അനുരാഗത്തിന്റെ അടങ്ങാത്ത ആവേശത്തോടെ പ്രവാചക പ്രകീർത്തനത്തിൽ സദസ്സ് മുഴുവൻ നിമിഷങ്ങൾക്കകം തന്നെ അലിഞ്ഞു ചേർന്നു. തുടർന്ന് പ്രിയ ഗുരു തന്റെ ഇരിപ്പിടത്തിൽ പതിയെ ഇരുന്നു, സദസ്യരോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
പ്രണയഭാജനത്തെ അറിയുന്തോറും കൂടുതൽ അറിയാനുള്ള ജിജ്ഞാസയോടെ സദസ്യർ ഗുരുവിന്റെ മുമ്പിൽ ഉത്സാഹത്തോടെ ഇരുപ്പുറപ്പിച്ചു. അന്നേരം ഞാൻ ഗുരുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സന്തോഷാതിരേഖത്താൽ ഗുരുവിൻ മുഖം തിളങ്ങുന്നുണ്ടായിരുന്നു. പ്രവാചക പ്രണയമാകുന്ന അച്ചുതണ്ടിനെ ആധാരമാക്കിയാണ് പ്രപഞ്ചത്തിന്റെ ഭ്രമണ ചലനം തന്നെ, പിന്നെയെങ്ങനെ ഗുരുവിന്റെ ഹൃത്തടം ആനന്ദത്താൽ അലതല്ലാതിരിക്കും!
പ്രിയ ഗുരുവിന്റെ മധുവൂറം വചന പ്രവാഹം തുടരുന്നു: "വർണ്ണനാ പ്രപഞ്ച ചക്രവർത്തിമാർ സ്നേഹ നബിയെ പ്രകീർത്തിച്ചതിൽ എന്നെ ഏറെ ആകർഷിച്ച ഒരു മഹാഗുരുവിന്റെ പ്രകാശനം ഇങ്ങനെയാണ്.
هُوَ مِنْ ثَنِيَّاتِ الْكَمالِ وَ إنّه
يَأْبَى ثَنَاءً والثَّنا يَأْباهُ
هُوَ مِنْ ثَنِيَّاتِ الْكَمالِ
"സമ്പൂർണ്ണമായ അത്യുന്നതിയുടെ ശിഖിരത്തിലാണ് മുത്തു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എഴുന്നള്ളുന്നത്. അതിന്റെയും മുകളിലേക്ക് സമ്പൂർണ്ണതക്ക് ഇനി പോകാനില്ല, ഒരു സൃഷ്ടിക്ക് ചെന്നത്താനുള്ള എല്ലാവിധത്തിലുള്ള സംപൂർത്തീകരണത്തന്റെയും ഉത്തുംഗ ശൃംഗത്തിൽ പ്രതിഷ്ഠ കൊള്ളുന്നവരാണ് സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം. തുടർന്നു മഹാനവർകൾ പറയുന്നു.
وَ إنّه يَأْبَى ثَنَاءً.
(പ്രശംസയെ അത് തടയുന്നു) പ്രശംസിക്കാൻ അടുത്ത് ചൊല്ലുമ്പോഴേക്കും തെറിച്ച് പോകുന്നു. വോൾട്ടേജ് ഹൈ പ്രഷർ ആകുമ്പോൾ ഒരാൾ അതിന്റെ അടുത്തേക്ക് എത്തണമെന്നില്ല, അതിന്റെ മുമ്പ് തന്നെ കൈ തെന്നി മാറും. കാരണം അവിടെയുള്ള വൈദ്യുതി തരംഗങ്ങളുടെ ഘർഷണം അതിശക്തമാണ്. അതിനാൽ തന്നെ അതിന്റെ അടുത്തേക്ക് എത്തൽ ദുഷ്കരമാണ്. അതുപോലെയാണ് കൗതുകങ്ങളുടെ കൗതുകവും വിസ്മയങ്ങളുടെ വിസ്മയവുമായ ആദരവായ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ പ്രശംസിക്കാൻ അടുത്ത് എത്തുമ്പോഴേക്കും അവിടുത്തെ ഗാംഭീര്യം അതിന് വഴങ്ങിത്തരുന്നില്ല, അവിടുത്തെ വ്യക്തിത്വം അത്രമേൽ ഉന്നതവും ഉദാത്തവുമാണ്. ശേഷം പറയുന്ന വചനങ്ങൾക്ക് മുമ്പിൽ നമ്മൾ സ്നേഹ പുഷ്പങ്ങൾ വിതറുന്നു, എന്തൊരു സുഗന്ധമുള്ള മൊഴി മുത്താണത് !
والثَّنا يَأْباهُ
പ്രശംസയെ അത് തടയുന്നു എന്നല്ല, പ്രശംസ തന്നെയും നബിയുടെ അടുത്തേക്ക് പോകാൻ വിമ്മിഷ്ടവും വൈമനസ്യവും കാണിക്കുന്നു.
"സ്നേഹ ദൂതരെ വളരെയധികം സ്നേഹിച്ച മഹാനായ ഗുരു പറയുന്നത്, പ്രശംസക്ക് ഒരു ഉടലും രൂപവും കൈവന്ന് നബിയുടെ സമീപത്തേക്ക് വന്നാൽ പ്രശംസ തന്നെ നിസ്സഹായത്തോടെ അകന്നു പോവും, പ്രശംസക്ക് തന്നെ പേടിയാണ്. കാരണം പ്രശംസയാണ് എന്നും പറഞ്ഞ് അവിടുത്തെ സവിധത്തിലേക്ക് ചെന്നിട്ട് വല്ല വിഡ്ഢിത്തവും പറയുന്നതിനേക്കാൾ നല്ലത് പറയാതിരിക്കലും ഇനി പറയാൻ ഒരുമ്പെട്ടാൽ അവിടുത്തെ വ്യക്തിത്വത്തെക്കുറിച്ച് അതി കൃത്യതയും വ്യക്തതയും പ്രകടിപ്പിക്കാൻ എനിക്ക് കഴിയില്ലല്ലോ എന്ന ഭയത്താലും പ്രശംസ തന്നെ മാറി നിൽക്കുന്നു."
അദമ്യമായ പ്രവാചക സ്നേഹത്തിന്റെ തിരുവചനങ്ങൾ സദസ്യരുടെ അകതാരിൽ അനുരാഗത്തിന്റെ ഊർജപ്രവാഹങ്ങൾ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നു. ഒരു ദീർഘ ശ്വാസം വലിച്ചതിന് ശേഷം ഇടറിയ ശബ്ദത്തിൽ ഗുരു പറയുന്നു:
"കാര്യത്തിന്റെ നിച സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിൽ നമുക്ക് കാവ്യ പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭ ഇമാം ബൂസ്വീരി പറഞ്ഞത് പോലെ പറയാം,
فمبلغُ العلمِ فيهِ أنهُ بشرٌ
وأنهُ خيرُ خلقِ اللهِ كلهمِ
തിരുനബിയെ ക്കുറിച്ച് എല്ലാവരും പഠിക്കാനും ചിന്തിക്കാനും എത്ര പരിശ്രമിച്ചാലും ഇൽമിന്റെ ആകെത്തുക അവസാനം ലഭിക്കുന്നത്, അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉത്തമരാണവർ, എന്നാലോ മനുഷ്യനുമാണ് എന്ന അകംപൊരുളാണ്.
ചിന്തിക്കാൻ ഏറെയുളള ഈ വചനപ്പൊരുൾ പറഞ്ഞതിന് ശേഷം ഗുരു ചിരിച്ച് കൊണ്ട് പറയുന്നു:
"നബിയെ വർണ്ണിക്കുമ്പോൾ ചില സഹോദരങ്ങൾക്ക് വലിയ ബേജാറാണ്, വർണ്ണിച്ച് വർണ്ണിച്ച് നബിയെ വല്ലാതെ വലുതാക്കി കളയുമോ ഇവർ?, തിരുനബിയുടെ സ്ഥാനം വിട്ട് അപ്പുറത്തേക്ക് പോകുമോ ഇവരുടെ ഈ പ്രകീർത്തനങ്ങൾ?, ഇങ്ങനെ പോകുന്നു ഈ സാധുക്കളുടെ ആത്മഗതങ്ങൾ. ഹബീബീങ്ങളെ, പറയാനുള്ളത് പറഞ്ഞ് തീർന്നിട്ടല്ലേ അക്കരെ കടന്നു പോകുന്ന പ്രശ്നമുദിക്കുന്നുള്ളു .
ആരെങ്കിലും ഇവിടെ നബിയെ പറഞ്ഞ് തീർത്തോ? പറഞ്ഞ് പറഞ്ഞ് അക്കരെ എത്തണമെങ്കിൽ ഇക്കരെ തീരണ്ടെ സഹോദരങ്ങളെ, അൽപം ശബ്ദം ഉയർത്തിയുള്ള ഈ വാക്കുകൾക്ക് ശേഷം ഗുരു വീണ്ടും ഇമാം ബൂസ്വീരി റളിയല്ലാഹു അൻഹുവിന്റെ ഖസീദതുൽ ബുർദയിലെ കവിതാ ശകലങ്ങൾ ഉരുവിടുന്നു.
فمبلغُ العلمِ فيهِ أنهُ بشرٌ
وأنهُ خيرُ خلقِ اللهِ كلهمِ
ബൂസ്വൂരിയൻ കാവ്യ സ്ഫുരണങ്ങളെ നെഞ്ചോട് ചേർത്ത സദസ്യർ 'മൗലായ' ജവാബും ചൊല്ലി നിർവൃതി കൊള്ളുന്നു. പ്രവാചക പ്രണയസാഗരത്തിൽ അലിഞ്ഞു ചേരുന്ന സദസ്സ് എന്തുമാത്രം ഹൃദയഹാരിയാണ്!
പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ ഗുരുവിന് വളരെയധികം താൽപര്യമാണ്. ഗുരുവിന്റെ പഠന സപര്യയുടെ ഹിംസ ഭാഗവും തിരുദൂതരെ പഠിക്കാനും പറയാനുമാണ് വിനിയോഗിച്ചത്. അതിനാൽ തന്നെ ഇമാം ബൂസ്വീരി, ഇമാം അഹ്മദ് ശൗഖി, ഇമാം അബൂബക്കർ അൽ ബഗ്ദാദി, ഇമാം ഖാളി ഇയാള്, ഇമാം ഉമർ ഖാളി റളിയല്ലാഹു അൻഹും തുടങ്ങി നിരവധി ആശിഖീങ്ങളെ ഗുരുവിന്റെ സംസാരങ്ങളിൽ നിന്നും സദസ്സിന് വളരെയധികം സുപരിചിതരാണ്.
ഇരുണ്ട യുഗത്തിന്റെ കാർമേഘപാളികൾ നീക്കി വെൺതിങ്കൾ കല പോലെ പ്രകാശം ചൊരിഞ്ഞ റഹ്മത്തുൻ ലിൽ ആലമീനായ മുഹമ്മദ് മുസ്ഥഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ പറയുന്നത് തപസ്സാക്കി മാറ്റിയ പ്രിയ ഗുരുവിന്റെ സംസാരം തുടരുന്നു,
"പൂർവ്വകാല മഹാന്മാരെല്ലാം തിരുനബിയുടെ രണ്ട് വ്യക്തിത്വവും വ്യക്തമായി പറഞ്ഞ് തന്നവരാണ്. ഒന്ന് അവിടുത്തെ സുതാര്യമായ മാനവിക മാനം, തികഞ്ഞ മനുഷ്യനായിരുന്നു, പച്ചയായി പകൽ വെളിച്ചത്തിൽ ജീവിച്ച മാനവിക കുടുംബത്തിലെ ഒരംഗമായിരുന്നു, ഇത് പറയുമ്പോഴും അവിടുത്തോടുള്ള ബഹുമാനവും സ്നേഹവും നമ്മുടെ മനസ്സിൽ കുറഞ്ഞു പോകരുത്, എത്ര എത്ര ഉദാഹരണങ്ങൾ അവിടുത്തെ മാനവിക മാനത്തിൽ നിന്നുള്ളത് നമുക്ക് ചരിത്രങ്ങളിൽ നിന്ന് കണ്ടെത്താം,
കുടുംബ പ്രശ്നങ്ങളിൽ തലവേദനയുണ്ടായി പെട്ടെന്ന് പരിഹാരം കൊടുക്കാൻ കഴിയാതെ ഭാര്യമാരുടെ മുമ്പിൽ ഒരൽപനേരം ശങ്കിച്ചു നിന്നു പോയ റസൂലുല്ലാഹിﷺ, വഴിയാത്രയിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ തന്റെ വെള്ളവും പാഥേയവും ഒരുക്കിവെച്ച ഒട്ടകത്തെ കാണാനില്ലാതെ പരിഭവത്തോടെ നിന്ന റസൂലുല്ലാഹിﷺ,
ഉഹ്ദിൽ സ്വന്തം പിതൃവ്യൻ ശത്രുക്കളാൽ മലർത്തിയടിക്കപ്പെട്ട് കുടൽമാല പുറത്തേക്കിട്ട് ചവച്ചരക്കുന്ന പെണ്ണിന്റെ ക്രൂരതയുടെ മുമ്പിൽ നീറുന്ന വേദനയോടെ സഹിക്കേണ്ടി വന്ന സേനാധിപനായ റസൂലുല്ലാഹിﷺ,
സ്വന്തം അനുചരരെ അക്രമിക്കാൻ ശത്രുക്കൾ വന്നപ്പോൾ പ്രതിരോധിക്കാൻ ഒരു കിടങ്ങ് കീറി, എന്നാൽ അത് കീറാനുള്ള സേവകർക്ക് ഭക്ഷണം കൊടുക്കാൻ കഴിയാതെ വയറ്റത്ത് കല്ല് വെച്ച് കെട്ടി നിസ്സഹായത കാട്ടിയ റസൂലുല്ലാഹിﷺ,
ഇത് പറയുമ്പോൾ സ്വലാതിന്റെ മരുന്ന് കുറയരുത്, ഇങ്ങനെയുള്ളതെല്ലാം നബിയുടെ ബശരിയ്യത്താണ്, അഥവാ മനുഷ്യർക്ക് പറഞ്ഞതെല്ലാം അവിടുത്തേക്കും പറഞ്ഞിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് അല്ലാഹു ഈ തലത്തിലൂടെയെല്ലാം നബി ജീവിതത്തെ കൊണ്ടുപോയത്, ഇത് പറയുമ്പോൾ നമ്മുടെ ഈമാൻ കുറയരുത്.
എന്നാൽ അവിടുത്തെക്ക് വേറൊരു സവിശേഷ മാനവുമുണ്ട്, അതാണ് മുമ്പ് സൂചിപ്പിച്ച നൂറാനിയ്യത്ത് റസൂലുല്ലാഹി, നിമിഷ നേരങ്ങൾക്കുള്ളിൽ മക്കയിൽ നിന്നും ഫലസ്ഥീനിലേക്ക് രാപ്രയാണം നടത്തുകയും അവിടുന്ന് ഏഴാനാകാശവും കടന്ന് സ്വിദ്റതുൽ മുൻതഹയും പിന്നിട്ട് " ഖാബ ഖൗസൈനി'' യിൽ നിൽപ്പുറപ്പിച്ചു സ്രഷ്ടാവുമായി മുനാജാത് നടത്തിയ റസൂലുല്ലാഹിﷺ, വഴിയാത്രയിൽ കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുള്ള അനുചരരുടെ വെള്ളം തീരാനായപ്പോൾ പാത്രത്തിലേക്ക് തിരുകരങ്ങൾ വെച്ചപ്പോൾ വിരലുകൾക്കിടയിലൂടെ പുഴ കണക്കെ വിശിഷ്ട പാനീയം നൽകി സന്തോഷിപ്പിച്ച റസൂലുല്ലാഹിﷺ, ഇത് പറഞ്ഞാൽ തീരുകില്ല, യഥാവിധം പറയാൻ നമ്മൾ നിസ്സഹായരുമാണ്. എന്റെ ഹബീബീങ്ങളെ, നബിയെ വർണ്ണിക്കുന്നതിൽ നമുക്ക് കൃത്യമായ ധാരണയുണ്ട്, വിമര്ശകരുടെഅര്ഥമില്ലാത്ത ബേജാറുകളിൽ സഹതപിക്കാനേ നമുക്ക് സാധിക്കുകയുള്ളൂ .
അവർക്കും ഹൃദയ വിശാലത ഉണ്ടാവാൻ ദുആ ചെയ്യുകയും ചെയ്യാം....
(തുടരും)
സ്വദഖതുല്ലാഹ് ഹസനി
മാലിദ്വീപ്.
05/11/22

COMMENTS