ഈ വസ്തുതകള്‍ അനാവരണം ചെയ്യുന്ന, ചെറുതെങ്കിലും പ്രൗഢമായ രചനയാണ് ഷാര്‍ജാ ഭരണാധികാരിയും പ്രമുഖ എഴുത്തുകാരനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ 'A Memorandum for Historians on the Innocence of IBN Majid.' എന്ന ഗ്രന്ഥം.
ഇബ്നുമാജിദിനെതിരെ ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഇന്ത്യയിലേക്കുള്ള വാസ്‌കോഡഗാമയുടെ ആദ്യയാത്രയുടെ ഡയറിക്കുറിപ്പുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൈമറി സോഴ്സുകളില്‍ നിന്നുള്ള റഫറന്‍സും പ്രൂഫുകളും ഒരു ചരിത്രപഠനമെന്ന നിലയില്‍ കൃതിയുടെ ആധികാരികത കൂടുതല്‍ ഉറപ്പു വരുത്തുന്നുണ്ട്.
വിഷയസംബന്ധമായ എല്ലാ പുകമറകളും മൗലികമായി തന്നെ തിരുത്തുന്നുവെന്നതാണ് ചരിത്രകാരനും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. സുല്‍ത്താന്‍ ഖാസിമിയുടെ ഈ കൃതിയുടെ സവിശേഷത. ഇരുപത്തിയൊമ്പത് ഗ്രന്ഥങ്ങളുടെ രചയിതാവായ ഇദ്ദേഹം ഷാര്‍ജാ യൂനിവേഴ്സിറ്റിയില്‍ വെച്ച് തന്നെ ഗാമക്ക് വഴി കാണിച്ചത് ഇബ്നു മാജിദല്ലെന്ന് വിശദീകരിച്ചുവെങ്കിലും അധികമാരും അതംഗീകരിച്ചിരുന്നില്ല. അതോടെ അംഗീകൃത ചരിത്രമായി പഠിപ്പിക്കപ്പെടുന്ന ഈ പരമാബദ്ധം അദ്ദേഹം ഗഹനമായി പഠിച്ച് ഒരു ഗ്രന്ഥം തന്നെ തയ്യാറാക്കുകയായിരുന്നു. ഗ്രന്ഥകാരന്റെ വിശകലനത്തോടൊപ്പം വാസ്‌കോഡ ഗാമയുടെ ഡയറിക്കുറിപ്പും പൂര്‍ണമായും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാമയുടെ കൈപ്പടയിലുള്ള പോര്‍ച്ചുഗീസ് ഭാഷയിലെ മൂല പ്രതിയുടെ പകര്‍പ്പ് രേഖയുടെ ആധികാരികത ഉറപ്പിക്കുന്നതാണ്. പുസ്തകത്തിന്റെ അവതരണവും അടിസ്ഥാന വാദത്തെ ശരിവെക്കുന്ന രീതിയിലാണ്.
പറഞ്ഞും എഴുതിയും പ്രചരിപ്പിച്ചും ചരിത്രത്താളുകളില്‍ പതിഞ്ഞ തെറ്റായ വിവരങ്ങളെ മൗലികമായ തെളിവുകളുടെ ബലത്തില്‍ പൊളിച്ചെഴുതുകയാണ് ഗ്രന്ഥകാരന്‍ .ആധികാരികമായ റഫറന്‍സുകള്‍ നല്‍കിയതിന് ശേഷമാണ് കൃതിയില്‍ ഓരോ ആര്‍ഗ്യുമെന്റുകളും മുന്നോട്ടു വെക്കുന്നത്. ഇബ്‌നു മാജിദ് ആരോപണ വിധേയനാവാനുള്ള സാഹചര്യമാണ് പ്രാഥമികമായി കൃതിയില്‍ വിശകലനം ചെയ്യുന്നത്. അറേബ്യന്‍ ഉള്‍ക്കടലിലെ കൊള്ളക്കാരെക്കുറിച്ച് ഓറിയന്റലിസ്റ്റുകള്‍ എഴുതിപ്പിടിപ്പിച്ച നുണകള്‍ക്ക് ചരിത്ര സത്യമെന്ന നിലയില്‍ പ്രചാരം കിട്ടിയിട്ടുണ്ട്. അതിന്റെ ഭാഗമായിത്തന്നെയാണ് ആഫ്രിക്കയുടെ കിഴക്കേ മുനമ്പില്‍ നിന്ന് ഗാമക്ക് കോഴിക്കോട്ടേക്ക് വഴി കാണിച്ചത് ഇബ്നു മാജിദാണെന്ന കഥയും പ്രചരിച്ചത്. മുസ്ലിംകള്‍ പോലും ഒരു ഘട്ടത്തില്‍ അഭിമാനത്തോടെയാണ് ഈ കഥ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഗാമക്ക് ഇന്ത്യയിലേക്ക് വഴി കാണിച്ചത് ഗുജറാത്തിയായ ഒരു ക്രൈസ്തവനായിരുന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ ഗാമ എഴുതിയ ഡയറിക്കുറിപ്പില്‍ ഒരു ക്രൈസ്തവനെ തങ്ങള്‍ക്ക് വഴികാട്ടിയായി കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ചരിത്രകാരനായ ജി.ആര്‍ ടിബ്ബെറ്റ്സ് ഇബ്നു മാജിദ് ഗാമക്ക് വഴി കാണിച്ചുവെന്ന വാദം തള്ളിക്കളയുന്നുണ്ട്. അറബ് നാവിഗേഷന്‍ ഇന്‍ ദ ഇന്ത്യന്‍ ഓഷ്യന്‍ ബിഫോര്‍ ദ പോര്‍ച്ചുഗീസ് ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ടിബ്ബെറ്റ്സ്. പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് രചിക്കപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പ്രധാന ചരിത്ര ഗ്രന്ഥത്തിലും ഗാമക്ക് വഴി കാണിച്ച ഇബ്നു മാജിദിനെക്കുറിച്ച പരാമര്‍ശമേ ഇല്ല. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ സമകാലിക ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ അത് രേഖപ്പെടുത്തുമായിരുന്നു. ഉദ്ധൃത പരാമര്‍ശങ്ങളും തെളിവുകളുമെല്ലാം സുല്‍ത്താന്‍ കൃതിയില്‍ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്.
ഏതാണ്ടെല്ലാ കടല്‍കൊള്ളക്കാരും അറബികളാണെന്ന ചരിത്രകാരമാര്‍ പ്രചരിപ്പിച്ച നുണയെ അക്കാദമികമായി ഖണ്ഡിക്കുന്നുമുണ്ട് കൃതിയില്‍. ചരിത്രത്തെ വളച്ചൊടിച്ച വസ്തുതാവിരുദ്ധ പ്രചാരണത്തിന് കാരണമായ കൃതിയുടേയും ഗ്രന്ഥകര്‍ത്താവിന്റേയും അടിസ്ഥാന രാഹിത്യവും സുല്‍ത്താന്‍ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ വംശജനും മക്കയിലെ മുഫ്തിയുമായിരുന്ന ഖുത്തുബുദ്ദീന്‍ നഹ്റുവാലിയുടെ 'അല്‍ബര്‍ഖുല്‍ യമാനി ഫില്‍ ഫത്ഹില്‍ ഉസ്മാനി' എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഇങ്ങനെയൊരു പരാമര്‍ശം ഇടംപിടിച്ചത്.AD 1494 മുതല്‍ 1570 വരെ മേഖലയില്‍ നടന്ന സംഭവങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 1494 ലെ സംഭവങ്ങള്‍ വിശദീകരിക്കുന്ന കൂട്ടത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക് വന്നതും ഇബ്‌നുമാജിദ് എന്ന അറബി നാവികനാണ് അവര്‍ക്ക് വഴികാട്ടിയത് എന്നും പ്രസ്താവിക്കുന്നുണ്ട്. ഗാമയുടെ മദ്യവിരുന്നില്‍ പങ്കെടുത്ത് ലഹരി പിടിച്ച അവസ്ഥയിലാണ് അന്ന് ഇബ്‌നുമാജിദ് വഴികാണിച്ചതെന്നാണ് നഹ്‌റുവാലി അദ്ദേഹത്തിന്റെ വസീഖത്തുന്നഹ്‌റുവാലി എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നഹ്‌റുവാലിയുടെ വാദഗതികള്‍ ഡോ സുല്‍ത്താന്‍ ബ്‌നു മുഹമ്മദ് അല്‍ ഖാസിമി വസ്തുനിഷ്ഠമായും സമര്‍ത്ഥമായും ഖണ്ഡിക്കുന്നുണ്ട്. പോര്‍ച്ചുഗലില്‍ ചെന്ന് ഗാമയുടെ ഡയറിക്കുറിപ്പുകളും യാത്രാരേഖകളും പരിശോധിച്ച് ഗവേഷണം നടത്തിയ സുല്‍ത്താന്‍ ഇബ്‌നു മാജിദിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് സമര്‍ത്ഥിക്കുന്നത്. നഹ്‌റുവാലിയുടെ ഗ്രന്ഥവും പക്ഷവും പരിശോധിച്ച സുല്‍ത്താന്‍ വിലയിരുത്തിയതിങ്ങനെയാണ് : 'വാസ്‌കോ ഡ ഗാമയുടെ ഭാരതയാത്ര കഴിഞ്ഞ് 83 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഹ്‌റുവാലി തന്റെ ഗ്രന്ഥം രചിച്ചത്. 1498 ല്‍ നടന്ന പ്രസ്തുത സംഭവം 1494 ല്‍ നടന്ന ചരിത്രങ്ങളുടെ കൂട്ടത്തിലാണ് നഹ്‌റുവാലി ഉള്‍പ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സമകാലികരായ ചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങളിലോ നിരീക്ഷണത്തിലോ ഇങ്ങനെയൊരു പരാമര്‍ശം പോലുമില്ല.മഹാഭക്തനായിരുന്ന ഇബ്‌നുമാജിദ് മദ്യസേവ നടത്തിയെന്ന അപരാദം ചമക്കാനും അവര്‍ ധൃഷ്ടരായി. പിന്നീട് വന്ന ചരിത്രകാരന്മാരെല്ലാം വസ്തുതയന്വേഷിക്കാതെ നെഹ്‌റുവാലിയെ ഉദ്ധരിക്കുകയും ചെയ്തു. അതോടെ നൂറ്റാണ്ടുകളായി ഈ കെട്ടുകഥ ചരിത്രഗ്രന്ഥങ്ങളില്‍ ഇടം പിടിച്ചു. ഗാമയുടെ അതിക്രമങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്വില്‍ബാന്‍ എന്ന സമരകാവ്യത്തിലോ തുഹ്ഫത്തുല്‍ മുജാഹിദീനിലോ ഇബ്‌നു മാജിദിനെക്കുറിച്ചുളള പരാമര്‍ശങ്ങളോ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചുള്ള സൂചനകളോ പോലും ഇല്ല ' .
ഡോ ഇബ്‌റാഹീം ഖൂരി ഇബ്‌നുമാജിദിനെക്കുറിച്ചെഴുതിയ ഗ്രന്ഥ ത്തിലാണ് വിശ്വസിച്ച് വരുന്ന വ്യാജകഥയുടെ സത്യാവസ്ത ആദ്യമായി തുറന്ന് കാട്ടിയതെന്നും സുല്‍ത്താന്‍ കൃതിയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇബ്നു മാജിദിന്റെ ഗ്രന്ഥങ്ങളെ സംബന്ധിച്ചും കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്. സമുദ്ര വിജ്ഞാനീയങ്ങളില്‍ അദ്വിതീയനായിരുന്ന അദ്ദേഹം ഗദ്യവും പദ്യവും ഉള്‍പ്പെടെ നാല്‍പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമുദ്ര വിജ്ഞാന കുതുകികളെയും സഞ്ചാര പ്രിയരെയും ആകര്‍ഷിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഭൂമി ശാസ്ത്രം, ഭൂപട രൂപകല്‍പ്പന, സമുദ്ര സഞ്ചാരത്തിനുള്ള ദിശനിര്‍ണയം, അപകടവും ദൈര്‍ഘ്യവും കുറഞ്ഞ കടല്‍യാത്രാ വഴികള്‍, കപ്പലുകളുടെ സുരക്ഷിതത്വം തുടങ്ങിയവയിലെല്ലാമുള്ള ഇബ്നു മാജിദിന്റെ അവഗാഹം എല്ലാവരും പ്രയോജനപ്പെടുത്തിയിരുന്നു. കടല്‍വഴികളും മറ്റും അടയാളപ്പെടുത്തിയ നിരവധി ഭൂപടങ്ങള്‍ വരച്ച അദ്ദേഹം, കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്ക് ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്. വടക്കുനോക്കി യന്ത്രം ഉപയോഗിക്കുന്നതില്‍ വിദഗ്ധനായിരുന്ന അദ്ദേഹം, മാഗ്‌നറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വയം നിര്‍മിക്കുകയുണ്ടായി. ഇത് സമുദ്ര വിജ്ഞാന ശാഖക്ക് അദ്ദേഹത്തിന്റെ സംഭാവനയാണ് (അഹ്മദ് ഇബ്നു മാജിദ്, അര്‍റബ്ബാനു ന്നജ്ദീ-അബ്ദുല്ല അല്‍ മാജിദ് മജല്ലത്തുല്‍ അറബ് ഹി. 1388, ലക്കം 16). ആധുനിക മറൈന്‍ ഗൈഡ് ആദ്യമായി തയ്യാറാക്കിയതും ഇബ്നു മാജിദാണ് (മൗസൂഅത്തു ഉലമാഇല്‍ അറബി വല്‍ മുസ്ലിമീന്‍, മുഹമ്മദ് ഫാരിസ് ). അല്‍ ഫവാഇദു ഫീ ഉസ്വൂലി ഇല്‍മില്‍ ബഹ്ര് വല്‍ ഖവാഇദ്, രിസാലത്തു ഖിലാദത്തി ശ്ശുമൂസി വ ഇസ്തിഖ്റാജി ഖവാഇദില്‍ ഉസൂസ്, കിതാബു തുഹ്ഫതില്‍ ഫുഹൂല്‍ വ തംഹീദില്‍ ഉസ്വൂല്‍, അല്‍ ഉംദത്തുല്‍ മഹ്ദിയ ഫീ ളബ്തില്‍ ഉലുമില്‍ ബഹ്രിയ, അല്‍ മിന്‍ഹാജുല്‍ ഫാഖിര്‍ ഫീ ഇല്‍മില്‍ ബഹ്രി സ്സ്ാഖിര്‍, അല്‍ഖസ്വീദത്തുല്‍ ഹംസിയ്യ, അല്‍ ഉര്‍ജൂസത്തു സബാഇയ്യ, കിതാബുല്‍ ഫുസ്വൂല്‍, കിതാബുല്‍ മിലല്‍, ശറഹുദ്ദഹബിയ്യ, ഹാവിയത്തുല്‍ ഇഖ്തിസ്വാര്‍ ഫീ ഉസ്വൂലി ഇല്‍മില്‍ ബിഹാര്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 'സമുദ്ര വിജ്ഞാന ശാസ്ത്രം' ഒരു പുതിയ ജ്ഞാന ശാഖയായി രൂപപ്പെട്ട് വികസിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ഇബ്നു മാജിദിന്റെ ഗ്രന്ഥങ്ങളാണ്.
ഈ കൃതി വായനക്കെടുക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിനെ കൂടുതല്‍ പഠനവിധേയമാക്കാനും സാധിക്കും. ഭരണാധികാരിക്കപ്പുറം ചരിത്ര പണ്ഡിതനാണ് ഡോ സുല്‍ത്താന്‍ അല്‍ ഖാസിമി. കെയ്റോ സര്‍വകലാശാലയിലെ ബിരുദപഠനകാലത്ത് ആരംഭിച്ച ചരിത്രാന്വേഷണം 1985ല്‍ ബ്രിട്ടനിലെ എക്സറ്റര്‍ സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി ലഭിച്ചിട്ടും സുല്‍ത്താന്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് .ഷാര്‍ജയെ യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റിയ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിയാത്ത സാംസ്‌കാരിക, വൈജ്ഞാനിക, കലാരംഗങ്ങള്‍ അറബ് മേഖലയില്‍ കുറവാണ്.
സാംസ്‌കാരിക നവോഥാനത്തിനു മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹത്തെ ലോകപ്രശസ്തമായ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ തേടിയെത്തിയതില്‍ അതിശയമില്ല. ലണ്ടനിലെയും ഗ്ലാസ്ഗോയിലെ യു. എഡിന്‍ബറയിലെയും റോയല്‍ മെഡിക്കല്‍ കോളജുകള്‍, വൈദ്യശാസ്ത്ര വൈജ്ഞാനികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഈയടുത്ത് കോഴിക്കോട് സര്‍വകലാശാല ഡി. ലിറ്റ് നല്‍കി ആദരിച്ചിരിക്കുന്നു. ഇതിനു മുന്‍പ് മലേഷ്യയിലെയും ഖാര്‍ത്തൂമിലെയും സര്‍വകാശാലകള്‍ ഡി. ലിറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ഫൈസല്‍ അവാര്‍ഡ്, ശൈഖ് സായിദ് പുരസ്‌കാരം, യുനെസ്‌കൊ അവാര്‍ഡ്, തുനീസ്യയുടെ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം തുടങ്ങി എണ്ണമറ്റ അന്താരാഷ്ട്രപ്രസിദ്ധമായ പല പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കൃതി നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പി.കെ സഈദ് പൂനൂര്‍
COMMENTS