രുചി ഭേദങ്ങളുടെ പെരുന്നാൾ പെരുമ : കുലാവി മുതൽ ബൊലാനി വരെ

SHARE:


ഓരോ വീടിനും ഓരോ രുചിയാണ്. പലഹാരമായും പായസമായും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിഭവവൈവിധ്യങ്ങള്‍ തന്നെ നമ്മളെ അത്ഭുതപ്പെടുത്തും. അങ്ങനെയെങ്കില്‍ പുറം രാജ്യങ്ങളിലെ പെരുന്നാള്‍ രുചികള്‍ എന്തായിരിക്കുമെന്ന ആലോചനയോ? നമ്മെ ഏറെ കൗതുകകരവും കൊതികരവുമാക്കി തീർക്കുംലെ!


സകല കുലാവി

വിവിധതരം ബിരിയാണികളും ഇറച്ചി വിഭവങ്ങളും പെരുന്നാള്‍ രുചിയില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും ഇപ്പോഴും ചില രുചിവേരുകൾ അറ്റുപോകാത്ത പരമ്പരാഗത രുചികള്‍ കേരളക്കരയിലുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലബാറിലെ തീരദേശങ്ങളിലുമുള്ള പെരുന്നാള്‍ വിഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല എന്നു തന്നെ പറയാം.
അരിപ്പൊരി (മലര്‍) പൊടിച്ച് കസ്‌കസ്, വെല്ലം, തേങ്ങ എന്നിവ ചേര്‍ത്തുകുഴച്ചെടുത്ത ഉരുളകള്‍ അരിമാവില്‍ മുക്കി കാച്ചിയെടുക്കുന്ന പൊരിയപ്പമാണ് കാസര്‍കോട്ടുകാരുടെ പെരുന്നാള്‍ വിഭവങ്ങളില്‍ പ്രധാനി. കാരക്ക കാച്ചിയത്, കടല കാച്ചിയത് എന്നിവയും പ്രസിദ്ധമാണ്. നെയ്പത്തലും ബീഫും കഴിച്ചാണ് കണ്ണൂരുകാര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുക. അല്‍സയാണ് കണ്ണൂരുകാരുടെ മറ്റൊരു പ്രധാന വിഭവം. പോത്തിറച്ചി വരട്ടിയതിനൊപ്പം നെയ്യപ്പം തിന്നുകൊണ്ടാണ് വടക്കേ വയനാട്ടുകാര്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.
അരി ഉരുട്ടി ആവിയില്‍ വേവിച്ചതും നേന്ത്രപ്പഴവും ചേര്‍ത്തുണ്ടാക്കുന്ന പിടിപ്പായസം, ചട്ടിപ്പത്തിരി, പഴം നിറവ്, കോഴിയട, വിവിധതരം പത്തലുകള്‍, കോഴി നിറവ്, ഈന്തും പിടിയും എന്നിവ കോഴിക്കോട്ടുകാര്‍ പെരുന്നാളിന് പ്രത്യേകമായി തയ്യാറാക്കുന്നു. ചെറുപയറും തേങ്ങയും വെല്ലവും സവാളയും പ്രധാന ചേരുവകളായി വരുന്ന കുലാവി പായസം, ഗോതമ്പ് കറി, തേങ്ങാച്ചോറും ബീഫ് വരട്ട്, അരീരപ്പം, നെയ്യപ്പം, കുഴിയപ്പം എന്നിവയാണ് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പരമ്പരാഗത പെരുന്നാള്‍ രുചികള്‍. റാവുത്തര്‍ ബിരിയാണിയും അതിലൊഴിച്ചുകഴിക്കുന്ന പരിപ്പുകൊണ്ടുണ്ടാക്കുന്ന കായച്ചാറുമാണ് പാലക്കാട്ടുകാരുടെ പെരുന്നാള്‍.
പത്തിരിയും തേങ്ങാപ്പാലും ഇറച്ചിക്കറിയുമാണ് ഒട്ടുമിക്ക കൊച്ചിക്കാരുടെയും പെരുന്നാള്‍ പ്രാതല്‍. വൈകുന്നേരമാകുമ്പോഴേക്കും എത്തിത്തുടങ്ങുന്ന വിരുന്നുകാരെ പ്രതീക്ഷിച്ച് ഉണ്ടാക്കിവെക്കുന്ന അവിലോസുപൊടി, വെട്ടുകേക്ക്, അച്ചപ്പം എന്നിവയാണ് കൊച്ചിക്കാരുടെ മറ്റു വിഭവങ്ങള്‍. വാട്ടിക്കുഴച്ച അരിപ്പൊടി കുഞ്ഞുരുളകളാക്കി മഞ്ഞള്‍പ്പൊടിയും മല്ലി മസാലയും നെയ്യും ചേര്‍ത്ത് തേങ്ങാപ്പാലില്‍ വേവിച്ചെടുക്കുന്ന തിക്കിടി, ഇറച്ചിയും പിടിയും, എല്ലും കപ്പയുമെന്നറിയപ്പെടുന്ന കപ്പ ബിരിയാണിയുമാണ് കോട്ടയം, ഇടുക്കി ഭാഗങ്ങളിലെ പെരുന്നാളിനെ ആകര്‍ഷകമാക്കുന്നത്. തേങ്ങാപ്പാലും അരിയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന കിണ്ണത്തപ്പമാണ് തെക്കന്‍ കേരളത്തിലെ പ്രധാന പെരുന്നാള്‍ പലഹാരം. വഴനിയിലയില്‍ തയ്യാറാക്കുന്ന കുമ്പിളപ്പവും കൈകൊണ്ട് പരത്തിയുണ്ടാക്കുന്ന കൈറൊട്ടിയും ഒറട്ടിയും ഇവിടെ പ്രചാരത്തിലുണ്ട്.

ഷീര്‍ കുറുമ
 
പാകിസ്താന്‍, ബംഗ്ലാദേശ്, ബ്രൂണൈ, ഇറാന്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെയും ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെയും ഏറ്റവും പ്രധാനപ്പെട്ട പെരുന്നാള്‍ മധുരമാണ്, നമ്മുടെ പായസത്തിനോട് നേരിയ സാമ്യമുള്ള ഈ വിഭവം. കൊര്‍മാല്‍ കുറുമ എന്നും പേരുണ്ട്. നെയ്യില്‍ വറുത്തെടുത്ത സേമിയ പാലില്‍ കുറുക്കിയാണ് ഇതുണ്ടാക്കുന്നത്. ഈത്തപ്പഴവും ബദാം, പിസ്ത തുടങ്ങിയ ഡ്രൈഫ്രൂട്‌സുകളും കൂടി ചേരുന്നതോടെ പെരുന്നാള്‍ മധുരത്തിന് ഇരട്ടി രുചി! ഷീര്‍ കുറുമ കഴിച്ചാണ് ഈദ് മുസ്വല്ലയിലേക്ക് പുറപ്പെടുക. വിവിധ തരം പുലാവുകള്‍, ബിരിയാണികള്‍, കബാബുകള്‍, മീറ്റ്ബാള്‍ കറി, കുറുമകള്‍, മട്ടന്‍ പായ-നാന്‍ കോമ്പിനേഷനുകള്‍, ഗോല്‍ ഗപ്പി പോലുള്ള മറ്റനേകം വിഭവങ്ങളും ഇന്ത്യ-പാക് റീജിയനിലെ പെരുന്നാള്‍ രുചികളിലുണ്ട്.

ബലാലീത്

യു.എ. ഇയിലെ പരമ്പരാഗത ബദൂവിയന്‍ ബ്രേക്ഫാസ്റ്റാണിത്. മറ്റു അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇതിന്റെ  er. സൗദിയില്‍ ഷെറിയ്യ എന്നാണ് പേര്. സേമിയ, മുട്ട, പഞ്ചസാര, ബട്ടര്‍, റോസ് വാട്ടര്‍, കുങ്കുമം, ഗ്രാമ്പൂ, പിസ്ത, പച്ചക്കറികള്‍ എന്നിവയാണ് പ്രധാന ചേരുവകള്‍. പെരുന്നാള്‍ പ്രഭാതത്തില്‍ ബലാലീത് കഴിച്ചുകൊണ്ടല്ലാതെ ഇമറാത്തി വീടുകളില്‍ പെരുന്നാള്‍ ആഷോഷം ആരംഭിക്കുന്നില്ല!

അസീദ

ഇതൊരു യമനി വിഭവമാണ്. ലിബിയ, സുഡാന്‍, സൗദി അറേബ്യ, യു എ ഇ എന്നിവടങ്ങളിലും ഈദ് ദിനത്തില്‍ ഈ മധുരം വിളമ്പാറുണ്ട്. യമനികള്‍ ഈദ് സന്ദര്‍ശനത്തിനു വരുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ് ഗോതമ്പും തേനും പ്രധാന ചേരുവകളായ ഈ ജെല്ലി വിഭവം.

ദിബിയാസ

സൗദി അറേബ്യക്കാരുടെ പെരുന്നാള്‍ പ്രാതലാണ് ദിബിയാസ. മൂന്ന് ദിവസം നീണ്ട പാചകത്തിനൊടുവിലാണ് ഓറഞ്ച് നിറമുള്ള ഈ മധുര സൂപ്പ് തയ്യാറാവുന്നത്. ഫ്രഷ് ബദാം, പിസ്ത, പൈന്‍ നട്ട്, വിവിധ ഡ്രൈഫ്രൂട്ടുകള്‍, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയവയാണ് പ്രധാന ചേരുവകള്‍. ചൂടോടെ വിളമ്പുന്ന ഈ വിഭവത്തിന്റെ ഈജിപ്ഷ്യന്‍ വകഭേദമാണ് ഖുഷാഫ്.
ആട്ടിറച്ചിയുടെ വലിയ കഷ്ണങ്ങള്‍ തക്കാളി-ഉള്ളി-പച്ചക്കുരുമുളക് ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക കൂട്ട് ചേര്‍ത്ത് ചുട്ടെടുക്കുന്ന മുഖല്ലഖലാണ് സൗദിക്കാരുടെ മറ്റൊരു പെരുന്നാള്‍ വിഭവം.
ഗൂസി റൈസ്, ഹരീസ്, ഖുനാഫ, ബര്‍ബൂസ തുടങ്ങിയവയും മിഡില്‍ ഈസ്റ്റ് റീജിയനില്‍ പെരുന്നാളിന് പ്രത്യേകം തയ്യാറാക്കാറുണ്ട്.

ഹലീം

ഇറാനികളുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണിത്. റമദാനിലും പെരുന്നാളിനുമാണ് ഇതു സാധാരണ പാകം ചെയ്യുന്നത്. 12 മണിക്കൂറും അതിലധികവും വേവിച്ചു തയ്യാറാക്കുന്ന ഈ പേര്‍ഷ്യന്‍ രുചി ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ഡല്‍ഹി എന്നിവിടങ്ങളിലെ മുസ്‌ലിംകള്‍ക്കിടയിലും ഏറെ പ്രസിദ്ധമാണ്.
ആട്ടിറച്ചിയും ധാന്യങ്ങളും നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍. പരിപ്പ്, സവാള, വെളുത്തുള്ളി, ഇഞ്ചി, വിവിധ മസാലപ്പാടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ ചേരുവകളുടെ അകമ്പടിയില്‍ വെന്തലിഞ്ഞ ഈ രുചിക്കൂട്ട് സമാനതകളില്ലാത്തതാണ്.

കംബാബുര്‍

സൊമാലിയന്‍ ഈദ് ബ്രേക്ക് ഫാസ്റ്റാണിത്.
ഗോതമ്പ്-റാഗി മാവിലേക്ക് വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങളും ഉള്ളികളും ചേര്‍ത്താണീ നേര്‍ത്ത അപ്പം തയ്യാറാക്കുന്നത്. മധുരവിഭവമല്ലെങ്കിലും നെയ്യും പഞ്ചസാരയും മേലെ വിതറി അലങ്കരിക്കാറുണ്ട്.

ലോകുമ
 
സ്റ്റാര്‍ച്ചും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ജെല്ലി മിഠായിയാണ് ലോകുമ അഥവാ ടര്‍ക്കിഷ് ഡിലൈറ്റ്. പിസ്ത, ഈത്തപ്പഴം, ഹസാല്‍നട്ട്, വാല്‍നട്ട് എന്നിവ ചേര്‍ത്ത് പല രുചിയിലും നിറത്തിലും ലഭ്യമാണിവ. ബാബിലോണിയന്‍ നഗരികതയുടെ കാലം മുതലിവ പ്രചാരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.
ചീസും ഇറച്ചിയും നിറച്ച് തയ്യാറാക്കുന്ന ബോറക് ബ്രഡ്, വിവിധ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഒറൂക് എന്നിവയും തുര്‍ക്കിക്കാരുടെ പെരുന്നാളിന് പൊലിമ കൂട്ടുന്നു.

ലസീദ , തജീൻ

റൈസ് പുഡിംഗിനോട് സാമ്യമുള്ള ലസീദ കഴിച്ചാണ് മൊറോക്കക്കാര്‍ പെരുന്നാള്‍ പ്രഭാതത്തെ വരവേല്‍ക്കുന്നത്. ഗോതമ്പ് റവ, വെണ്ണ, തേന്‍ എന്നിവയാണ് ലളിതവും രുചികരവുമായ ഈ പലഹാരത്തിന്റെ പ്രധാന കൂട്ട്. ലസീദയില്‍ തുടങ്ങുന്ന ഈദ് വിഭവഗാധ തജീനിലാണ് അവസാനിപ്പിക്കുക.
സാവകാശം പാകം ചെയ്‌തെടുക്കുന്ന സ്റ്റ്യൂ ആണ് തജീന്‍. കോഴിയിറച്ചിയോ ആട്ടിറച്ചിയോ ഉപയോഗിക്കാം. പെരുന്നാളിനു ആട്ടിറച്ചിയാണ് ഉപയോഗിക്കുക. പച്ചക്കറികള്‍, ആപ്രിക്കോട്ട്, പ്ലംസ് എന്നിവയാണ് മറ്റു ചേരുവകള്‍. തജീന്‍ മൊറോക്കന്‍ വിഭവമാണെങ്കിലും അള്‍ജീരിയയിലും വടക്കേ ആഫ്രിക്കയിലെ മറ്റു ചില രാജ്യങ്ങളിലും ഇഷ്ട വിഭവമാണ്.

ലാപിസ് ലെജിറ്റ്

ഇന്തോനേഷ്യയില്‍ നോമ്പ് അവസാനിക്കുമ്പോള്‍ പെരുന്നാളിനെ വരവേറ്റു കഴിക്കുന്ന കേക്കാണ് ലാപിസ് ലെജിറ്റ്. നിരവധി അടുക്കുകളോടുകൂടിയ, സുഗന്ധവ്യജ്ഞനങ്ങള്‍ വിതറിയ ഈ കേക്ക് നിര്‍മാണം ശ്രമകരമാണ്. ഡച്ച് സ്വാധീനത്തിലൂടെ പ്രചാരത്തില്‍ വന്നതാണീ വിഭവം. സ്‌പെകോക്ക് എന്നാണ് നെതര്‍ലാന്റ്‌സില്‍ ഇതിനു പേര്.
കേതുപത് ഇന്തോനേഷ്യക്കാരുടെ തനത് ഈദ് പലഹാരമാണ്. മഞ്ഞകലര്‍ന്ന ഇളം പച്ച തെങ്ങോലകള്‍ തെരുവിലിടം പിടിച്ചാല്‍ പെരുന്നാളടുത്തു എന്നുറപ്പിക്കാം. ഡയമണ്ട് ആകൃതിയില്‍ മെടഞ്ഞ തെങ്ങോലകളില്‍ ധാന്യങ്ങള്‍ നിറച്ച് തേങ്ങാപ്പാലിലാണീ കേക്ക് വേവിച്ചെടുക്കുന്നത്. വേവിച്ചെടുത്ത കേതുപതുകള്‍ തൂക്കിയിട്ടിരിക്കുന്ന കാഴ്ച തന്നെ കൊതി നിറയ്ക്കും.

ബീഫ് റെന്‍ടാങ്

ഇന്തോനേഷ്യയിലും മലേഷ്യയിലും ഒട്ടേറെ തനത് പെരുന്നാള്‍ വിഭവങ്ങള്‍ ഉണ്ടെങ്കിലും മലേഷ്യക്കാര്‍ക്ക് ബീഫ് റെന്‍ടാങ് കഴിക്കാതെ പെരുന്നാള്‍ ഇല്ല. ഒരു കിലോ ഇറച്ചി 6 മണിക്കൂര്‍ വരെ സമയമെടുത്ത് പാകം ചെയ്യുന്ന ഈ വിഭവം സുമാത്രയിലെ മിനാങ്കബു ഗോത്ര വിഭാഗത്തിന്റെ കണ്ടുപിടുത്തമാണ്. ഇതിലെ ചേരുവകളെക്കുറിച്ചും രസകരമായ നിരീക്ഷണമുണ്ട്.
ഇറച്ചി - രാജാക്കന്മാര്‍, നേതാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരെ പ്രതിനിധീകരിക്കുന്നു. തേങ്ങാപ്പാല്‍ - അധ്യാപകര്‍, എഴുത്തുകാര്‍ എന്നിവരെയും മുളക് - മതപുരോഹിതരെയും സുഗന്ധവ്യഞ്ജനങ്ങള്‍ - സമൂഹത്തിലെ മറ്റു വിഭാഗങ്ങളെയും സൂചിപ്പിക്കുന്നു. സിംഗപ്പൂര്‍, ബ്രൂണൈ, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലെ മലയ് ഡയസ്‌പോറകളിലും റെന്‍ടാങ് പ്രചാരത്തിലുണ്ട്.

കൊബെബ, കഹ്ക്

മിഡില്‍ ഈസ്റ്റില്‍ പൊതുവില്‍ കിബ്ബെ എന്നറിയപ്പെടുന്ന വിഭവത്തിന്റെ ഈജിപ്ഷ്യന്‍ പതിപ്പാണ് കൊബെബ. ഗോതമ്പുപൊടിയും ഇറച്ചിയും പരമ്പരാഗത മസാലകള്‍ ചേര്‍ത്ത് കൈ കൊണ്ട് കുഴച്ചു കൊബെബ തയ്യാറാക്കുന്നതാണ് മിസിരികളുടെ പെരുന്നാള്‍ സന്തോഷങ്ങളില്‍ ഒന്ന്. ഈ വിഭവം ബാളുകളായോ സ്ലൈസുകളായോ ഉണ്ടാക്കാം. ഒരോ കഷ്ണത്തിനു നടുവിലും പൈന്‍ നട്ടുകള്‍ ഒളിപ്പിച്ചു വച്ചിരിക്കും.
പഞ്ചസാരപ്പൊടി കൊണ്ട് പൊതിഞ്ഞ, വാല്‍നട്ട് നിറച്ച പരമ്പരാഗത ബിസ്‌കറ്റാണ് കഹ്ക്. ഈജിപ്ഷ്യന്‍ ഈദ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് അതിലോലമായ പുറംഭാഗമുള്ള, വെളുപ്പു നിറമുള്ള ഈ കുഞ്ഞു ബിസ്‌കറ്റുകള്‍.

ബൊലാനി

അഫ്ഗാനിസ്താനില്‍ പരമ്പരാഗത വിഭവമായ ബൊലാനിയാണ് പെരുന്നാള്‍ ആകര്‍ഷണങ്ങളില്‍ പ്രധാനം. വിവിധ തരം ഇലകള്‍, പച്ചക്കറികള്‍, ഔഷധങ്ങള്‍ കൊണ്ട് നിറച്ച് തയ്യാറാക്കുന്ന ഫ്‌ളാറ്റ് വീറ്റ് ബ്രെഡാണ് ഇത്. മിന്റ് യോഗര്‍ട് കൂട്ടിയാണ് ഇത് കഴിക്കുക. പരാകി എന്നും ഇതിന് പേരുണ്ട്.

തുഫാഹിജ

ബോസ്‌നിയക്കാര്‍ പെരുന്നാള്‍ ഭക്ഷണത്തിനു ശേഷം നുകരുന്ന മധുരമാണിത്. തൊലി കളഞ്ഞ ആപ്പിള്‍ വാല്‍നട്ടും ഉണക്കമുന്തിരിയും നിറച്ച് വേവിക്കുകയാണ് ആദ്യപടി. ബോസ്‌നിയക്കാരുടെ പരമ്പരാഗത മധുര ലായനി പാര്‍ന്നും മുകളില്‍ വിപ്പിംഗ് ക്രീം ചേര്‍ത്ത് അലങ്കരിച്ചും പ്രത്യേക ഗ്ലാസുകളിലാണിത് വിളമ്പുന്നത്. ഹെര്‍സഗോവിനയിലും സെര്‍ബിയയിലും വടക്കന്‍ മാസിഡോണിയ പ്രദേശങ്ങളിലും തുഫാഹിജ പ്രചാരത്തിലുണ്ട്.

ഷിന്‍ചിയാങ് ലാമ്പ് സ്‌ക്യൂവേര്‍സ്

ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷമായ ഉയ്ഗൂര്‍ കമ്യൂണിറ്റിയുടെ പെരുന്നാള്‍ വിഭവമാണീ മട്ടന്‍ കബാബ്. പ്രസിദ്ധമായ സില്‍ക്ക് റൂട്ടിലെ ഷിന്‍ചിയാങ് പ്രവിശ്യയിലാണ് ഉയ്ഗൂര്‍ മുസ്‌ലിംകളുള്ളത്. അതുകൊണ്ടുതന്നെ പൂര്‍ണമായും ചൈനീസ് വിഭവങ്ങളല്ല ഇവര്‍ക്കുള്ളത്. മിഡില്‍ ഈസ്റ്റ് - ചൈനീസ് മസാലക്കൂട്ടുകള്‍ ദീര്‍ഘസമയം മാരിനേറ്റ് ചെയ്ത ശേഷമാണ് ഇവ ചുട്ടെടുക്കുക. കൈ കൊണ്ട് ഉരുട്ടിയെടുത്ത് പാകം ചെയ്ത നൂഡില്‍സ്, ഇറച്ചി നിറച്ച റൊട്ടികള്‍, ആവിയില്‍ വേവിച്ച മൊമോസ്, വിവിധ തരം സൂപ്പുകള്‍ എന്നിവയ്‌ക്കൊപ്പമാണ് ഈ കബാബ് വിളമ്പുന്നത്.

മാന്‍തി

റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങളായ അസര്‍ബൈജാന്‍, ഖസാകിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്ബകിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളിലെ പെരുന്നാള്‍ രുചിയില്‍ പ്രത്യേക സ്ഥാനമാണ് മാന്‍തിക്കുള്ളത്. മൊമോസിനോട് സാമ്യമുള്ള അടയാണ് ഇത്. ഇറച്ചി നിറച്ച ഈ അട വീട്ടുകാര്‍ പരസ്പരം കൈമാറും. ഓരോ വീട്ടുകാരുടെയും മാന്‍തി മസാലകളുടെ വൈവിധ്യം കൊണ്ട് വ്യത്യസ്തമായിരിക്കും.

മഅ്മൂൽ

മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള ബിസ്‌കറ്റാണിത്. മഅ്മൂല്‍ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഈത്തപ്പഴം നിറച്ച ബിസ്‌കറ്റ് പെരുന്നാള്‍ സുദിനത്തില്‍ അറബിനാടുകളില്‍ പൊതുവിലും സിറിയയിലും ലബനനിലും പ്രത്യേകിച്ചും സുലഭമാണ്.
ഇതിന്റെ ഇറാഖി വകഭേദമാണ് കലീജ. ബദാം, റോസ് വാട്ടര്‍, വനില എന്നിവയാണ് പലസ്തീനില്‍ പ്രചാരത്തിലുള്ള ഗുറൈബയുടെ കൂട്ട്. ഹബില്‍ ഹീല്‍ എന്ന ഏലക്കാ ബിസ്‌കറ്റും പലസ്തീന്‍ രുചിയിലുള്ളതാണ്.

സ്‌പൈസ് കുക്കീസ്

പെരുന്നാളിന് അമേരിക്കന്‍ ജനത പൊതുവില്‍ കുടുംബവും സുഹൃത്തുക്കളുമൊത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയാണ് പതിവ്. എന്നാല്‍ പെരുന്നാളിന് കാണുന്ന പുതിയ പ്രവണത, ക്രിസ്മസ് ജിഞ്ചര്‍ ബ്രഡ് പോലെ സുഗന്ധവ്യഞ്ജനങ്ങള്‍ നിറച്ച ബിസ്‌കറ്റുകള്‍ ഉണ്ടാക്കുന്നതാണ്. ചന്ദ്രക്കലയുടെയും പളളിമിനാരത്തിന്റെയുമൊക്കെ ആകൃതയിലുള്ള സ്‌പൈസ് കുക്കീസാണിപ്പോള്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ പെരുന്നാള്‍ പൊലിവ് കൂട്ടുന്നത്.


മുഹ്‌സിന്‍ ബുക്കഫെ


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : രുചി ഭേദങ്ങളുടെ പെരുന്നാൾ പെരുമ : കുലാവി മുതൽ ബൊലാനി വരെ
രുചി ഭേദങ്ങളുടെ പെരുന്നാൾ പെരുമ : കുലാവി മുതൽ ബൊലാനി വരെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGj39QL4DXghnCjIkbSbsXUgJovsVKKbpN1UNn6jaFl4t1s0nbS07x5rXhAqxfbon_Jy4P5LD3U8sxErqYDzaGUpMvkVP615a6Q3fDIsPl71NAhzTncNXKQrFS0dfD7m3Bshxo3XnVPcDW/w640-h482/nombrhura.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGj39QL4DXghnCjIkbSbsXUgJovsVKKbpN1UNn6jaFl4t1s0nbS07x5rXhAqxfbon_Jy4P5LD3U8sxErqYDzaGUpMvkVP615a6Q3fDIsPl71NAhzTncNXKQrFS0dfD7m3Bshxo3XnVPcDW/s72-w640-c-h482/nombrhura.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/05/blog-post_11.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/05/blog-post_11.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content