- 1921ലെ മലബാർ സമരത്തിന് ഒരു നൂറ്റാണ്ട് പൂർത്തിയായിരിക്കുകയാണ്. എന്നാൽ 21 ലെ സമരത്തെ സംബന്ധിച്ച് നിരവധി ആഖ്യാനങ്ങളാണ് നിലവിലുള്ളത്. വർഗീയ കലാപം, കാർഷിക സമരം,ഖിലാഫത്ത് പ്രക്ഷോഭം, സ്വാതന്ത്ര്യസമര മുന്നേറ്റം, മാപ്പിളമാരുടെ പൊട്ടിത്തെറി തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടത്. വസ്തുതാപരമായി 21 മലബാർ സമരത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.?
മലബാർ സമരങ്ങൾ ആത്യന്തികമായും ബ്രിട്ടീഷുകാർക്കും ബ്രിട്ടീഷ് അനുകൂലികളായ സവർണ്ണ ജന്മി വിഭാഗത്തിനുമെതിരെ ഉടലെടുത്ത സമര മുന്നേറ്റങ്ങളാണ്. പിറന്നമണ്ണിൽ സ്വതന്ത്ര്യമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്ത കൊളോണിയൽ വാഴ്ചക്കെതിരെ ഒരു സമൂഹം ഇറങ്ങിപ്പുറപ്പെട്ടതിന്റെ പരിണിത ഫലമായിരുന്നു മലബാർ സമരമെന്ന് നിസ്സംശയം പറയാം.
തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ സമരങ്ങളെ സംബന്ധിച്ച് നിരവധി ആഖ്യാനങ്ങൾ നിലവിലുണ്ട്. മലബാർ സമരത്തെ വർഗീയ കലാപമായും കാർഷിക കലാപമായും ചിത്രീകരിച്ചവരും ഖിലാഫത് പരിസരത്തെ പരിഗണിച്ച് ഖിലാഫത് പ്രക്ഷോഭമായി വിലയിരുത്തിയവരുമുണ്ട്. എന്നാൽ അതിനെ മാപ്പിള റിബല്യനെന്ന് വിളിച്ച് ആദ്യമായി വർഗീയ പരിവേഷം നൽകിയത് ബ്രിട്ടീഷുകാർ തന്നെയാണ്.
തീർച്ചയായും , മാപ്പിള - ഹിന്ദു കൂട്ടു കെട്ടിൽ നടന്ന സമരമായിരുന്നു ഇത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത് മൂവ്മെന്റിന്റെയും സംഘടിത പ്രവർത്തനം അതിന് ഊർജം പകർന്നിട്ടുണ്ട് . ഗാന്ധിജിയുടെയും മൗലാന ശൗക്കത്തലിയുടെയും സന്ദേശങ്ങൾ ജനസാമാന്യത്തിലേക്കെത്തിച്ചത് കെ പി കേശവമേനോൻ , യു ഗോപാല മേനോൻ തുടങ്ങിയ കോൺഗ്രസ് നേതാക്കന്മാരായിരുന്നു. അവരുടെ ആഹ്വാനങ്ങൾ മാപ്പിളമാരും ഹിന്ദുക്കളും സർവാത്മനാ , ഏറ്റെടുക്കുകയാണ് ചെയ്തത്.
ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കിയെ വിഭജിക്കാൻ ബ്രിട്ടീഷുകാർ നീക്കം സ്വീകരിക്കുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധമായാണ് ഖിലാഫത് പ്രസ്ഥാനം നിലവിൽ വരുന്നത്. അത് ഇന്ത്യയുടെ പല ഭാഗങ്ങളിലും വേരു പിടിക്കുകയുണ്ടായി. കോൺഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനവും ഈ പ്രതിഷേധത്തിലേക്ക് കടന്നുവരുമ്പോൾ പോരാട്ടം ശക്തമാവുകയാണ് ചെയ്യുന്നത്.
'ഖിലാഫത്ത്' എന്ന വാക്ക് ഉയർത്തിപ്പിടിച്ച് മലബാർ സമരത്തിന് വർഗീയ പരിവേഷം നൽകാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ് ബ്രിട്ടീഷുകാർ അവരുടെ ചരിത്രാഖ്യാനങ്ങളിലുടനീളം നടത്തിയിട്ടുള്ളത്.ഇതെത്രത്തോളം തെറ്റിദ്ധാരണാജനകമാണെന്ന് ഇവിടുത്തെ ഖിലാഫത്ത് കമ്മറ്റികളെ കുറിച്ച് നാം പഠിക്കുമ്പോൾ മനസ്സിലാകും. കാരണം, ഖിലാഫത്ത് കമ്മറ്റികളിൽ ഹിന്ദുക്കൾക്കും മുസ് ലിംകൾക്കും തുല്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നു. മലബാർ ജില്ലാ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുമ്പോൾ യു.ഗോപാലമേനോൻ അതിൽ അംഗമായിരുന്നു എന്നത് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇത്തരത്തിൽ ഖിലാഫത് കമ്മിറ്റി പോലും മുസ്ലിം റിസേർവ്ഡോ മതകീയ മാനങ്ങളുടെ പേരിൽ രൂപീകരിക്കപ്പെട്ടതോ ആയ പ്രസ്ഥാനം ആയിരുന്നില്ല.പ്രത്യുത, അത് ഒരു പൊതു പൊളിറ്റിക്കൽ മൂവ്മെന്റ് ആയിരുന്നു. ഇത്തരുണത്തിൽ, 1921ലെ സമരം ബ്രിട്ടീഷ് അധിനിവേശത്തി നെതിരെയുള്ള ഒരു വിപ്ലവ മുന്നേറ്റമായിരുന്നു. അതിനെ വർഗീയ വൽക്കരിക്കാൻ ശ്രമിച്ചത് ഇദംപ്രഥമമായി ബ്രിട്ടീഷുകാരാണ്. മുസ്ലിം -ഹിന്ദു സംഘടിത മുന്നേറ്റത്തെ തമ്മിൽ തെറ്റിക്കുക എന്നുള്ളത് ബ്രിട്ടീഷുകാരുടെ പ്രധാന അജണ്ടയായിരുന്നു. ഹിന്ദുക്കളെ മാപ്പിള മാർക്കെതിരെ നിർബന്ധിപ്പിച്ച് സൈന്യത്തിൽ റിക്രൂട്ട് ചെയ്തും, അവരെ മാപ്പിളമാരെ ഒറ്റു കൊടുക്കാൻ ഉപയോഗപ്പെടുത്തിയും സമരത്തെ ഒരു വർഗീയ കലാപമായി പരിവർത്തിപ്പിക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. ഭാവിയിലും ഇതൊരു ഹിന്ദു വിരുദ്ധ കലാപമായി ഓർമ്മിക്കപ്പെടാനും വസ്തുതകൾ മറച്ചു വെക്കാനും അവർ അത്തരത്തിൽ ചരിത്രമെഴുത്തു നടത്തുകയും ചെയ്തു.
കാർഷിക കലാപമെന്ന് മലബാർ സമരത്തെ കാണുന്നത് ഇടതുപക്ഷ വായനകൾ ആണ്. എന്നാൽ ഇതൊരു കാർഷിക കലാപം ആയി മാത്രം ചുരുക്കിക്കെട്ടാൻ കഴിയില്ലെന്ന് സമരത്തിൽ പങ്കാളിയായിരുന്ന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് പോലും പറയുന്നുണ്ട്.
- മലബാർ സമരത്തിലെ പ്രധാന സംഭവമായ നിലമ്പൂർ കോവിലകത്തെ തോക്ക് മോഷണ സംഭവത്തിൽ ആരോപിക്കപ്പെട്ട മമ്മുദു ഒരു മാപ്പിള കുടിയാൻ ആയിരുന്നല്ലോ .സ്വാഭാവികമായും ഇത്, കാർഷിക സമരമാണെന്ന വാദത്തിന് അനുകൂല ഘടകമല്ലേ ?.
യഥാർത്ഥത്തിൽ,പൂക്കോട്ടൂരിലെ ഖിലാഫത്ത് നേതാവ് വടക്കേ വീട്ടിൽ മമ്മദിനെ തോക്ക് മോഷ്ടിച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ ശ്രമിച്ചത് അദ്ദേഹം ഒരു ഖിലാഫത് പ്രവർത്തകനായത് കൊണ്ടാണ്. ഖിലാഫത് പ്രവർത്തകൻമാരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ വ്യാപകമായി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സവർണ്ണ ജന്മി വിഭാഗങ്ങൾ ബ്രിട്ടീഷുകാരുടെ അനുകൂലികൾ ആയിരുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു മറുവശം.
ഉപര്യുക്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ . പോരാട്ടത്തെ കാർഷിക പരിസരത്ത് ഒരിക്കലും വായിക്കാൻ സാധ്യമല്ല . 1921 ലെ സമരങ്ങളെ വായിക്കുമ്പോൾ ശരിക്കും 21 ന്റെ പരിസരത്ത് നിന്നല്ല അതിനെ വായിക്കേത്. മറിച്ച് അതിന്റെ 50 വർഷം മുമ്പുള്ള പരിസരത്ത് നിന്ന് അതിനെ വായിക്കണം. അത്തരം വായന നടത്തുമ്പോൾ ഈ സമരത്തിന് പിന്നിൽ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിരവധി കാരണങ്ങൾ കണ്ടെത്താൻ കഴിയും. രാഷ്ട്രീയപരമായി വിലയിരുത്തുമ്പോൾ , മാപ്പിളമാർ പോർച്ചുഗീസുകാരുടെ കാലംതൊട്ടേ പുലർത്തിപ്പോരുന്ന അധിനിവേശവിരുദ്ധ നിലപാടിന്റെ തുടർച്ച തന്നെയായിരുന്നു മലബാർ സമരത്തിലും കാണാൻ കഴിയുക. 1792 ടിപ്പുവിനെ പരാജയപ്പെടുത്തി മലബാർ കീഴടക്കിയതിനു ശേഷം മാപ്പിളമാർക്കെതിരെ ബ്രിട്ടീഷുകാർ സ്വീകരിച്ച ശക്തമായ ചൂഷണ നയങ്ങൾ സുവിദിതമാണ്. ബ്രിട്ടീഷുകാർ നടത്തിയ അവകാശ ധ്വംസനങ്ങൾക്കെതിരെ സ്വാഭാവികമായും മാപ്പിളമാർക്ക് സമരത്തിനിറങ്ങേണ്ടിവന്നു.
ബ്രിട്ടീഷുകാർ ജന്മിമാർക്ക് നൽകിയ അമിത അവകാശങ്ങളും കുടിയന്മാരായ മാപ്പിളമാരെ അസംതൃപ്തരാക്കിയിരുന്നു. തദ്ഫലമായി, പലപ്പോഴായി മാപ്പിളമാർ ജന്മി കാർക്കെതിരെ ഏറ്റുമുട്ടലുകൾ നടത്തി. 1919 കോൺഗ്രസിന്റെ നേതൃത്വത്തിൽ കുടിയാൻ പ്രസ്ഥാനം നിലവിൽ വരുന്നതോടു കൂടിയാണ് കുടിയാന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടിതമായ ഒരു രൂപം ഉണ്ടാവുന്നതും കുടിയായ്മ നിയമം പോലും നിർമിക്കാൻ പോലും ബ്രിട്ടീഷുകാരോട് ശക്തമായി ആവശ്യപ്പെടുന്നതുമൊക്കെ. ഇത്തരത്തിൽ കാർഷിക പശ്ചാത്തലത്തേക്കാളുപരി ബ്രിട്ടീഷുകാരുടെ ജന്മിമാർക്കനുകൂലമായ ചൂഷണങ്ങളുടെ രാഷ്ട്രീയ പരിസരമാണ് സമരത്തിന്റെ പ്രധാന ഹേതുവായി വരുന്നത് . ബ്രിട്ടീഷുകാർ നടത്തിയ വലിയതോതിലുള്ള കുടിയൊഴിപ്പിക്കലും പള്ളികൾ ശ്മശാനങ്ങൾ തുടങ്ങിയവ തകർക്കുകയും മത സ്വാതന്ത്യം ഹനിക്കപ്പെടുകയും ചെയ്ത സാമൂഹികവും മതപരവുമായ കാരണങ്ങളും പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്. അതിനാൽ , കാർഷിക പശ്ചാത്തലത്തെ സമരത്തിന്റെ നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമായി എണ്ണുന്നതിലപ്പുറം, സമരത്തിന്റെ യഥാർത്ഥകാരണം കാർഷിക പരിസരം ആയിരുന്നെന്ന് വിധിയെഴുതൽ അസാധ്യമാണ്.
- ഖിലാഫത്ത്- നിസ്സഹകരണ- കുടിയാൻ പ്രസ്ഥാനങ്ങളുടെ കൂട്ടുകെട്ടിൽ വ്യവസ്ഥാപിതമായി ആരംഭിച്ച സമരം പിന്നീട് നേതാക്കളിൽനിന്ന് കൈവിട്ടു പോയതായി കാണാം. അത് മാപ്പിളമാർ ക്രൂരമായി അടിച്ചമർത്തപ്പെടുന്നതിലാണ് കലാശിച്ചത്. സമര നേതാക്കന്മാർക്കിടയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതയാണോ ഇതിന് കാരണം ?
ഹിന്ദു- മുസ്ലിംകൾ ഒരുമിച്ച് ജാതിമതഭേദമന്യേ ബ്രിട്ടീഷുകാർ ക്കെതിരെയും അവരെ പിന്തുണക്കുന്ന ജന്മിമാർക്കെതിരെയും നടത്തിയ പോരാട്ടമാണ് മലബാർ സമരം. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഖിലാഫത്ത് കമ്മിറ്റിയും നിസഹകരണ കമ്മിറ്റിയും സംയുക്തമായി ഒരു പൊതു പൊളിറ്റിക്കൽ മൂവ്മെന്റായി,ബ്രിട്ടീഷുകാർക്കെതിരെ സമരമാരംഭിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആശയങ്ങൾ മുൻ നിർത്തി തന്നെയാണ് സമരം മുന്നോട്ട് പോയത്. അഹിംസയും നേതാക്കന്മാരുടെ പ്രധാന കാഴ്ചപ്പാട് തന്നെയായിരുന്നു. ഇരുപതുകളിൽ ഗാന്ധി കേരളത്തിൽ വന്ന് ആഹ്വാനം നടത്തുന്നതും മലബാറിൽ 300 ഓളം കമ്മറ്റികൾ രൂപപ്പെടുന്നതും അതിന്റെ ഭാഗമായിരുന്നു. ശേഷം ഏകദേശം ഒരുവർഷത്തോളം ഖിലാഫത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടർച്ചയായി നടന്നിട്ടുണ്ട്. ഒരു വർഷം വളരെ വിജയകരമായി നടന്ന ഈ മുന്നേറ്റം ബ്രിട്ടീഷുകാരെ വല്ലാതെ ഭീതിപ്പെടുത്തിയിട്ടുണ്ട് . സംഘടിതമായി ഹിന്ദു മുസ്ലിംകൾ ബ്രിട്ടീഷുകാർക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വരുമ്പോൾ ഈ മുന്നേറ്റത്തെ എന്ത് വില കൊടുത്തും ഭിന്നിപ്പിക്കുകയെന്നത് അവർക്ക് അനിവാര്യമായിരുന്നു. വിശിഷ്യാ, തൃശൂരിൽ ഹിന്ദുക്കൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ മുസ്ലിംകളെ വിളിച്ചു വരുത്തിയാണ് ക്രിസ്ത്യാനികൾക്കെതിരെ പോരാടിയത്. ഹിന്ദു മുസ്ലിം ഐക്യം ഭയപ്പെട്ട ബ്രിട്ടീഷുകാർ വിഭാഗീയത പരത്തി അതിനെ ഹിന്ദു വിരുദ്ധ കലാപമായി ചിത്രീകരിച്ചു. തദ്വാരാ , ഹിന്ദു രക്ഷകരായി ഇടപെടാൻ ബ്രിട്ടീഷുകാർക്ക് അവസരം ലഭിച്ചു.
മലബാർ സമരത്തിന്റെ ആദ്യ ഘട്ടമായി കണക്കാക്കുന്ന 1921 ആഗസ്റ്റ് 20-30 ഘട്ടം പ്രത്യേക കാലമായിരുന്നു. സമരത്തിന് നേതൃത്വം നൽകിയ ആലി മുസ്ലിയാർ അടക്കമുള്ളവർ സഹനശീലരും അഹിംസ വാദികളുമായി പോരാട്ട രംഗത്ത് നിറഞ്ഞു നിന്നവരായിരുന്നു. പക്ഷേ സമരത്തിന്റെ യഥാർത്ഥ കാരണമായ തിരൂരങ്ങാടി പള്ളിക്ക് മുമ്പിൽ വെച്ച് ബ്രിട്ടീഷുകാർ അകാരണമായി മാപ്പിളമാരെ അറസ്റ്റ് ചെയ്തപ്പോൾ ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ അത് ചോദിക്കാൻ പോയപ്പോൾ ബ്രിട്ടീഷുകാർ അവർക്ക് നേരെ വെടിയുതിർത്തു. മാപ്പിളമാർ അവർക്കെതിരെ ചെറുത്തു നിന്നു. ഓർക്കാപ്പുറത്തെ ഈ ആക്രമത്തിൽ ഒരുപാട് പേർ കൊല്ലപ്പെട്ടു. സ്വാഭാവികമായും ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ചെറുത്തുനിൽപ്പാണ് മാർഗമെന്ന് മാപ്പിളമാർ കരുതി.അല്ലാതെ കലാപം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നില്ല അവർ കൈ കൊണ്ടത്. അവിടെ നിന്നാണ് വാരിയൻ കുന്നത്തൊക്കെ കടന്നു വരുന്നത്.
- സമരം അക്രമാസക്തമാവാൻ കാരണം പോലീസ് നരവേട്ടായായിരുന്നോ ? ആഗസ്റ്റ് 31 ഓടെ അവസാനിക്കേണ്ടിയിരുന്ന സമരം കലക്ടർ ജെ. എഫ് തോമസിനെ പോലെയുള്ള ബ്രിട്ടീഷ് അധികാരികളുടെ പിടിപ്പുകേട് കൊണ്ടാണ് നീണ്ടുനിന്നതെന്ന് ചരിത്രകാരൻ റോളണ്ട് ഇ.മില്ലർ പറയുന്നതിനെ എങ്ങനെ വിലയിരുത്തുന്നു ?
നടേ സൂചിപ്പിച്ചത് പോലെ ,മാപ്പിളമാരുടെ സഹനസമരം കലാപത്തിലേക്ക് കൊണ്ടെത്തിക്കുന്നതിൽ ബ്രിട്ടീഷ് പോലീസുകാർ വഹിച്ച പങ്ക് ചരിത്രപരമായി തന്നെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, യു.ഗോപാല മേനോൻ, എം.പി നാരായണമേനോൻ തുടങ്ങിയവർ പോലീസിന്റെ പിടിപ്പുകേട് കൊണ്ടായിരുന്നു സമരം കലാപത്തിലേക്ക് വഴിമാറിയതെന്ന് അവരുടെ അനുഭവ കുറിപ്പുകളിൽ പറയുന്നുണ്ട്. കാരണം മാപ്പിള സമൂഹത്തോട് എങ്ങനെ പെരുമാറണം എന്നുള്ളത് ബ്രിട്ടീഷുകാർ തീരെ ഗൗനിച്ചിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ മലബാറിൽ ധാരാളം സമരങ്ങൾ നടന്നപ്പോൾ ബ്രിട്ടീഷുകാരെ അതിൽ പല നിലയ്ക്കുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത്തരം സമയങ്ങളിൽ മാപ്പിളമാർ എങ്ങനെയാണ് പ്രതികരിക്കുക എന്നത് അവർക്ക് കൃത്യമായിട്ട് അറിയാം. ഫള്ൽ തങ്ങളെപ്പോലെയുള്ളവരെ നാടുകടത്തിയപ്പോൾ മാപ്പിളമാർ ഏതു രീതിയിലാണ് പ്രതികരിച്ചതെന്ന് ബ്രിട്ടീഷുകാർക്കറിയാം. അതിനാൽ ഇത്തരത്തിലൊരു (സഹന)സമരത്തെ കലാപത്തിലേക്ക് വലിച്ചിഴക്കും വിധം , ആലി മുസ്‌ലിയാരെയും അനുയായികളെയും ക്രൂരമായി ദ്രോഹിച്ചും അറസ്റ്റ് ചെയ്തും മനപ്പൂർവം മുതലെടുപ്പ് നടത്തി എന്നതാണ് വസ്തുത . 1921ലെ മലബാർ സമരം പുതിയൊരു രൂപത്തിലേക്ക് പരിണമിച്ചത് ജെ .എഫ് തോമസിനെ പോലെയുള്ള ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ടാണ് എന്നത് ചരിത്രകാരന്മാർ അംഗീകരിച്ചതാണ്. യഥാർത്ഥത്തിൽ തോമസ് തിരൂരങ്ങാടിയിൽ നടത്തിയ ചില നീക്കു പോക്കുകളായിരുന്നു സമരത്തിന്റെ ഗതി മാറ്റിയിരുന്നത്.
- ഖിലാഫത്ത് സമരത്തിന്റെ പേരിൽ മാപ്പിളമാരോടൊപ്പം തുടക്കത്തിൽ സമരം ചെയ്ത കോൺഗ്രസ് പിന്നീട് സമരം അക്രമാസക്തമായി എന്ന് പറഞ്ഞ് പിൻമാറുകയും സമരത്തെ വർഗീയ വൽക്കരിക്കുകയുമായിരുന്നല്ലോ ചെയ്തത്?കോൺഗ്രസിന്റെ ഈ നിലപാടു മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു?
21 ലെ സമരത്തിൻറെ പ്രധാന സംഘാടകരിൽ ഒരാൾ കോൺഗ്രസ് തന്നെയാണ്. കേരളത്തിൽ കോൺഗ്രസ് കമ്മിറ്റിയും ഖിലാഫത് കമ്മിറ്റിയും രൂപീകരിക്കപ്പെടുന്നത് ഒരേ യോഗത്തിൽ വെച്ചാണെന്നത് തന്നെ ഇതിനുപോൽബലകമാണ് . അന്നത്തെ പ്രധാന കോൺഗ്രസ് നേതാക്കന്മാരായിരുന്ന കെ മാധവൻ നായർ, കെ പി കേശവമേനോൻ, യൂ ഗോപാലമേനോൻ, ബാരിസ്റ്റർ എ കെ പിള്ള, തുടങ്ങിയ നേതാക്കന്മാർ സമര നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കന്മാരിൽ പ്രധാനികളാണ്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ കെ മൊയ്തു മൗലവി, കെ.എം മൗലവി തുടങ്ങിയവരും ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. പിന്നീട് 1921 ആഗസ്റ്റ് 20 ന് നടന്ന (തിരൂരങ്ങാടി) സംഭവത്തോടു കൂടി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് പിൻമാറ്റം ഉണ്ടായി എന്നത് ഒരു വസ്തുതയാണ്.
ഗാന്ധിജി അടക്കമുള്ളവർ മുന്നോട്ടുവെച്ച (ഒരുവർഷത്തിനുള്ളിൽ )സ്വരാജ് എന്ന് സ്വപ്നം, വലിയൊരു ആവേശത്തോടെയാണ് മാപ്പിളമാർ ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി സമരരംഗത്തേക്ക് ഇറങ്ങിയ മാപ്പിളമാർ ഒരുവർഷത്തോളം കൃത്യമായി സഹനസമരം പ്രാവർത്തികമാക്കിയിരുന്നു . ബ്രിട്ടീഷുകാർ പലയിടങ്ങളിലും അതിനെ കലാപമായി മാറ്റാൻ പരിശ്രമിക്കുമ്പോഴും അവർ അത് മുഖവിലക്കെടുക്കാതെ പ്രതിഷേധ സമരം മുന്നോട്ടു കൊണ്ട് പോവുകയുണ്ടായി.പൊന്നാനിയിലും കൊണ്ടോട്ടിയിലുമൊക്കെ ആലിമുസ്ലിയാർ പോകുമ്പോൾ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തടഞ്ഞു നിർത്തുകയും കലാപം സൃഷ്ടിക്കാൻ വൃഥാ ശ്രമിക്കുകയും ചെയ്തിരുന്നു.അപ്പോഴൊക്കെ സഹനത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു മാപ്പിളമാർ ചെയ്തത്.
തിരൂരങ്ങാടി സംഭവത്തോടെ മാപ്പിളമാരെ പ്രകോപിപ്പിച്ചു കലാപത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു ബ്രിട്ടീഷുകാർ ചെയ്തത്. മാപ്പിളമാരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഈ നീക്കത്തിനെതിരെ ഇത്തരമൊരു ചെറുത്തുനിൽപ്പ് തീർത്തും അനിവാര്യമായിരുന്നു.എന്നാൽ ഈയൊരു ഘട്ടത്തിൽ പ്രത്യേകിച്ചും ബ്രിട്ടീഷുകാർ മാപ്പിളമാരെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് വലിച്ചിഴച്ചപ്പോൾ, അവിടെ അവരോടാപ്പം അടിയുറച്ച് നിന്ന് സമരത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ട് പോകേണ്ട ബാധ്യതയുണ്ടായിരുന്ന കോൺഗ്രസ് അവരുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ഇതേ സാഹചര്യത്തിൻ കെ.പി കേശവമേനോൻ തിരൂരങ്ങാടി പള്ളിയിൽ ചെന്ന് ആലി മുസ്ലിയാരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ഈ നിലപാട് മാറ്റത്തിന്റെ പ്രത്യാഘാതം ഉണ്ടാകുന്ന പിന്നീടാണ്. ഗാന്ധിജിക്ക് മലബാറിലേക്ക് വരാനുള്ള അനുമതി ബ്രിട്ടീഷുകാർ നിഷേധിക്കുന്നതും ഇതേ സമയത്താണ്. പിന്നീട് കെ.വി കേശവമേനോൻ ,കെ മാധവൻ നായർ തുടങ്ങിയവരുടെ കത്തുകളിലൂടെയും ബ്രിട്ടീഷ് ആഖ്യാനങ്ങളിലൂടെയുമാണ് ഗാന്ധി സമരത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്. മലബാറിലെ ചില കോൺഗ്രസ് നേതാക്കന്മാർ നൽകിയ തെറ്റായ വിവരം മുഖേന സ്വാഭാവികമായും ഗാന്ധിജി പോലും സമരത്തെ തെറ്റിദ്ധരിക്കുകയുണ്ടായി. ഇത്തരം തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമായാ ണ് ഗാന്ധിജി യങ് ഇന്ത്യയിൽ സമരത്തെ തള്ളിപ്പറ്റയുന്നത്. മാധവൻ നായരെ പോലെ കോൺഗ്രസിലും ഹിന്ദു മഹാസഭയിലും ദ്വിഅംഗത്വമുണ്ടായിരുന്ന നേതാക്കന്മാർ സമരത്തെ വർഗീയവൽക്കരിക്കാൻ നടത്തിയ ശ്രമങ്ങളും ചെറുതല്ല. കെ.മാധവൻ നായർ എഴുതിയ 'മലബാർ കലാപം'. എഴുതപ്പെടുന്നതും ഇത്തരമൊരു പരിസരത്തിൽ നിന്നാണ്. ചുരുക്കത്തിൽ സമരത്തിനിടയിൽ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായ . യൂ ടേൺ സമരത്തെ ആപാദചൂഢം ബാധിച്ചുട്ടുണ്ടെന്നത് ഒരു പരമാർത്ഥമാണ്.
- 1921 ലെ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണല്ലോ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി .സമര പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം കൂടിയായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാപ്പിളമാർക്കിടയിൽ എത്രത്തോളം സ്വാധീനം ചെലുത്തി ?
മലബാർ സമരത്തെ ബ്രിട്ടീഷുകാർ കലാപത്തിലേക്ക് വലിച്ചിഴച്ചപ്പോൾ സമരത്തെ വ്യവസ്ഥാപിതമായ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിച്ച പോരാളിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മാപ്പിളമാരുടെ സഹന സമരത്തെ അടിച്ചമർത്തി, നേരിട്ടുള്ള ഒരു തുറന്ന യുദ്ധത്തിലേക്ക് അതിനെ ബ്രിട്ടീഷുകാർ കൊണ്ടെത്തിച്ചപ്പോൾ ഇനി പോരാട്ടമാണ് വഴിയെന്ന് തിരിച്ചറിയുകയും അതിനുപയുക്തമായ സൈനിക വഴികൾ തരപ്പെടുത്തി ബ്രിട്ടീഷുകാർക്കെതിരെ നേരിട്ടുള്ള പോരാട്ടത്തിന് ഇറങ്ങുകയാണ് വാരിയംകുന്നത്ത് ചെയ്യുന്നത്.
വാരിയൻകുന്നത്ത് ഒരു സുപ്രഭാതത്തിൽ സമരമുഖത്തേക്ക് വരുന്ന ഒരാളല്ല.മറിച്ച് തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ സമരത്തിൻറെ പതിറ്റാണ്ടുകൾക്കു മുമ്പേ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ട വഴിയിൽ പ്രവേശിച്ച ഒരാളാണദ്ദേഹം.അതുകൊണ്ടാണ് അദ്ദേഹത്തിന് കലുഷിതമായ സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇതിൻറെ നേതൃത്വത്തിലേക്ക് നേരിട്ട് വരാൻ സാധിക്കുന്നതും അനുയായികളെ സ്വന്തമാക്കാൻ കഴിയുന്നതും.
ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തു നിൽപ്പ് നടത്തി പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തദ്വാരാ , ബ്രിട്ടീഷുകാരിൽ നിന്ന് ഒരുപാട് ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരാളാണദ്ദേഹം. 1894 ൽ നടന്ന പള്ളിക്കുറുപ്പ് യുദ്ധത്തിൽ വാരിയം കുന്നത്തിന്റെ പിതാവിനെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു നാടുകടത്തുകയുണ്ടായി.ഇരുപതോളം വരുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആലിമുസ്ലിയാരുടെ സഹോദരനും യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു .പിതാവ് നാടു കടത്തപ്പെട്ടതിനു ശേഷം പിന്നീട് ബ്രിട്ടീഷുകാർ ഉന്നം വെക്കുന്നത് വാരിയംകുന്നത്തിനെയാണ്. 1896 ൽ നടന്ന മഞ്ചേരി യുദ്ധത്തിനു പിന്നിൽ അദ്ദേഹമാണെന്ന് ബ്രിട്ടീഷുകാർ ആരോപിച്ച് നാടുകടത്തുകയുണ്ടായി. 10 വർഷത്തോളം മക്കയിലും മറ്റുമായി അദ്ദേഹം താമസിക്കുകയായിരുന്നു . പിന്നീട് 1916 ൽ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ അദ്ദേഹത്തെ നാലു മാസത്തേക്ക് അറസ്റ്റ് ചെയ്യുന്നുമുണ്ട്. ചുരുക്കത്തിൽ ഇരുപത്തൊന്നിലെ സമരത്തിന്റെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സമര രംഗത്തുള്ള ആളാണ് വാരിയംകുന്നത്ത്. ഖിലാഫത് പ്രസ്ഥാനം നിലവിൽ വരുമ്പോൾ ഒരു സംഘടിത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ അതിനെ ഒരു സാധ്യതയായി കണ്ടാണ് വാരിയൻ കുന്നത്ത് അതിലേക്കെത്തിപ്പെടുന്നത്. ബ്രിട്ടീഷുകാർ സമരത്തെ ക്രൂരമായി അടിച്ചമർത്തി ലഹളയിലേക്ക് വഴിതിരിച്ചു വിട്ടപ്പോഴും പോരാട്ട വഴിയിൽ നീതി മുറുകെപ്പിടിച്ച് വാരിയൻ കുന്നത്ത് മുന്നോട്ടു പോയി എന്നതാണ് ഏറെ അത്ഭുതകരമായ വസ്തുത. അദ്ദേഹത്തിന്റെ മഞ്ചേരി പ്രഭാഷണവും മഞ്ചേരിയിൽ നമ്പൂതിരി ബാങ്ക് കൊളളയടിക്കപ്പെട്ടപ്പോൾ മാപ്പിളമാരിൽ നിന്ന് ആ സമ്പത്തെല്ലാം വാങ്ങി ഉടമസ്ഥരിലേക്ക് തിരിച്ചേൽപ്പിച്ച സംഭവവും ഇതിനു ചൂണ്ടുപലകകളാണ്.
- വാരിയൻ കുന്നന്റെ മലയാള രാജ്യം ആറു മാസം നീണ്ടുനിന്ന മലബാർ സമരത്തിന്റെ സംഘാടനത്തെ എങ്ങനെ സ്വാധീനിച്ചു ?
വാരിയൻകുന്നത്തിന്റെ മലയാള രാജ്യത്തിൻറെ ബീജാവാപം ഒരു മുസ്ലിം രാജ്യം സ്ഥാപിക്കുക എന്ന ചിന്തയിൽ നിന്നായിരുന്നില്ല.പ്രത്യുത, ബ്രിട്ടീഷുകാർ കാലുകുത്താത്ത ഒരു ദേശത്തെ രൂപീകരിക്കുക എന്ന എന്ന ലക്ഷ്യത്തിൽ നിന്നാണ് അത് ഉരുത്തിരിയുന്നത്.ഒരു വർഷം കൊണ്ട് സ്വരാജ് എന്ന് ഗാന്ധിജി പ്രഖ്യാപിച്ചപ്പോൾ അതിനൊരു സാക്ഷാൽക്കാരമായി ഒരു വർഷം കൊണ്ട് ബ്രിട്ടീഷുകാർ കാലുകുത്താത്ത ദേശം രൂപ പ്പെടുത്താൻ വാരിയംകുന്നത്തിന് സാധിച്ചു.ഓഗസ്റ്റ് 20-ലെ സംഭവത്തിന് ശേഷം ഹിന്ദുവിനെയും മുസ്ലിമിനെയും ഒരുപോലെകൊള്ളുന്ന ഒരു ദേശത്തെ രൂപപ്പെടുത്തുന്നതിന് അദ്ദേഹം ഇറങ്ങി പുറപ്പെടുകയാണ് ചെയ്യുന്നത്.പാണ്ടിക്കാട് വെച്ചും നെല്ലിക്കുത്ത് വെച്ചും അദ്ദേഹം യോഗങ്ങൾ സംഘടിപ്പിച്ചു.യോഗത്തിൽ പങ്കെടുത്തത് അധികവും ഹിന്ദുക്കളാണ്. പാണ്ടിക്കാട് നമ്പീശന്മാരും കപ്പാട്ട് കൃഷ്ണപ്പണിക്കരുംപോലെയുള്ള ആളുകളാണ് യോഗങ്ങളുടെ അധ്യക്ഷത വഹിച്ചതും ഗുമസ്തന്മാരും മറ്റുമായിട്ട് പ്രവർത്തിച്ചതും. പിന്നീട്അവരുടെ നേതൃത്വത്തിലാണ് മലയാള രാജ്യം രൂപീകരിക്കപ്പെടുന്നത്.ഇത് ശരിക്കും ഒരു വ്യവസ്ഥാപിത രാജ്യമായിരുന്നില്ല.കാരണം അതിനാവശ്യമായ സൗകര്യങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല.ബ്രിട്ടീഷുകാർ പെട്ടെന്ന് വരുമ്പോൾ കേന്ദ്രത്തിൽ നിന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് പോകേണ്ടത് ആവശ്യമായതിനാൽ ഓരോ ഏരിയകളും ഓരോരുത്തർക്ക് ചുമതല നൽകി ഒരു സംഘടന പോലെ ഇത് നടന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ആറു മാസത്തോളം ബ്രിട്ടീഷുകാർക്ക് ഈ ഒരു മുന്നേറ്റം.അളവിൽ തലവേദന സൃഷ്ടിച്ചു എന്നത് യാഥാർത്ഥ്യമാണ്.അതിനുപുറമേ ഘട്ടം ഘട്ടമായി പുതിയ സൈനിക തന്ത്രങ്ങൾ സ്വീകരിക്കാനും പരിശീലിക്കാനും ഇത് വഴി സാധിച്ചു. ഒന്നാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത ഒരുപാട് പേരെ സംഘടിപ്പിച്ചുകൊണ്ട് സൈനികരായി ഉപയോഗിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു.ആറുമാസത്തോളം ബ്രിട്ടീഷുകാരെപേടിപ്പെടുത്തുന്ന ഒരു രാജ്യ പരിസരം രൂപപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളതാണ് മലയാള രാജ്യത്തിൻറെ വിജയം.പക്ഷേ വാരിയംകുന്നത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അദ്ദേഹത്തോടൊപ്പം മലയാള രാജ്യത്തെ കുറിച്ചുള്ള പൂർണ്ണ രേഖകൾ അടക്കം ബ്രിട്ടീഷുകാർ അഗ്നിക്കിരയാക്കി.അതിനാൽ തന്നെ ഇതുസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് നമുക്കുമുന്നിൽ സ്രോതസ്സുകൾ ഇല്ല എന്നതാണ് വസ്തുത.
- മലബാർ സമരത്തിന് ഒരുപാട് കാരണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും നിലവിൽ ചരിത്രകാരന്മാർക്കിടയിൽ പ്രചരിപ്പിക്കപ്പെടുന്ന കാരണം സമരത്തിന്റെ കാർഷിക പശ്ചാത്തലം ആണ്. ചരിത്ര പണ്ഡിതൻ എന്ന നിലയിൽ ഇത് എങ്ങനെ വിലയിരുത്തുന്നു?.
മലബാർ സമരം പലരും പല നിലക്കാണ് വായിച്ചിട്ടുള്ളത്. ഓരോരുത്തരും അവർ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും കൂട്ടായ്മകളുടെയും കാഴ്ചപ്പാടിന്റെ പരിസരത്ത് നിന്നാണ് ഇതിന് സമീപിച്ചിട്ടുള്ളത്. കൊളോണിയൽ ചരിത്രകാരന്മാർ കൊളോണിയൽ വീക്ഷണ കോണുകളിലൂടെ ഇതിനെ മതഭ്രാന്തിന്റെ മുഖം നൽകി (Fanatic mappila) അവതരിപ്പിച്ചു.കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ കാർഷിക വ്യാഖ്യാനം നൽകി സമരത്തെ കാർഷിക സമരമായി വിശകലനം ചെയ്തു. നാഷണലിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ സമരത്തെ വായിച്ചവർ അതിന് ഒരു ദേശീയ സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെ മുഖംനൽകി.
ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള വായനകൾ നടത്തുന്നു എന്നുള്ളതാണ് സത്യം.വസ്തുതപരമായി പറഞ്ഞാൽ സമരത്തിന് സാമൂഹികവും രാഷ്ട്രീയവും മതപരവുമായ നിരവധി കാരണങ്ങളുണ്ട്. അതിൽ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെയും മുന്നേറ്റങ്ങളുടെയും ഫലമായി സംഭവിച്ച ഒരു വൻ വിസ്ഫോടനമായിരുന്നു 1921 ലെ മലബാർ സമരം. എന്നാൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം എന്ന നിമിത്തമാണ് ഇതിലെല്ലാം ഉൾച്ചേർന്നിരിക്കുന്നത്.
സമരത്തിന്റെ നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമായി എണ്ണുന്നതിലപ്പുറം സമരത്തിന്റെ യഥാർത്ഥകാരണം കാർഷിക പരിസരം ആയിരുന്നില്ല. ഇതിനെ കാർഷിക കലാപമായി വിധിയെഴുതുന്നത് തീർത്തും ചരിത്രത്തോടുള്ള അനീതിയായിരിക്കും. കാരണം അതിൽ സമരത്തിന്റെ വസ്തുതാപരമായ നേതൃത്വം വഹിച്ചിരുന്ന ഒരു മതപക്ഷം അസ്തമിച്ചു പോവുകയാണ്. ഇതിൽ മാപ്പിളമാർക്ക് നേതൃത്വം നൽകുന്നത് സയ്യിദുമാരും ഉലമാക്കളുമൊക്കെയാണ്. ഹിച്ചു കോക്ക് അദ്ദേഹത്തിന്റെ ചരിത്രത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. Thangals and musliyars എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നത് സമരത്തിലെ അനിഷേധ്യ നായകർ അവരായിരുന്നു എന്നതിന് ഉപോൽബലകമാണ്.ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച മതപരമായ പാരതന്ത്ര്യത്തിനെതിരെയായിരുന്നു അവർ പോരാടിയിരുന്നത്.എന്നാൽ അതു മാത്രമായിരുന്നു സമരത്തിൻറെ കാരണമെന്ന് പറയാൻ കഴിയില്ല.പ്രസ്തുത കാരണവും ഉപര്യുക്ത കാരണങ്ങളും ചേർന്ന നിരവധി കാരണങ്ങളാണ് യഥാർത്ഥത്തിൽ സമരത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നതാണ് വാസ്തവം.
തയ്യാറാക്കിയത് : ഫായിസ് എളേറ്റിൽ

COMMENTS