മാപ്പിള മുസ്ലിമിന്റെ സ്വതാവിഷ്കാരങ്ങൾ

SHARE:

 


    മാനുഷിക വ്യവഹാര തലങ്ങളിൽ അനിഷേധ്യ സ്ഥാനമാണ് ഭാഷകൾ അലങ്കരിക്കുന്നത്. പ്രസ്ഥാനങ്ങൾക്കും ആശയ സംവേദനങ്ങൾക്കും ഭാഷകൾ കൂടിയേതീരൂ... ലോകത്ത് എണ്ണിയാലൊടുങ്ങാത്ത ഭാഷ സംസ്കൃതികൾ നിലനിൽക്കുന്നുവെന്നത് ഒരു വസ്തുത തന്നെയാണ്. സംസ്കൃതികളൊക്കെയും ഭാഷകളുമായി താദാത്മ്യപ്പെട്ടാണ് ഉരുവം കൊണ്ടതെന്ന് പറയാം. പോഷിച്ചും ശുഷ്കിച്ചും , വളർച്ചയെയും തളർച്ചയെയും അഭിമുഖീകരിച്ചുമാണ് പല ഭാഷകളും ഇന്ന് കാണുന്ന നിലയിലെത്തിയത്.കാലാന്തരങ്ങളിൽ യവനികക്കുള്ളിൽ മറഞ്ഞ് പോയ ഭാഷകളും വിരളമല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ ചരിത്രങ്ങൾ പറയാനുണ്ടാകും. അധോ-പുരോ ഗതികളുടെ അനേകായിരം കാതങ്ങൾ താണ്ടിയാണ് പ്രാദേശിക-അന്താരാഷ്ട്രാഭാഷകളൊക്കെയും തങ്ങളുടെ ബാല്യ-ശൈശവ ദശകങ്ങൾ പിന്നിട്ടത്. ഭാഷാചരിത്രങ്ങളുടെ ആഴങ്ങൾ പരതുമ്പോൾ ചില പൊതുഘടങ്ങൾക്കുനിദാനമായാണ് അവ രൂപം പ്രാപിക്കാൻ ഇടയായതെന്ന് നമുക്ക് മനസ്സിലാക്കാം. 

  ബ്രിട്ടീഷ് ഭരണകാലത്ത് തുറുങ്കിലടക്കപ്പെട്ടവരുമായി സംവദിക്കാൻ മാപ്പിളമാർ പ്രത്യേകം ഒരു ഭാഷക്ക് രൂപം കൊടുത്തിരുന്നത്രെ.ഒന്നാം ലോക മഹായുദ്ധകാലത്തും മറ്റു സമാന സാഹചര്യങ്ങളിലും അനേകം ഭാഷാ വകഭേദങ്ങൾ ബീജാവാപം ചെയ്തുവെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഇങ്ങനെ രൂപപ്പെട്ട പല ഭാഷകളും കാലഹരണപ്പെടുകയോ കാലാതിവർത്തികളാകുകയോ ചെയ്തുവെന്നത് മറ്റൊരു ചരിത്ര സത്യമാണ്. മുഖ്യധാര ഭാഷകളിൽ നിന്ന് അടർന്നു പോരുകയും പിന്നീട് മറ്റൊരു ഭാഷയായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത ഭാഷകളെ കുറിച്ചും ഭാഷാചരിത്രങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാകും.മാത്രമല്ല, കേട്ടും മട്ടും വേറൊരു ഭാഷയ്ക്ക് വിധേയപ്പെട്ടും, ആന്തരികഘടന മറ്റൊന്നിനോട് കൂട്ടിക്കെട്ടിയും ജന്മമെടുത്ത സങ്കരജാതികളും ഭാഷകളുടെ കൂട്ടത്തിലുണ്ട്. പൊതുവേ പറഞ്ഞാൽ ഭാഷകൾ കൊണ്ടും കൊടുത്തുമാണ് വളർന്നുവന്നത്. ഭാഷാവളർച്ചയുടെ ഗ്രാഫാകട്ടെ, ചാഞ്ഞും ചരിഞ്ഞും കുത്തനയും വിലങ്ങനെയും നീണ്ടും നിവർന്നുമാണ് നിലകൊള്ളുന്നത്.

അറബിമലയാളം: ഒരു വിശകലനം

                  ഒരുകാലത്ത് മാപ്പിള മലയാളിയുടെ ജീവിതത്തെയാകമാനം തൊട്ടുരുമ്മിനിന്ന ചില സംഗതികളുണ്ട്. ഇതര ജനവിഭാഗങ്ങളിൽ നിന്നും മാപ്പിളമാർക്ക് സവിശേഷത സമ്മാനിക്കുന്നതും ഇത്തരം ചില കാര്യങ്ങൾ തന്നെയാണ്. വേഷഭൂഷാദികളും ഭാഷാ വ്യതിയാനങ്ങളും മാപ്പിളയെവേറിട്ട് അടയാളപ്പെടുത്തിയതിൽ സുപ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്.

     ഭാഷയുടെ കാര്യത്തിൽ തങ്ങളുടേതായ തനിമയും മഹിമയും മാപ്പിളമാർക്ക് വിളിച്ചു പറയാനുണ്ട്. കാരണം, നാടിന്റെ മുക്കുംമൂലയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ ബാക്കിപത്രങ്ങളെന്നോണം ആംഗലേയത്തെ സ്വീകരിച്ചാനയിച്ചപ്പോൾ പ്രതിരോധത്തിന്റെ കാവലാളായി അവർ പ്രതിഷ്ഠിച്ചത് തങ്ങളുടെ സ്വത്വത്തിന്റെ പ്രതീകമായ ഭാഷയെയായിരുന്നു. അതാണ് മാപ്പിളമലയാളം എന്ന പേരിൽ അറിയപ്പെടുന്ന അറബിമലയാളം.അറബി മലയാളത്തിന്റെ ചരിത്രം വിസ്തൃതവും വിശാലവുമാണ്. സങ്കരയിനം ഭാഷാശൈലിയെന്ന് ഒറ്റയടിക്ക് മുദ്രയടിച്ച് തള്ളിക്കളയാൻ പറ്റുന്ന തരത്തിലല്ല ഈ ഭാഷയുടെ ഘടന. അറബി മലയാളത്തിന്റെ പ്രസക്തിയും വ്യാപ്തിയും കൃത്യമായി ബോധ്യപ്പെടുമ്പോൾ മാത്രമേ , മാപ്പിള ജീവിതത്തിന്റെ വ്യവഹാരിക തലങ്ങളിൽ അത് ചെലുത്തിയ സ്വാധീനം എത്രമാത്രമുണ്ടായിരുന്നവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ…

    ആധുനികകാലത്ത് വ്യവഹരിക്കപ്പെടുന്ന വാട്സപ്പിയൻ മംഗ്ലീഷ്നോട് ചേർത്ത് വെച്ച് വായിക്കുന്നതാകും അറബിമലയാളത്തിന്റെ കാര്യത്തിൽ കൂടുതൽ നന്നാകുക. ലളിതമായി പറയുകയാണെങ്കിൽ, അറബിഭാഷയുടെ ലിപിയോട് അല്ലറചില്ലറ സങ്കലന-വ്യവകലനങ്ങൾ ചേർത്ത് മലയാളഭാഷ എഴുതുന്നതാണ് അറബിമലയാളം . അറബിയിലുള്ള പല അക്ഷരങ്ങളും മലയാളത്തിൽ എഴുതാൻ പറ്റുകയില്ല. കേവലം പതിമൂന്നോ അതിൽ കുറവോ വർണ്ണങ്ങൾ മാത്രമേ ഇത്തരത്തിൽ എഴുതാൻ സാധിക്കുകയുള്ളൂ. ഇത് പരിഹരിക്കാനുതകുന്ന വിധത്തിൽ ഒരുപാട് കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് അറബിമലയാളം രൂപം കൊണ്ടത്.

              അറബിമലയാളം ഒരു ഭാഷയായി കണക്കാക്കാമോ എന്ന കാര്യത്തിൽ ഭാഷാ വിചക്ഷണർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. വ്യാകരണവും മറ്റ് ഗുണഗണങ്ങളൊക്കെയുള്ള സ്വതന്ത്ര ഭാഷയാണ് അറബി മലയാളം എന്ന അഭിപ്രായമാണ് ചരിത്രകാരൻ ഒ.അബുവിനുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തമായ മറ്റൊരഭിപ്രായമാണ് പ്രശസ്ത ഭാഷാപണ്ഡിതൻ കെ. ഒ. ഷംസു പങ്കുവെക്കുന്നത്. അറബിമലയാളത്തെ മലയാളത്തിന്റെ ഭാഷാ വകഭേദം മാത്രമായി കാണാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്.   മലബാർ മുസ്ലിങ്ങളുടെ എഴുത്ത്ഭാഷ മാത്രമാണ് മാപ്പിളമലയാളം എന്ന കാഴ്ചപ്പാടാണ് എം എൻ കാരശ്ശേരിക്കുള്ളത്.അറബിമലയാളം ഒരു ഭാഷയാണെന്ന ധാരണയിലൂന്നി വിലയിരുത്തുന്നതാകും ആഴമേറിയ അന്വേഷണങ്ങൾക്ക് ഉപകരിക്കുക.

     അറബിമലയാളം എങ്ങനെ ആവിർഭവിച്ചുവെന്നോ എന്നാണ് രൂപപ്പെട്ടതെന്നോ തിട്ടപ്പെടുത്താൻ ഇന്നുവരെ സാധിച്ചിട്ടില്ല. ചില ഊഹാപോഹങ്ങളല്ലാതെ ഇവ്വിഷയത്തിൽ അവലംബിക്കാവുന്ന തെളിവുകളും നിലവിൽ ലഭ്യമല്ല. പ്രവാചക കാലത്തുതന്നെ കേരളത്തിലെത്തിയിരുന്ന അറബികൾ ഇവിടുത്തെ സംസാരഭാഷ ഉച്ചരിക്കാൻ പ്രയാസമനുഭവിച്ചിരുന്നു. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ അവർ മലയാളത്തെ അറബിയിൽ രൂപപ്പെടുത്തിയതാകാമെന്നാണ് ഒരു അനുമാനം. ഡോ.സുനിൽബാബുവിനെ പോലുള്ളവർ അഭിപ്രായപ്പെടുന്നത് അറബി വാക്കുകൾ ഉച്ചരിക്കാൻ പ്രാദേശിക ജനത തന്നെ രൂപപ്പെടുത്തിയതാകാം അറബി മലയാളമെന്നാണ്. പൊന്നാനി മുതൽ കാസർകോഡ് വരെ വ്യാപിച്ചുകിടക്കുന്ന മലബാറിലാണ് അറബിമലയാളം ജന്മം കൊണ്ടത്.ഇസ്ലാമും കേരളമണ്ണും തമ്മിലുള്ള ബന്ധത്തിന് പ്രവാചക കാലത്തോളം പഴക്കമുണ്ട്. ക്രിസ്താബ്ധം ഒൻപതാം നൂറ്റാണ്ടിൽ ഇസ്ലാം കേരളത്തിലെത്തിയതിന് ചരിത്രം സാക്ഷിയാണ്. അത്രത്തോളം പഴക്കം അറബി മലയാളത്തിനും കണക്കാക്കാവുമെന്ന് ഒ.അബുചൂണ്ടിക്കാട്ടുന്നു.1953-ൽ രചിക്കപ്പെട്ട ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ 600 വർത്തെ പഴക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

    മതപരമായ അനിവാര്യതയുടെ ഫലമായിട്ടായിരുന്നു അറബിമലയാളം രൂപപ്പെട്ടത്. ഇസ്ലാമിക മത പ്രമാണങ്ങളായ ഖുർആനും ഹദീസും അറബി ഭാഷയിലാണ് വിരചിതമായത്. ഇതുകൊണ്ടുതന്നെ പ്രബോധന ദൗത്യവുമായി വിവിധ നാടുകളിൽ എത്തിച്ചേർന്ന പ്രവാചകാനുയായികൾക്ക് തങ്ങളുടെ ഭാഷയും കൂടെ കൊണ്ടു പോകേണ്ടി വന്നു.വിശ്വാസ-കർമശാസ്ത്രരംഗത്ത് അറബിയിലുള്ള ടെർമിനോളജികൾ തന്നെ അവർക്ക് ഉപയോഗിക്കേണ്ടിയിരുന്നു.എങ്കിലെ അതിന്റേതായ അനുരണനങ്ങൾ സൃഷ്ടിക്കാനാകൂവെന്നതാണ് കാരണം.ഈ ഒരാവശ്യം പരിഗണിച്ച് ഓരോ നാടിനും അവരവരുടേതായ ഭാഷ ശൈലികളിൽ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കേണ്ടിവന്നു.പേർഷ്യ പോലെ പല നാടുകളും അറബി ഭാഷയെ വരവേറ്റു. എന്നാൽ ചില നാട്ടുകൾ അറബിലിപി പൂർണമായി ഉൾക്കൊണ്ട് തങ്ങളുടെ തന്നെ ഭാഷയിൽ കാര്യങ്ങൾ ബോധ്യപ്പെടാനാണ് താല്പര്യപ്പെട്ടത്. അത്തരമൊരു സാഹചര്യത്തിലായിരുന്നു അറബിമലയാളത്തിന്റെ ജനനം. അറബിമലയാളം മാത്രമല്ല, ഇങ്ങനെയൊരു പ്രക്രിയക്ക് വിധേയമായി ജന്മമെടുത്തത്. സമാനമായ പല ഭാഷകളും ഇത്തരത്തിൽ രൂപം കൊണ്ടിട്ടുണ്ടായിരുന്നു. അറബിതമിഴ്, അറബിപഞ്ചാബ്, അറബിഗുജറാത്ത്, അറബിഹിന്ദി തുടങ്ങിയ പല സങ്കരജാതികൾക്കും കാലാന്തരത്തിൽ മൃതിനാശം സംഭവിക്കുകയാണുണ്ടായത്. ഇങ്ങനെ പര്യാലോചിക്കുമ്പോൾ കാലാതിവർത്തിയായി നിൽക്കുന്ന അറബിമലയാളത്തെ വാനോളം പുകഴ്ത്തേണ്ടത് തന്നെയാണ്. അറബിഭാഷയുമായി താദാത്മ്യപ്പെട്ട് രൂപം കൊണ്ട സ്പാനിഷ്അറബി മുമ്പ് നിലവിലുണ്ടായിരുന്നു.'അൽജാമിദോ' എന്നറിപ്പെട്ട ഈ ഭാഷയിൽ ഒട്ടനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. 1492 നോടു കൂടി പലതും നഷ്ടപ്പെടുകയാണുണ്ടായത്. മേൽ സൂചിപ്പിച്ച ഭാഷകളൊക്കെയും അറബിയെയാണ് മൂലഭാഷയായി കണക്കാക്കിയത്. സെമിറ്റിക് ഭാഷാഗോത്രത്തിലെ അറബിക് രണ്ടിനം രീതികളാണ് സാധാരണ എഴുതപ്പെടാറ്. കൂഫി,നസ്ഖി എന്നിവയാണവ. അലങ്കാരമെഴുത്തുകൾക്ക്  മാത്രം ഉപയോഗിക്കുന്നത് കൊണ്ട് കൂഫി ലിപി അത്ര സാർവത്രികമല്ല. സാധാരണ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നത് നസ്ഖ് ലിപിയാണ്. വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന രീതിയാണ് നിലവിൽ അംഗീകരിച്ച് പോരുന്നത്. ആകെ 28 വർണങ്ങളാണ് അറബിയിലുള്ളത്. സ്വരചിഹ്നങ്ങൾ മുകളിലും താഴെയുമായി ചേർക്കുന്നു. ഇവയാകെയും എഴുതിച്ചേർക്കാൻ 20 രേഖകളാണ് സാധാരണ ഉപയോഗിക്കുന്നത്. ഇവയിൽ പലതിനും മുകളിലും താഴെയും കുത്തുകളിട്ട് പുതിയ വർണങ്ങളുണ്ടാക്കുന്നതാണ് നസ്ഖിയൻരീതി. ഇത് വിപുലപ്പെടുത്തിയാൽ ഏത് ഭാഷക്കും ഉപയുക്തമാക്കാവുന്നതേയുള്ളൂ.പേർഷ്യൻ,ഉർദു ,പഞ്ചാബി,സിന്ധി,കാശ്മീരി,മലായി ലിപികൾ ഇങ്ങനെ സംവിധാനിക്കപ്പെട്ടവയാണ്.

മാപ്പിള മലയാളവും ആര്യ മലയാളവും

    സാംസ്കാരിക അപനിർമാണത്തിന്റെ ചരിത്രമാണ് മാപ്പിള മലയാളത്തിന് പങ്കു വെക്കാനുള്ളത്. ആദ്യകാലത്ത് മതകീയ ആവശ്യം എന്ന നിലയിൽ പരിഗണിച്ച് പോന്നെങ്കിലും പിന്നീടത് ചില സാംസ്കാരിക ദൗത്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന് മുമ്പിലും തങ്ങളുടെ ഭാഷ ഉയർത്തിക്കാണിച്ച് പോരാട്ടവീര്യം വർധിപ്പിക്കാൻ മാപ്പിളമാർക്കായത് അറബിമലയാളത്തോട് അവർ വെച്ചുപുലർത്തിയ കൂറും സ്നേഹവും കൊണ്ടാണെന്നത് തിരസ്കരിക്കാനാകാത്ത ഒരു യാഥാർത്ഥ്യമാണ്. കോളനിവൽക്കരണത്തിന്റെ വക്താക്കളുടെ ഭാഷയ്ക്ക് ബദൽ സൃഷ്ടിക്കാൻ സാധിച്ചുവെന്നതാണ് അറബിമലയാള ചരിത്രത്തിലെ സുപ്രധാന അധ്യായം. ഈ ഒരു ഭാഷയിലൂടെ സ്വന്തവും സ്വതന്ത്രവുമായ അസ്തിത്വം സ്ഥാപിച്ച് അരക്കിട്ടുറപ്പിക്കുകയായിരുന്നു മാപ്പിളമാർ.

      മലയാളഭാഷ ചരിത്രത്തിൽ വരേണ്യ രാഷ്ട്രീയത്തിന്റെ കൂടി ചില നിഴലടയാളങ്ങൾ തെളിഞ്ഞുകിടപ്പുണ്ട്. ഈ വസ്തുത ബോധ്യപ്പെടാൻ മലയാളത്തിൽ ഇന്നുപയോഗിക്കുന്ന തെറിപ്രയോഗങ്ങൾ മാത്രം പരിശോധിച്ചാൽ മതിയാകും. ചെറ്റ,നാറി, പുല തുടങ്ങി നീണ്ട നിര തന്നെ അധഃകൃത വിഭാഗത്തെ കരിവാരിതേക്കാൻ ജന്മിഭീകരത ചാർത്തി കൊടുത്തതാണെന്ന് സമ്മതിക്കേണ്ടിവരും. ആര്യ സങ്കൽപ്പത്തിന്റെ മൂശയിൽ വാർത്തെടുത്ത ഭാഷയാണ് സംസ്കൃതമലയാളം എന്നത് ചരിത്രയാഥാർത്ഥ്യമാണ്. പി.വി.വേലായുധൻ പിള്ള ,എം.ജി.എസ് തുടങ്ങിയ ഒരുപാട് പേർ ഈ വസ്തുത അംഗീകരിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ, മാപ്പിളമലയാളത്തെ യാതൊരുവിധ അസ്പൃശ്യതകളും തൊട്ടുതീണ്ടിയിട്ടില്ല. എന്നാൽ, ഇന്ന് നാം ഉപയോഗിക്കുന്ന നമ്മുടെ മാതൃഭാഷയായ മലയാളത്തിൽ അഥവാ സംസ്കൃതമലയാളത്തിലാഗമാനം ഗ്രസിച്ച് നിൽക്കുന്നത് കീഴാളവിവേചനവും ബ്രാഹ്മണിക്കൽ മെത്തഡോളജികളുമാണ്. കാലങ്ങളേറെ കഴിഞ്ഞിട്ടും ഇത്തരം സങ്കുചിതമനോഗതികളെ ഭാഷയിൽ നിന്നും തുടച്ചുമാറ്റാനായില്ല എന്നത് സങ്കടകരം തന്നെയാണ്.

          ഉത്തരേന്ത്യൻ ബ്രാഹ്‌മണിസത്തിന്റെ ഇറക്കുമതിയാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഗ്രന്ഥലിപി.അതിനും എത്രയോ മുമ്പ് അറബിമലയാളം ലിപി പൂർണവളർച്ച കൈവച്ചിരുന്നു. ഇതേ കാലയളവിൽ സിറിയൻ ക്രിസ്ത്യാനികൾ അറബി കർസോനി (സുറിയാനിയിൽ അറബി എഴുതുന്ന രീതി) ഉപയോഗിച്ച് സുറിയാനിമലയാളം രൂപപ്പെടുത്തിയിട്ടുണ്ട്.16,17,18 നൂറ്റാണ്ടുകളിൽ ഒരുവിധം സജീവമായി നിലനിന്നിരുന്ന ഈ ഭാഷ പിന്നീട് അപ്രത്യക്ഷമായി. എന്നാൽ ക്രിസ്ത്യാനികൾ മാനകമലയാളത്തിലാണ് പ്രധാനമായും ശ്രദ്ധപുലർത്തിയിരുന്നത്. മുസ്ലിങ്ങളാകട്ടെ, അറബിമലയാളത്തിൽ വിജ്ഞാന സമ്പത്ത് വർദ്ധിപ്പിക്കുകയും ആര്യ അധിനിവേഷത്തിന്റെ സാംസ്കാരിക രൂപങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് സുറിയാനിമലയാളത്തിൽ കാണാൻ പറ്റാത്തത്ര സാഹിത്യ സമ്പത്ത് അറബിമലയാളത്തിൽ ദൃശ്യമാകുന്നത്.

  സംസ്കൃതമലയാളത്തിൽ കാണപ്പെടുന്ന ജാതിവർഗ്ഗീകരണങ്ങൾ അറബിമലയാളത്തിൽ കാണാൻ സാധിക്കില്ല.മാത്രമല്ല, അറബിമലയാളത്തിൽ അടയാളപ്പെട്ട് കിടക്കുന്നത് സാമാന്യജനങ്ങളാണ്. സവർണ്ണ ബോധമോ മേൽകോയ്മയോ അറബി മലയാളത്തിൽ പ്രകടമല്ലെന്ന് ഉപരിപ്ലവമായി പരിചയപ്പെട്ടാൽ തന്നെ ബോധ്യമാകുന്നതാണ്. വിദ്യാഭ്യാസവും അനുബന്ധകാര്യങ്ങളും കുത്തകയാക്കി വെച്ച ബ്രാഹ്മണിസമാണ് സംസ്കൃത മലയാളത്തെ പാലൂട്ടി വളർത്തിയത്. അതിന്റേതായ ദോഷങ്ങൾ മുഴുവനും ആധുനിക മലയാളത്തിനുണ്ട്. വരേണ്യവർഗ്ഗബോധം ശക്തിയാർജിച്ചത് കൊണ്ടോ മറ്റോ ആദ്യകാല മലയാളപണ്ഡിതർ അറബി മലയാളത്തെ ഒരു പ്രാദേശിക ഭാഷയായി പോലും കണക്കാക്കിയില്ല. മാത്രമല്ല,വികലമായ സംസാരരീതി എന്നതിൽ കവിഞ്ഞ് അതിനെ കുറച്ചന്വേഷിക്കാനോ പഠിക്കാനോ ആരും മുതിർന്നില്ല എന്നതാണ് സത്യം. എ.പി പി നമ്പൂതിരി തന്റെ ഗ്രന്ഥത്തിൽ ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്."മലയാള സാഹിത്യ ചരിത്രം വായിച്ചാൽ ഇങ്ങനെ ഒരു ജനസമുദായം കേരളത്തിലുണ്ടായിരുന്നില്ല എന്ന് തോന്നും.പല പ്രമുഖ ഗ്രന്ഥങ്ങളും ഇക്കാര്യത്തിൽ മൗനം പാലിച്ചു. ഒരുപക്ഷേ ചരിത്രകാരന്മാർ സവർണ്ണ ഹിന്ദുക്കളായതാകാം ഇതിനു കാരണം. 

   ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിൽ ഒരു താളിൽ പൂർണമായിപോലും മാപ്പിളപ്പാട്ടിനെ കുറിച്ച് പരാമർശിക്കപെട്ടിട്ടില്ല. "ശബ്ദ ശുദ്ധിയില്ലാത്തതാണെങ്കിലും " എന്ന പ്രസ്താവനയോടെ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുത്തുന്ന ഉള്ളൂർ, മാപ്പിളപാട്ടിനെ നാടോടിപ്പാട്ടിന്റെ ഗണത്തിലാണ് പെടുത്തിയത്. 1947-ലെ സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിൽ ടി. ഉബൈദ് നടത്തിയ പ്രസംഗമാണ് മാപ്പിള മലയാളത്തെക്കുറിച്ച് കുറച്ചെങ്കിലും എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വർഗീയതയുടെ വിഷം മാപ്പിളമാർക്ക് നേരെ പ്രയോഗിച്ചതു കൊണ്ടാവാം സംസ്കൃതമലയാളത്തെ പടിക്ക് പുറത്തു നിർത്താനാണ് മാപ്പിളമാർ താത്പര്യപ്പെട്ടത്. അറബിമലയാളത്തെ ചികന്വേഷിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. സംസ്കൃതം തൊട്ട് തീണ്ടാത്ത തമിഴ്,കന്നഡ ഭാഷകളോടാണ് അറബി മലയാളത്തിന് ആഭിമുഖ്യം. അറബിമലയാളവും സീരിയൻ ക്രിസ്ത്യൻ കൊറസേനിയും സംസ്കൃത സ്വാധീനം സ്പർശിക്കാത്ത സ്വതന്ത്രഭാഷകളയായി തന്നെ നിലകൊണ്ടു. ഉച്ചാരണം വരെ സംസ്കൃത മാനദണ്ഡത്തോട് നൂറ് ശതമാനം നീതി പുലർത്തിയില്ല എന്നതുകൊണ്ട് തന്നെ അറബിമലയാളത്തെ നീചമായി കാണാനാണ് പലരും ശ്രമിച്ചത്. ആ ഒരു ബോധമാണ് മാപ്പിളമാരുടെ പല പ്രയോഗങ്ങളെയും രണ്ടാംകിടയായി ചിത്രീകരിക്കാൻ ഹേതുവായത്. വിശക്കുക എന്നതിന് പകരം പയ്ക്കുക എന്ന് മൊഴിയുന്ന മാപ്പിള പൊതുബോധത്തെ പരിഹസിച്ച ഉപരിവർഗ്ഗത്തിന് വെള്ളവും വളവും നൽകിയത് ബ്രിട്ടീഷ് അധിനിവേശ ശക്തികളായിരുന്നു. വികൃതമായി ചിത്രീകരിക്കുക മാത്രമല്ല, അറബിമലയാളത്തെ സംസ്കൃത വൽകരിക്കാനും ശ്രമിക്കുകയാണിവർ ചെയ്തത്. 

   അറബിമലയാളത്തെ അവഗണിച്ചതിന്റെ പരിണിതഫലമായി മാപ്പിളമാർ സംസ്കൃതമലയാളത്തെ പടിയടച്ച് പിണ്ഡം വെക്കുകയാണുണ്ടായത്. മലബാർ മുസ്‌ലിംകളുടെ സാംസ്കാരിക പരിച്ഛേദമായി മാറാൻ അറബിമലയാളത്തിന് അധികകാലം വേണ്ടിവന്നില്ല. മാപ്പിള സ്വത്വത്തിന് ലോകത്തേക്ക് വാതായനങ്ങൾ തുറന്നിട്ടത് അറബിമലയാളമായിരുന്നു. പ്രൗഢഗംഭീരമായ അനേകായിരം സാഹിത്യ സൃഷ്ടികൾ കുറഞ്ഞ കാലയളവിനുള്ളൽ തന്നെ അറബിമലയാളത്തിൽ ഉടലെടുത്തു. മതപരമായ ആവശ്യങ്ങൾക്കപ്പുറം ദേശസ്നേഹാത്മകവുമായിരുന്നു അത്തരം രചനകൾ . അറബിമലയാളം തങ്ങളുടെ മാതൃഭാഷയാണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു വിഭാഗം മുസ്ലിങ്ങൾക്കിടയിൽ  ജീവിച്ചിരുന്നുവെന്ന് പറയുമ്പോൾ ആശ്ചര്യപ്പെടാനൊന്നുമില്ല. കാരണം ഭാഷ അത്രത്തോളം ജീവിതഗന്ധിയായി അവർക്കിടയിൽ വർത്തിച്ചിരുന്നു. അറബിമലയാളം മാപ്പിളമാർക്കിടയിൽ ഒരു ബദൽ സാക്ഷരത സൃഷ്ടിച്ചുവെന്ന വസ്തുത ചരിത്രം സാക്ഷ്യപ്പെടുത്തു. അതാകട്ടെ, വിദ്യ; ബ്രാഹ്മണ കുത്തകാവകാശമായിരുന്ന കാലത്തായിരുന്നുതാനും. അറബിമലയാള ലിപി വായിക്കാത്തവരും പഠിക്കാത്തവരുമായ ആണുംപെണ്ണും അക്കാലത്ത് മാപ്പിളമാർക്കിടയിൽ ഉണ്ടായിരുന്നില്ല.

        നാടിന്റെ പൊതു സാക്ഷരത 10 ശതമാനത്തിൽ കുറവായിരുന്ന കാലത്ത് സർവ്വ മാപ്പിളമാരും സാക്ഷരരായിരുന്നുവെന്നതാണ് നേര്. എന്നാൽ അതാരും സാക്ഷരതയായി പരിഗണിച്ചില്ല. എല്ലാറ്റിനുമുപരി വിവാഹനിശ്ചയങ്ങളുടെ മാനദണ്ഡമായി വരെ മാപ്പിളമലയാളം കണക്കാക്കപ്പെട്ടിരുന്ന ഒരു കാലം നിലവിലുണ്ടായിരുന്നു. ഇന്ന് മദ്രസാപാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സമ്പന്ന പൈതൃകം പേറുന്ന ഭാഷയെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കോരോരുത്തർക്കുമുണ്ട്. മാത്രമല്ല, അറബി മലയാളത്തിന്റെ സാഹിത്യ ഖനികളെ പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യകത തന്നെയാണ്. 

അറബിമലയാളവും സാഹിത്യവും

          ദീർഘകാലം മാപ്പിള മലയാളിയുടെ മനോവികാരങ്ങളുടെ മാനകമായി വർത്തിച്ചത് അറബിമലയാളമായിരുന്നു. മതവിദ്യയുടെ അനിവാര്യതയാണ് അറബിമലയാളത്തിന്റെ ആവിർഭാവത്തിന് കാരണമായതെങ്കിലും പിന്നീടങ്ങോട്ട് സാഹിത്യമേഖലയിലേക്കും മറ്റുമത് പിച്ചവെക്കുകയായിരുന്നു. അവയിൽ മിക്കതും മതബോധത്തിൽ അടിയുറച്ചതാണെങ്കിലും നോവൽ,കഥാസാഹിത്യങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇക്കാലമത്രയും നാം ധരിച്ചുവെച്ചതായ ചില വാർപ്പുമാതൃകകൾക്ക് ബദൽ സൃഷ്ടിക്കുകയാണ് അറബിമലയാളം ചെയ്തത്. കേരളത്തിൽ ആദ്യമായി രചിക്കപ്പെട്ട നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് റിച്ചാർഡ് കോളിൻസിന്റെ 1877 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഘാതകവധം ആയിരുന്നു. യഥാർത്ഥത്തിൽ അതിനും മുമ്പ് അറബിമലയാളത്തിൽ നോവൽ വിരചിതമായിരുന്നത്രേ. 'ചാർദർവേശ്' എന്നറിയപ്പെടുന്ന അമീർ ഖുസ്രുവിന്റെ നോവൽ ഘാതകവധം രചിക്കപ്പെടുന്നതിന്റെ രണ്ട് വർഷം മുമ്പ് 1875ൽ തന്നെ അറബിമലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത നോവലിനെക്കുറിച്ച് അജ്ഞാതമായ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്,ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകനും ചരിത്രകാരനുമായ ഡോ.പി. യാസർ അറഫാത്താണ് . കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ഇത്തരത്തിലൊരു അപൂർവ്വ വിവരം ലഭിച്ചത്. ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നതിന് 14വർഷം മുമ്പ് ചാർദർവേശ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സാരം.

    പണ്ടുകാലത്ത് മതപണ്ഡിതർ മലയാളം പഠിക്കുന്നതിനെ വിലക്കിയിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മക്തി തങ്ങളെ പോലുള്ളവരാണ് ഈ വാദഗതി നിരന്തരം ഉന്നയിച്ചു പോന്നത്. വി.എം.കുട്ടി തന്റെ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്; മലയാള ഭാഷയോടും ലിപിയോടും അവർ പുറംതിരിഞ്ഞുനിന്നു. മലയാളലിപി നിഷിദ്ധമാണെന്ന് അന്നത്തെ ചില മത പണ്ഡിതർ ഫത്‌വ ഇറക്കി. അങ്ങനെ മലയാളം അവർക്ക് അന്യമായി (വി.എം. കുട്ടി, മാപ്പിളപ്പാട്ട്). എന്നാൽ ഈ വാദഗതി ബാലിശമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. കാരണം അക്കാലത്തെ മതപണ്ഡിതരിലധികവും ബഹുഭാഷ വൈദഗ്‌ധ്യതമുള്ളവരായിരുന്നു. ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാൻ സാധിക്കാത്ത വാദഗതി, ഒരു പക്ഷേ ഒറ്റപ്പെട്ട ചില പണ്ഡിതരുടെ ഫത്വയെക്കുറിച്ചാകാം.

   മലയാളസാഹിത്യത്തിനോട് അസ്പൃശ്യത പുലർത്തിയെങ്കിലും പാരലൽ സാഹിത്യം നിർമിക്കുകയാണ് മാപ്പിളമാർ ചെയ്തത്. ഘന ഗംഭീരങ്ങളായ ഒരുപാട് കൃതികൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുഖ്യധാര സമൂഹത്തിലേക്ക് പ്രസരിക്കപ്പെടാൻ പലതിനും ഭാഗ്യമുണ്ടായിട്ടില്ല. ചരിത്രഗതിയിൽ അറബിമലയാളത്തെ ഭാഷയായി പോലും പരിഗണിക്കാത്ത സങ്കുചിത മനോഭാവമാകാം ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണം.1990കൾക്ക് ശേഷമാണ് മാപ്പിളസാഹിത്യം പൊതുധാരയിൽ അരങ്ങേറ്റം കുറിക്കുന്നത്. എം.എൻ.കാരശ്ശേരി,ഇബ്രാഹിം ബേവിഞ്ച, എം.എ.റഹ്മാൻ തുടങ്ങിയവരുടെ ഗവേഷണ ഫലമായിട്ടായിരുന്നു അബിമലയാളത്തിന് ചെറുതല്ലാത്ത സ്വീകാര്യത ലഭിച്ചത്. സ്കൂൾ,കോളേജ് സിലബസുകളിൽ മാപ്പിളപ്പാട്ട് ഉൾപ്പെടുത്തിയത് 2000ത്തിനു ശേഷമാണ്.

       വിഭിന്ന മേഖലകളിലായി വ്യത്യസ്ത തരം രചനകൾ അറബിമലയാളത്തിൽ ജന്മം കൊണ്ടിട്ടുണ്ട്. മാലകളും മാപ്പിളപ്പാട്ടുകളും അഗ്രഗണനീയ സ്ഥാനമാണ് അലങ്കരിക്കുന്നത്. അറബിമലയാള രചനകളിൽ ഇവ മാത്രമല്ല ഉൾപ്പെടുന്നത്. ഒരുകാലത്ത് പത്രങ്ങളും മാഗസിനുകളും വരെ അച്ചടിച്ചിരുന്നത് ഈ ഭാഷയിലായിരുന്നു. മാപ്പിളമാർക്കിടയിൽ മിഷനറി പ്രവർത്തനം നടത്താൻ ക്രിസ്ത്യൻ പാതിരിമാർക്ക് ലൂക്കോയുടെ സുവിശേഷം വരെ അറബിമലയാളത്തിൽ അച്ചടിക്കേണ്ടിവന്നത് ഇതിനുദാഹരണമാണ്.1905ൽ മദ്രാസ് ബൈബിൾ ഓക്സിലറി സൊസൈറ്റിയിൽ നിന്ന് അച്ചടിച്ച ലൂക്കായുടെ സുവിശേഷം ക്രൈസ്തവർക്കിടയിലിന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

    6000ത്തിലേറെ പദ്യഗദ്യങ്ങളടങ്ങുന്ന ഇന്ത്യയിലെ തന്നെ ആദ്യ അറബി-മലയാള റിസർച്ച് ലൈബ്രറി വൈദ്യർ സ്മാരകത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡോ.എം.എൻ.കാരശ്ശേരി ചെയർമാനും ഡോ.കെ.കെ.അബ്ദുൽ സത്താർ കൺവീനറുമായ സമിതി പഴയഗ്രന്ഥങ്ങൾ ശേഖരിച്ചുവരുന്നു. 22 ശാവകളിൽ 1350 ഗ്രന്ഥങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കയ്യെഴുത്ത് പ്രതികളടങ്ങുന്ന പ്രസ്തുത ലൈബ്രറി അറബിമലയാള സാഹിത്യ ലോകത്തേക്ക് വെളിച്ചം വീശുന്ന ഒന്ന് തന്നെയാണ്.

   ആത്മീയ ഗുരുക്കന്മാരുടെ അപദാന വർണനകൾ വിവരിക്കുന്ന സാഹിത്യചരിത്രങ്ങളാണ് മാലകൾ .     നേർച്ചപാട്ടുകൾ എന്നറിയപ്പെടുന്ന മാലകളിൽ മഹാന്മാരുടെ ഗുണഗണങ്ങൾ വിവരിച്ചിരിക്കും. രോഗം, ആപത്ത് പോലെയുള്ള പ്രതിസന്ധികൾ നീങ്ങി കിട്ടാൻ മുസ്ലിംസമൂഹം ചൊല്ലി പോന്നിരുന്ന ഗണങ്ങളാണ് മാലകൾ . മുഹിയുദ്ധീൻമാല,രിഫാഈമാല,നഫീസത്ത്മാല, മമ്പുറംമാല,മലപ്പുറംമാല തുടങ്ങി ഒരുപാട് പേരുകളിലറിയപ്പെടുന്ന മാലകളുണ്ട്. ഇവയിൽ  മുഹ്‌യുദ്ദീൻമാലയാണ് കണ്ടെടുക്കപ്പെട്ടതിൽ വെച്ച് ഏറ്റവും പുരാതനമായ അറബിമലയാള സാഹിത്യ കൃതി.കൊല്ലം 782ൽ രചിച്ചുവെന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്ന മുഹ്‌യുദ്ദീൻ മാല രചിച്ചത് ഖാളിമുഹമ്മദ് എന്ന പണ്ഡിതനാണ്. ശൈഖ് മുഹ്യുദ്ദീന്റെ ജീവിതത്തെ വിവരിക്കുന്നതാണ് ഈ കൃതി. ആത്മീയ പുരോഗതി മാത്രം ലക്ഷീകരിച്ച് എഴുതപ്പെട്ട മുഹിയുദ്ധീൻമാലക്ക് ശേഷം ഒരുപാട് മാലകൾ വിരചിതമായി. ആദ്യ അറബിമലയാള രചനയായിത് കണക്കാക്കപ്പെടുന്നുവെങ്കിലും അതിനു മുമ്പ് ഒന്നും രചിക്കപ്പെട്ടിട്ടില്ല എന്ന് ഇതിനർത്ഥമില്ല. ഒരുപക്ഷേ സാഹചര്യങ്ങളെ അതിജീവിക്കാനാകാത്ത കാലഹരണപ്പെട്ട ഒരുപാട് രചനകൾ മുൻപും നടന്നിട്ടുണ്ടാകാം.  എഴുത്തച്ഛന്റെ സമകാലികനായ ഖാളി മുഹമ്മദ് രചിച്ച മാലയും മറ്റുമാലകളും സരള ലളിതമാണ്. എന്നാൽ എഴുത്തച്ഛന്റെ പല കൃതികളും ദുർഗ്രാഹ്യമാണ്.ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ മാലകൾ കൂടുതൽ ജനകീയമായി നിലകൊണ്ടു എന്നു പറയാം. 

   കാലപ്പഴക്കം കൊണ്ട് മുഹ്യുദ്ദീൻ മാലക്ക് ശേഷം പരിഗണിക്കേണ്ടത് കുഞ്ഞായിൻ മുസ്ലിയാർ രചിച്ച നൂൽമാലയാണ്. രസികശിരോമണിയായിരുന്ന കുഞ്ഞായിൻ മുസ്ലിയാരുടെ ഈ രചനയുടെ ആന്തരികഘടന മാലക്കിണങ്ങുന്നതും ബാഹ്യഘടന തികച്ചും വിഭിന്നവുമാണ്.അദ്ദേഹത്തിന്റെ തന്നെ കപ്പൽപ്പാട്ട് പരാമർശിക്കപ്പെടേണ്ട മറ്റൊരു കൃതിയാണ്.

    അറബി മലയാളത്തിൽ അനേകം കവിതകൾ എഴുതിയ വ്യക്തിയാണ് ശുജായി മൊയ്തുമൗലവി . ചരിത്രവും സമകാലികവും കോർത്തിണക്കി ചെറുതും വലുതുമായ ഒരുപാട് കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച മാലയാണ് സഫലമാല. ലോകോൽപത്തി മുതൽ പ്രവാചക ചരിത്രവും മറ്റും സംക്ഷിപ്തമായി ഉൾക്കൊള്ളുന്ന കൃതി മനോഹരമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

  അറബി മലയാളം മാപ്പിള മനസിനെ സ്വാധീനിച്ച മറ്റൊരു മേഖല പാട്ടുകളിലൂടെയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന് വീര്യം പകർന്ന അനേകം പടപ്പാട്ടുകൾ അക്കാലത്ത് വിരചിതമായി. പ്രവാചക കാലത്ത് അരങ്ങേറിയ ഏകദേശം എല്ലാ യുദ്ധങ്ങളെ വിവരിച്ചും പടപ്പാട്ടുകൾ എഴുതപ്പെട്ടിട്ടുണ്ട്. ബദർപടപ്പാട്ട്, ഉഹ്ദ്, ഖന്തക്ക് , ഹുനൈൻ, ഫത്ഹ്മക്ക തുടങ്ങി ഒരുപാട് യുദ്ധങ്ങൾ പടപ്പാട്ടിന് വിഷയീഭവിച്ചിട്ടുണ്ടെന്ന് സാരം. മാപ്പിളപ്പാട്ട് രംഗത്ത് എക്കാലത്തെയും അതികായനായിരുന്നു കൊണ്ടോട്ടിയിൽ ജനിച്ച മോയിൻകുട്ടി വൈദ്യർ. മലപ്പുറത്ത് ജന്മിമാർക്കെതിരെ നടന്ന പോരാട്ടങ്ങൾക്ക് വരെ തന്റെ രചനയിൽ ഇടം നൽകാൻ ശ്രമിച്ച അദ്ദേഹത്തിന്റെ പടപ്പാട്ടുകൾ വിശ്വപ്രസിദ്ധിയാർജിച്ചവയാണ്. മലപ്പുറംപാട്ട് എന്നാണ് പ്രസ്തുത പാട്ടിന് നൽകപ്പെട്ട പേര്. മാപ്പിള യുവാക്കളെ ആവേശഭരിതരാക്കി തീർക്കാൻ പടപ്പാട്ടുകൾക്ക് സാധിച്ചുവെന്നതിന് ചരിത്രം സാക്ഷിയാണ്. ചേരൂർ പടയിൽ ശഹീദായ പലരുടെയും കുപ്പായത്തിനകത്ത് പടപ്പാട്ടുകൾ എഴുതി സൂക്ഷിച്ചിരുന്നുവത്രെ. മാപ്പിളപ്പാട്ടുകൾ എഴുതിയിരുന്നത് അറബിമലയാളം ലിപിയിലായിരുന്നു.ഇന്ന് മലയാളത്തിൽ എഴുതാറുണ്ടെങ്കിലും പ്രമുഖ വ്യക്തികളൊക്കെ അറബി മലയാളത്തിൽ തന്നെയാണ് പടപ്പാട്ടുകൾ രചിച്ചത്. പ്രവാചക വിവാഹങ്ങളെ  കേന്ദ്രീകരിച്ച് എഴുതപ്പെട്ടവയാണ് കല്യാണപാട്ടുകൾ . ഇതിനെല്ലാം പുറമെ അറബിമലയാളത്തിൽ മറ്റു പല ഗ്രന്ഥങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

             തലശ്ശേരി പട്ടണത്തിനു സമീപം ഇല്ലിക്കുന്നിൽ ബാസൽ ,മിഷനറിമാരായ ഗുണ്ടർട്ടും സംഘവും അച്ചടിക്കൂട്ടം(പ്രസ്സ്) സ്ഥാപിച്ചു.മേലേക്കണ്ടി കോയഹാജിയുടെ മകൻ കുഞ്ഞഹമ്മദ് അവിടെ ചെന്ന് മുദ്രണിവിദ്യ പഠിക്കുകയും പിതാവായ കോയഹാജിക്കു വേണ്ടി തലശ്ശേരിയിലെ നെയ്യാംവീട്ടിൽ അച്ചടിശാല സ്ഥാപിക്കുകയും ചെയ്തു. 1867-ൽ മുസ്ഹഫ് അച്ചടിച്ചാണ് പ്രസ്സിന്റെ പ്രവർത്തനമാരംഭിച്ചത്. അവിടെ നിന്ന് പഠിച്ചവർ തന്നെ പലസ്ഥലത്തും അച്ചടിശാലകൾ സ്ഥാപിച്ചു.പിന്നീട് അറബിമലയാള പ്രസിദ്ധീകരണങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു.ഖുർആൻ വിവർത്തനങ്ങളായും പത്രമാസികകളായും അഭംഗുരമത് നിലനിന്നു .1880ൽ തന്നെ വിശുദ്ധ ഖുർആൻ അബിമലയാളത്തിൽ പരിഭാഷകളാക്കി പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.തലശ്ശേരിയിലെ കേയി വംശത്തിൽപ്പെട്ട ചൊവ്വക്കാരൻ വലിയ പുരയിൽ മായിൻകുട്ടി അന്നത്തെ ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് പ്രസ്തുത ദൗത്യം ഏറ്റെടുത്തു. അത് നടത്തുന്നതിന് പകരം നാട്ടുപ്രമാണിമാർക്കും മറ്റും സൗജന്യമായി നൽകുകയാണ് അദ്ദേഹം ചെയ്തത്.ഇതിന് പുറമെ സൂറത്തുകളെയും ചില വ്യക്തികൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. പി.കെ.മുഹമ്മദ് മൗലവി,സി.എച്ച്.മുഹമ്മദ് മൗലവി, കൊങ്ങണം വീട്ടിൽ ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രധാനികളാണ്.

  ഖുർആൻ പരിഭാഷകൾക്ക് പുറമേ പ്രവാചക ചരിതങ്ങളും അനുചരജീവിതവും അറബിമലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ചാലിലകത്ത് മുഹമ്മദ് മൗലവിയുടെ സീറത്തുനബവി, അബ്ദുറഹ്മാൻ മുസ്ലിയാരുടെ മനാഖിബു സിദ്ധീഖ്  തുടങ്ങിയവ അവക്ക് ഉദാഹരണങ്ങളാണ്.

കർമശാസ്ത്രഗ്രന്ഥങ്ങൾ പദ്യമായും ഗദ്യമായും  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പാടൂർ കോയകുട്ടി തങ്ങളുടെ 'ബൈതുല്യം' എന്ന കാവ്യം 141 ൽ പരം കർമ്മശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന കൃതിയാണ്. വക്കം അബ്ദുൽ ഖാദർ മൗലവി 'കീമിയാഉസആദ'അറബി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു.

  വൈദ്യശാസ്ത്ര രംഗത്തും അറബിമലയാളത്തിൽ കനപ്പെട്ട രചനകൾ നടന്നിട്ടുണ്ട്. സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പുത്രൻ കൊണ്ടണം വീട്ടിൽ അഹ്മദ് എന്ന ബാവ മുസ്ലിയാർ ഒരുപാട് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.വലിയ വൈദ്യസാരം, പരോപകാരം. ഉപകാരം. ഒറ്റമൂലികൾ തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

കേരളത്തിൽ ആദ്യമായി രചിക്കപ്പെട്ട നോവലെന്ന് പറയപ്പെടുന്ന ചാർവദേശിന് പുറമെ അക്കാലത്തു തന്നെ മറ്റു പല ഫിക്ഷനൽ രചനകളും നടന്നിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. കത്തുകൾ എഴുതാനും കണക്കുകൾ കുറിക്കാനും മറ്റും അറബിമലയാളത്തെ ഉപയോഗിച്ചിരുന്നു. മുഖ്യധാരഭാഷയായി വളരത്തക്കവിധത്തിൽ പല കുതിച്ചുചാട്ടങ്ങളും അക്കാലത്ത് മാപ്പിളമലയാളം നടത്തുകയുണ്ടായി.

  1901ൽ സ്വലാഹുൽ ഇഖ്‌വാൻ എന്ന പത്രം സൈദലികുട്ടി എന്ന വ്യക്തി തിരൂരിൽ പ്രസിദ്ധീകരിച്ചു. 8 വർഷത്തോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പത്രപ്രവർത്തനം ആധുനിക പത്രങ്ങളോട് കിട പിടിക്കത്തക്ക രീതിയിലായിരുന്നു. മാസത്തിൽ രണ്ട് ലക്കങ്ങൾ പ്രസിദ്ധീകരിച്ചു പോന്ന പത്രത്തിൽ ആയിരത്തൊന്നു രാവുകൾ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ വിശ്വാസപരമായ അറിവുകളും ശാസ്ത്രസംബന്ധിയായ വിവരങ്ങളും എല്ലാം ഉൾക്കൊണ്ടായിരുന്നു പത്രത്തിന്റെ പ്രവർത്തനം .ഇതിനെല്ലാം പുറമെ ഒട്ടനവധി മാസികകളും മാഗസിനുകളും മാപ്പിള മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു.വക്കം മൗലവിയുടെ അൽ ഇസ്ലാം, അൽ ഇർശാദ്, അൽ മുർഷിദ്, അൽ ഇത്തിഹാദ് , മക്തിതങ്ങളുടെ തുഹ്ഫത്തുൽ അഖ്യാർ, അൽബയാൻ , അൽ മുഅല്ലിം, ആദ്യ വനിത മാഗസിനായ നിസാഉൽഇസ്ലാം, അൽ ബുർഹ തുടങ്ങിയവ അവയിൽ ചിലതാണ്. പിൽക്കാലത്ത് അറബിമലയാളത്തിനെതിരെ ഉറഞ്ഞുതുള്ളിയ ഉൽപതിഷ്ണുക്കളാണ് ഇവയിൽ മിക്കതും ചുക്കാൻപിടിച്ചത് എന്നതാണ് രസകരമായ കാര്യം ആമുഖമായി ഈ മാസികകൾ തുറന്ന് പറയുന്ന കാര്യം അറബിമലയാളത്തിലല്ലാതെ മാപ്പിളമാർക്ക് മറ്റൊരു ഭാഷയും ദഹിക്കില്ല എന്ന നഗ്നയാഥാർത്ഥ്യമാണ്. മാപ്പിള മലയാളത്തിന്റെ സമൃദ്ധമായ സാഹിത്യരംഗം സംബന്ധിച്ച് ഇനിയുമേറെ കാലം സ്വതന്ത്രമായ ധാരാളം  പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഒരുപക്ഷേ അമൂല്യമായ അറിവുകളായിരിക്കും അത്തരം പഠനങ്ങൾ നമുക്ക് സമ്മാനിക്കുക.

വിമർശനങ്ങളും യാഥാർത്ഥ്യങ്ങളും

                  അറബി മലയാളത്തെ പലപ്പോഴും പലരും തുറന്നെതിർത്തിട്ടുണ്ട്. പ്രധാനമായും രണ്ടു കൂട്ടരാണ് ഇതിന് മുതിർന്നതെന്ന് മനസ്സിലാക്കാനാകും. ഒന്ന് ബ്രാഹ്മണിക്കൽ മേൽവിലാസമണിഞ്ഞവർ . അറബിമലയാളത്തെ ശുദ്ധികലശം നടത്തി സംസ്കൃതീകരിക്കാനാണ് അവർ ശ്രമിച്ചത്. മറ്റൊരു കൂട്ടർ മുസ്ലിങ്ങൾക്കിടയിൽ തന്നെ ഉടലെടുത്ത നവീന ചിന്താഗതിക്കാരാണ്. ഉൽപതിഷ്ണുക്കളായ ഇക്കൂട്ടരുടെ ആശയത്തിനെതിരായ പാരമ്പര്യ ദർശനങ്ങളാണ് അറബിമലയാളത്തിലെ ആ കാല കൃതികളിലൊക്കെയും കാണാനാവുക. ചരിത്രം അവർക്കെതിരാകുമോ എന്ന ഭയവും അറബിമലയാള വിദ്വേഷത്തിന് കാരണമായിട്ടുണ്ടാകാം.

 നവ സാഹചര്യത്തിലും അറബിമലയാളത്തെ കുറിച്ച് ഒരുപാട് തർക്കാവിതർക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അറബിമലയാളത്തെ സംരക്ഷിക്കണോ, നിലനിർത്തണോ തുടങ്ങിയ കാര്യങ്ങളാണ് മിക്കതിലും മുഖ്യപ്രമേയമായിവരുന്നത്. എം.എൻകാരശ്ശേരിയെ പോലുള്ളവർ അഭിപ്രായപ്പെടുന്നത് അറബിമലയാളത്തെ സംരക്ഷിക്കണമെന്നാണ്. എന്നാൽ വ്യവഹരിക്കപ്പെടേണ്ട ഒരു ഭാഷയായി അതിനെ ഇക്കാലത്ത് കാണേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അറബിമലയാളം പഠിപ്പിക്കപ്പെടുന്നത് കൊണ്ട് മദ്രസാവിദ്യാർഥികൾക്ക് അറബിയും മലയാളവും വേർതിരിച്ച് മനസ്സിലാക്കാനാകാത്ത അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. 

   ഇത്തരം ആരോപണങ്ങൾ പഠന വിധേയമാക്കേണ്ടത് തന്നെയാണ്. കാരണം മലയാളസാഹിത്യത്തിൽ മാപ്പിള മുസ്‌ലിംകളുടെ അടയാളപ്പെടുത്തലുകൾ തുലോം തുച്ഛമാണ് . പലപ്പോഴും മുസ്ലിംകൾ പരിഹസിക്കപ്പെടുന്നത് ഉച്ചാരണശുദ്ധിയിൽ വരുന്ന പാകപ്പിഴവുകൾ കൊണ്ടുമാണ്. ഒരു പക്ഷെ മലയാളഭാഷക്ക് അറബിമലയാളം ഉച്ചാരണത്തിലെ ചില വക്രീകരണങ്ങൾക്ക് ഹേതുവായിട്ടുണ്ടാകാം എന്ന് കരുതി അറബിമലയാളം പഠിപ്പിക്കരുതെന്നഭിപ്രായം  ഒരുനിലക്കും അംഗീകരിക്കാൻ സാധ്യമല്ല.

  ഒരു സമൂഹത്തിന്റെ തുടിപ്പും മിടിപ്പുമായിരുന്ന ഭാഷ ഒരിക്കലും കാലഹരണപ്പെട്ട് പോയ്ക്കൂടാ. മുഖ്യധാരയിൽ  തലയുയർത്തി തന്നെ നിൽക്കണം. അതിനാവശ്യമായ സത്വര നടപടികൾ അധികൃത വിഭാഗം കൈക്കൊള്ളേണ്ടതുണ്ട്. അറബിമലയാളത്തെ സാഹിത്യപഠനത്തിന്റെ വൃത്തത്തിൽ മാത്രം ചുരുക്കി കെട്ടരുത്. മറിച്ച്, കൊളോണിയൽ വിരുദ്ധ ചരിത്രസമരങ്ങളുമായി ബന്ധപ്പെടുത്തി പൊതുസമൂഹത്തിന് മാപ്പിളമലയാളത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്. അറബി മലയാളത്തെ സംരക്ഷിക്കാൻ ഔദ്യോഗിക - അനൗദ്യോഗിക ഇടപെടലുകൾ ആവശ്യമാണ്. സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്നതായിരിക്കും ഏറെ ഉപയുക്തമായ രീതി. അറബിമലയാളത്തിന് ആവശ്യമായ ഫോണ്ടുകൾ നിർമ്മിച്ച് മുഴുവൻ കൃതികളും അപ്‌ലോഡ് ചെയ്യപ്പെടണം. സർവകലാശാലകളിൽ പ്രത്യേകം ഡിപ്പാർട്ട്മെന്റുകൾ അറബിമലയാളത്തിനായി ആരംഭിക്കണം. മലയാളസാഹിത്യത്തെ പരിചയപ്പെടുത്തുന്നതിനോട് ചേർത്തിതന്നെ അറബിമലയാളത്തെയും വിശദീകരിക്കുന്ന തരതിൽ നമ്മുടെ സിലബസുകൾ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്.

  ചുരുക്കത്തിൽ സ്മൃതിനാശം സംഭവിക്കേണ്ട ഭാഷയല്ല മാപ്പിളമലയാളം. ഒരു സുന്ദര സംസ്കൃതിയുടെ കടിഞ്ഞാൺ കയ്യാളിയിരുന്ന പ്രൗഢഗംഭീരമായ ഭാഷയാണത്. മലയാളത്തെയും മാപ്പിളമലയാളത്തെയും വേർതിരിച്ച് തന്നെ മനസ്സിലാക്കണം. അറബിമലയാളത്തിന് അതിന്റെ സ്വത്വം വകവെച്ച് കൊടുത്ത് സ്വതന്ത്രമായി വളരാൻ അനുവദിക്കുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ പൂർവ്വപിതാക്കന്മാരുടെ മനസ്സിന്റെ ഭാഷയെ വരുംതലമുറക്ക് കൈമാറാൻ നമുക്ക് സാധിക്കുകയുള്ളൂ .


 ഫാഹിസ് എം. വെട്ടിച്ചിറ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മാപ്പിള മുസ്ലിമിന്റെ സ്വതാവിഷ്കാരങ്ങൾ
മാപ്പിള മുസ്ലിമിന്റെ സ്വതാവിഷ്കാരങ്ങൾ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6EYE7mouOB4Dmqxc9hbmejkToXlzbBlW_5Hae3AW_AvVUlWJ81uoi5jQj19wDk3m5s5xuYdZEcob7DWM5lQ7ECUithbSjA6ZNtMVXP8CLcvDO_jBde3M0UXUeSNPj_UkUA241yKnQgDRp/w640-h482/mappilla+muslim.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6EYE7mouOB4Dmqxc9hbmejkToXlzbBlW_5Hae3AW_AvVUlWJ81uoi5jQj19wDk3m5s5xuYdZEcob7DWM5lQ7ECUithbSjA6ZNtMVXP8CLcvDO_jBde3M0UXUeSNPj_UkUA241yKnQgDRp/s72-w640-c-h482/mappilla+muslim.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/05/blog-post_7.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/05/blog-post_7.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content