനിലേക്ക് തന്നെ ചേര്‍ത്തിയത്. ഒരു നോമ്പുകാരന് ഒരുപക്ഷേ മറ്റാരുമറിയാതെ ഭക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം, എന്നാല്‍ ആരും തന്നെ കണ്ടില്ലെങ്കിലും അള്ളാഹു കാണുന്നു എന്ന ബോധ്യത്തില്‍ അവന്‍ അതിനെ ഉപേക്ഷിക്കുന്നു. ഈ ആത്മാര്‍ത്ഥതയെ അല്ലാഹു അംഗീകരിക്കുന്നതോടൊപ്പം വ്രതത്തെ മറ്റു കര്‍മ്മങ്ങളെക്കാള്‍ പ്രത്യേകതയും മഹത്വവും കല്‍പ്പിക്കുന്നു.
'നാമാണ് പ്രതിഫലം നല്‍കുക' എന്ന അല്ലാഹുവിന്റെ പ്രയോഗത്തിന്റെ താത്പര്യമായി ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി തങ്ങള്‍ വിവക്ഷിക്കുന്നത്; വ്രതത്തിന് ഇസ്ലാമിലെ മറ്റ് എല്ലാ കര്‍മ്മങ്ങളെക്കാള്‍ അല്ലാഹു എണ്ണമറ്റ പ്രതിഫലം നല്‍കുന്നതോടൊപ്പം വ്രതത്തിലെ അവന്റെ നന്മകള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുകയും ചെയ്യും. ഇമാം ഖുര്‍ത്വുബി പറയുന്നു: നോമ്പ് ഒഴികെയുള്ള ഇസ്ലാമിലെ എല്ലാ കര്‍മ്മങ്ങള്‍ക്കും അല്ലാഹു 10 മുതല്‍ മുതല്‍ 700 ഇരട്ടി വരെ പ്രതിഫലം കല്പിക്കുന്നുണ്ട്. എന്നാല്‍ വ്രതത്തിന്റെ പ്രതിഫലം നിക്ഷിപ്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ക്ഷമിക്കുന്നവര്‍ക്ക് കണക്കില്ലാത്ത പ്രതിഫലം നല്‍കപ്പെടുന്നതാണ് '. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി ക്ഷമാശീലര്‍കൊപ്പം നോമ്പ്കാരനേയും അള്ളാഹു വിശദീകരിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ 'സാബിറൂന' എന്ന പദത്തിന് നോമ്പുകാരന്‍ എന്നും തഫ്‌സീര്‍ നല്‍കിയിട്ടുണ്ട്. നോമ്പ് എനിക്കുള്ളതാണ് എന്നതിനെ കര്‍മ്മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതും കുടുതല്‍ സ്വീകാര്യവുമായ കര്‍മ്മം നോമ്പ് ആണെന്ന് പണ്ഡിതന്മാര്‍ വിവക്ഷിക്കുന്നു.
ഇസ്ലാമിലെ മറ്റെല്ലാ കര്‍മ്മങ്ങളില്‍ നിന്നും നോമ്പിനെ മാത്രം അള്ളാഹുവിലേക്ക് ചേര്‍ത്തിയതിന്റെ താല്പര്യം വ്രതത്തിനു മാത്രം അള്ളാഹു നല്‍കുന്ന ബഹുമാനവും പ്രാധാന്യവുമാണ്. ഭൂമിയിലെ എല്ലാ ഭവനങ്ങളും അല്ലാഹുവിന്റെതാണ് എന്നിരിക്കെ വിശുദ്ധ കഅബയെ അല്ലാഹുവിന്റെ ഭവനമാക്കി വിവക്ഷിക്കുന്നതിന്റെ താല്പര്യവും കഅബക്ക് മാത്രം അള്ളാഹു നല്‍കുന്ന ബഹുമാനവും ആദരവുമാണ്. അല്‍ ഹാഫിള് ഇബ്‌നു അബ്ദുല്‍ ബാര്‍ പറയുന്നു : 'നോമ്പ് എനിക്കുള്ളതാണ് നാമാണ് അതിനു പ്രതിഫലം നല്‍കുക എന്നതിന്റെ താല്പര്യം ഇസ്ലാമിലെ എല്ലാ കര്‍മ്മങ്ങളും അല്ലാഹുവിന്റെ പ്രീതിക്കും തൃപ്തിക്കും വേണ്ടിയാണ് എന്നിരിക്കെ ഇസ്ലാമിലെ എല്ലാ സല്‍കര്‍മ്മങ്ങളും മനുഷ്യരുടെ പ്രവര്‍ത്തികൊണ്ടോ വാക്കുകൊണ്ടോ പ്രകടമാകും. എന്നാല്‍ വ്രതത്തില്‍ അള്ളാഹുവും അവനും മാത്രമറിയുന്ന നിയ്യത്താണ് പരമപ്രധാനം'.
ഹിസാമുദ്ദീന്‍ ബ്ന്‍ മൂസാ അഫാന
വിവ: ഫായിസ് ഇരിക്കൂര്‍

COMMENTS