സൂഫീവര്യനായ ഹബീബ് അബ്ദുൽ ഖാദിർ അസ്സഖാഫിന്റെ ശിക്ഷണത്തിൽ നീണ്ട പത്തു വർഷങ്ങൾ വിദ്യാഭ്യാസ-വൈജ്ഞാനിക പ്രവർത്തനങ്ങളിൽ മുഴുകി. ഹദീസുകളുടെ ബാഹ്യവും ആന്തരികവുമായ സൈദ്ധാന്തിക പഠനം നടത്തുന്നതും ഹബീബ് അബ്ദുല്‍ഖാദിര്‍ അല്‍സഖാഫിയുടെ കീഴില്‍ നിന്നാണ്. തുടർന്നുള്ള പത്ത് വർഷങ്ങൾ (1993-2003) ഹളറമൗതിലെ തരീമിൽ താമസിക്കാൻ തുടങ്ങുകയും ദാറുൽ മുസ്തഫയുടെ സ്ഥാപകനും വിഖ്യാത പണ്ഡിതനുമായ ഹബീബ് ഉമർ ബിൻ ഹഫീളിന് കീഴിൽ പ്രബോധന പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവെച്ചു. ബൈദ നഗരത്തിലെ ഹബീബ് മുഹമ്മദ് അൾ ഹദാറിനു കീഴിൽ വൈജ്ഞാനിക - പ്രബോധന പരിശീലനം നേടി. തൊണ്ണൂറുകളുടെ മധ്യത്തിൽ യമനിലെ പൗരാണിക നഗരമായ തരീമിൽ ദാറുൽ മുസ്തഫ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിൽ ഹബീബ് ഉമർ ബിൻ ഹഫീളിനൊപ്പം സജീവമായി പ്രവർത്തിച്ചു.
സഊദി,യമൻ,ഈജിപ്തി, ശാം തുടങ്ങി വിവിധ നാടുകളിലായി 300 ഓളം പ്രഗൽഭരായ ഉസ്താദ്മാരിൽ നിന്നാണ് വിവിധ വൈജ്ഞാനിക വിഷയങ്ങൾ സ്വായത്തമാക്കിയത്. ശൈഖ് സഈദ് റമളാൻ ബൂതി,അല്ലാമ മുഹമ്മദ് മുതവല്ലി അശ്ശഅ്റാവി തുടങ്ങി പ്രഗൽഭമതികളായ പലരും ആ ഗുരുശ്രേണിയിൽ പെടുന്നു.
നിലവിൽ യമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്‌സിറ്റി, ജോർദാനിലെ റോയൽ ആൽ-ബയ്ത് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് തോട്ട് എന്നിവയുടെ അഡൈ്വസറി ബോർഡ് അംഗമാണ്. സയ്യിദ് ഹബീബ് അലി ജിഫ്‌രി. യു.എസ്സിലെ യാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഫെയ്ത്ത് ആന്റ് കൾച്ചർ അടക്കം വിവിധ രാഷ്ട്രങ്ങളിലെ അക്കാദമിക സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ സംഘടനകളുമായും അടുത്ത ബന്ധമുള്ള ഹബീബ് ജിഫ്‌രിയുടെ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 34 രാഷ്ട്രങ്ങളിൽ അദ്ദേഹം പ്രബോധന പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മതതാരതമ്യ സമ്മേളനങ്ങൾ, സാംസ്‌കാരിക, വിദ്യാഭ്യാസ, കർമശാസ്ത്ര സെമിനാറുകൾ, അധ്യാത്മിക സമ്മേളനങ്ങൾ തുടങ്ങിയവയിൽ പതിവായി സംബന്ധിക്കുന്ന പണ്ഡിതപ്രതിഭ കൂടിയാണ് യുവപ്രബോധകരുടെ ആവേശമായ ഹബീബ് അലി ജിഫ്‌രി. ജർമനിയിലെ ഈഗൻ ബൈസർ ഫൗണ്ടേഷൻ പുരസ്‌കാരം,എ കോമണ്‍ വേള്‍ഡ് ബിറ്റ്‌വീന്‍ അസ് ആന്റ് യു' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന് 2008 യൂഗന്‍ ബൈസര്‍ അവാര്‍ഡ് അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.
ആധുനിക പ്രസ്ഥാനങ്ങളും ഇസ്‌ലാമും തമ്മിലുള്ള സംവാദങ്ങളിലും സ്ഥിരം ക്ഷണിതാവാണ് ജിഫ്‌രി.
നിരവധി ടെലിവിഷൻ ചാനലുകളിൽ വിവിധ വിഷയങ്ങളെ ആധാരമാക്കി നിരവധി ക്ലാസുകളും പ്രഭാഷണങ്ങളും സംപ്രേഷണം ചെയ്തിട്ടുണ്ട്. "അയ്യുഹൽ മുരീദ്" എന്ന സീരീസ് അവയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയതാണ്.
അതിന് പുറമെ, നിരവധി ടെലിവിഷൻ ചാനലുകൾ വഴി
മജാലിസുൽ ബുഖാരി(2009),
അശജറതു ത്വയ്യിബ(2010), ഹയാതുനാ(2010),
ലഹ്ളതു സുകൂൻ (2014),
അൽ ഇൻസാനിയ്യ ഖബ്ല തദയ്യുൻ(2017),വ ദക്കിർ, അത്വരീഖ് ഇലല്ലാഹ്,അൽ മീസാൻ,ആലമിയതുൽ ഇസ്ലാം,യുഹിബ്ബുഹും വയുഹിബ്ബൂനഹും, മജാലിസുൽ മുസ്തഫ, ഹിവാറുൽ അഖ്ല്, അലാ ഹുബ്ബിഹി, ലിഖാഉൽ ജുമുഅ, അസ്സീറ അത്വിറ, രിഹ്ലതുൽ ഈമാൻ,ശമാഇലുൽ മുസ്തഫ, വസ് വസ തുടങ്ങിയ ഒട്ടേറെ സീരീസുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
അതിന് പുറമെ നിരവധി പരിപാടികൾക്ക് കാർമികത്വം വഹിച്ച് കൊണ്ടിരിക്കുന്നു.
നിരവധി ആത്മീയ ഗുരുക്കളിലൂടെ സൂഫി സരണികളിൽ അംഗമായ അദ്ദേഹം തികഞ്ഞ പാരമ്പര്യ തസവ്വുഫ് വഴിയിലാണ് സഞ്ചരിക്കുന്നത്.
രചനകൾ
മികച്ച രചന പാടവമുള്ള അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
ആത്മീയതയുടെ സൗന്ദര്യവും തെളിമയും വരച്ചിടുന്നതാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും.
ആധുനിക ലോകത്തെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും വളരെ കൃത്യമായി അദ്ദേഹം തന്റെ തൂലികയിലൂടെ ആവിഷ്കരിക്കുന്നുണ്ട്.
-മആലിമുസ്സുലൂക് ലിൽ മർഅതിൽ മുസ്ലിമ(മുസ്ലിം സ്ത്രീക്കൊരു വഴികാട്ടി), -മഹബ്ബതുറസൂൽ (തിരുനബി(സ്വ) സ്നേഹം), -മൗലിദു വവഫാതുറസൂൽ(തിരുനബി(സ്വ)യുടെ ജനനവും മരണവും)
- മുഹാസബതുന്നഫ്സ്(ആത്മ വിചാരണ),
-അറജുലുൽ മുസ്ലിം ഫീ ബൈതിഹി (വീടിനുള്ളിലെ മുസ്ലിം)
- തർബിയ്യതുൽ ഔലാദ് (സന്താന പരിപാലനം)
- ലാതഹ്സൻ ലാതബ്അള് ഫലൻ യുഖ്ദീകല്ലാഹു (ദുഖിക്കരുത്,ദേഷ്യമരുത്, അല്ലാഹു നിരാശനാക്കില്ല)
- അൽ ഇഖ്തിസാദുറബ്ബാനിയ്യ് (ദൈവീക സമ്പാദനം)
- അൽ മശാകിലു ബൈനസ്സൗജിവസ്സൗജതി (ഭാര്യ-ഭർത്താക്കൾക്കിടയിലെ സങ്കീർണ്ണതകൾ)
- കൈഫ ഉഹിബ്ബു അസ്വഹാബന്നബി(സ്വ)(സ്വാഹബതിനെ ഞാൻ എങ്ങനെ സ്നേഹിക്കും)
- അത്തൗബതുന്നസൂഹ (ആത്മാർത്ഥ അനുതാപം)
- അൽ ഇൻസാനിയ്യതു ഖബ് ലത്തദയ്യുൻ(മാനവികത മതകീയതക്ക് മുന്നേ) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ത്വാബ ഫൗണ്ടേഷൻ
സമകാലിക ലോകത്ത് ഇസ്ലാമിക ദർശനങ്ങളെ കുറിച്ച് ബോധനം നൽകുന്നതിനോടൊപ്പം മുസ്ലിം സമുദായത്തിന്റെ ആത്മീയ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പുതിയ ചലനങ്ങൾക്ക് കാർമികത്വം വഹിക്കുന്ന യു.എ.ഇ യിലെ അബൂദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 2005 ഓഗസ്റ്റ് 20 ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
സ്ഥാപിച്ച ഒരു സംഘടനയാണ് ത്വാബ ഫൗണ്ടേഷൻ (Tabah Foundation). സമകാലീന ഇസ്‌ലാമിക വ്യവഹാരത്തെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ദർശനം അനുസരിച്ച് പ്രവർത്തിക്കുന്ന ഇതിന്റെ ഡയറക്ടർ ബോർഡ് ചെയർമാനും അദ്ദേഹം തന്നെയാണ്.
കാലിക പ്രശ്നങ്ങളോട് വിവേകപൂർണ്ണമായ സമീപനം സ്വീകരിക്കുന്നതിനതാണ് ഇതിന്റെ നയം. , ഇസ്‌ലാമിക വ്യവഹാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്ക് ദർശനങ്ങളും പഠനങ്ങളും ശുപാർശകളും നൽകുന്നതിൽ ഒരു വിശിഷ്ട ഉപദേശക സമിതിയായിരിക്കും. ഇസ്‌ലാമിന്റെ ആധികാരിക ആത്മീയവും ധാർമ്മികവുമായ അടിത്തറയെ അടിസ്ഥാനമാക്കി പൊതു മനുഷ്യ സമൂഹത്തിന് അടിയന്തിരമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക സ്വഭാവമുള്ള പ്രൊജക്റ്റുകൾ നടപ്പിലാക്കാനും ഇത് ശ്രമിക്കുന്നു, ആഗോള തലത്തിൽ അറിയപ്പെടുന്ന മുതിർന്ന മുസ്‌ലിം പണ്ഡിതന്മാരാണ് ഇതിന്റെ അഡ്വൈറി ബോർഡിലുള്ളത്. ഡോ. മുഹമ്മദ് സഈദ് റമദാൻ ബൂത്വി(മുൻ അംഗം), ഡോ. നോഹ അൽ-ഖുദ, ഡോ. അബ്ദുല്ല ബിൻ ബയ്യ, ഡോ. അലി ജുമുഅ, ഹബീബ് ഒമർ ബിൻ ഹഫീസ് എന്നിവർ ഫൗണ്ടേഷന്റെ ഉപദേശകക സമിതി അംഗങ്ങളിൽ പ്രമുഖരാണ്.
ആധുനികതയിൽ തിരുനബി സ്നേഹത്തിന്റെ മഹിത ദർശനങ്ങൾ ജനസമക്ഷം ഏറെ വശ്യ മനോഹരമായി സമർപ്പിക്കുന്ന അദ്ദേഹം മികച്ച പ്രഭാഷകനാണ്. മിതവാദത്തെ പ്രമോട്ട് ചെയ്യുന്ന അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ മൗലികതയും ആധുനികതയും സമന്വയിപ്പിക്കുകയും ഇസ്ലാമികത തനിമ വരച്ച് കാട്ടുന്നുമുണ്ട്.ആധുനിക ലോകത്തെ ഒട്ടുമിക്ക ആഗോള മുസ്ലിം പണ്ഡിതരുമായി നല്ല ബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ഏറെ ആകർഷണീയവും മാതൃകാപരവുമാണ്.
ഔദ്യോഗിക യൂട്യൂബ് ചാനൽ ലിങ്ക്: https://youtube.com/c/Alhabibali
ഔദ്യോഗിക ഫേസ്ബുക്ക് പേജ്: https://www.facebook.com/alhabibali
സയ്യിദ് ആദിൽ ഹസൻ ഒ.എം

COMMENTS