മഹത്തായൊരു സ്തുതി തീർത്ഥം പറഞ്ഞ് കൊണ്ടാണ് ഗുരു സംസാരം തുടരുന്നത്.
"സയ്യിദീ അബ്ദുസ്സലാം ഇബ്നു ബശീശ് റളിയല്ലാഹു അൻഹു, വലിയ ജ്ഞാന ചക്രവർത്തിയായിരുന്നു. സൂഫി ഗുരുനാഥരിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന സയ്യിദീ അബുൽ ഹസൻ ശാദുലി റളിയല്ലാഹു അൻഹുവിന്റെ ഗുരുനാഥനാണ്, ആദ്ധ്യാത്മിക ചക്രവാളത്തിലെ ഖുത്ബാണ്. അദ്ദേഹം തന്റെ ധ്യാന നിമിഷങ്ങളിൽ ആദരവായ റസൂലുല്ലാഹിയെ ഉപാസനം നടത്തിയപ്പോൾ അവിടുത്തെ അധരങ്ങളിലൂടെ പ്രകാശിതമായ സ്വലാത് വചനങ്ങൾ പ്രശസ്തമാണ്.
اللهم صل على من منه انشقت الاسرار وانفلقت الانوار
അല്ലാഹുവേ... പ്രപഞ്ചമാകെ പ്രഭ പരത്തി കൊണ്ടിരിക്കുന്ന ഈ പ്രകാശരശ്മികളുടെ വിസ്ഫോടനം ഏതൊരു രഹസ്യ പൊരുളിൽ നിന്നാണോ ആവിർഭവിച്ചത്, ആ രഹസ്യ കേന്ദ്രമാകുന്നു ആദരവായ മുത്തു മുസ്ഥഫാ റസൂലുല്ലാഹ് സ്വല്ലല്ലാഹു അലൈഹി വ സല്ലം. അവിടുത്തെ പേരിൽ നിന്റെ സ്വലാതും സലാമും വർഷിക്കുമാറാകണം...
മഹാനവർകൾ മുത്തു നബിയെ വാഴ്ത്തുന്ന വചനങ്ങൾ എത്രമാത്രം മഹോന്നതം!
وانفلقت الانوار
എല്ലാ പ്രപഞ്ചത്തിലെയും പ്രകാശങ്ങളുടെയും സ്ഫുരണങ്ങൾ, അതിന്റെ അടിസ്ഥാന പ്രവാഹങ്ങൾ എല്ലാം അവിടെ നിന്നും തുടങ്ങിവെച്ചതാണ്.
ഗുരു അത് പറയുമ്പോൾ തന്നെ ഗുരുവിന്റെ മുഖം പ്രകാശിക്കുന്നു. പ്രകാശിപ്പിക്കുന്ന പൊരുളുകളുടെ പെരുമയാവാം ഗുരു ഇങ്ങനെ ഉത്സാഹത്തോടെ ഇത് വിശദീകരിക്കാൻ കാരണം. ഗുരു പറയുന്ന അൻവാറുകളും അസ്റാറുകളും എന്തെന്ന് അറിയാൻ പോലും ഇനിയും കാതങ്ങൾ സഞ്ചരിക്കേണ്ടതുണ്ടെന്ന പൂർണ്ണ ബോധ്യത്തിലാണ് ഞാൻ. സച്ചരിതരായ മഹാന്മാരോടൊപ്പമുള്ള സഹവാസം തന്നെയാണ് സഞ്ചാര പാത. നാഥാ... കനിഞ്ഞേകണേ അവിടുത്തെ കടാക്ഷം ഈ പാപികളിൽ.
ശ്രദ്ധ തെറ്റിയ ചിന്തയെ തൊട്ടുണർത്തി ഗുരു തുടരുന്നു.
فتنزلت علوم ادم فأعجز الخلاىٔق وله تضاءلتِ الفهومُ
എല്ലാ വിജ്ഞാനങ്ങളും അവർക്ക് നാം പഠിപ്പിച്ചു കൊടുത്തു എന്ന് ഖുർആനിൽ പറയപ്പെട്ട സയ്യിദുനാ ആദം അലൈഹിസ്സലാമിന്റെ മേൽ നിക്ഷേപിക്കപ്പെട്ട വിജ്ഞാനം ആ മുഹമ്മദീയ നൂറിന്റെ വിശുദ്ധ സത്തയിൽ നിന്നുള്ള പൊരുളുകളുടെ ഒരു വിഹിതമായിരുന്നു എന്നറിയുമ്പോൾ, അതെല്ലാം അവിടുത്തെ മുമ്പിൽ ശുഷ്കിച്ചു പോയി, അഥവാ സയ്യിദുനാ ആദം അലൈഹിസ്സലാമിന് അല്ലാഹു കൊടുത്ത ഇൽമ് പോലും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ അല്ലാഹു നിക്ഷേപിച്ച ഇൽമിന്റെ മുമ്പിൽ ചെറുതായിപ്പോയി.
فلم يدركه منا سابق ولا لاحق.
ഇബ്നു ബശീശ് റളിയല്ലാഹു അൻഹുവിന്റെ ഈ മൊഴിയും ഉരുവിട്ട് ഗുരു അൽപം ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു "ഇവിടെയാണ് പ്രസംഗം നിറുത്തേണ്ടതും തുടങ്ങേണ്ടതും.''
സദസ്സിൽ സൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദത. ഗുരു വീണ്ടും മൊഴിയുന്നു
فلم يدركه منا سابق ولا لاحق.
നമ്മുടെ കൂട്ടത്തിൽ അഥവാ മനുഷ്യവംശത്തിൽ നിന്നും ഒരാൾക്കും തിരുനബിയെ പരിപൂർണ്ണമായി പ്രാപിക്കാൻ സാധിച്ചിട്ടില്ല.
سابق ولا لاحق.
കഴിഞ്ഞു പോയവർക്കും സാധ്യമായിട്ടില്ല, ഇനി വരാനുള്ളവർക്ക് സാധ്യമാവുകയുമില്ല!
ഇബ്നു ബശീശ് സ്വലാതിൽ നിന്നുള്ള ചില ജ്ഞാനമുത്തുകൾ വിതറി ഗുരു അൽപ നേരം മൗനിയായി നിന്നു. തുടർന്ന് എല്ലാ ബഹുമാനാദരവുകളോടെ തിരു ഹബീബിലേക്ക് സ്വലാതും സലാമും സമർപ്പിക്കുന്നു
الصلاة والسلام عليك يا سيدي
يا رسول الله
പ്രവാചക പ്രകീർത്തന പ്രകാശനത്തിൽ മുഴുകിപ്പോയ ഹബീബീങ്ങൾ എല്ലാവരും ഗുരുവിനോടൊപ്പം ഏറ്റുചൊല്ലുന്നു...
الصلاة والسلام عليك يا سيدي
يا رسول الله...
الصلاة والسلام عليك يا سيدي
يا رسول الله...
മുസ്ഥഫാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ അപദാനങ്ങൾ കേൾക്കുന്നത് തന്നെ മനസ്സിന് എന്തൊരാനന്ദം! മദ്ഹ് പാടിയും പറഞ്ഞും ഖൽബിനെ മദീനയിലെ പച്ച ഖുബ്ബയുടെ ചാരത്തിരുത്തിയിട്ട് തിരു ഹള്റത്തിലേക്ക് സ്വലാത് ചൊല്ലുമ്പോൾ ലഭിക്കുന്ന അനുഭൂതി അനിർവചനീയം തന്നെയാണ്!
ഗുരു ഈ രാവ് മുഴുവൻ മുസമ്മിലോരെ പറഞ്ഞെങ്കിൽ എന്ന് ഓരോ ഹബീബീങ്ങളും കൊതിച്ചു പോകുന്നു.
ഗുരു സംസാരം നിറുത്തരുതേ എന്ന് ഓരോ ആശിഖും മനമുരുകി തേടുന്നു. തേട്ടം വിഫലമായില്ല, ഗുരു തുടരുക തന്നെയാണ്. സ്നേഹ നബിയെ പറയാൻ തുടങ്ങിയാൽ ഗുരുവിന്റെ മുമ്പിൽ പിന്നെ സമയവും കാലവും ഒന്നും ചിത്രത്തിലുണ്ടാവില്ല. അത്രമേൽ സ്നേഹമാണ് പ്രവാചക പ്രകീർത്തനങ്ങളോട്. ഗുരുവിന്റെ സുഗന്ധമുള്ള വാക്കുകൾക്ക് കാതോർക്കാൻ സദസ്സ് ഒന്നുകൂടി ഉന്മേഷത്തോടെ സുസജ്ജരായി ഇരുന്നു.
(തുടരും)
സ്വദഖതുല്ലാഹ് ഹസനി
+918129227709

COMMENTS