പ്രവാചകൻ്റെ മരണവാർത്തയറിഞ്ഞ് മദീനയിലെത്തിയ സ്വഹാബിമാരൊന്നടങ്കം അബൂബക്കർ (റ) വിനെ ഭരണ പദത്തിലേക്കാനയിച്ചു. വിനയത്തിന്റെ മകുടോദാഹരണമായിരുന്ന അദ്ദേഹം പിന്മാറാൻ ശ്രമിച്ചെങ്കിലും ഇസ്ലാമിക രാഷ്ട്രത്തിൻ്റെ ഒന്നാം ഖലീഫയായി എന്നും വാഴ്ത്തപ്പെടാനായിരുന്നു ദൈവഹിതം. പ്രവാചകാനുകരണത്തിലും അനുസരണയിലും അതുല്യനായ മഹാനവർകൾ ഭരണത്തിലേറി ആദ്യമായി "പ്രവാചകൻ റോമിലേക്കയച്ച യുദ്ധ സൈന്യത്തെ പുനഃസംഘടിപ്പിക്കുകയായിരുന്നു.എന്നാൽ പ്രവാചകന്റെ മരണവാർത്തയറിഞ്ഞു തിരിച്ചെത്തിയ യുദ്ധസംഘത്തെ കലാപമുഖരിതമായ ഈ സാഹചര്യത്തിൽ യുദ്ധത്തിനയക്കുന്നതിൽ സഹാബിമാർക്കിടയിൽ നിയോജിപ്പുണ്ടായിരുന്നു. ഉടൻ നിയുക്ത ഭരണാധികാരി ഒരു പ്രഖ്യാപനം നടത്തി. "വന്യമൃഗങ്ങൾക്കു മുൻപിൽ എന്റെ ജീവൻ അപഹരിക്കപ്പെട്ടാലും ശരി പ്രവാചകൻ ചെയ്തുവച്ച ഈ ഉദ്യമം പൂർത്തിയാക്കാതെ എനിക്ക് വിശ്രമമില്ല " .അങ്ങനെ സൈന്യത്തെ സജ്ജമാക്കിയ ശേഷം സൈനിക നേതാവ് ഉസാമ (റ)വിൻ്റെ കുതിരയുടെ കടിഞ്ഞാൺ പിടിച്ച് ഖലീഫ സിദ്ദീഖ് (റ) നൽകുന്ന ഉപദേശം പ്രസിദ്ധമാണ്. " ഓ ....നിയുക്ത ഭടന്മാരെ, നിങ്ങളൊരിക്കലും ചതിപ്രയോഗിക്കരുത് , മോഷ്ടിക്കരുത്, വിശ്വാസവഞ്ചന നടത്തരുത് , അംഗവിച്ഛേദനം നടത്തരുത്, സ്ത്രീകളെയും വൃദ്ധരെയും കുട്ടികളെയും കൊലപ്പെടുത്തരുത്, ഈന്തപ്പനകളെ മുറിക്കരുത് , സസ്യങ്ങൾ കരിച്ചു കളയരുത് ".
മനുഷ്യത്വത്തിന്റെ കാവലാളായ ഖലീഫയുടെ മാനുഷികമൂല്യവും പക്ഷിമൃഗാദികളോടും സസ്യലതാദികളോടുമുള്ള കാരുണ്യവും ഇതിൽ നിന്നും സുവ്യക്തം. പ്രവാചകന്റെ വഫാത്തിന്ന് ശേഷം പലരുടെയും കാപട്യത്തിന്റെ തനി സ്വഭാവം പ്രത്യക്ഷമായി. ഇസ്ലാമിൽ നിന്ന് പല ഗോത്രങ്ങളും പുറത്തുപോയി, കള്ള പ്രവാചകത്വം വാദിച്ച് അധികാരമോഹവുമായി നടന്ന കപടന്മാർ അവസരം മുതലെടുത്തു. സക്കാത്തിനെ നിഷേധവുമായി രംഗത്ത് വന്നവർ സിദ്ദിഖ് (റ) വിൻ്റെ അധികാരത്തെ ചോദ്യം ചെയ്തു, ജുമുഅ: നമസ്കാരം മക്കയിലും മദീനയിലുമായി ഒതുങ്ങി.
പ്രതിബന്ധങ്ങൾ പർവ്വതസമാനം നിലനിൽക്കെയാണ് സിദ്ധീഖ് (റ) തൻ്റെ ആത്മരക്ഷയ്ക്ക് പകരം ഉസാമ (റ) വിന്റെ നേതൃത്വത്തിൽ യുദ്ധ സംഘത്തെ അയച്ചത്. പ്രതിസന്ധികളിൽ പതറാത്ത പ്രവാചകനിൽ നിന്ന് പകർന്നു കിട്ടിയ നിശ്ചയദാർഢ്യവും മനോധൈര്യവുമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. യുദ്ധമുഖരിതമായ ഈ സാഹചര്യത്തെ കൃത്യമായി ഇടപെടലിലൂടെയും വ്യക്തമായ നിലപാടിലൂടെയും സിദ്ധീഖ് (റ) ചെറുത്തുനിന്നു. ഖലീഫയുടെ സന്ദർഭോചിത ഇടപെടലിനെ പരാമർശിച്ച് അബൂഹുറൈറ പറയുന്നു: "അല്ലാഹുവാണെ സത്യം , പ്രവാചകൻ (സ്വ)ക്ക് ശേഷം അബൂബക്കർ (റ) ഖലീഫയായി രുന്നില്ലെങ്കിൽ ഭൂമുഖത്ത് അല്ലാഹുവിനെ ആരാധിക്കപ്പെടുമായിരുന്നില്ല ."
ജനങ്ങളോട് നയപ്രഖ്യാപനം നടത്തുന്ന ഖലീഫയുടെ വാക്കുകൾ പിൽക്കാല ഭരണാധികാരികൾക്ക് മാതൃകയാണ് " ഞാനൊരിക്കലും നിങ്ങളേക്കാൾ മികച്ചവനല്ല, എൻ്റെ സൽപ്രവർത്തനങ്ങൾക്ക് മാത്രം നിങ്ങൾ പിന്തുണ നൽകുക , തെറ്റ് സംഭവിക്കുമ്പോൾ തടയുക. അപലരാണ് എൻ്റെയടുത്ത് പ്രബലർ അവർക്കുള്ള അവകാശം ഞാൻ ഉറപ്പുവരുത്തും, നിങ്ങളിലെ പ്രബലരാണ് എൻ്റെയടുത്ത് അപലർ അവരിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ ഞാൻ പിടിച്ചെടുക്കുക തന്നെ ചെയ്യും.തൻ്റെ ഭരണകാലത്ത് വിവേചന മനോഭാവത്തെ ഉന്മൂലനം ചെയ്ത ഖലീഫയുടെ മുമ്പിൽ ലിംഗ വിവേചനത്തിനോ, വർഗ്ഗ വിവേചനത്തിനോ സ്ഥാനമുണ്ടായിരുന്നില്ല . സർവ്വരും സമന്മാരായിരുന്നു എന്നതാണ് ഖലീഫ അബൂബക്കർ (റ) വിൻ്റെ ഭരണത്തെ വ്യത്യസ്തമാക്കിയത്.
പൊതു സ്വത്തിൻ്റെ നീതിപൂർവ്വവും കൃത്യതയോടെയുമുള്ള വിതരണം ഖലീഫ ഉറപ്പുവരുത്തി . എന്നാൽ ഖജനാവിന് സുരക്ഷയേർപ്പെടുത്താത്ത ഖലീഫയോട് കാരണമന്വേഷിച്ച സ്വഹാബിയോട് ഖലീഫയുടെ സംഘതയോടെയുള്ള മറുപടി, " ഖജനാവിനെ സുരക്ഷാഭടന്മാരുടെ ആവശ്യമില്ല " എന്നായിരുന്നു. ഇത് കേട്ട് അത്ഭുതത്തോടെ ചോദ്യകർത്താവ് വീണ്ടും ചോദിച്ചു , "എന്നാൽ സുരക്ഷിതമായി ബന്ധിച്ചിട്ടുണ്ടോ? " .ഖജനാവ് തുറന്ന് കാണിക്കപ്പെട്ട ഇദ്ദേഹം അതിനുള്ള മറുപടി സ്വയം കണ്ടെത്തുകയായിരുന്നു. കാരണം ഖലീഫയുടെ ദാനശീലം ഖജനാവിനെ ശൂന്യമാക്കിയിരുന്നു .കച്ചവടമായിരുന്നു അബൂബക്കർ അല്ലാഹുവിൻറെ ജീവിതമാർഗം. ഇസ്ലാമിക രാഷ്ട്രത്തിന്റെ ചെങ്കോലേന്തിയ കൈകളിൽ വസ്ത്രത്തിന്റെ ഭാണ്ഡവുമായി കച്ചവടത്തിനിറങ്ങിയ ഖലീഫയെ കണ്ട് ആശ്ചര്യപ്പെട്ട അബൂ ഉബൈദ (റ) വും ഉമർ (റ) വും ചോദിച്ചു :"അമീറുൽ മുഅ്മിനീൻ..! ഭരണകാര്യങ്ങൾ ശ്രദ്ധിക്കേണ്ട അങ്ങ് കച്ചവടത്തിനിറങ്ങുകയോ !? . എന്റെ കുടുംബത്തോടുള്ള കടമ പിന്നെങ്ങനെ ഞാൻ നിർവഹിക്കും, അവർക്കുള്ള ആഹാരത്തിനും ജീവിത ചെലവിനുമാണ് ഞാൻ പുറപ്പെട്ടിട്ടുള്ളത്.
ഈ സംഭവത്തിന് ശേഷം ഖലീഫക്ക് അല്പം പണവും ഭക്ഷണവും അനുവദിച്ചു നൽകി. ദിവസങ്ങൾക്ക് ശേഷം കുറച്ച് സ്ത്രീകൾ ഖലീഫയെ കാണാനെത്തി . ഇവരെ കാണാനിടയായ ഉമർ (റ) വലീഫയെ അന്വേഷിച്ചിറങ്ങിയപ്പോൾ കച്ചവടക്കാരനായ ഖലീഫയെയാണ് കാണാനായത് ! . ഖലീഫയെ കയ്യോടെ പിടികൂടിയ ഉമർ(റ) ചോദ്യം ചെയ്തപ്പോൾ അബൂബക്കർ (റ) പറഞ്ഞു: ക്ഷമിക്കണം ....! നിങ്ങൾ അനുവദിച്ചു തന്ന പണം എനിക്കും കുടുംബത്തിന് കഴിഞ്ഞുപോവാൻ മാത്രം മതിയായിരുന്നതായിരുന്നില്ല. എൻ്റെ ആശ്രിതരുടെ വിശപ്പടക്കാനാണ് ഞാനീ ദൗത്യത്തിനിറങ്ങിയത് . ഖലീഫയുടെ പരിതാപകരമായ സാഹചര്യം മനസ്സിലാക്കിയ ഉമർ (റ) വും ഉസ്മാൻ (റ)വും അദ്ദേഹത്തിനനുവദിച്ച പണം അല്പം കൂടി വർദ്ധിപ്പിച്ചു. ഉടൻ ഖലീഫ മിമ്പറിൽ കയറി ജനങ്ങളോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. അവരുടെ പരിപൂർണ്ണ സമ്മതം ലഭിച്ചതിനുശേഷം മാത്രമാണ് തനിക്കു വർദ്ധിപ്പിച്ചു തന്ന വിഹിതം സ്വീകരിക്കാനൊരുങ്ങിയത്.
സുഖാഡംബകരങ്ങളിൽ കഴിയേണ്ട ഖലീഫ തനിക്കവകാശപ്പെട്ട വിഹിതം പോലും സ്വീകരിക്കാൻ പ്രജകളുടെ സമ്മതത്തിന് കാത്തിരുന്നെങ്കിൽ , ഭരണപഥത്തിലുടനീളം കാഴ്ചവച്ച ആത്മാർത്ഥതയുടെ അടയാളപ്പെടുത്തലുകളിലൊന്ന് മാത്രമാണിത്. ഇസ്ലാമിക രാഷ്ട്രത്തിൻ്റെ ഭൂവിസ്തൃതി അധികരിപ്പിച്ചതും ഉമർ (റ) വിൻ്റെ നിർദ്ദേശാനുസരണം ഖുർആൻ ക്രോഡീകരിച്ചതും അതിനു ' മുസ്ഹഫ് ' എന്ന പേര് നൽകിയതും സിദ്ദിഖ് (റ) വിൻ്റെ ഭരണനേട്ടങ്ങളാണ്. രണ്ടു വർഷവും മൂന്നുമാസവും പത്ത് ദിവസം നീണ്ടുനിന്ന ഭരണം ജനാധിപത്യപരവും നീതിപൂർവ്വമായിരുന്നു. ജനസേവനം മുഖമുദ്രയായി കൊണ്ടുനടന്ന അമീറുൽ മുഅ്മിനീൻ മരണാസന്നസമയത്ത്, ' തന്നെ പഴയ വസ്ത്രത്തിൽ കഫൻ ചെയ്യാനും, പുതിയ വസ്ത്രങ്ങൾ ദാനം ചെയ്യാനും കൽപ്പിച്ചു' . അങ്ങനെ അറുപത്തിമൂന്നാം വയസ്സിൽ ഹിജറ പതിമൂന്ന് ജമാദുൽ അഖിർ ഇരുപത്തി ഒന്നിന് ആ മഹായുഗത്തിന് പര്യവസാനമായി.
മുഫ്‌ലിഹ് ഉദരംപൊയിൽ

ما شاء الله
ReplyDelete