ഇന്ത്യമുതല്‍ മഡഗാസ്ക്കര്‍ വരെ വ്യാപിച്ചു കിടക്കുന്നതും ആഴിയില്‍ ആണ്ടു പോയതുമായ ഒരു പ്രാചീന വന്‍കരയിലെ പര്‍വ്വതശിഖിരങ്ങളില്‍ രൂപം കൊണ്ടവയാണ് ലക്ഷദ്വീപുകള്‍.കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ പുരാതന ലാണ്ടന വന്‍കരയുടെ അവിശിഷ്ടങ്ങളാണ് ലക്ഷദ്വീപ്. ഇന്നത്തെ ഗുജ്റാത്തിലേയും രാജസ്ഥാനിലേയും ആരവല്ലി പര്‍വ്വതനിരകളുടെ ശിഖിരങ്ങളിലാണ് ഈ ദ്വീപുകള്‍ രൂപം കൊണ്ടത്. കേരളതീരത്തില്‍ നിന്നും 200 മുതല്‍ 400 കീലോമീറ്റര്‍ വരെ അകലത്തില്‍ അറബിക്കടലിനു നടുവില്‍ 8-12 ഡിഗ്രി ഉത്തരാശംത്തിനും 71-72 ഡിഗ്രി പൂര്‍വ്വ രേഖാംശത്തിനും ഇടയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന 36 ചെറുതും വലുതുമായ ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപുകള്‍.അതില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്.
കേവലം 32 ച.കീ.മീ മാത്രമാണ് കര വിസ്താരമെങ്കിലും 4200ച.കീ.മീ ലഗൂണും 20000 ച.കി.മീ കടലും ചേരുമ്പോള്‍ ഇതൊരു വലിയ പ്രദേശമാണ്.ലക്ഷദ്വീപിന്‍റെ സൗന്ദര്യവും സമ്പത്തും അഭിമാനവും എല്ലാം ഈ ലഗുണും കടലുമാണ്. കോടാനുകോടി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഈ കടലും ലഗൂണും..അവിടത്തെ പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപിന്‍റെ നെട്ടല്ലും നാഡിയും നിലനില്‍പ്പും. ഇന്ത്യന്‍ ബയോഗ്രാഫി സോണ്‍ പത്തായി തരംതിരിക്കുന്നു അതില്‍ പത്താമത്തെ സോണില്‍ ഉള്‍പ്പെട്ടതാണ് അന്തമാനും ലക്ഷദ്വീപും. നമ്മുക്കറിയാം പവിഴപ്പുറ്റുകളെ മൂന്നായിതരംതിരിക്കാറുണ്ട് ,Fringing ,Barrier and Attols .ഇതില്‍ അറ്റോള്‍സില്‍ ഉള്‍പ്പെട്ടതാണ് ലക്ഷദ്വീപിലെ കോറല്‍സ്..കോടാനു കോടി ജീവജാലങ്ങളുടെ കലവറയും ആവാസവ്യവസ്ഥയുമാണ് ഇവിടത്തെ എക്കോളജി..വളരെ സെന്‍സിറ്റിവും ഫ്രജൈലുമായ പരിസ്ഥിതി പ്രദേശമാണ് ഇത്.
കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി പലരും ലക്ഷദ്വീപിന്‍റെ ഈ മറൈന്‍ ബയോഡൈവേസിറ്റിയെ കുറിച്ചു പഠനങ്ങള്‍ നടത്തുകയുണ്ടായി.വ്യക്തികള്‍ക്ക് പുറമെ NCF , CMFRI ,KUFOS ,KSCSTE തുടങ്ങിയ സ്ഥാപനങ്ങളും പഠനം നടത്തിയിരുന്നു. എല്ലാ പഠന റിപ്പോര്‍ട്ടുകളും പറയുന്നത് ലക്ഷദ്വീപിലെ ഈ കടലും ഇവിടത്തെ പവിഴപ്പുറ്റുകളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നു എന്നാണ്. ഏകദേശം 140 തരം കോറലുകളും 469 തരം മോളസ്ക്കുകളും 138 തരം കടല്‍ സസ്യങ്ങളും 114 തരം കടല്‍ പുല്ലുകളും 9 തരം സ്പോഞ്ചുകളും 695 ഓളം മത്സ്യ വിഭാഗങ്ങളും അതില്‍ 300 ഓളം അലങ്കാര മത്സ്യങ്ങളും ഇതിനോടകം ഈ പ്രദേശത്ത് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.അത്രമാത്രം ജൈവസമ്പന്നമായ ഈ പ്രദേശം ഇന്ന് നിരവധി വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു.
കൊമ്പന്‍ മുള്ളുള്ള സ്റ്റാര്‍ഫിഷിന്‍റെ ആക്രമണം കൂടാതെ കാലാവസ്ഥ വ്യതിയാനങ്ങളും അതിന്‍റെ ഭാഗമായി അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും തിരയിളക്കങ്ങളും ഇവിടത്തെ ആവാസവ്യവസ്ഥയെ താറുമാറാക്കുകയാണ്. പവിഴപ്പുറ്റുകളെ വളര്‍ച്ചയെ തടയുക മാത്രമല്ല അവയെ കൊല്ലുകകൂടി ചെയ്യുന്നുണ്ട്. പവിഴപ്പുറ്റുകള്‍ എന്നത് ഒരു സംരക്ഷണ കവചം എന്നതിലപ്പുറം ഒരുപാട് സൂക്ഷമ ജീവികളുടെ താമസസ്ഥലവും പ്രചനന സ്ഥലവുമാണ്. ഇവിടത്തെ ഒരോ ചെറിയ ജീവജാലങ്ങള്‍ക്കും അതിന്‍റെതായ എക്കോളജിക്കല്‍ സിഗ്നിഫിക്കന്‍സുണ്ട്.
ഇത് കൂടാതെ , ഡോള്‍ഫിന്‍ , ബ്ളു വൈയില്‍ , കടലാമ ,കടല്‍വെള്ളരി തുടങ്ങിയ ഷെഡുല്‍ 1 ല്‍ ഉള്‍പ്പെടുത്തിയ കടല്‍ ജീവികളുടെ അമിതമായ വേട്ടയും ചൂഷണവും ഇവിടത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. നമ്മുക്കറിയാം സീസര്‍ഫസ് ടെമ്പറേച്ചര്‍ നിലനിര്‍ത്താനും കാല്‍സ്യം സൈക്കിള്‍ പൂര്‍ത്തിയാക്കാനും മിനറല്‍സ് പ്രഡ്യൂസ് ചെയ്യാനും സഹായിക്കുന്ന ജീവിയാണ് കടലാമകള്‍..അത്പോലെ Organic sediment ഉള്ളിലേക്കെടുത്ത് inorganic sediment പുറത്ത് വിടുന്ന കടല്‍വെള്ളരികള്‍ ന്യുട്രിയല്‍ സൈക്കിള്‍ പൂര്‍ത്തീകരിക്കാന്‍ വലിയ പങ്ക് വഹിക്കുന്നു. ഒപ്പം കോറല്‍സിന്‍റെയും മറ്റ് ജീവികളുടെയും വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജനും ,ഫോസ്ഫറസും പുറത്ത് വിടുകയും ചെയ്യുന്നു.കടലില്‍ ഓക്സിജന്‍ നിലനിര്‍ത്താനും കടല്‍ വെള്ളരികള്‍ സഹായിക്കുന്നു. ഫുഡ് ചൈനിന്‍റെ ഭാഗമായ ഈ ജീവികള്‍ക്കെല്ലാം തന്നെ അതിന്‍റെതായ എക്കോളജിക്കല്‍ സിഗ്നിഫിക്കന്‍സ് ഉണ്ട്. ഒരു ജീവിയും നിസ്സാരമല്ല.
മറ്റൊരു വെല്ലുവിളി, ടെമ്പറേച്ചര്‍ സെന്‍സിറ്റീവായ ഇവിടത്തെ കോറല്‍സ് ആഗോളതാപനത്തിന്‍െ ഫലമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്..IPCC റിപ്പോര്‍ട്ട് അനുസരിച്ച് 9.4 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടാണ് വര്‍ദ്ധിക്കുന്നത്. ഇത് കടല്‍ നിരപ്പുയര്‍ത്തുകയും കരയുടെ നിലനില്‍പ്പിന് ഭീഷണിയുര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല ഇവിടത്തെ പരിമിതമായ ഗ്രൗണ്ട് വാട്ടര്‍ സ്രോതസ്സുകളെ സാല്‍ട്ടിയാക്കുകയും ചെയ്യുന്നു.ഭാവിയില്‍ കഠിനമായ ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ ഇത് കാരണമാവും. അത് പോലെ, ജനങ്ങളുടെ അശാസ്ത്രിയമായ മാലിന്യ സംസ്കരണവും സര്‍ക്കാറിന്‍റെ അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണങ്ങളും ,ടെട്രാപോഡ് വിന്യാസവും മറ്റ് നിര്‍മ്മിതികളും ഈ ആവാസ വ്യവസ്ഥയെ സാരമായി തന്നേ ബാധിക്കാറുണ്ട്. അത്പോലെ തന്നെ ലക്ഷദ്വീപ് കടലിലെ അന്തര്‍ദേശിയ ചാനലിലൂടെയുള്ള ഭീമന്‍ കപ്പലുകളിലെ ഓയില്‍മാലിന്യങ്ങളും അവര്‍ കടലില്‍ തള്ളുന്ന മറ്റ് പ്ളാസ്റ്റിക്ക് മാലിന്യങ്ങളും ലക്ഷദ്വീപിന്‍റെ സുന്ദരമായ കടല്‍ സമ്പത്തിനു വലിയ വെല്ലുവിളിയുര്‍ത്തുന്നുണ്ട്.
ഇതിനിടയിലാണിപ്പോള്‍ ഈ ദ്വീപുസമൂഹങ്ങളെ അന്താരാഷ്ട്ര ടൂറിസം സെന്‍ററുകളാക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്. അതിന്‍റെ ഭാഗമായി പല വന്‍കിട പദ്ധതികളും നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍ ഇവിടത്തെ പരിസ്ഥിതിയെ കുറിച്ചു നാം ചിന്തിക്കുന്നത് നല്ലതായിരിക്കും. സന്‍സിറ്റിവും ഫ്രജൈലുമായ ഇവിടത്തെ പരിസ്ഥിതിക്ക് വന്‍കിട പദ്ധതികള്‍ വന്‍ ആഘാതങ്ങള്‍ ഏല്‍പ്പിക്കാന്‍ ഇടവരുത്തും. വ്യക്തമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയതിന് ശേഷമല്ലാതെ ഒരു വന്‍കിട പദ്ധതികളും നടപ്പിലാക്കാന്‍ തുനിയരുത്..പ്രകൃതിയോട് പൊരുതി നില്‍ക്കാന്‍ മനുഷ്യനൊരിക്കലും സാധിക്കില്ലെന്ന് ഈ അടുത്ത് നടന്ന പല ദുരന്തങ്ങളും സാക്ഷിയാണ്.
ഇവിടത്തെ മറൈന്‍ ബയോഡൈവേസിറ്റി നേരിടുന്ന വെല്ലുവിളികള്‍ക്ക് പ്രതിവിധികള്‍ കണ്ടെത്തണം. എക്കോ ഫ്രണ്ട്ലിയായിട്ടുള്ള തീരസംരക്ഷണ സാധ്യതങ്ങള്‍ കൊണ്ടുവരണം. ബീച്ച് നൗറിഷ്മെന്‍റ് , സബ് മറൈന്‍ ബ്രേക്ക് വാട്ടറുകള്‍ , ക്രത്രിമ പാറകള്‍ എന്നിവ ആസൂത്രണം ചെയ്ത് ഉണ്ടാക്കണം. അത്പോലെ മലിനജല ശുദ്ധീകരണശാലകള്‍ , സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്ളാന്‍റുകള്‍ , സോളാര്‍ പവര്‍ യൂണിറ്റുകള്‍ , കടല്‍ശുദ്ധീകരണ ശാലകള്‍ എന്നിവ എല്ലാ ദ്വീപിലും വരണം. പ്രതേകം കോറല്‍ മോണിറ്റിങ്ങ് പ്രോഗ്രാം കൊണ്ടു വരണം. അലങ്കാര മത്സ്യവേട്ട തടയണം. കോറല്‍സ് റിസ്റ്റോറേഷന്‍ പ്രോസ്സ്സ് ആരംഭിക്കണം. മണല്‍ഖനനവും മെറ്റല്‍ ഖനനവും പാടെ ഒഴിവാക്കണം. എന്നാലെ ലക്ഷദ്വീപിനെ താങ്ങി നിര്‍ത്തുന്ന ഈ പവിഴപ്പുറ്റുകളും അതിനെ ചുറ്റി പറ്റി ജീവിക്കുന്ന ജീവികളും അവയെ ആശ്രയിക്കുന്ന മറ്റ് മത്സ്യങ്ങളും നിലനില്‍ക്കൂ..
ചുരുക്കി പറഞ്ഞാല്‍ വികസനങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യകത തന്നെയാണ്..എന്നാല്‍ അതോടൊപ്പം ഇവിടത്തെ പരിസ്ഥിതിയുടെ ഘടനകൂടി മുഖവുരയ്ക്കെടുക്കുന്ന എക്കോ ഫ്രണ്ടലിയായിട്ടുള്ള വികസനങ്ങളാണ് അഭികാമ്യം. അതായത് 2016 ലെ Integrated Island Management Plan മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഇവിടെത്തെ ഓരോ ചുവടുവെപ്പും..മറിച്ചായാല്‍ ഈ തുരുത്തുകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല തന്നെ.
മുഹമ്മദ് ഖാസീം എം.പി
(ലക്ഷദ്വീപ് എണ്‍വിറോണ്‍മെന്‍റെല്‍ അഡ്വക്കസി ഫൗണ്ടേഷന്‍ (LEAF) ചെയർമാനാണ് ലേഖകൻ)


COMMENTS